ആറുപടൈ വീടുകൾ സർവ്വ സൗഭാഗ്യദായകം
ദണ്ഡായുധപാണിയായ വേൽമുരുകനെ ദർശിക്കുവാൻ അനേകായിരങ്ങൾ കാവടിയും പാൽകുടവുമേന്തി നിത്യേന പഴനി മല കയറുന്നു . ഇതേപോലെ തന്നെ വളരെ പ്രധാനപ്പെട്ട അഞ്ചു മുരുക ക്ഷേത്രങ്ങൾ കൂടിയുണ്ട് തമിഴ്നാട്ടിൽ. ആറുപടൈ വീടുകൾ എന്ന് പ്രസിദ്ധമായ ഈ സുബ്രഹ്‌മണ്യ ക്ഷേത്രങ്ങളെല്ലാംമലമുകളിലാണ്. കുന്നുള്ളേടത്തെല്ലാം മുരുകനുണ്ട് എന്ന് പഴമൊഴി തന്നെയുണ്ട്. സർവ്വസൗഭാഗ്യകരമാണ് ആറുപടൈവീടുകളിലെ മുരുക ദർശനം. ഈ ആറുപടൈവീടുകളിൽ എത്താനുള്ള വഴികളും അവിടുത്തെ വിശേഷങ്ങളും:
തിരുപ്പരം കുൺട്രം
ആറുപടൈ വീടുകളിൽ ആദ്യം വരുന്നത് തിരുപ്പരം കുൺട്രം ആണ്. മധുരയ്ക്ക് സമീപമാണ് ഈ ക്ഷേത്രം. അവിടെ നിന്ന് ഏകദേശം 10 കിലോമീറ്റർ ദൂരം. ഇവിടെ മുരുകൻ ശിവലിംഗരൂപത്തിൽ ദർശനമരുളുന്നു. അസുരവീരനായ ശൂരപത്മന്റെ ദുഷ്പ്രവർത്തികൾ സഹിക്കാനാവാതെ ദേവന്മാർ പരമശിവന്റെ സഹായം തേടി. ശിവൻ മകനായ ബാലസുബ്രഹ്മണ്യനെ വേലുമായി ശൂരപത്മനെ നേരിടാനയച്ചു. മുരുകൻ വേലായുധം കൊണ്ട് ശൂരപത്മനെ നിഷ്‌കരുണം വധിച്ചു. അന്നു മുതൽ മുരുകൻ വേലായുധനായി. സന്തോഷാധിക്യത്താൽ ദേവേന്ദ്രൻ മുരുകന് തന്റെ മകൾ ദേവയാനിയെ വിവാഹം കഴിച്ചു കൊടുത്തു. ഈ ക്ഷേത്രത്തിൽ മുരുകനും ദേവയാനിയും വിവാഹവേഷത്തിൽ ദർശനമരുളുന്നു. ശിവലിംഗാകൃതിയിലാണ് ഈമല. ഇവിടുത്തെ ഗർഭഗൃഹം അതിമനോഹരമാണ്. വിവാഹം വൈകുന്നവർ തിരുപ്പരം കുൺട്രത്തിൽ മുരുകനെ തൊഴുത് അനുഗ്രഹം നേടിയാൽ പെട്ടെന്ന് വിവാഹം നടക്കും.
തിരുച്ചെന്തൂർ
തിരുനൽവേലിയിൽ നിന്ന് 62 കിലോമീറ്റർ ദൂരം. ഇവിടെ മുരുകൻ ചതുർബാഹുവാണ്. ഒരു കാലത്ത് കൊള്ളക്കാർ മോഷ്ടിച്ചു കൊണ്ടുപോയി കടലിൽ താഴ്ത്തിയ വിഗ്രഹം പിന്നീട് തിരിച്ചു കിട്ടി. കണ്ടാൽ സ്വർണ്ണമാണ് എന്നു തോന്നുന്ന മനോഹര വിഗ്രഹം. സമ്പത്തിനും കുലത്തിന്റെ ഐശ്വര്യത്തിനുമായി ഇവിടെ അനുഗ്രഹം തേടാം. നഷ്ടപ്പെട്ട വസ്തുവകകൾ പോലും തിരികെ വന്നുചേരും.
പഴനി
മലയാളികളെ പഴനി വിശേഷം കൂടുതൽ എഴുതി അറിയിക്കേണ്ടതില്ല. ഇവിടെ നിത്യവും ഭക്തജനപ്രവഹമാണ്. ഇവിടുത്തെ തങ്കേത്തേരിൽ, തൊട്ടാൽ മതി മനസമാധാനം ലഭിക്കും. 697 പടി കയറിയെത്തുന്ന 450 അടി ഉയരമുള്ള മലമുകളിലാണ് പഴനിയാണ്ടവ സന്നിധി. നവപാഷണത്താൽ ചെയ്ത മൂലവിഗ്രഹം. ഇവിടുത്തെ അഭിഷേകപ്രസാദമായ പഞ്ചാമൃതം സേവിച്ചാൽ തന്നെ രോഗവിമുക്തിയുണ്ടാകും. പാലക്കാട്ടു നിന്നും 112 കിലോമീറ്ററുണ്ട് പഴനിയിലേക്ക്.
സ്വാമിമല
ഒരു ദിവസം ദേവേന്ദ്രനും മറ്റും ദേവലോകത്തു നിന്ന് പരമശിവനെ കാണാൻ കൈലാസത്തിൽ എത്തി. അപ്പോൾ ബാലമുരുകൻ മുറ്റത്തു കളിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാവരും അകത്തേക്കു കയറും മുമ്പ് കുഞ്ഞിനെ കൊഞ്ചിച്ചു. എന്നാൽ ബ്രാഹ്മാവ് മാത്രം അത് മറന്നു. അതു ബാലമുരുകന്പിടിച്ചില്ല. ആകെ പ്രശ്‌നമായി. എല്ലാവരും കാര്യമായി അകത്തളത്തിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ മുരുകൻ ചാടിക്കയറി അച്ഛൻ ശിവന്റെ മടിയിൽ ഇരുന്നു, ബ്രഹ്മാവിനെ ചൂണ്ടി ഇങ്ങനെ പറഞ്ഞു. ഇയാൾക്ക് വിവരമില്ല, വേദസാരം പോലും അറിഞ്ഞുകൂടാ. ഓം എന്ന മന്ത്രത്തിന്റെ അർത്ഥമെന്താണ് എന്നു ചോദിച്ചു നോക്കൂ. പ്രണവ മന്ത്രം രചിച്ച ബ്രഹ്മാവ് ഒരു നിമിഷം അമ്പരന്നു. കാര്യം ശരിയായിരുന്നു. ബ്രഹ്മാവിന് ഓംകാരത്തിന്റെ പൊരുൾനിർവചിക്കാനായില്ല. അതിനു ശേഷമാണ് ശിവന്റെ നിർദ്ദേശപ്രകാരം മുരുകൻ ഓംകാരത്തിന്റെഅർത്ഥം വിവരിക്കുന്നത്. പ്രണവമന്ത്രത്തിന്റെ അർത്ഥമറിയാത്തവന് സൃഷ്ടി കർത്താവായി ഇരിക്കാൻ അധികാരമില്ല എന്നു പറഞ്ഞ് മുരുകൻ ബ്രഹ്മാവിനെ അപമാനിച്ചു. അതിന്റെ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ഓം മന്ത്രം വ്യാഖ്യാനിച്ചതിനാൽ അന്നു മുതൽ മുരുകൻ സ്വാമിനാഥനായി. ആ സ്വാമിനാഥ രൂപമാണ് തിരുവേരകം എന്നും അറിയപ്പെടുന്ന സ്വാമിമലയിൽ വാണരുളുന്നത്. കുംഭകോണത്തു നിന്നും 7 കിലോമീറ്റർ ദൂരെയാണിത്. ബുദ്ധിവികാസത്തിനായി പോയി തൊഴുത് അനുഗ്രഹം തേടുക. വിജയശ്രീലാളിതരാകുക.
തിരുത്തണികൈ
ആർക്കോണത്തു നിന്ന് 12 കിലോമീറ്റർ ദൂരം; കാഞ്ചീപുരത്തു നിന്നും 42 കിലോമീറ്റർ . നവവരനായി വള്ളിയെ വിവാഹം കഴിക്കാനായി എത്തിയ മുരുകന് ഇവിടെ പ്രാദേശിക വാസികളുടെ എതിർപ്പുകൾ നേരിടേണ്ടിവന്നു. അതോടെ മുരുകൻ ക്ഷോഭിച്ചു. ശത്രുക്കളെ നേരിട്ടു വിജയം നേടി.അല്പനേരം മന:സമാധാനം നഷ്ടപ്പെട്ട മുരുകൻ തിരുത്തണികൈ മലമുകളിൽ ധ്യാനനിരതനായ ശേഷമാണ് മനശാന്തി നേടുന്നത്. പണ്ട് ശൂരസംഹാര ശേഷവും ശാന്തിയും സമാധാനവും നേടുവാനായി മുരുകൻ ഇവിടെ വന്ന് തപസനുഷ്ഠിച്ചിട്ടുണ്ട്.
അതിനാൽ നമുക്കും മന:
സമാധാനത്തിനായി തിരുത്തണികൈ മലകയറി മുരുകനെ വണങ്ങി സമാധാനമായി കഴിയാം. ദേഷ്യപ്പെടരുത്. കോപം അടക്കണം ചീത്തവാക്കുകൾ വായിൽനിന്നു വരരുത്. വന്നത് പിന്നെ തിരിച്ചെടുക്കാൻ സാദ്ധ്യമല്ല എന്നോർക്കണം. മനസമാധാനം കാംക്ഷിക്കുന്നവർ ഇവിടെയെത്തി തൊഴുതാൽ മതി.
പഴമുതിർ ചോലെ
20 കിലോമീറ്റർ ദൂരമാണ് മധുരയിൽ നിന്ന്. മധുരമീനാക്ഷിയെ തൊഴുതു പോകാം. ശൈവ വൈഷണആരാധനാലയയാണ്. മുരുകനൊപ്പം തന്നെ ശിവനും വിഷ്ണുവും നമ്മെ കാത്തിരിക്കുന്നു. കുന്നിനു താഴെ അഴകർ പെരുമാൾ, മേലെ അഴകർ മുരുകൻ. ഔവ്വയാർ എന്ന പേരിലറിയപ്പെട്ടിരുന്ന മുരുകഭക്തയായ മുത്തശ്ശിയെ ഓർമ്മയില്ലേ? മുരുകനെ സ്തുതിച്ച് പാട്ടും പാടിവടികുത്തി നടന്നിരുന്ന മുത്തശ്ശിക്ക് മരത്തിൽ നിന്ന് ഏറ്റവും പ്രിയപ്പെട്ട ഞാവൽ പഴങ്ങൾ വാരിവിതറി കൊടുത്തിരുന്നത് ഇവിടെയാണ്. അതെ, പഴമുതിർചോലയിൽ ഒന്നിനും ഒരു മുട്ടുമില്ലാതെ കഴിയാൻ ഇവിടെ വന്നു മുരുകനെ വന്ദിക്കുക.
ടി.ജനാർദ്ദനൻ നായർ, മഞ്ചേരി : +91 9446630412