Thursday, 9 May 2024
AstroG.in

ആറ്റുകാൽ അമ്മയ്ക്ക് സാരി സമര്‍പ്പിച്ചാൽ മംഗല്യഭാഗ്യം

കണ്ണന്‍പോറ്റി
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ വിശേഷപ്പെട്ട ഒരു ആചാരമാണ് മംഗല്യഭാഗ്യത്തിനായി ദേവിക്ക് സാരി സമര്‍പ്പിക്കുന്നത്. ആറു മാസത്തിനുള്ളിൽ അല്ലെങ്കിൽ ഒരു വര്‍ഷത്തിനുള്ളിൽ വിവാഹം നടക്കണം എന്നു നേര്‍ന്ന ശേഷമാണ് വഴിപാടായി സര്‍വ്വാഭീഷ്ടപ്രദയായ സർവ മംഗളകാരിണിയായ ആറ്റുകാൽ അമ്മയ്ക്ക് അണിയുന്നതിനായി സാരി സമര്‍പ്പിക്കുന്നത്. ചിലര്‍ വിവാഹ ശേഷമാണ് സമര്‍പ്പിക്കുന്നത്. ശ്രീകോവിലിന് മുന്‍വശത്തെ മുഖ്യ കവാടത്തിനടുത്ത് ഗോപുരത്തിൻ്റെ മുകള്‍ഭാഗത്ത് കാണുന്ന ദേവി വിഗ്രഹത്തിൽ അണിയിക്കുന്നതിണ് സാരി സമര്‍പ്പിക്കുക. 50 രൂപയും സാരിയുമാണ് സമര്‍പ്പിക്കേണ്ടത്. ഇതും ബുക്കിംഗാണ്. രാവിലെ അഞ്ചുമണിമുതല്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് സാരി മാറ്റി അണിയിക്കും. അവസാനം ഉടുപ്പിക്കുന്ന സാരി പിറ്റേദിവസം രാവിലെയാണ് മാറുന്നത്.

ദീര്‍ഘമാംഗല്യത്തിന് ആറ്റുകാലമ്മയ്ക്ക് താലിയും വഴിപാടായി സമര്‍പ്പിക്കാറുണ്ട്. സ്വര്‍ണ്ണത്താലിയും ചുവന്ന പട്ടുസാരിയുമാണ് സമര്‍പ്പിക്കേണ്ടത്. മുൻപ് ഈ വഴിപാട് കൂടുതല്‍ നടത്തിയിരുന്നത് തമിഴ്‌നാട്ടിൽ നിന്നും തെക്കൻ പ്രദേശങ്ങളിൽ നിന്നും ആറ്റുകാൽ അമ്മയെ ദർശിക്കാൻ വരുന്നവരാണ്. ഫലസിദ്ധിയറിഞ്ഞ് ഇപ്പോൾ മറ്റുള്ളവരും ഈ വഴിപാട് നടത്താറുണ്ട്. ദേവിയെ അണിയിച്ച ശേഷം ഈ സാരികൾ ആറ്റുകാൽ ദേവസ്വം ലേലം ചെയ്ത് നൽകാറുണ്ട്. ഇത് സ്വന്തമാക്കുന്നവർ വീടുകളിൽ കൊണ്ടുപോയി പൂജാമുറിയിൽ ദിവ്യമായി സൂക്ഷിക്കും.

മനശ്ശാന്തിക്കും ശത്രുതാദോഷത്തിനുമായി ആറ്റുകാൽ ക്ഷേത്രത്തിൽ നടത്തുന്ന വഴിപാടാണ് കുങ്കുമാഭിഷേകം. രാവിലെ ഏഴുമണി കഴിഞ്ഞുള്ള ശ്രീബലിക്ക് ശേഷമാണ് കുങ്കുമാഭിഷേകം നടത്തുന്നത്. ശ്രീകോവിലിന് പുറത്ത് സോപാനത്തില്‍ അഭിഷേകപൂജയ്ക്ക് അഭിഷേക വിഗ്രഹം എടുത്തുവച്ചശേഷം പഞ്ചഗവ്യ അഭിഷേകം നടത്തും. തുടര്‍ന്നാണ് കുങ്കുമാഭിഷേകം. നേരത്തെ രസീതെടുത്തും കുങ്കുമാഭിഷേകം നടത്താം. അഭിഷേകം ചെയ്ത കുങ്കുമപ്രസാദം എപ്പോള്‍ വേണമെങ്കിലും ലഭിക്കും.

ബാധാ ഉപദ്രവങ്ങളില്‍ നിന്നും രക്ഷനേടുന്നതിനാണ് വെടിവഴിപാട് . ഓരോ ഭക്തരും ക്ഷേത്രത്തിൽ വരുമ്പോൾ അവരെ ചുറ്റിപ്പറ്റിയുള്ള ബാധകള്‍ ക്ഷേത്രത്തിന്
പുറത്ത് നില്‍ക്കുമെന്നും തീയും ശബ്ദവും ഉപയോഗിച്ച് അവരെ ഒഴിവാക്കുന്നു എന്നുമുള്ള വിശ്വാസമാണ് വെടിവഴിപാടിന്റേത്. അന്തരീക്ഷശുദ്ധിക്ക് വേണ്ടിയും വെടിവഴിപാട് നടത്തുന്നുണ്ട്. ദേവീക്ഷേത്രങ്ങളില്‍ വെടിവഴിപാടിന് പ്രാധാന്യം കൂടുതലാണ്.

കണ്ണന്‍പോറ്റി, + 91 9995129618
(ആറ്റുകാൽ ക്ഷേത്രം‍ മുന്‍ മേല്‍ ശാന്തി)

error: Content is protected !!