Monday, 30 Sep 2024
AstroG.in

ആറ്റുകാൽ പൊങ്കാലയ്ക്ക് വ്രതം എത്ര ദിവസം ?

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ


കുംഭമാസത്തിലെ കാര്‍ത്തിക നാളില്‍, ഫെബ്രുവരി
19 രാവിലെ 9: 45 ന് കൊടുങ്ങല്ലൂരമ്മയെ ക്ഷേത്രമുറ്റത്തെ പച്ചോല പന്തലില്‍ തോറ്റം പാട്ടു പാടി കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമാകും. സാധാരണ ക്ഷേത്രങ്ങളില്‍ ഉത്സവത്തിന് മുമ്പ് കൊടിയേറ്റ് നടക്കുന്നതു പോലെ ചില ദേവീക്ഷേത്രങ്ങളില്‍ നടക്കുന്ന ചടങ്ങാണ് കാപ്പുകെട്ട്. ആറ്റുകാലില്‍ കുംഭത്തിലെ പൂരം നാളിലാണ് ഉത്സവം നടക്കുന്നത്. അതിന് തലേദിവസം അതായത് മകം നാളില്‍ കണ്ണകി മധുരാപുരി ചുട്ടെരിച്ചിട്ട് ആറ്റുകാലില്‍ എത്തിയെന്നും അപ്പോള്‍ ദേവിയെ സ്ത്രീകള്‍ പൊങ്കാലയിട്ട് സ്വീകരിച്ചെന്നും ഐതിഹ്യം.

പൊങ്കാലയ്ക്ക് ഒൻപതു നാള്‍ മുമ്പാണ് കാപ്പുകെട്ട്. ക്ഷേത്രത്തിനു മുന്നില്‍ പച്ച ഓലകൊണ്ട് പന്തല്‍ കെട്ടും. ഈ പന്തലിലിരുന്ന് തോറ്റംപാട്ടുകാര്‍ കണ്ണകീചരിതം പാടും. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ വരവിനു വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് പാട്ട്. തോറ്റംപാട്ടിലൂടെ ഒരുക്കങ്ങള്‍ വര്‍ണ്ണിക്കുമ്പോള്‍ ശ്രീകോവിലില്‍ ദിവ്യപ്രകാശമായി കൊടുങ്ങല്ലൂര്‍ ഭഗവതി പ്രവേശിക്കും. കുരവയും, ദേവീസ്തുതിയും നാമജപവും വെടിക്കെട്ടുമായി അന്തരീക്ഷം പ്രകമ്പനം കൊള്ളുമ്പോള്‍ ആറ്റുകാല്‍ ഭഗവതിയുടെ വാളിലേയ്ക്ക് ക്ഷേത്രം മേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരി കൊടുങ്ങല്ലൂര്‍ ഭഗവതിയെ ആവാഹിക്കും. ദേവിയുടെ ഉടവാളില്‍ പഞ്ചലോഹം കൊണ്ടുള്ള ഒരു മോതിരം ബന്ധിക്കും. മറ്റൊന്ന് മേല്‍ശാന്തി ധരിക്കും. ഒപ്പം തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ഒരു നേര്യത് കിരീടംപോലെ ഞൊറിഞ്ഞ് വിഗ്രഹത്തില്‍ ധരിപ്പിക്കും. ഇതാണ് കാപ്പുകെട്ട്. കൊടുങ്ങല്ലൂര്‍ ഭഗവതിയെ എഴുന്നള്ളിച്ചു ആറ്റുകാല്‍ ക്ഷേത്രത്തില്‍ കൊണ്ടുവരുന്നതു മുതല്‍ പാണ്ഡ്യരാജാവിന്റെ വധം വരെ പൊങ്കാലയ്ക്ക് മുമ്പ് 9 ദിവസങ്ങളിലായി തോറ്റംകാര്‍ പാടും. പാണ്ഡ്യവധം പാടിത്തീരുമ്പോള്‍ പൊങ്കാല അടുപ്പില്‍ തീപകരും. 2021 ഫെബ്രുവരി 27 ശനിയാഴ്ച രാവിലെ 10: 50 നാണ്
പൊങ്കാലയ്ക്ക് അഗ്നി പകരുക. 3:40 നാണ് നിവേദ്യം.
നിയന്ത്രണങ്ങളോടെ ഭക്തർക്ക് ക്ഷേത്ര ഭർശനം അനുവദിക്കും. ഒരേ സമയം 3000 പേർക്കാണ് ദർശനം. മുൻവശത്തെ നട വഴി അകത്ത് കടക്കാം; തെക്കേ നട വഴി പുറത്തിറങ്ങാം. ദർശനം അനുവദിക്കും മുൻപ് ശരീര ഊഷ്മാവ് പരിശോധിക്കും.

ചരിത്രത്തിലാദ്യമായി ആറ്റുകാല്‍ ക്ഷേത്രമുറ്റത്തും നഗര വീഥികളിലും പൊങ്കാലയിടാന്‍ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ഇത്തവണ ഭക്തര്‍ക്ക് കഴിയില്ല. ഇക്കുറി ക്ഷേത്രത്തില്‍ പണ്ടാര അടുപ്പില്‍ മാത്രമാണ് പൊങ്കാല. ഇതേ സമയം ഭക്തര്‍ക്ക് വിധി പ്രകാരം വ്രതമെടുത്ത് വീടുകളില്‍ പൊങ്കാലയിടാം. ക്ഷേത്രത്തില്‍ പൊങ്കാലയിടുന്ന അതേ ഫലം തന്നെയാണ് വീടുകളിലിടുന്ന പൊങ്കാലയ്ക്കുമെന്ന് ക്ഷേത്ര തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് പറഞ്ഞു. അതിനാല്‍ കാപ്പുകെട്ടു മുതല്‍ വ്രതം തുടങ്ങുന്നത് നല്ലതാണ്. 9 ദിവസം വ്രതമെടുത്ത് പെങ്കാലയിട്ടാല്‍ സര്‍വൈശ്വര്യവും ലഭിക്കും. 9 ദിവസം
വ്രതമെടുക്കാന്‍ കഴിയാത്തവര്‍ കുറഞ്ഞത് മൂന്നുദിവസം അല്ലെങ്കില്‍ തലേ ദിവസമെങ്കിലും വ്രതമെടുക്കണം.

ഒരിക്കലെടുത്ത് മത്സ്യ മാംസ ഭക്ഷണം, ലഹരി വസ്തുക്കള്‍, ശാരീരികബന്ധം എന്നിവ ഒഴിവാക്കി ദേവീ സ്തുതികള്‍ ജപിച്ച് വേണം വ്രതം. ഈ ദിവസങ്ങളില്‍ പുലര്‍ച്ചെ കുളിച്ച് പ്രാര്‍ത്ഥിക്കണം. പറ്റുമെങ്കില്‍ ക്ഷേത്ര ദര്‍ശനം നടത്തണം. രണ്ടുനേരവും കുളിയും പ്രാര്‍ത്ഥനയും വേണം. കുംഭത്തിലെ പൗര്‍ണ്ണമിയും പൂരവും ഒത്തുവരുന്ന ദിവസമായ ഫെബ്രുവരി 27 ന് പൊങ്കാല തിളച്ച ശേഷം ആഹാരം കഴിക്കാം. ക്ഷേത്രത്തില്‍ നിവേദ്യം നടക്കുമ്പോള്‍ മന്ത്രം ചൊല്ലി തീര്‍ത്ഥമാക്കിയ ജലം തളിച്ച് പൊങ്കാല പൂര്‍ത്തിയാക്കാം. പിറ്റേന്ന് വ്രതം അവസാനിപ്പിക്കാം.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ 91 9847575559

error: Content is protected !!