Sunday, 29 Sep 2024
AstroG.in

ആറ്റുകാൽ പൊങ്കാല, ഗുരുവായൂരപ്പൻ്റെആറാട്ട് ; ഈ ആഴ്ചത്തെ നക്ഷത്രഫലം

(ഫെബ്രുവരി 25 – മാർച്ച് 2 )

ജ്യോതിഷരത്നംആറ്റുകാൽ ദേവീദാസൻ

ചിങ്ങക്കൂറിൽ പൂരം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാനപ്പെട്ട വിശേഷങ്ങൾ ആറ്റുകാൽ പൊങ്കാല, ഗുരുവായൂരപ്പൻ്റെ ആറാട്ട് എന്നിവയാണ്. വാരം ആരംഭിക്കുന്ന ഫെബ്രുവരി 25 നാണ് ആറ്റുകാൽ പൊങ്കാല. രാവിലെ 10:30 ന് പൊങ്കാല അടുപ്പിൽ അഗ്നി പകരും. ഉച്ചതിരിഞ്ഞ് 3:30 നാണ് നിവേദ്യം. സ്ത്രീകളുടെ ശബരിമല എന്ന് വിശ്വവിഖ്യാതമായ ഈ പുണ്യഭൂമിയിൽ നാല്പത് ലക്ഷത്തോളം ഭക്തർ അമ്മയ്ക്ക് ഇക്കുറി പൊങ്കാല സമർപ്പിക്കുമെന്നാണ് ക്ഷേത്രം ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 29 വ്യാഴാഴ്ചയാണ് ഗുരുവായൂരപ്പൻ്റെ പള്ളിവേട്ട. അന്ന്  ദീപാരാധനയ്ക്ക് ശേഷം ഭഗവാൻ നഗരപ്രദക്ഷിണത്തിനായി ഇറങ്ങുന്നു.

പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിച്ച ഭഗവാൻ പിറ്റേദിവസം രാവിലെ 6 മണിക്ക് ഉണരുന്നു. ഉഷപൂജ, എതിരേറ്റുപൂജ, ഒഴികെയുള്ള ചടങ്ങുകൾ ആറാട്ട് ദിവസം നടത്താറുണ്ട്. അന്ന് സ്വർണ്ണത്തിൽ തീർത്ത  ഉത്സവവിഗ്രഹമാണ് എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത്.  വൈകിട്ട് നഗര പ്രദക്ഷിണം കഴിഞ്ഞ് ആറാട്ട് മഹോത്സവം നടക്കും.

ആറാട്ടിനുശേഷം ഭഗവതി അമ്പലത്തിൽ ഉച്ചപ്പൂജയുണ്ട്. തുടർന്ന് കൊടിയിറക്ക് നടക്കുന്നതോടെ 10 ദിവസത്തെ ഉത്സവം സമാപിക്കും. മാർച്ച് 2 ന് വൃശ്ചികക്കൂറ് അനിഴം നക്ഷത്രം മൂന്നാം പാദത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം : 

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
സാമ്പത്തികമായി മികച്ച നേട്ടമുണ്ടാക്കാൻ കഴിയും. അപ്രതീക്ഷിത ചെലവുകൾ കുറവായിരിക്കും. കേസിൽ അനുകൂലമായ വിധി ലഭിക്കും. ജീവിതത്തിലെ ഉയർച്ച താഴ്ചകൾ സ്വഭാവത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കും. കുടുംബാംഗങ്ങളുമായും ചില ഉറ്റസുഹൃത്തുക്കളുമായും തർക്കം ഉണ്ടാകാം. ജോലിഭാരം നിങ്ങളുടെ മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കും. പ്രണയ/ ദാമ്പത്യ ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങൾക്ക് എല്ലാ സാദ്ധ്യതകളും ഉണ്ട്.  സർപ്പപ്രീതിക്ക് വഴിപാടുകൾ നടത്തി പ്രാർത്ഥിക്കണം.

ഇടവക്കൂറ്
(കാർത്തിക 2, 3, 4 രോഹിണി, മകയിരം 1, 2)
ചെലവുകളിൽ നിയന്ത്രണം പാലിക്കണം. ആരോഗ്യം മെച്ചപ്പെടും. രോഗങ്ങളിൽ നിന്ന് മുക്തി നേടാനും കഴിയും. മാനസിക സമ്മർദ്ദം വർദ്ധിക്കും. ചങ്ങാതിമാരുമായും അടുത്ത ബന്ധുക്കളുമായും സമയം ചെലവഴിക്കാൻ  കഴിയും. വാഹനമോടിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക. ജീവിതപങ്കാളിയ്ക്ക് പ്രധാനപ്പെട്ട ജോലികൾക്കായി വിദൂരയാത്ര പോകേണ്ടിവരാം. വിദേശയാത്രയ്ക്ക് കുറച്ച് കാത്തിരിക്കേണ്ടിവരും. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കുന്നതും വികാര പ്രകടനങ്ങളും ഒഴിവാക്കണം.  ഓം നമോ നാരായണായ നിത്യവും 108 ഉരു ജപിക്കണം.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
സാമ്പത്തികമായ ഭദ്രതയുണ്ടാകും. ആരോഗ്യത്തിന്റെ കാര്യത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാം. വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കണം. അല്ലെങ്കിൽ കേടുപാടുകൾ തീർക്കാൻ ധാരാളം പണം ചെലവഴിക്കേണ്ടി വരും. സദാ മുന്നിൽ നിൽക്കാൻ ശ്രമിക്കരുത്. പകരം മറ്റുള്ളവർക്കും പ്രാധാന്യം നൽകാൻ പഠിക്കേണ്ടതാണ്. ജോലിസ്ഥലത്ത്  സങ്കീർണ്ണമായ പ്രശ്നങ്ങൾ സംശയങ്ങൾ ഉയർത്തും. നിഷേധ ചിന്തകൾ വിഷത്തേക്കാൾ അപകടകരമാണ് എന്ന് മനസ്സിലാകും. വിഷ്ണു അഷ്ടോത്തരം ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
ജീവിതപങ്കാളിക്കൊപ്പം കൂടുതൽ സമയം ചെലവിടാൻ ആഗ്രഹിക്കും. പ്രതികൂല സാമ്പത്തിക സ്ഥിതി കാരണം, പ്രധാനപ്പെട്ട ജോലികൾ മുടങ്ങിപ്പോകുന്നത് വൻ നഷ്ടം സൃഷ്ടിക്കും. ബാങ്കിൽ നിന്നോ മറ്റോ ധനസഹായം തേടി  ജോലികൾ പൂർത്തിയാക്കണം. കുടുംബജീവിതത്തിലെ സമ്മർദ്ദങ്ങൾ കാരണം മാനസികമായി അസ്വസ്ഥതകൾ നേരിടും. ഏത് പ്രതികൂല സാഹചര്യത്തിലും ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസയും സഹകരണവും ഉണ്ടാകും. പ്രമോഷൻ ലഭിക്കും. യാത്ര ഒഴിവാക്കും. എന്നും ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കുക.

ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1)
കഠിനാദ്ധ്വാനവും അർപ്പണബോധവും നല്ല അവസരങ്ങൾ സൃഷ്ടിക്കും. ധാരാളം പണം സമ്പാദിക്കാനാകും. മികച്ച നിക്ഷേപ പദ്ധതിയിലേക്ക് ആകർഷിക്കപ്പെടും. ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് മുക്തി ലഭിക്കും. കുടുംബത്തെ കൂടെ കൊണ്ടുപോകാൻ  ശ്രമിക്കും. അഭിപ്രായവ്യത്യാസങ്ങൾ ജീവിതപങ്കാളിയുമായുള്ള ബന്ധത്തെ ബാധിക്കും. ഏത് പ്രതികൂല സാഹചര്യത്തിലും പിടിച്ചു നിൽക്കാൻ കഴിയും. ജോലിസ്ഥലത്ത് പ്രധാന ഉത്തരവാദിത്വങ്ങൾ കൈകാര്യം ചെയ്യുന്നതിന് സാധ്യത. ഓം നമഃ ശിവായ ജപിക്കുക.

കന്നിക്കൂറ്
( ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
സാമ്പത്തികമായി സമയം വളരെ മികച്ചതായിരിക്കും. ദിനചര്യയിൽ യോഗ, ധ്യാനം എന്നിവ ഉൾപ്പെടുത്തിയാൽ  ആരോഗ്യപ്രശ്നങ്ങൾ പലതും ഇല്ലാതാകും. ബിസിനസ് ശക്തമാക്കാൻ ശരിയായ ചില തന്ത്രങ്ങൾ ആസൂത്രണം ചെയ്യും. ജീവിതപങ്കാളിക്കൊപ്പം ഭാവി പദ്ധതികൾ തീരുമാനിക്കും. എതിരാളികൾ​​ ഗൂഡാലോചന നടത്താം. അതിനാൽ എല്ലാ സാഹചര്യങ്ങളിലും കരുതലോടെ നീങ്ങുക. വിദ്യാഭ്യാസത്തിൽ പൂർണ്ണവിജയം നേടാനാകും.  ഓം നമോ ഭഗവതേ വാസുദേവായ ദിവസവും ജപിക്കുക.

തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
പഴയ നിക്ഷേപത്തിൽ നിന്ന് നല്ല ആദായം ലഭിക്കാൻ സാദ്ധ്യതയുണ്ട്. പുതിയ വാഹനം വാങ്ങാനുള്ള സ്വപ്നം പൂർത്തീകരിക്കപ്പെടും. കുടുംബാംഗങ്ങളെ നന്നായി പരിഗണിക്കുകയും പരിചരിക്കുകയും വേണം. ഭാഗ്യം  അനുകൂലമാകും. മാനസിക സമ്മർദ്ദം അനുഭവപ്പെടും. സർഗ്ഗാത്മക കഴിവുകൾ വർദ്ധിക്കും. ജോലിസ്ഥലത്ത് ഒഴിവ് സമയം ലഭിക്കും. എതിർലിംഗത്തിലുള്ളവരെ സ്വാധീനിക്കും. ദാമ്പത്യ പ്രശ്‌നത്തിൽ നിന്ന് മുക്തി നേടാനാകും. നിത്യവും ഓം ഗം ഗണപയേ നമഃ ജപിക്കുക.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
കൂട്ടുകെട്ടിൽ മാറ്റങ്ങൾ വരുത്തുന്നത് ദു:ശീലങ്ങൾ ഒഴിവാക്കാൻ സഹായിക്കും. വരുമാനം വർദ്ധിപ്പിക്കാൻ സാധിക്കും. വിനോദത്തിനായി വളരെ കൂടുതൽ പണം ചെലവാക്കും. ഊർജ്ജസ്വലതയോടെ പ്രവർത്തിക്കും. പരുഷമായ പെരുമാറ്റം കുടുംബജീവിതത്തിൽ പ്രശ്നം സൃഷ്ടിക്കും. വിവാഹക്കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ കഴിയും. ജോലിയിൽ മുന്നോട്ട് പോകുന്നതിന്  ബുദ്ധിമുട്ടുകൾ നേരിടാം. വിദ്യാർത്ഥികൾക്ക് നേട്ടങ്ങൾ ലഭിക്കും. നിത്യവും ഓം ഹം ഹനുമതേ നമഃ ജപിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
ആരോഗ്യം മെച്ചപ്പെടുത്താൻ സാദ്ധ്യമായത് ചെയ്യും.
ഉദര – ശിരോരോഗങ്ങൾ കാരണം വിഷമിക്കും. പരിശ്രമം കൊണ്ട്ശ്ര ദ്ധേയരാകും. ചുറ്റുമുള്ള ആളുകളിൽ നിന്ന് പ്രോത്സാഹനം ലഭിക്കും. കലാപരമായ കഴിവുകൾ ശരിയായ രീതിയിൽ ഉപയോഗിച്ച് നേട്ടങ്ങളുണ്ടാക്കും. പഴയ ഓർമ്മകൾ പുതുക്കുന്ന അവസരങ്ങൾ ലഭിക്കും. പ്രണയ ജീവിതത്തിൽ മനോഹരമായ ഒരു വഴിത്തിരിവ് സംഭവിക്കും. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് സമയം അനുകൂലം. ഭാഗ്യം പൂർണ്ണമായും പിന്തുണയ്ക്കും. സർപ്പപ്രീതികരമായ വഴിപാട് നടത്തി പ്രാർത്ഥിക്കണം.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
സാമ്പത്തികമായ വെല്ലുവിളികൾ അതിജീവിക്കും. വിവേകത്തോടെ വളരെ മികച്ച നിക്ഷേപങ്ങൾ നടത്തും. സുഹൃത്തുക്കളും ബന്ധുക്കളും മനസ്സിലാകുന്നില്ലെന്ന് തോന്നും. മാനസിക സമ്മർദ്ദത്തിൽ നിന്ന് മുക്തി നേടും.യോഗയും ധ്യാനവും ശീലിക്കും. ദാമ്പത്യബന്ധത്തിൽ  സുപ്രധാനമായ ചില തീരുമാനങ്ങൾ എടുക്കേണ്ടി വരാം. മറ്റുള്ളവരെ തിരുത്തുന്നതിനു പകരം സ്വയം തിരുത്തൽ വരുത്തും. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും. ഓം ശരവണ ഭവഃ ദിവസവും 108 തവണ ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി )
പുതിയ ബന്ധത്തിൽ ഏർപ്പെടാൻ സാധ്യത കാണുന്നു. ജീവിതത്തിൽ പണത്തിന്റെ പ്രാധാന്യം എന്താണെന്ന് മനസിലാക്കാൻ കഴിയും. ഒരു ബന്ധുവിനെ അന്ധമായി വിശ്വസിക്കുന്നത് തിരിച്ചടിയാകും. യാത്ര ഒഴിവാക്കും. ഒരു രഹസ്യം വെളിപ്പെടുന്നത് പ്രതിച്ഛായയെ ബാധിക്കും. അമിതമായ ആത്മവിശ്വാസം ദോഷം ചെയ്യും. പുതിയ തൊഴിൽ  അവസരങ്ങൾ ലഭ്യമാകും. വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നവർ പല വെല്ലുവിളികളും നേരിടും. ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കാൻ കഴിയാത്തതിൽ വിഷമിക്കും. ഓം ഘ്രൂം നമഃ പരായഗോപ്ത്രേ ജപിക്കുക.

മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )

ആരോഗ്യം മെച്ചപ്പെടുത്താൻ ശ്രമിക്കുക. എപ്പോഴും ഭാഗ്യം തുണയ്ക്കണം എന്നില്ല. ധനവുമായി ബന്ധപ്പെട്ട  പ്രശ്നങ്ങൾ കാരണം ആശങ്കപ്പെടാം. ഏതെങ്കിലും വിശ്വസ്തരായവരിൽ നിന്ന് ഉപദേശവും സഹായവും തേടുക. ഗൃഹസംബന്ധമായ ചില ജോലികൾ കാരണം ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. വിദേശ യാത്രയ്ക്ക് സാദ്ധ്യതയുണ്ട്. ജോലിയിൽ മുന്നേറുന്നതിന് നിരവധി അവസരങ്ങൾ ലഭിക്കും. മുൻകാല തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പഠനത്തിൽ തിരിച്ചടിയുണ്ടാകും. ഓം നമഃ ശിവായ എന്നും ജപിക്കുക.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
+ 91 9847575559

Copyright 2024 Neramonline.com. All rights reserved

error: Content is protected !!