Saturday, 23 Nov 2024
AstroG.in

ആലത്തിയൂർ ഹനുമാൻ സ്വാമിക്ക് അവിൽ നേദിച്ചാൽ എന്തും തരും

പി എം ബിനുകുമാർ

ശ്രീ ആഞ്ജനേയ ഭഗവാൻ അനാദികാലം മുതൽ അത്യപാരമായ കൃപാ കടാക്ഷങ്ങൾ ചൊരിയുന്ന ദിവ്യ സന്നിധിയാണ് ആലത്തിയൂർ ഹനുമാൻ കാവ്. അനേകകോടി ഭക്തർ അനുഗ്രഹാശിസുകൾ നേടിയ ഈ ക്ഷേത്രത്തെ ആലത്തിയൂർ പെരും തൃക്കോവിൽ എന്നും അറിയപ്പെടുന്നു. സപ്തർഷികളിൽ പ്രധാനിയായ വസിഷ്ഠ മഹർഷി പ്രതിഷ്ഠാ കർമ്മം നിർവ്വഹിച്ചു എന്ന് സങ്കല്പിക്കുന്ന ഈ പുണ്യ ക്ഷേത്രത്തിന് മൂവായിരം വർഷത്തെ പഴക്കം കണക്കാക്കുന്നു. മലപ്പുറം ജില്ലയിൽ തിരൂർ മുസലിയാർ അങ്ങാടിയിലുള്ള ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ കിഴക്കു ദർശനമായ ഒരാൾ പൊക്കമുള്ള ശ്രീരാമദേവന്റേതാണെങ്കിലും ഹനുമാൻ സ്വാമിയുടെ പേരിലാണ് പ്രസിദ്ധം. ഗണപതി, അയ്യപ്പൻ, ഭദ്രകാളി, ദുർഗ്ഗ, സുബ്രഹ്മണ്യൻ, ലക്ഷ്മണൻ ഇവർക്ക് ഉപദേവതാ സന്നിധികളുണ്ട്.

പ്രത്യേക ശ്രീകോവിലിൽ തന്റെ സ്വാമിയായ ശ്രീരാമദേവന്റെ വാക്കുകൾക്ക് കാതോർത്ത് ഭഗവാന്റെ വശത്തേക്ക് തല അല്പം ചരിച്ചാണ് ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠ. സീതയുടെ സമീപത്തേക്ക് അയയ്ക്കുന്ന ഹനുമാന്റെ ചെവിയിൽ ശ്രീരാമൻ ദേവിയോട് പറയാനുള്ള കാര്യങ്ങൾ അടക്കം പറയുന്നു എന്നാണ് സങ്കല്പം. ലക്ഷ്മണന് നാലമ്പലത്തിന് പുറത്താണ് സ്ഥാനം.

ഇവിടെ ഹനുമാന് പൂജയില്ല. നിവേദ്യം മാത്രമാണുള്ളത്. പൂജ മുഖ്യദേവനായ ശ്രീരാമന് മാത്രമാണ്. അവിൽ നിവേദ്യമാണ് ഇവിടുത്തെ പ്രധാന വഴിപാട്. രാവിലെ 9.30നാണ് അവൽ നിവേദ്യം. ഒരു നാഴി, 25 നാഴി, 50 നാഴി, 100 നാഴി കുഴച്ച അവൽ നേദിക്കാം. പതിനഞ്ചു ദിവസം വരെ അവിൽ കേടുകൂടാതിരിക്കും. സീതാന്വേഷണത്തിന് പോയ ഹനുമാന് ദേവഭക്ഷണം ഒരു പൊതിയാക്കി ശ്രീരാമൻ നൽകി എന്ന് ഐതിഹ്യം. അവിലും കദളിപഴവുമാണ് ആലത്തിയൂർ ഹനുമാന് ഏറ്റവും പ്രിയങ്കരം. ചിരഞ്ജീവിയായ ഭഗവാന് തികഞ്ഞ ഭക്തിയോടെ ഒരു പിടി അവിൽ നിവേദ്യം നൽകിയാൽ എന്തും തരും. കുട്ടികളുടെ ശ്വാസം മുട്ട് മാറാൻ ശ്രീരാമനെ ദർശിച്ച് ഹനുമാന് പാളയും കയറും വഴിപാട് നടത്തിയാൽ മതി. ശക്തി കുറഞ്ഞ കുട്ടികൾക്ക് ശക്തിക്ക് ആലത്തിയൂർ ഹനുമാനെ പ്രാർത്ഥിച്ചാൽ മതി. ഗദ സമർപ്പണമാണ് മറ്റൊരു വഴിപാട്. ശനിദോഷം, ശത്രുദോഷം ഇവ മാറും. പേടി സ്വപ്നം കാണില്ല. വിവാഹ തടസം, വിദ്യാ തടസം, ജോലി തടസം, വ്യാപാര തടസം എന്നിവ മാറി കിട്ടാനും ഈ ഗദ സമർപ്പണം നല്ലതാണ്. മൊത്തത്തിൽ ഉദ്ദിഷ്ട കാര്യസിദ്ധിക്കുള്ള വഴിപാടാണ് ഇത്. ഈ ക്ഷേത്രത്തിൽ മാത്രം ഉള്ള വഴിപാടാണിത്. നെയ്ത്തിരി സമർപ്പണം, പഞ്ചസാര പായസം എന്നിവ വിശേഷ വഴിപാടുകളാണ്.

ഭക്തി, കരുത്ത്, വിശ്വാസം, സമർപ്പണം ഏകാഗ്രത, അനുകമ്പ എന്നിവയുടെയും സമ്പൂർണ്ണ ആത്മത്യാഗത്തിന്റെയും പ്രതീകമാണ് ആഞ്ജനേയൻ. ആലത്തിയൂർ ഹനുമാൻ സ്വാമിയുടെ അനുഗ്രഹം ലഭിക്കുന്ന ഭക്തരുടെ എല്ലാ അഭിലാഷങ്ങളും സഫലമാകും. ആദ്യം വെട്ടത്ത്നാട് രാജയുടെയും പിന്നീട് കോഴിക്കോട് സാമൂതിരിയുടെയും നിയന്ത്രണത്തിൽ ആയിരുന്നു ക്ഷേത്രം. തുലാം മാസം തിരുവോണത്തിന് അവസാനിക്കുന്ന തരത്തിൽ മൂന്ന് ദിവസമാണ് ഉത്സവം. എല്ലാ മാസവും തിരുവോണ ദിവസം കറുത്തേടത്ത് ഇല്ലത്തെ ക്ഷേത്ര തന്ത്രിയുടെ നേതൃത്വത്തിൽ തിരുവേണപൂജയും നാല് കറിയോടെ തിരുവോണ ഊട്ടും നടക്കും. മീനമാസത്തിലെ അത്തത്തിനാണ് പ്രതിഷ്ഠാ വാർഷികം. മണ്ഡല മഹോത്സവത്തോടനുന്ധിച്ചുള്ള സഹസ്ര നെയ്ത്തിരി സമർപ്പണവും കർപ്പൂരദീപ പ്രദക്ഷിണവും നടക്കും. 2021 ഡിസംബർ 26 നാണ് ഇത്തവണ മണ്ഡല മഹോത്സവം. ശ്രീരാമപ്രതിഷ്ഠാദിനം, ഹനുമദ് ജയന്തി, രാമായണ മാസം ആചരണം, ഇവയും വിശേഷമാണ്. തുലാത്തിലെ തിരുവോണ ഉത്സവത്തിന് ആഞ്ജനേയ സംഗീതോത്സവം പതിവാണ്.

എന്നും രാവിലെ 6 മണിക്ക് നടതുറക്കും; 11 മണിക്ക് അടയ്ക്കും; വൈകിട്ട് 5 മണിക്ക് തുറക്കും. 7 മണിക്ക് അടയ്ക്കും. വഴിപാടുകൾ നേരിട്ടല്ലാതെയും ബുക്ക് ചെയ്യുന്നതിന് wwwalathiyoorhanumankavu.in സന്ദർശിക്കുക. അല്ലെങ്കിൽ ദേവസ്വം ഓഫീസിൽ ബന്ധപ്പെടുക. ഫോൺ: 0494-2430666, 9447675930

പി എം ബിനുകുമാർ,
+919447694053

Story Summary: The legend behind Alathiyur Hanuman Temple and Benefits of Offerings


error: Content is protected !!