ആശ്ചര്യകരമായ ശുഭാനുഭവങ്ങൾക്ക്
ശ്രീകണ്‌ഠേശ്വരത്ത് മഹാരുദ്രയജ്ഞം
തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രം പതിനൊന്നാമത് മഹാരുദ്രയജ്ഞത്തിന് ഒരുങ്ങി. ആശ്ചര്യകരമായ ശുഭാനുഭവങ്ങൾ ഭക്തർക്ക് നൽകുന്ന ദിവ്യ സന്നിധിയായ ശ്രീകണ്ഠേശ്വരത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡും മഹാരുദ്രയജ്ഞസമിതിയും സംയുക്തമായാണ് ഈ മഹായജ്ഞം 1198 ചിങ്ങം ഒന്നു മുതൽ 11വരെ (2022 ആഗസ്റ്റ് 17 മുതൽ 27 വരെ) നടത്തുന്നത്.
യജുർവേദത്തിലെ പരമ ശ്രേഷ്ഠമായ മന്ത്രമാണ് ശ്രീരുദ്രം, താന്ത്രിക വിധിപൂർവ്വം ഈ മന്ത്രം പതിനൊന്ന് ആചാര്യൻമാർ ആവർത്തിക്കുന്നത് ഏകാദശരുദ്രം. 11 ആചാര്യൻമാർ അടങ്ങുന്ന സംഘം ഏകകാലത്ത് ഏകാദശരുദ്രം അനുഷ്ഠിച്ചാൽ അത് മഹാരുദ്രമാകും. മഹാരുദ്രകാലത്ത് ഓരോ ദിവസവും വിധിപ്രകാരം പൂജിച്ച 11 ജീവകലശങ്ങൾ ഭഗവാന് അഭിഷേകം ചെയ്യുന്നു. ഓരോ ദിവസവും 11 കലശങ്ങൾ വീതം 11 ദിവസം 111 കലശങ്ങൾ ഭഗവാന് അഭിഷേകം ചെയ്യുന്നതാണ്. രുദ്രാഭിഷേകത്തിന് സാക്ഷികളാകാൻ ത്രിമൂർത്തികളും മുപ്പത്തിമുക്കോടി ദേവതകളും സന്നിഹിതരാകുമെന്നാണ് വിശ്വാസം.
യജ്ഞദ്രവ്യങ്ങളായ നെയ്, തേൻ, കരിക്ക്, നല്ലെണ്ണ, ശർക്കര, വസ്ത്രം, നാളികേരം തുടങ്ങിയവ ഭക്തർക്ക് യജ്ഞസിമിതി ആഫീസിൽ സമർപ്പിക്കാം. യജ്ഞത്തോടനുബന്ധിച്ച് ഭക്തർക്ക് അന്നദാനവും നൽകാറുണ്ട്. നിങ്ങളുടെ യഥാശേഷി അന്നദാനത്തിൽ പങ്കെടുക്കുക. അഭിഷേകം ചെയ്യുന്ന കലശങ്ങൾ, ഗണപതിഹോമം, ഭഗവതി സേവ തുടങ്ങിയ പൂജകളും ബുക്ക് ചെയ്യാവുന്നതാണ്. മാറാ രോഗങ്ങളും തീരാ ശാപങ്ങളും ഗ്രസിച്ചിരിക്കുന്ന കാലത്ത് ഭക്തജനങ്ങൾക്ക് സ്വാന്തനമേകുകയാണ് മഹാരുദ്രയജ്ഞത്തിന്റെ ലക്ഷ്യം.
ഭാഷ, ജാതി വർണ്ണവ്യത്യാസങ്ങൾക്കതീതമായി ജനങ്ങൾ ഭക്തിയിൽ ലയിച്ച് ഒന്നായിത്തീരുന്ന അത്യപൂർവ്വമായ ഒരു അവസരമാണ് ഈ മഹാസംരംഭം.
Story Summary: Significance of Maha Rudra Yagnam at
SreeKandeswaram Mahadeva Temple