Friday, 5 Jul 2024
AstroG.in

ആശ്രയിക്കുന്നവരെ കൈവിടാത്ത ചെട്ടികുളങ്ങര അമ്മയ്ക്ക് കുംഭഭരണി

മംഗള ഗൗരി
ആശ്രയിക്കുന്നവർക്കെല്ലാം അഭയവും അനുഗ്രഹവും ചൊരിയുന്ന ചെട്ടികുളങ്ങര ദേവീ ക്ഷേത്രം കുംഭഭരണിക്ക് ഒരുങ്ങി. ആകാശത്തോളം ഉയരുന്ന കെട്ടുകാഴ്ചകൾ ദേവിക്ക് കാണിക്ക സമർപ്പിക്കുന്ന ഈ മഹോത്സവം ഒരു മഹാത്ഭുതമാണ്. ഈ ദേശത്തെ 13 കരക്കാർ കഴിഞ്ഞ തിരുവോണം മുതൽ കെട്ടുകാഴ്ച തയ്യാറാക്കുന്നതിനുള്ള പരിശ്രമത്തിലാണ്. ഏഴാം നാൾ കുംഭഭരണി ദിവസമായ ഫെബ്രുവരി 15 വ്യാഴാഴ്ച ഇത് അവർ ചെട്ടികുളങ്ങര അമ്മയ്ക്ക് സമർപ്പിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഏറ്റവും പ്രധാന ഭദ്രകാളീ ക്ഷേത്രങ്ങളിൽ ഒന്നാണിത്. ദാരുവിഗ്രഹമാണ്; കിഴക്കോട്ട് ദർശനം.

സങ്കടങ്ങളുമായി എത്തുന്ന ഒരു വ്യക്തിയെപ്പോലും ചെട്ടികുളങ്ങര അമ്മ ഒരിക്കലും കൈവിടില്ല. അനേക കോടി ഭക്തരുടെ എക്കാലെത്തെയും അചഞ്ചലമായ വിശ്വാസമാണിത്. കൊടുങ്ങല്ലൂരമ്മയുടെ അംശമാണ്
ചെട്ടികുളങ്ങര അമ്മ. ഈ ചൈതന്യത്തിന് പിന്നിൽ ഒരു ഐതിഹ്യമുണ്ട്. ചെട്ടികുളങ്ങരയിലെ ചില പ്രമാണിമാർ അടുത്തുള്ള ഒരു പുരാത ക്ഷേത്രത്തിൽ ഉത്സവം കാണാൻ ചെന്നപ്പോൾ ‘ക്ഷേത്രമില്ലാത്ത ‘ എന്ന് ആക്ഷേപിക്കപ്പെട്ടു. അപമാനിതരായ അവരിൽ നാലു പേർ – ചെമ്പോലിൽ താങ്കളും , പുതുപ്പുരയ്ക്കൽ ഉണ്ണിത്താനും, കൈതതെക്ക് മങ്ങാട്ടച്ചനും മേച്ചേരിൽ പണിക്കരും കൊടുങ്ങല്ലൂർ ശ്രീകുംരുംബാ ക്ഷേത്രത്തിൽ എത്തി ഭജനമിരുന്ന് അമ്മയെ പ്രസാദിപ്പിച്ച് ആവാഹിച്ച് കൊണ്ടുവന്ന് ചെട്ടികുളങ്ങരയിൽ പ്രതിഷ്ഠിച്ചു. ഇന്ന് ഏറ്റവും കൂടുതൽ സ്ത്രീകൾ ആരാധനയ്ക്കെത്തുന്ന ക്ഷേത്രം എന്ന ഗിന്നസ് ബുക്ക് ഒഫ് വേൾഡ് റെക്കോർഡ് ചെട്ടികുളങ്ങര ക്ഷേത്രത്തിനാണ്. 2009ലെ കണക്ക് പ്രകാരം 25 ലക്ഷം സ്‌ത്രീകളാണ് പ്രതിവർഷം ഇവിടെ
ദർശനം നടത്തുന്നത്.

കുംഭ മാസത്തിലെ ഭരണിയാണ് ചെട്ടികുളങ്ങരയിലെ ഏറ്റവും വലിയ വിശേഷം. ഈ ദിവസം കണ്ട് അമ്മയെ കണ്ട് തൊഴുതു പ്രാർത്ഥിച്ചാൽ ആഗ്രഹസാഫല്യവും ദുരിതശമനവുമുണ്ടാകും. ചെട്ടികുളങ്ങര അമ്മയുടെ പ്രിയ വഴിപാടായ കുത്തിയോട്ടം ഭക്തർ കാണിക്കയായി സമർപ്പിക്കുന്ന ദിവസം കൂടിയാണ് കുംഭഭരണി ഉത്സവം. ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനുള്ള ഏറ്റവും ശ്രേഷ്ഠമായ വഴിപാടാണിത്. മകര മാസത്തിലെ തിരുവോണ നാളിൽ ആയിരുന്നു ഇത്തവണ കുത്തിയോട്ട വഴിപാടിന്റെയും തുടക്കം. വഴിപാട് നടത്തുന്നവർ കുത്തിയോട്ടത്തിനായി ദത്തെടുക്കുന്ന 10 വയസ്സിന് താഴെയുള്ള ആൺകുട്ടികളെ സ്വഗൃഹത്തിൽ പാർപ്പിച്ച് കുത്തിയോട്ട ചുവടുകൾ പരിശീലിപ്പിക്കും. തിരുവോണ നാൾ ദീപാരാധനക്ക് ശേഷം കുത്തിയോട്ട ആശാൻ ദേവീമാഹാത്മ്യം ചൊല്ലി ചുവട് പരിശീലനത്തിന് തുടക്കം കുറിച്ചു. ദേവീസ്തുതി, പുരാണകഥാസന്ദർഭങ്ങൾ എന്നിവ ഇഴചേരുന്ന കുത്തിയോട്ടപ്പാട്ടിനൊപ്പമാണ് ചുവട്‌വയ്പ്പ്. മംഗളം പാടി ദിവസവും ചുവടുവയ്പ്പ് അവസാനിപ്പിക്കും. രേവതിനാൾ വരെ ഇത് തുടരും. ഈ ദിവസങ്ങളിൽ തറവാട്ടിൽ എത്തുന്ന എല്ലാവർക്കും സദ്യ കാണും. ഇതിനിടയിൽ ബാലൻമാർ കുത്തിയോട്ട ചുവടുകൾ പരിശീലിച്ചിരിക്കും.

ഭരണിനാൾ രാവിലെ കുത്തിയോട്ടങ്ങൾ ചെട്ടികുളങ്ങര തിരുനടയിലെത്തി ദേവീദർശനം നടത്തി പ്രദക്ഷിണം വച്ച് ചുവട് ചവിട്ടും. തുടർന്ന് ശരീരത്തിൽ കോർത്ത സ്വർണ്ണ നൂൽ ദക്ഷിണസഹിതം കാണിക്കയായി അമ്മയ്ക്ക് സമർപ്പിക്കുമ്പോൾ കുത്തിയോട്ട വഴിപാട് പൂർണ്ണമാകും. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് സന്താനഭാഗ്യം ലഭിക്കുവാനുള്ള ഏറ്റവും നല്ല വഴിപാട് കൂടിയാണ് കുത്തിയോട്ടം. രോഗങ്ങൾ ശമിക്കുവാനും ദുഃഖങ്ങളിൽ നിന്ന് മുക്തി നേടാനും ഐശ്വര്യലബ്ധിക്കും ആപത്തും ദുരിതങ്ങളും അകലുവാനും ഏറെ ഉത്തമമായ വഴിപാട് കൂടിയാണിത്.

വിഘ്‌നനിവാരണം, ഐശ്വര്യം എന്നിവയ്ക്ക് ഗണപതി ഹോമം, ദുരിതശാന്തിയും ഐശ്വര്യലബ്ധിയും നേടാൻ ഭഗവതിസേവ, ശത്രുദോഷശാന്തിക്കും ബാധാനിവൃത്തി ലഭിക്കാനും രക്തപുഷ്പാഞ്ജലി, സാമ്പത്തികാഭിവൃദ്ധി, ദുരിതമോചനം എന്നിവയ്ക്ക് കടുംപായസം, കാര്യസിദ്ധി നൽകുന്ന അഷ്‌ടോത്തരാർച്ചന, ഐശ്വര്യവർദ്ധനവ് നൽകുന്ന സഹസ്രനാമാർച്ചന, ശത്രുദോഷ ശാന്തിക്ക് വെടിവഴിപാട്, ഐശ്വര്യലബ്ധിക്ക് ഉപകരിക്കുന്ന ചുവന്നപട്ട്, ദുരിതശമനം വരുത്തി മനഃശാന്തി നൽകുന്ന ചുറ്റുവിളക്ക്, മംഗല്യഭാഗ്യം നൽകുന്ന സ്വയംവരാർച്ചന, ശത്രുദോഷശാന്തി നൽകുന്ന ശത്രുതാസംഹാര അർച്ചന, ഭാഗ്യലബ്ധിക്കായി ഭാഗ്യസൂക്താർച്ചന എന്നിവയാണ് ഇവിടുത്തെ പ്രധാന വഴിപാടുകൾ.

Story Summary: Chettikulanga Kumbha Bharani Festival

Copyright 2024 Neramonline.com. All rights reserved

error: Content is protected !!