Saturday, 23 Nov 2024
AstroG.in

ഇടവം ഒന്ന് മുപ്പെട്ട് വെള്ളി; സാമ്പത്തിക ദുരിതം തീരാൻ ലക്ഷ്മീ ഉപാസന നടത്തുക

സാമ്പത്തിക ദുരിതങ്ങളിൽ നിന്ന് കരകയറാൻ
ലക്ഷ്മീ ദേവിയെ ഭജിക്കാൻ ഏറ്റവും നല്ല ദിവസമാണ് വെള്ളിയാഴ്ചകൾ. അതിൽ തന്നെ മുപ്പെട്ട് വെള്ളിയാണെങ്കിൽ അതിവിശേഷമാണ്. ഇത്തവണ
ഇടവമാസം പുലരുന്നത് ഒരു വെള്ളിയാഴ്ചയാണ്. അതിനാൽ പ്രാധാന്യമേറിയ ഇടവം ഒന്ന്, മേയ് 15
വെള്ളിയാഴ്ച ലക്ഷ്മീപ്രീതികരമായ മന്ത്രങ്ങൾ
ജപിച്ച് ഐശ്വര്യ ദേവതയുടെ അനുഗ്രഹം നേടിയാൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും കുറച്ചെങ്കിലും മോചനം നേടാം. മുപ്പെട്ട് വെള്ളിയാഴ്ചകൾ ഗണപതി പ്രീതി വരുത്തുന്നതിനും നല്ല ദിവസമാണ്. അന്ന് ഗണേശ പ്രീതികരമായ ഉപാസനകൾ നടത്തിയാൽ തടസങ്ങൾ അതിവേഗം മാറി ഐശ്വര്യവും അഭിവൃദ്ധിയുമുണ്ടാകും.

ഓരോ മലയാള മാസത്തിലും ആദ്യ ആഴ്ചയിൽ വരുന്ന ദിനങ്ങളെയാണ് മുപ്പെട്ട് ഞായർ‍, മുപ്പെട്ട് തിങ്കൾ, മുപ്പെട്ട് ചൊവ്വ, മുപ്പെട്ട് ബുധൻ, മുപ്പെട്ട് വ്യാഴം, മുപ്പെട്ട് വെള്ളി, മുപ്പെട്ട് ശനി എന്ന് പറയുന്നത്. അതിൽതന്നെ മാസപ്പിറവിയും മുപ്പെട്ട് വെള്ളിയും ഒന്നിച്ചു വരുന്ന ദിവസം കൂടുതൽ ശ്രേഷ്ഠമാണ്.

മുപ്പെട്ട് വെള്ളി മഹാലക്ഷ്മീ പ്രീതികരമായ
വ്രതമായതിനാൽ പൂർണ ഉപവാസം വേണ്ട.
പക്ഷേ അമിത ഭക്ഷണവും പാടില്ല. ദിവസം
മുഴുവൻ മഹാലക്ഷ്മീ സ്മരണയിൽ കഴിയണം.
കഴിയുമെങ്കിൽ ദാന ധർമ്മങ്ങൾ നൽകണം.
ലക്ഷ്മീ പ്രീതികരമായ വെളുത്ത വസ്ത്രങ്ങൾ , വെള്ളിയാഭരണങ്ങൾ എന്നിവ ധരിക്കുന്നത് ഉത്തമമാണ്. വ്രത ദിനത്തിൽ രാവിലെ കുളിച്ച് ശുദ്ധമായ ശേഷം പൂജാമുറിയിൽ നിലവിളക്ക് കൊളുത്തി ഓം ശ്രീ മഹാലക്ഷ്മ്യൈ നമ: എന്ന
മന്ത്രം 108 തവണ ജപിക്കുക . സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി ലളിതാസഹസ്രനാമം, കനകധാരാസ്തോത്രം എന്നിവ പാരായണം
ചെയ്യുക. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറാനും അകാരണമായി കടബാധ്യതയിൽ പെടാതിരിക്കാനും മഹാലക്ഷ്മി അഷ്ടകം രാവിലെയും വൈകിട്ടും ജപിക്കുക.

സാധാരണ മഹാലക്ഷ്മിയെ പൂജിക്കാൻ മുപ്പെട്ട് വെള്ളി വ്രതമെടുക്കുന്നവർ അന്ന് ദേവിക്ക് വെളുത്ത പൂക്കൾ സമർപ്പിക്കും. അതുകൊണ്ട് ക്ഷേത്രത്തിൽ പുഷ്‌പാഞ്‌ജലി നടത്തി പാൽപ്പായസം വഴിപാടായി നേദിക്കും ഇപ്പോൾ പക്ഷേ അതിന് പറ്റാത്തതു കൊണ്ട് വീട്ടിലിരുന്ന് ദേവീ പ്രീതികരമായ മന്ത്രങ്ങൾ ജപിക്കണം. ഒപ്പം ഗ്രന്ഥങ്ങൾ പാരായണം ചെയ്യണം.
മഹാലക്ഷ്മീ അഷ്ടകം, ലളിതാസഹസ്രനാമം എന്നിവ ജപിക്കുന്നത് ഉത്തമമാണ്. ഗണേശ പ്രീതിക്കായി ഗണേശ അഷ്ടോത്തരം ജപിക്കാം.

വെള്ളി, ചൊവ്വ ദിനങ്ങളിൽ ധനം, സ്വർണ്ണം ഇവ കടമായി നൽകരുത്. എന്നാൽ അന്ന് ധനം സ്വീകരിച്ചാൽ അത് വർദ്ധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കൂടുതൽ പണം ചെലവ് ചെയ്താൽ വരവിനേക്കാൾ ചെലവ് വർദ്ധിക്കും .


മഹാലക്ഷ്മി അഷ്ടകം

നമസ്തേസ്തു മഹാമായേ
ശ്രീ പീഠേ സുരപൂജിതേ
ശംഖചക്ര ഗദാഹസ്തേ
മഹാലക്ഷ്മീ നമോസ്തുതേ

നമസ്തേ ഗരുഡാരൂഡേ
കോലാസുരഭയങ്കരി
സർവ പാപഹരേ ദേവി
മഹാലക്ഷ്മീ നമോസ്തുതേ

സർവജ്ഞേ സർവവരദേ
സർവ ദുഷ്ട ഭയങ്കരീ
സർവ ദു:ഖഹരേ ദേവീ
മഹാലക്ഷ്മീ നമോസ്തുതേ

സിദ്ധിബുദ്ധി പ്രദേ ദേവീ
ഭുക്തി മുക്തി പ്രാദായിനീ
മന്ത്രമൂർത്തേ സദാ ദേവീ
മഹാലക്ഷ്മീ നമോസ്തുതേ

ആദ്യന്തരഹിതേ ദേവി
ആദിശക്തി മഹേശ്വരീ
യോഗജേ യോഗസംഭൂതേ
മഹാലക്ഷ്മീ നമോസ്തുതേ

സ്ഥൂലസൂക്ഷ്മ മഹാരൗദ്രേ
മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവി
മഹാലക്ഷ്മീ നമോസ്തുതേ

പത്മാസനസ്ഥിതേ ദേവി
പരബ്രഹ്മസ്വരൂപിണി
പരമേശി ജഗന്മാതേ
മഹാലക്ഷ്മീ നമോസ്തുതേ

ശ്വേതാംബരധരേ ദേവി
നാനാലങ്കാരഭൂഷിതേ
ജഗസ്ഥിതേ ജഗന്മാതേ
മഹാലക്ഷ്മീ നമോസ്തുതേ

വേണു മഹാദേവ്
+91 9847475559

error: Content is protected !!