ഇടവമാസത്തിലെ ആയില്യം അതിവിശേഷം;നാഗാരാധനയ്ക്ക് പൂർണ്ണ ഫലപ്രാപ്തി
മംഗള ഗൗരി
എല്ലാ മാസത്തെയും ആയില്യം പ്രധാനമാണെങ്കിലും ഇടവം, തുലാം മാസങ്ങളിലെ ആയില്യം നക്ഷത്ര ദിവസം നാഗാരാധനയ്ക്ക് വളരെ ശ്രേഷ്ഠമാണ്. പൂർണ്ണമായ ഫലപ്രാപ്തിയാണ് ഈ ദിവസത്തെ നാഗോപാസനയുടെ പ്രത്യേകത. 2023 മേയ് 26 വെള്ളിയാഴ്ച യാണ് ഇടവമാസത്തിലെ ആയില്യം. ഈ ദിവസം നാഗരാധന നടത്തിയാൽ എല്ലാ സർപ്പദോഷങ്ങളും ഒഴിയും.
നഗ്നനേത്രങ്ങൾ കൊണ്ട് നമുക്ക് കാണാവുന്ന അത്ഭുത ഈശ്വര ശക്തിയാണ് നാഗങ്ങൾ. അനുഗ്രഹത്തിനും നിഗ്രഹത്തിനും ഒരേ പോലെ കഴിവുള്ള നാഗങ്ങളെ പുരാതകാലം മുതൽ ആരാധിക്കുന്നു. ശരീരശുദ്ധിയും മന:ശുദ്ധിയും നാഗാരാധനയ്ക്ക് വളരെ പ്രധാനമാണ്. മുജ്ജന്മ പാപങ്ങൾ പോലും മാറുന്നതിന് നാഗാരാധന ഗുണകരമാണ്. ആയില്യ ദിവസം നാഗക്ഷേത്ര ദർശനം നടത്തണം. മഞ്ഞൾപ്പൊടി, നൂറും പാലും, ആയില്യപൂജ തുടങ്ങിയവയാണ് ആയില്യ നാളിൽ നാഗക്ഷേത്രങ്ങളിലും നാഗത്തറകളിലും സമർപ്പിക്കാവുന്ന മുഖ്യ വഴിപാടുകൾ.
ആയില്യവ്രതം നോൽക്കാൻ താല്പര്യമുള്ളവർ തലേന്നും ലഘു ഭക്ഷണവും ബ്രഹ്മചര്യവും പാലിക്കണം. അന്ന് ഒരിക്കലും ആയില്യ നാളിൽ ഉപവാസവുമാണ് ഉത്തമം. മത്സ്യമാംസാദികളും മദ്യവും മറ്റ് ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കരുത്.
ആയില്യ ദിവസം നാഗപ്രീതികരമായ ഓം ഹ്രീം നാഗരാജായ നമഃ , പഞ്ചാക്ഷരീ മന്ത്രമായ ഓം നമഃ ശിവായ, ശ്രീ നാഗരാജ മൂലമന്ത്രം, ശ്രീ നാഗരാജ ഗായത്രി , നവ നാഗസ്തോത്രം തുടങ്ങിയ മന്ത്രങ്ങൾ 108 തവണ ജപിക്കണം. ജപം 21 ദിവസം തുടർന്നാൽ നാഗശാപങ്ങൾ ഒഴിഞ്ഞ് ഐശ്വര്യം ലഭിക്കും. ആയില്യം, പഞ്ചമി, കറുത്തവാവ്, പൗർണ്ണമി, ബുധൻ, വ്യാഴം, ഞായർ, തിങ്കൾ ദിവസങ്ങൾ നാഗ മന്ത്രജപത്തിന് ഉത്തമമാണ്.
നാഗരാജാ മൂല മന്ത്രം
ഓം നമഃ കാമരൂപിണേ
നാഗരാജായ മഹാബലായ സ്വാഹ
ശ്രീ നാഗരാജ ഗായത്രി
ഓം നാഗരാജായ വിദ്മഹേ
ചക്ഷു: ശ്രവണായ ധീമഹി
തന്നോ നാഗ: പ്രചോദയാത്
നവ നാഗസ്തോത്രം
അനന്തം വാസുകിം ശേഷം പത്മനാഭശ്ച കംബളം
ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ
ഏതാനി നവനാമാനി നാഗശ്ച മഹാത്മനാം
സായംകാലേ പഠേന്നിത്യം പ്രാത കാലേ വിശേഷത:
തസ്യ വിഷഭയം നാസ്തി സർവ്വത്ര വിജയീ ഭവേൽ
നാഗരാജ അഷ്ടോത്തരം കേട്ട് ജപിക്കാൻ :
മംഗള ഗൗരി
Story Summary: Significance and Benefits of Edava Masa Aayilya Pooja