Saturday, 23 Nov 2024
AstroG.in

ഇപ്പോള്‍ വിവാഹത്തിന് പറ്റിയ സമയം ആര്‍ക്കെല്ലാമാണ്?

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

നിങ്ങള്‍ക്ക് അല്ലെങ്കില്‍ നിങ്ങളുടെ ഉറ്റ ബന്ധുക്കള്‍ക്ക് ഇത് വിവാഹ സമയമാണോ? ഉടന്‍ വിവാഹം നടത്തണമെന്ന് ആഗ്രഹിച്ച് സജീവമായി ആലോചനകള്‍ നടത്തുന്നവരാണോ? എങ്കില്‍ ഇതാ വ്യാഴ ഗ്രഹത്തിന്റെ ഇപ്പോഴത്തെ സഞ്ചാരം വച്ചു കൊണ്ട് ഏതാനും ജ്യോതിഷ നിര്‍ദ്ദേശങ്ങള്‍ പറയാം. വ്യാഴം ഇപ്പോള്‍ കുംഭം രാശിയില്‍ ആണ്. കഴിഞ്ഞ നവംബര്‍ 20 നാണ് കുംഭത്തില്‍ വന്നത്. 2022 ഏപ്രില്‍ 13 വരെ അവിടെയാണ്. ശേഷം മീനം രാശിയില്‍ പകരും. അപ്പോള്‍ ഈ ഫലങ്ങളെല്ലാം മാറും. അനുകൂല സ്ഥിതിയുള്ള ചിലര്‍ക്ക് സാഹചര്യങ്ങള്‍ പ്രതികൂലമാകും. മറ്റുള്ളവര്‍ക്ക് കാര്യം അനുകൂലമാകും. എന്തായാലും ഇപ്പോള്‍ ജ്യോതിഷപ്രകാരം ചാരവശാല്‍ വ്യാഴം ഏഴില്‍ സഞ്ചരിക്കുന്ന ചിങ്ങക്കൂറുകാര്‍ക്ക് (മകം, പൂരം, ഉത്രം ആദ്യ കാല്‍) 2022 ഏപ്രില്‍ 13 വരെ വിവാഹം നടക്കാന്‍ ഏറ്റവും അനുയോജ്യമായ കാലമാണ്. ഈ കൂറിലെ നക്ഷത്രജാതര്‍ പരിശ്രമിക്കുകയാണെങ്കില്‍ ഉത്തമമായ വിവാഹം ഈ കാലയളവില്‍ നടക്കാനോ അല്ലെങ്കില്‍ നിശ്ചയിക്കാനെങ്കിലുമോ സാധിക്കും. അത് പോലെ തന്നെ അഞ്ചില്‍ വ്യാഴമുള്ള തുലാക്കുറുകാര്‍ക്കും (ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍) വ്യാഴം രണ്ടിലുള്ള മകരക്കൂറുകാര്‍ക്കും (ഉത്രാടം അവസാനമുക്കാല്‍, തിരുവോണം, അവിട്ടം പകുതി), പതിനൊന്നില്‍ വ്യാഴം സഞ്ചരിക്കുന്ന മേടക്കൂറുകാര്‍ക്കും ( അശ്വതി, ഭരണി, കാര്‍ത്തിക കാല്‍) ഒന്‍പതില്‍ വ്യാഴമുള്ള മിഥുനക്കൂറുകാര്‍ക്കും (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ ) ഈ കാലയളവില്‍ വിവാഹത്തിനോ വിവാഹ നിശ്ചയത്തിനോ വളരെ മികച്ച സമയമാണ്. നാലില്‍ വ്യാഴം നില്‍ക്കുന്ന വൃശ്ചികം (വിശാഖം അവസാന കാല്‍ അനിഴം, തൃക്കേട്ട) ജന്മത്തില്‍ വ്യാഴം സഞ്ചരിക്കുന്ന കുംഭം (അവിട്ടം അവസാന പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍) പത്തില്‍ വ്യാഴമുള്ള ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യ പകുതി) എന്നീ കൂറുകാര്‍ക്ക് വളരെ പരിശ്രമിച്ചാല്‍ വിവാഹം നടത്തിയെടുക്കാനാകും. എന്നാല്‍ ആറില്‍ വ്യാഴമുള്ള കന്നിക്കൂറ് ( ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി) പന്ത്രണ്ടില്‍ വ്യാഴം സഞ്ചരിക്കുന്ന മീനക്കൂറ് (പൂരുരുട്ടാതി അവസാന പാദം, ഉത്തൃട്ടാതി, രേവതി ) എട്ടില്‍ വ്യാഴമുള്ള കര്‍ക്കടകക്കൂറ് (പുണര്‍തം അവസാന കാല്‍, പൂയം, ആയില്യം ) എന്നീ രാശിക്കാര്‍ എത്ര തന്നെ ശ്രമിച്ചാലും ഇക്കാലത്ത് വിവാഹം നടക്കില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. അഥവാ കാലത്തെ വെല്ലുവിളിച്ച് കഠിന പരിശ്രമത്തോടെ വിവാഹം നടത്താന്‍ ശ്രമിച്ചാലും ഈ സമയത്ത് നടക്കുന്ന ഈ കൂറുകാരുടെ ബന്ധങ്ങള്‍ ശുഭകരമാകണമെന്നില്ല. ചാരവശാലുള്ള വ്യാഴത്തിന്റെ സഞ്ചാരത്തെ മാത്രം മുന്‍നിര്‍ത്തിയുള്ള ചിന്തയാണിത്. സ്വന്തം ജാതകവശാല്‍ യോഗങ്ങളോ പ്രത്യേക ദോഷങ്ങളോ ഉളളവര്‍ക്ക് ഇത് ബാധകമാകണമെന്നില്ല.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559

Story Summary: Marriage time Predictions based on Jupiter Transit

error: Content is protected !!