ഇപ്പോൾ അത്തിവരദ മൂർത്തിയെ കൺകുളിർക്കെ കാണാം
കാഞ്ചീപുരത്ത് ഇപ്പോൾ ഉത്സവകാലമാണ്. അത്തിവരദരാജ സ്വാമികളുടെ അനുഗ്രഹമാണ് കാഞ്ചീപുരത്തിന് ചുറ്റും നിറയുന്നത്. 40 വർഷത്തിലൊരിക്കൽ തുറക്കുന്ന അത്തിവരദ സന്നിധി ജൂലൈ ഒന്നിന് തുറന്നതോടെ തമിഴകത്തെ വഴികളെല്ലാം കാഞ്ചീപുരത്തേക്കായി. ആഗസ്റ്റ് 17 ന് 48 ദിവസത്തെ ദർശന ശേഷം അത്തിവരദ സന്നിധി അടയ്ക്കും.
ആഗസ്റ്റ് ഒന്നു വരെ 12 അടി പൊക്കമുള്ള ഭഗവാൻ കിടക്കുന്ന രൂപത്തിലാണ് ദർശനം നൽകിയത്. ആഗസ്റ്റ് ഒന്നു മുതൽ ഭഗവാൻ നിൽക്കുന്ന രീതിയിലാണ് ദർശനം നൽകുന്നത്. ആഗസ്റ്റ് ഒന്നു വരെ 45 ലക്ഷത്തിലധികം പേർക്ക് ദർശനപുണ്യം ലഭിച്ചു. ആഗസ്റ്റ് 12 വരെ ദിവസം രണ്ട് ലക്ഷം ഭക്‌തരെ വീതം പ്രതീക്ഷിക്കുന്നുണ്ട്. രാജ്യത്തെ ഏറവും പ്രധാനപ്പെട്ട വിഷ്ണു ക്ഷേത്രങ്ങളിലൊന്നാണ് കാഞ്ചീപുരത്തെ വരദരാജ പെരുമാൾ ക്ഷേത്രം. ഇവിടെയാണ് അത്തിവരദ സ്വാമിയുടെ ക്ഷേത്രമുള്ളത്. ദിവ്യ ദേശങ്ങൾ എന്ന് അറിയപ്പെടുന്ന 108 വിഷ്ണുക്ഷേത്രങ്ങളിൽ ഒന്നാണ് 23 ഏക്കറിലുള്ള വരദരാജ പെരുമാൾ ക്ഷേത്ര സമുച്ചയം. ചോള ചേര പാണ്ഡ്യ വിജയ നഗര സാമ്രാജ്യങ്ങളുടെ ശിലാലിഖിതങ്ങൾ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. പല്ലവ രാജാവായ നന്ദിവർമനാണ് ക്ഷേത്രം നിർമ്മിച്ചത്. അതേസമയം ചോളൻമാരുടെ കാലത്താണ് ക്ഷേത്രം നിർമ്മിച്ചതെന്നും പറയുന്നുണ്ട്.
രസകരമായ ഐതിഹ്യമാണ് ക്ഷേത്രത്തിനുള്ളത്.ഒരിക്കൽ നാലു കൈകളോടു കൂടിയ മഹാവിഷ്ണുവിന്റെ ദർശനം ബ്രഹ്മാവ് ആഗ്രഹിച്ചു. ആദ്യം തീർത്ഥമായും പിന്നീട് കാടായും ഭഗവാൻ കാഞ്ചീപുരത്ത്ദർശനം നൽകി. തൃപ്തനാകാത്ത ബ്രഹ്മാവ് അപ്പോൾ ഒരു അശരീരി കേട്ടു. നൂറ് തവണ അശ്വമേധ യാഗം അനുഷ്ഠിക്കുകയാണെങ്കിൽ ദർശനം നൽകാം. ബ്രഹ്മാവ് നിരാശനായി. നൂറ് തവണ അശ്വമേധം അനുഷ്ഠിക്കാനുള്ള ക്ഷമയും സമയവും തനിക്കില്ല. ഒടുവിൽ നൂറ് ആശ്വമേധ യാഗങ്ങൾക്ക് തുല്യമായി ഒരെണ്ണം നടത്താൻ മഹാവിഷ്ണു അരുളി ചെയ്തു. കാഞ്ചീപുരത്ത് ആശ്വമേധ യാഗം അനുഷ്ഠിച്ചാൽ അത് നൂറ് തവണ അനുഷ്ഠിക്കുന്നതിന്റെ ഫലം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നത് ഇതു കൊണ്ടാണ്.
യാഗം തുടങ്ങിയപ്പോൾ തന്നെ യാഗാഗ്നിയിൽ നിന്നും താൻ ആഗ്രഹിച്ച വിധത്തിൽ മഹാവിഷ്ണുവായ വരദരാജ പെരുമാൾ ബ്രഹ്മാവിന് ദർശനം നൽകിയെന്നാണ് വിശ്വാസം. മഹാവിഷ്ണുവിനെ വരദരാജനായി ബ്രഹ്മാവ് പ്രാർത്ഥിച്ചത് കൊണ്ടാണ് ഇവിടം കാഞ്ചി എന്ന് അറിയപ്പെട്ടതെന്നും ഒരു ഐതിഹ്യമുണ്ട്.
നിൽക്കുന്ന രൂപത്തിലാണ് ഭഗവാൻ വരദരാജ പെരുമാളിന്റെ കുറ്റൻ വിഗ്രഹം ഇവിടെയുള്ളത്. നിലത്ത് നിൽക്കുകയാണ് ഭഗവാൻ. നാലു കൈകളിൽ ചക്രവും ശംഖും ഗദയും താമരയുമുണ്ട്. ദർശനത്തിൽ കണ്ടത് പോലെ.
ശ്രീ രാമാനുജനുമായി ക്ഷേത്രത്തിന് ബന്ധമുണ്ട്. അദ്ദേഹം ഇവിടെ പ്രവർത്തിച്ചിട്ടുണ്ടെന്നും ഇക്കാലത്താണ് ക്ഷേത്രം പെരുമയിലേക്ക് കുതിച്ചതെന്നും വിശ്വസിക്കപ്പെടുന്നു. വരദരാജപെരുമാൾ ശ്രീകോവിലിന് സമീപം മേൽക്കൂരയിൽ പല്ലിയുടെ ഒരു വലിയ രൂപം ഉണ്ട്. സ്വർണരൂപത്തിലുള്ള ഗൗളിയെ തൊട്ടുവണങ്ങിയാൽ പാപങ്ങൾ അവസാനിക്കുമെന്നും രോഗങ്ങൾക്ക് അറുതിയുണ്ടാകുമെന്നും വിശ്വസിക്കുന്നു. കോണി കയറി വേണം ഗൗളിയെ തൊടാൻ. ഭഗവത് ദർശനത്തിനെന്ന പോലെ ഇവിടെയും തിരക്ക് അധികമാണ്. 1979 ലാണ് അത്തി വരദ സന്നിധി ഭക്തജനങൾക്കായി ഒടുവിൽ തുറന്നത്. 40 വർഷത്തിലൊരിക്കലാണ് അത്തി വരദ സന്നിധി തുറക്കുന്നത്. അത്തി മരത്തിലാണ് ഭഗവാന്റെ വിഗ്രഹം കൊത്തിയിരിക്കുന്നത്. കിടക്കുന്ന രൂപത്തിലാണത്രേ ഭഗവൻ. മുസ്ലീം ആക്രമണത്തെ തുടർന്നാണ് അത്തി വരദ മൂർത്തിയെ അനന്ത സരോവരം എന്നറിയപ്പെടുന്ന ക്ഷേത്രകുളത്തിൽ ഭദ്രമായി മുക്കിയതെന്നാണ് ഐതിഹ്യം . ഇപ്പോഴും ചുമലോളം വെള്ളത്തിലാണ് ക്ഷേത്രമുള്ളത്. ഗോപുരം മാത്രം കുളക്കരയിൽ നിന്നാൽ കാണാം.
രഹസ്യം സൂക്ഷിക്കുന്നതിനായി ഒരു കുടുംബത്തിനൊഴികെ മറ്റാർക്കും എവിടെയാണ് മൂർത്തിയെ ഒളിപ്പിച്ചതെന്ന് അറിയുമായിരുന്നില്ല. കുടുംബാംഗങ്ങൾ മരിച്ചതോടെ വിവരം അജ്ഞാതമായി തുടർന്നു . നാൽപത് വർഷത്തോളം ക്ഷേത്രത്തിൽ പൂജകൾ ഉണ്ടായിരുന്നില്ല. ഗർഭഗ്യഹത്തിൽ വിഗ്രഹമില്ലാത്തതായിരുന്നു കാരണം. അത്തിവരദ മൂർത്തിയെ ലഭിക്കാതായതോടെ പകരം വിഗ്രഹം ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു എന്നാണ് ചരിത്രം. അതാണ് ഇന്നത്തെ വരദരാജ പെരുമാൾ.
1709ൽ അനന്ത സരോവരം വറ്റിച്ചു. അപ്പോൾ രഹസ്യ അറയിൽ അത്തിവരദ മൂർത്തിയെ കണ്ടെത്തി. അങ്ങനെ 40 വർഷത്തിൽ ഒരിക്കൽ വിഗ്രഹം പുറത്തെടുത്ത് 48 ദിവസം ഭക്തജനങ്ങൾക്ക് ദർശനം നൽകാമെന്ന് അധികൃതർ തീരുമാനിച്ചു.
രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവർ വരദ സന്നിധിയിൽ ഇത്തവണ ദർശനം നടത്തികഴിഞ്ഞു. ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് ലഭ്യമാണ്. ദർശനത്തീയതിക്ക് നാലുദിവസം മുമ്പ് ബുക്ക് ചെയ്യാം. ആഗസ്റ്റ് 17 വരെ ഭഗവാൻ നിൽക്കുന്ന രൂപത്തിൽ ദർശനം നൽകും. ഇതിനിടയിൽ അത്തി വരദ മൂർത്തിയെ 40 വർഷത്തിലൊരിക്കൽ പുറത്തെടുത്ത് ആരാധിക്കുന്ന പതിവ് അവസാനിപിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യപ്പെട്ടു. മൂർത്തി എന്നും ദർശിക്കാൻ അവസരം നൽകണമെന്നായിരുന്നു ആവശ്യം. പക്ഷേ കോടതി അതിൽ ഇടപെടാൻ വിസമ്മതിച്ചു.
– പി.എം ബിനുകുമാർ മൊബൈൽ: +919447694053