ഇവരിൽ നിന്ന് വിഷുക്കൈനീട്ടംവാങ്ങിയാൽ പത്തിരട്ടി വർദ്ധിക്കും
പ്രൊഫ. ദേശികം രഘുനാഥൻ
ഏത് കാര്യത്തിന്റെയും തുടക്കം അതി പ്രധാനമാണ്. ഒരു വീട് നിർമ്മാണത്തിൽ കല്ലിടുന്നത്, വിവാഹത്തിന് താലികെട്ട് നടത്തുന്നത്, വ്യാപാര സംരംഭം തുടങ്ങാൻ ഇവയ്ക്കെല്ലാം പ്രകൃതിയിൽ ശുഭോർജ്ജം കൂടുതൽ നിറയുന്ന സമയമാണ് ഉത്തമം. അത് കണ്ടെത്താനാണ് മുഹൂർത്തം നോക്കി ഇതെല്ലാം നടത്തുന്നത്. നല്ലൊരു കൃഷിക്കാരൻ ഏറ്റവും നല്ല വിളവ് ലഭിക്കുമെന്ന് ബോദ്ധ്യം വരുന്ന സമയത്താണ് കൃഷി ഇറക്കുന്നത്. അതുപോലെ സമൃദ്ധി നിറയുന്ന കാലത്തിന്റെ തുടക്കമാണ് ശുഭോർജ്ജം കൂടുതലുള്ള വിഷു. സമൃദ്ധി ആഗ്രഹിക്കുന്ന ഒരാൾ ആ സമയത്ത് നെല്ലു വിതച്ചാൽ അതിന്റെ ഗുണം നാഴിക്ക് ഒരു പറ വിളയും എന്നാണ്. നാഴി വിത്തിന് ഒരുപറ എന്ന രീതിയിൽ നല്ല വിളവ് ലഭിക്കും എന്നർത്ഥം. അതുപോലെയാണ് നമ്മളോട് സ്നേഹവാത്സല്യമുള്ള നമ്മുടെ ഉയർച്ച ആഗ്രഹിക്കുന്ന ഒരു വ്യക്തിയിൽ നിന്ന് ശുഭസമയത്ത് വിഷുക്കൈനീട്ടം വാങ്ങുന്നത്. ചുരുക്കി പറഞ്ഞാൽ ശുഭസമയത്ത് ശുഭത്വമുള്ള ഒരു വ്യക്തിയിൽ നിന്ന് വിഷുക്കൈനീട്ടം വാങ്ങിയാൽ പത്തിരട്ടിയായി അത് വർദ്ധിക്കും. നൽകുന്നവർക്ക് തിരിച്ചും കിട്ടും. വിഷുക്കൈനീട്ടം എന്ന പരമ്പരാഗത ആചാരത്തിന്റെ പിന്നിലെ തത്വം ഇതാണ്.
വിഷുക്കൈനീട്ട ഫലം വർഷം മുഴുവൻ
ഒരാൾക്ക് കൈനീട്ടം നൽകുമ്പോൾ അത് കൈ നീട്ടി വാങ്ങുന്ന വ്യക്തി സമൃദ്ധിയിലേക്ക് ആനയിക്കപ്പെടട്ടേ എന്ന് അന്തരാത്മാവുകൊണ്ട് ആശംസിക്കുന്ന ഒരു വ്യക്തിയിൽ നിന്നു വേണം കൈനീട്ടം വാങ്ങാൻ. ഇതിന്റെ ഗുണഫലം വർഷം മുഴുവനും പ്രതിഫലിക്കും. വിഷുക്കൈനീട്ടം വാങ്ങുന്നതിന് ഒരോ നക്ഷത്രക്കാരും ഒഴിവാക്കേണ്ട നക്ഷത്രങ്ങളെക്കുറിച്ച് ജ്യോതിഷത്തിൽ പറയുന്നുണ്ട്. അതായത് വേധ നക്ഷത്രക്കാരിൽ നിന്നും വാങ്ങരുത്, അഷ്ടമരാശിക്കാരിൽ നിന്ന് വാങ്ങരുത് എന്നെല്ലാം – പറ്റുമെങ്കിൽ അതും പാലിക്കുക.”
അധമസ്വഭാവികകളിൽ നിന്ന് വാങ്ങരുത്
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഒരു കാരണവശാലും പ്രസാദിക്കാത്ത, മൂശേട്ട സ്വഭാവക്കാരിൽ നിന്ന് വിഷുക്കൈനീട്ടം വാങ്ങുന്നത് നന്നല്ല. അധമൻ തന്നീടിൽ എന്ന പ്രമാണം ഓർമ്മിച്ച് അധമസ്വഭാവികകളിൽ നിന്ന് വാങ്ങരുത്. ഉത്തമനോടിരന്ന് വാങ്ങീടിലും നന്ന്. ഉത്തമരിൽ നിന്നും ചോദിച്ച് വാങ്ങേണ്ടി വന്നാൽപ്പോലും അത് ദോഷം ചെയ്യില്ല. സ്വന്തം നക്ഷത്രത്തിന്റെ 6,8,13,17,22,25,26,27 നക്ഷത്രത്തിൽ ജനിച്ചവരെയും, സ്വന്തം ജന്മരാശിയുടെ ആറ്, എട്ട്, 12 രാശികളിലുള്ള നക്ഷത്രക്കാരെയും ഒഴിവാക്കുന്നത് നന്ന്. മദ്ധ്യമരജ്ജു നക്ഷത്രക്കാരൻ മറ്റൊരു മദ്ധ്യമരജ്ജു നക്ഷത്രക്കാരിൽ നിന്ന് വാങ്ങാതിരിക്കുന്നതാണ് നല്ലത്.
മുട്ടുകയുമില്ല മുഴുക്കുകയുമില്ല
വിഷുവിന്റെ ദർശനം ധനമല്ല സമൃദ്ധിയാണ്. ധനം കൊണ്ടുമാത്രം സമൃദ്ധി ഉണ്ടാകണമെന്നില്ല. ജീവിതം നിറവോടെ മുന്നോട്ട് പോവുകയാണ് വിഷുവിന്റെ ലക്ഷ്യം. എന്നാൽ വിളക്കിൽ, ദീപത്തിൽ എണ്ണപോലെ മതിയായ അളവിൽ ധനമുണ്ടെങ്കിലേ ജീവിതം പ്രകാശമാനമാകൂ. ഈ മിതമായ ബന്ധമേ ധനവും വിഷുവുമായി ഉള്ളൂ. ഈശ്വരീയതയുള്ള, സന്മനസ്സുള്ള, ഒരു ഉത്തമ വ്യക്തിയിൽ നിന്നും വിഷുകൈനീട്ടം വാങ്ങിയാൽ അതിന്റെ ശുഭോർജ്ജം ആ വർഷം മുഴുവനും നിൽക്കും. മുട്ടുകയുമില്ല മുഴുക്കുകയുമില്ലാത്ത രീതിയിൽ ധനം വന്നുപോകും.
പ്രൊഫ. ദേശികം രഘുനാഥൻ,
+91 8078022068)
Vishu kaineettam: Significance of tradition of gifting in Vishu Festival
Copyright 2024 Neramonline.com. All rights reserved