Sunday, 29 Sep 2024
AstroG.in

ഇവർ തീർച്ചയായും വ്യാഴപ്രീതി നേടണം ;16 വ്യാഴാഴ്ച വ്രതം സർവദോഷ പരിഹാരം

സുരേഷ് ശ്രീരംഗം
ഒരു ജാതകത്തിൽ ഒരു ലക്ഷം ദോഷങ്ങൾ ഉണ്ടെങ്കിൽ പോലും വ്യാഴത്തിന്റെ കടാക്ഷം ലഭിച്ചാൽ ആ ദോഷങ്ങളെല്ലാം നശിക്കും എന്നാണ് ജ്യോതിഷ പ്രമാണം. ഒരാളുടെ ജാതകത്തിൽ വ്യാഴം അനുകൂലമായാൽ എല്ലാ ഐശ്വര്യങ്ങളും സമൃദ്ധിയും ലഭിക്കും. എന്നാൽ വ്യാഴം മോശമായാൽ ഇത്രയും മോശമായ ഫലങ്ങൾ നൽകുന്ന വേറൊരു ഗ്രഹവുമില്ല.

ജാതകത്തിൽ വ്യാഴം മകരത്തിലോ, 6, 8,12 ഭാവങ്ങളിലോ സ്ഥിതിചെയ്യുന്നവർ വ്യാഴഗ്രഹ ദോഷപരിഹാരം തീർച്ചയായും അനുഷ്ഠിക്കണം. വ്യാഴത്തിന് ശനി, രാഹു, കേതു എന്നീ ഗ്രഹങ്ങളുടെ യോഗമോ ദൃഷ്ടിയോ ഉള്ളവരും വ്യാഴ പ്രീതി നേടണം. ഇടവം, മിഥുനം, മകരം, കുംഭം എന്നീ ലഗ്നങ്ങളിൽ ജനിച്ചവർക്കും അശ്വതി, മകം, മൂലം, കാർത്തിക, ഉത്രം, ഉത്രാടം, മകയിരം, ചിത്തിര, അവിട്ടം എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്കും വ്യാഴദശ മോശമായിരിക്കും. ഇവരും ചാരവശാൽ വ്യാഴം ജന്മം, 3, 4, 6, 8, 10,12 രാശികളിൽ സഞ്ചരിക്കുന്നവരും വ്യാഴ പ്രീതി വരുത്തേണ്ടത് അത്യാവശ്യമാണ്.

ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കാനും പ്രധാന കാര്യങ്ങൾ നടക്കുവാനും വ്യാഴ ബലം അനിവാര്യമാണ്. എന്നാൽ വ്യാഴബലമില്ലാത്തവർക്ക് ലളിതമായ ചില വ്രതാനുഷ്ഠാനങ്ങളിലൂടെ ഗ്രഹപ്പിഴകൾ പരിഹരിക്കാം. അതിൽ പ്രധാനം വ്യാഴാഴ്ചവ്രതമാണ്. ജാതകത്തിൽ വ്യാഴദോഷമുള്ളവരും വ്യാഴദശയിൽ കഴിയുന്നവരും വ്യാഴാഴ്ച വ്രതം എടുത്താൽ ദോഷകാഠിന്യം കുറയ്ക്കാം. വ്യാഴപ്രീതി ഉണ്ടായാൽ ജീവിതത്തിൽ സൗഭാഗ്യങ്ങൾ തനേവരും. ജാതകത്തിൽ വ്യാഴം അനുകൂലമായി വരുന്ന സന്ദർഭങ്ങളിൽ മറ്റു ഗ്രഹങ്ങൾ മൂലമുള്ള സർവ്വ ദോഷങ്ങൾക്കും ശാന്തി ലഭിക്കും. വ്യാഴം നീച രാശിയിൽ നിൽക്കുമ്പോൾ ജനിക്കുന്ന ഒരു ജാതകന്റെ ആരോഗ്യം മോശമായിരിക്കും. ഇവർ 16 വ്യാഴാഴ്ച വ്രതം അനുഷ്ഠിച്ച് ധന്വന്തരി ക്ഷേത്രദർശനം നടത്തി ധന്വന്തരി പൂജ ചെയ്യുന്നത് ഉത്തമമാണ്. വ്രതത്തിന്റെ ഭാഗമായുള്ള ആരാധനയിൽ നെയ്യ് വിളക്ക് കൊളുത്തുന്നതും മഞ്ഞ പൂക്കൾ കൊണ്ടുള്ള പുഷ്പാഞ്ജലിയും പാൽപ്പായസം, പാൽ, നെയ്യ് ഇവ ഉപയോഗിച്ച് തയ്യാറാക്കുന്ന നിവേദ്യവും സമർപ്പിക്കുന്നതും ഉത്തമമാണ്. വ്യാഴാഴ്ചദിവസം ഉപവസിച്ച് തലേന്ന് ഒരു നേരം മാത്രം ഭക്ഷണം കഴിച്ചാണ് വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. അന്ന് വിഷ്ണു അഷ്ടോത്തരം, സഹസ്രനാമം, ഭാഗവതം, ഭഗവദ്ഗീത, വിഷ്ണുപുരാണം എന്നീ ഗ്രന്ഥങ്ങൾ വായിക്കുന്നതും ഈശ്വരപ്രീതികരമാണ് .16 വ്യാഴാഴ്ച എന്നത് മാസത്തിൽ ഒരു വ്യാഴാഴ്ചയായും തുടർച്ചയായ വ്യാഴാഴ്ചകൾ എന്ന കണക്കിലും അനുഷ്ഠിക്കാം. വ്രതം എടുക്കുന്നവരുടെ സൗകര്യം പോലെ തെരഞ്ഞെടുക്കുക.

വ്യാഴം മോശമായാൽ ഇത്രയും മോശമായത് വേറെ ഒന്നുമില്ല. ഏത് വിവാഹമോചനക്കേസ് നോക്കിയാലും ആ ജാതകരിൽ എല്ലാം തന്നെ വ്യാഴത്തിന് ബലക്കുറവ് കാണം. വ്യാഴവുമായി ബന്ധപ്പെട്ട ദോഷകാഠിന്യം അനുഭവിക്കുന്ന ജാതകക്കാർക്ക് ഏറ്റവും എളുപ്പമായ പരിഹാരം മഞ്ഞപുഷ്യരാഗം അഥവാ ഗോൾഡൻ ടോപസ് ധരിക്കുകയാണ്. കൂടാതെ ശ്രീ ബൃഹസ്പതി യന്ത്രം, സംഖ്യായന്ത്രം, ശ്രീതാര യന്ത്രം എന്നിവ ഉപദേശ പ്രകാരം അവനവന്റെ ആവശ്യങ്ങൾക്കനുസരിച്ച് ധരിക്കുക.

വ്യാഴം ദുർബലമാകുന്ന ജാതകർക്ക് പൊതുവേ ഈശ്വരവിശ്വാസം കുറവായിരിക്കും. വിഷാദാത്മത്വം ശുഭാപ്തി വിശ്വാസകുറവ്, പരുഷമായ പെരുമാറ്റം, ആത്മവിശ്വാസക്കുറവ്, ധൂർത്ത്, കടം വാങ്ങൽ, എല്ലാ രംഗത്തും പരാജയം, ഊർജ്ജസ്വലത ഇല്ലായ്മ, കഫ സംബന്ധമായ രോഗങ്ങൾ, കരൾ രോഗങ്ങൾ, ബുദ്ധി വൈകല്യങ്ങൾ തുടങ്ങിയവയും ലക്ഷണമാണ്.

വ്യാഴദോഷ ദുരിതങ്ങളിൽ നിന്നും മോചനം നേടാൻ സൽകർമ്മങ്ങൾ കൊണ്ടും ഈശ്വര പ്രാർത്ഥനയാലും ഒരു പരിധിവരെ കഴിയും. തമിഴ്നാട്ടിൽ കുംഭകോണത്തെ ആലം കുടി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും. മഹാരാഷ്ട്രയിലെ ഷിർദ്ദി സായി ബാബ ക്ഷേത്ര ദർശനം ചെയ്തു യഥാശക്തി വഴിപാടുകൾ സമർപ്പിക്കുന്നതും 108 വിഷ്ണു ക്ഷേത്രങ്ങൾ കഴിയുന്നത് പോലെ ദർശനം നടത്തുന്നതും വ്യാഴ ദോഷാധിക്യം കുറയ്ക്കാനുതകും.
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ പഞ്ചഗ്രഹങ്ങളിൽ ഏറ്റവും ശോഭയോടെ കാണാനാവുന്ന ഇതാണ്. ജ്യോതിഷ ചിന്തയിൽ വ്യാഴം ഒരു ശുഭഗ്രഹമാണ്. ജാതകത്തിൽ വ്യാഴത്തിന് നല്ല ബലം ഉണ്ടെങ്കിൽ ശാരീരിക ആരോഗ്യവും, രക്തശുദ്ധിയും കാര്യക്ഷമതയും കൂടുതലായിരിക്കും. പാൻക്രിയാസ്, ലിവർ ഗ്രന്ഥികളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് വ്യാഴമാണ്. വ്യാഴത്തിന് രണ്ട് , ഒമ്പത് രാശികളിലാണ് കൂടുതൽ പ്രാധാന്യം. ആഴ്ചകളിൽ വ്യാഴാഴ്ചയാണ് വിശേഷം. ഉപഗ്രഹം യമകണ്ടകൻ. ഛായഗ്രഹങ്ങളിൽ ഒരുപരിധി വരെ യമകണ്ടകന് മാത്രമാണ് ശുഭത്വം.

Story Summary : Malefic Guru graha causes a lot of hurdles in one’s life. Doing some simple Guru graha remedies and Guru Vara Vritham may helps us to attain wisdom, financial prosperity, and good health.

error: Content is protected !!