Sunday, 6 Oct 2024
AstroG.in

ഇഷ്ട ദേവതയെ കണ്ടെത്തി നിത്യേന ഉപാസിച്ചാല്‍ ദുരിതങ്ങള്‍ അകലും

സമൃദ്ധിയും ഐശ്വര്യവും സന്തോഷവും ജീവിതത്തില്‍ നിലനില്‍ക്കണമെന്നും ആരെയും വേദനിപ്പിക്കാതെ ജീവിക്കണമെന്നുമാണ് യഥാർത്ഥ ഈശ്വരവിശ്വാസികള്‍ ആഗ്രഹിക്കുന്നത്. ഇതിനുവേണ്ടി ക്ഷേത്രദര്‍ശനവും വ്രതാനുഷ്ഠാനങ്ങളും തീർത്ഥാടനങ്ങളും നടത്തുകയും ചെയ്യുന്നു. ശിവന്‍, വിഷ്ണു, ദേവി, ശാസ്താവ് എന്ന ഭേദമില്ലാതെയാണ് കൂടുതല്‍പ്പേരും ആരാധിക്കുന്നത്. എന്നാല്‍ ഈശ്വരാനുഗ്രഹത്തിന്റെ കാര്യത്തില്‍ പലരും സന്തുഷ്ടരല്ല. നിരന്തരം ദുരിതങ്ങളില്‍ അകപ്പെടുകയും ഒന്നു പരിഹരിക്കുമ്പോള്‍ മറ്റൊന്ന് ഉടലെടുക്കുകയുമാണ് പതിവ്. ഇതു കാരണം ചില സമയങ്ങളില്‍ ഈശ്വരനെയും പഴിക്കും. ഇത് ഒഴിവാക്കാനുള്ള ഉത്തമ പരിഹാരമാണ് ഇഷ്ടദേവതയെ കണ്ടെത്തിയുള്ള ആരാധന. അത് അറിഞ്ഞ് ആരാധിച്ചാല്‍ എല്ലാ ജീവിത ദുരിതങ്ങളും തടസങ്ങളും ലളിതമായി പരിഹരിക്കാൻ കഴിയും. ഓരോരുത്തരും അവരവര്‍ക്കു ചേരുന്ന ദേവതയെ കണ്ടെത്തി ആരാധിക്കണം. അതിലേറ്റവും എളുപ്പം നമ്മുടെ നക്ഷത്രമനുസരിച്ചുള്ള ദേവതയെ പൂജിക്കുകയാണ്. നക്ഷത്ര ദേവതയെ അല്ലെങ്കിൽ അധിദേവതയെ സദാ മനസിലേറ്റി ആരാധിക്കുന്നവരെ സഹായിക്കാന്‍ അദൃശ്യമായ ഒരു ശക്തി എപ്പോഴും ഒപ്പമുണ്ടാകും. നക്ഷത്രമനുസരിച്ച് നല്ല സമയവും ചീത്തസമയവും മനസിലാക്കി അതിന് അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ പ്രയാസങ്ങള്‍ ബാധിക്കില്ല. ഓരോ നാളിന്റെയും പൊതുസ്വഭാവവും സാമാന്യമായ സമയദോഷവും ആരാധിക്കേണ്ട ദേവതയും ഇതാ:

അശ്വതിക്ക് ഗണപതി
കുടുംബകാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന അശ്വതിയുടെ അധിപന്‍ കേതു. മേടം രാശിയുടെ അധിപന്‍ ചൊവ്വ. ഇഷ്ടദേവത ഗണപതി. ഭദ്രകാളിയെയും സുബ്രഹ്മണ്യനെയും ചാമുണ്ഡിയെയും ഭജിക്കുന്നതും ഫലപ്രദമാണ്. ഗണപതി ഭജനം മുടക്കരുത്. വിനായക ചതുര്‍ത്ഥിവ്രതം ഉപാസനയ്ക്ക് ഏറെ ഗുണകരമാണ്. ജന്മ നക്ഷത്രദിവസം ഗണപതി ഹോമം നടത്തുന്നത് ഐശ്വര്യം നല്‍കും. അശ്വതി, മകം, മൂലം ദിവസങ്ങള്‍ ക്ഷേത്ര ദര്‍ശനത്തിന് ഉത്തമം. ചൊവ്വ ഗ്രഹപ്രീതി വരുത്തണം. അശ്വതിയും ചൊവ്വയും ചേര്‍ന്നു വരുന്ന ദിവസം സുബ്രഹ്മണ്യനെ ഭജിക്കണം. ഓം ഗം ഗണപതയേ നമഃ എന്ന മൂലമന്ത്രം 108, 1008 തുടങ്ങിയ ക്രമത്തിൽ ജപിക്കുന്നത് ഉത്തമമാണ്. പിറന്നാൾ ദിവസം ധന്വന്തരി ക്ഷേത്രത്തിൽ വഴിപാടോ പൂജയോ നടത്തുന്നത് ശാരീരിക ക്ലേശങ്ങൾക്ക് പരിഹാരമാണ്. അശ്വതി, കാര്‍ത്തിക, മകയിരം, ചിത്തിര, വിശാഖം, അനിഴം നക്ഷത്രങ്ങള്‍ ശുഭകാര്യങ്ങള്‍ക്ക് നന്നല്ല.

ഭരണിക്ക് ശിവൻ
ആകര്‍ഷകമായി പെരുമാറുന്ന ആരുടെയും സഹായം ഇഷ്ടപ്പെടാത്ത ഭരണി നക്ഷത്ര അധിപന്‍ ശുക്രനും രാശി അധിപന്‍ ചൊവ്വയുമാണ്. മഹാലക്ഷ്മിയുടെയും സുബ്രഹ്മണ്യന്റെയും ഭദ്രകാളിയുടെയും അനുഗ്രഹം ഈ നക്ഷത്രജാതര്‍ക്ക് ഉണ്ടാകും. യമന്‍ നക്ഷത്രദേവത ആയതിനാല്‍ ശിവനാണ് ഇഷ്ടദേവന്‍. ഓം നമഃ ശിവായ 108, 1008 എന്ന ക്രമത്തില്‍ ദിവസവും ജപിക്കുന്നത് ഉത്തമം. നക്ഷത്ര ദേവതയായ യമന്റെ അനുഗ്രഹത്തിനും ക്ലേശ പരിഹാരത്തിനും സൂര്യദേവനെ പ്രാര്‍ത്ഥിക്കണം. ഭരണി, പൂരാടം, പൂരം നക്ഷത്രങ്ങളില്‍ ഭദ്രകാളി ക്ഷേത്രദര്‍ശനം, ജന്മനക്ഷത്രത്തില്‍ ലക്ഷ്മീപൂജ എന്നിവ നടത്തുന്നത് തടസ്സങ്ങളും ദുരിതങ്ങളും കുറയാന്‍ സഹായിക്കും. വെള്ളി, ചൊവ്വ ദിവസങ്ങളും ഭരണി നക്ഷത്രവും ചേര്‍ന്നു വരുന്ന ദിവസം അനുഷ്ഠാനങ്ങള്‍ ഒഴിവാക്കരുത്. രോഹിണി, തിരുവാതിര, പൂയം, വിശാഖം, അനിഴം, തൃക്കേട്ട നക്ഷത്രങ്ങളില്‍ ശുഭകാര്യങ്ങള്‍ തുടങ്ങരുത്.

കാര്‍ത്തികയ്ക്ക് സുബ്രഹ്മണ്യൻ, ദേവി
സ്നേഹം, ദയ, ധാര്‍മ്മികത, മുതലായ വിശേഷ
ഗുണങ്ങള്‍ ഉള്ളവരും ശാന്തരുമായ കാര്‍ത്തികയ്ക്ക് സുബ്രഹ്മണ്യനും ദേവിയുമാണ് ഇഷ്ടദേവത. മേടക്കൂറിലുള്ള കാര്‍ത്തിക നക്ഷത്രക്കാരുടെ ഇഷ്ടദേവത സുബ്രഹ്മണ്യനാണ്. ഇടവക്കൂറുകാര്‍ മഹാലക്ഷ്മിയെയോ ഭദ്രകാളിയെയോ പൂജിക്കണം. എന്നും സൂര്യദേവനെയോ ശിവനെയോ പ്രാര്‍ത്ഥിക്കണം. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കണം. കാര്‍ത്തികയും ഞായറാഴ്ചയും ചേര്‍ന്നു വരുന്ന ദിവസങ്ങളിലും കാര്‍ത്തിക, ഉത്രം, ഉത്രാടം ദിവസങ്ങളിലും ആദിത്യഹൃദയം ജപിക്കണം. വ്യാഴം, ചൊവ്വ, ബുധന്‍ ദശാകാലങ്ങള്‍ ഇവര്‍ക്ക് നന്നല്ല. മേടക്കൂറില്‍ ജനിച്ച കാര്‍ത്തിക നക്ഷത്രക്കാര്‍ ഓം വചത്ഭുവേ നമഃ എന്ന സുബ്രഹ്മണ്യ മന്ത്രം 108,1008 എന്നീ ക്രമത്തില്‍ ആകാവുന്നിടത്തോളം ജപിക്കുക. മറ്റുള്ളവര്‍ക്ക് ഓം ദും ദുര്‍ഗ്ഗായെ നമഃ ഗുണം ചെയ്യും. രണ്ടുകൂട്ടരും ദിവസവും അല്ലെങ്കില്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലെങ്കിലും ലളിതാസഹസ്രനാമം ജപിക്കുക. മകയിരം, പുണര്‍തം, ആയില്യം എന്നീ നക്ഷത്രങ്ങളില്‍ ശുഭകാര്യങ്ങള്‍ തുടങ്ങരുത്.

രോഹിണിക്ക് ദുര്‍ഗ്ഗ, ഭദ്രകാളി
കുലീനമായ സ്വഭാവം പ്രകടിപ്പിക്കുന്ന മധുരമായി സംസാരിക്കുന്ന രോഹിണിക്ക് ദുര്‍ഗ്ഗ അല്ലെങ്കില്‍ ഭദ്രകാളിയെ ഇഷ്ടദേവതയായി ആരാധിക്കാം. ശ്രീകൃഷ്ണ പൂജയും ചന്ദ്രനെ പ്രീതിപ്പെടുത്തുന്നതും തിങ്കളാഴ്ച വ്രതമെടുക്കുന്നതും സദ് ഫലങ്ങള്‍ പ്രദാനം
ചെയ്യും. ദിവസവും വിഷ്ണു സഹസ്രനാമം ജപിക്കുന്നത് ഉത്തമം. പൗര്‍ണമിയില്‍ ദുര്‍ഗാദേവി ക്ഷേത്രത്തിലും അമാവാസിയില്‍ ഭദ്രകാളി ക്ഷേത്രത്തിലും ദര്‍ശനം നടത്തണം. രോഹിണി, അത്തം, തിരുവോണം നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനം വേണം. രാഹു,കേതു, ദശാകാലങ്ങള്‍ നല്ലതല്ല. ഈ സമയത്ത് കൃഷ്ണനെയോ വിഷ്ണുവിനെയോ ഭജിക്കുന്നത് നല്ലത്. ദിവസവും വിഷ്ണു സഹസ്രനാമം ജപിക്കുക. ഓം നമോ നാരായണായ നിത്യവും 108 തവണ ജപിക്കുന്നത് ഗുണപ്രദമാണ്. ചന്ദ്രനെയും ചന്ദ്രന്റെ ദേവതകളെയും രോഹിണി നക്ഷത്രക്കാര്‍ ഉള്ളറിഞ്ഞ് ഉപാസിക്കണം. പൗര്‍ണ്ണമി ദിവസം ദുര്‍ഗ്ഗാദേവിയെയും അമാവാസി നാളില്‍ ഭദ്രകാളിയെയും ദര്‍ശിക്കണം. രോഹിണിയും തിങ്കളാഴ്ചയും ഒത്തുവരുന്ന ദിവസം വ്രതമെടുക്കുന്നതും ദോഷപരിഹാരങ്ങള്‍ അനുഷ്ഠിക്കുന്നതും ഉത്തമമാണ്. തിരുവാതിര, പൂയം, മകം, മൂലം, പൂരാടം എന്നീ നാളുകളില്‍ ശുഭകാര്യങ്ങള്‍ ചെയ്യാതിരിക്കുക.

മകയിരത്തിന് സുബ്രഹ്മണ്യൻ ഭദ്രകാളി
സംഭാഷണചാതുര്യമുള്ള മുന്‍കോപം കൂടപ്പിറപ്പായ സ്വപരിശ്രമം കൊണ്ട് ഉന്നതനിലയിലെത്തുന്ന മകയിരം നക്ഷത്രക്കാരുടെ ഇഷ്ടദേവതകള്‍ സുബ്രഹ്മണ്യനും ഭദ്രകാളിയുമാണ്. മഹാലക്ഷ്മിയെയും ശ്രീകൃഷ്ണനെയും ആരാധിക്കുന്നതും ചൊവ്വാഴ്ച വ്രതം എടുക്കുന്നതും ഉത്തമമാണ്. ചൊവ്വാഴ്ചയും മകയിരവും ചേര്‍ന്നു വരുന്ന ദിവസവും മകയിരം ചിത്തിര, അവിട്ടം ദിവസങ്ങളിലും ക്ഷേത്ര ദര്‍ശനം മുടക്കരുത്. ഇടവക്കൂറുകാര്‍ ശുക്രനെയും മിഥുനക്കൂറുകാര്‍ ബുധനെയും ഉപാസിക്കണം. ഓം ദും ദുര്‍ഗ്ഗായ നമഃ മന്ത്രം നിത്യവും 108 തവണ ജപിക്കണം. മൂകാംബികാ ദേവിയെ ആരാധിക്കുന്ന മകയിരം നക്ഷത്രക്കാര്‍ക്ക് ക്ലേശമോ രോഗമോ സംഭവിക്കാറില്ല. മകയിരം ഇടവക്കൂറിന് മൂലം, പൂരാടം, ഉത്രാടം ആദ്യപാദം എന്നിവയും മകയിരം മിഥുനക്കൂറിന് ഉത്രാടം അവസാന മൂന്നുപാദം, തിരുവോണം, അവിട്ടം പകുതി എന്നിവയും പ്രതികൂല നക്ഷത്രങ്ങളാണ്. വ്യാഴം, ബുധന്‍, ദശാകാലങ്ങള്‍ ക്ലേശകരമാണ്. ദേവീപ്രീതി വരുത്തിയാല്‍ ക്ലേശം കുറയും. പുണര്‍തം, ആയില്യം, പൂരം നക്ഷത്രങ്ങളില്‍ ശുഭകാര്യങ്ങള്‍ ചെയ്യുന്നത് നന്നല്ല. ഈ നക്ഷത്ര ജാതരുമായുള്ള ഇടപാടുകൾ ഇവര്‍ക്ക് നഷ്ടമായിരിക്കും.

തിരുവാതിരയ്ക്ക് പരമശിവൻ
ജോലിയില്‍ കൃത്യതയുള്ള, ആരെയും സംസാരിച്ച് വശപ്പെടുത്താനാകുന്ന തിരുവാതിരയുടെ ഇഷ്ടദേവത പരമശിവനാണ്. രാഹുവിനെയും സര്‍പ്പദൈവങ്ങളെയും ആരാധിക്കുന്നതും ഗുണകരമാണ്. ജന്മനക്ഷത്ര ദിവസം രാഹുവിനെ ആരാധിക്കുക. ഏതൊരു പ്രവൃത്തിയും ശിവസ്മരണയോടെ ചെയ്യുന്നത് ഉചിതമാണ്. രാശ്യാധിപൻ ബുധനെ പ്രീതിപ്പെടുത്താന്‍ ശ്രീകൃഷ്ണ പൂജ നല്ലതാണ്. തിരുവാതിര, ചോതി, ചതയം നക്ഷത്ര ദിവസങ്ങളില്‍ ക്ഷേത്രദര്‍ശനം നടത്തണം. രാഹുര്‍ ദശയില്‍ ജനിക്കുന്ന ഇവര്‍ക്ക് ശനിദശയും കേതുദശയും ക്ലേശകരമായിരിക്കും. ശിവനാണ് ഇഷ്ടദേവന്‍. നിത്യവും ശിവപഞ്ചാക്ഷരി 108 തവണ ജപിക്കുകയും ഏതൊരു പ്രവൃത്തിയും ശിവസ്മരണയോടെ തുടങ്ങുകയും വേണം. പൂയം, മകം, ഉത്രം, ഉത്രാടം, തിരുവോണം, അവിട്ടം എന്നീ നക്ഷത്രങ്ങളില്‍ ശുഭകാര്യങ്ങള്‍ ചെയ്യരുത്.

പുണര്‍തത്തിന് ശ്രീകൃഷ്ണൻ
സ്ഥാനമാനങ്ങള്‍ക്കുവേണ്ടി നിരന്തരം ആഗ്രഹിക്കുന്ന, അതിനുവേണ്ടി പ്രയത്നിക്കുന്ന പുണര്‍തത്തിന് ഇഷ്ടദേവത ശ്രീകൃഷ്ണനാണ്. ശ്രീരാമനെയും പാര്‍വ്വതിയെയും ആരാധിക്കാം. വിഷ്ണുസഹസ്രനാമം ജപിക്കുന്നത് ദുരിതം കുറയ്ക്കാന്‍ സഹായിക്കും. പുണര്‍തം, വിശാഖം, പൂരുരുട്ടാതി നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനം നടത്തുന്നത് സദ്ഫലങ്ങള്‍ നല്‍കും. ഗുരുദശയില്‍ ജനിക്കുന്ന ഇവര്‍ക്ക് ബുധദശ അത്ര നല്ലതല്ല. ഓം ക്ലീം കൃഷ്ണായ നമഃ എന്ന മന്ത്രം ദിവസവും 108 തവണ ജപിക്കണം. പതിവായി വിഷ്ണു സഹസ്രനാമം ജപിക്കുന്നത് ക്ലേശം കുറയ്ക്കും. പുണര്‍തവും വ്യാഴവും ഒന്നിച്ചുവരുന്ന ദിവസം വ്രതമെടുത്ത് വിഷ്ണുപൂജ ചെയ്യുക. ആയില്യം, പൂരം, അത്തം, അവിട്ടം എന്നീ നാളുകാരുമായി ബന്ധപ്പെടുന്നത് ഒഴിവാക്കണം. ഈ നക്ഷത്രങ്ങളില്‍ നല്ല കാര്യങ്ങള്‍ തുടങ്ങരുത്.

പൂയത്തിന് മഹാവിഷ്ണു
ഏകാന്തത ഇഷ്ടപ്പെടുന്ന അഭിമാനികളായ പൂയക്കാര്‍ ഇഷ്ടദേവനായി വിഷ്ണുവിനെ ഭജിക്കണം. ശാസ്താ ഭജനവും ദുര്‍ഗ്ഗാ പ്രീതികരമായ കര്‍മ്മങ്ങളും നേട്ടങ്ങൾ നൽകും. ചന്ദ്രനെ പ്രീതിപ്പെടുത്തുന്നതും ഗുണകരം. ശനിയാഴ്ച വ്രതമെടുക്കുന്നതും പൂയവും ശനിയാഴ്ചയും ഒന്നിച്ചു വരുന്ന ദിവസം ശാസ്താവിന് എള്ളു പായസം വഴിപാട് നടത്തുന്നതും ശനീശ്വരപൂജ ചെയ്യുന്നതം ദുരിതങ്ങള്‍ കുറയ്ക്കും. ഓം നമോ നാരായണ മന്ത്രം ദിവസവും 108 പ്രാവശ്യം ജപിക്കുക. പൗര്‍ണ്ണമിനാളില്‍ പ്രത്യേകിച്ച് മകരത്തിലെ പൗര്‍ണ്ണമിയില്‍ ദുര്‍ഗ്ഗാപൂജ നടത്തണം. മകം, ഉത്രം, ചിത്തിര, അവിട്ടം, ചതയം, പൂരുരുട്ടാതി നക്ഷത്രങ്ങള്‍ ഇവര്‍ക്ക് നന്നല്ല. ഈ നാളുകളില്‍ ശുഭകാര്യങ്ങള്‍ തുടങ്ങരുത്. ശനിദശയില്‍ ജനിക്കുന്ന ഇവര്‍ക്ക് രവി, കേതു, ചൊവ്വദശ അത്രഗുണം ചെയ്യില്ല.

ആയില്യത്തിന് നാഗ ദൈവങ്ങൾ
ആഴത്തിലുള്ള അറിവ് നേടി നല്ല നിലയില്‍ ജീവിക്കുന്ന ആയില്യത്തിന് നാഗദൈവങ്ങളാണ് ഇഷ്ടദേവത. ശ്രീകൃഷ്ണനെയും ശിവനെയും ആരാധിക്കുന്നതും ഉത്തമമാണ്. നാഗരാജാവ്, നാഗയക്ഷി സന്നിധികളില്‍ ദര്‍ശനം നടത്തുക. ആയില്യവും ബുധനാഴ്ചയും ഒന്നിച്ചു വരുന്ന ദിവസങ്ങളും ആയില്യം, കേട്ട, രേവതി നക്ഷത്രങ്ങളും പ്രാര്‍ത്ഥനയ്ക്ക് അതി വിശേഷമാണ്. രാശ്യാധിപന്‍ ചന്ദ്രനും നക്ഷത്രാധിപന്‍ ബുധനുമായ ആയില്യം നക്ഷത്രക്കാര്‍ ഓം സര്‍പ്പേഭ്യോ നമഃ മന്ത്രം നിത്യവും 108 തവണ ജപിക്കണം. ശിവനെ ആരാധിക്കുന്നതും നല്ലതാണ്. നാഗരാജാവ് നാഗയക്ഷി എന്നീ ദേവതകളെ സ്മരിച്ചുകൊണ്ടും വിശേഷാവസരങ്ങളില്‍ അവരുടെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചും ശുഭകാര്യങ്ങളില്‍ ഏര്‍പ്പെടുക. പൂരം, അത്തം, ചോതി, അവിട്ടം, ചതയം എന്നീ നക്ഷത്രങ്ങള്‍ ഒഴിവാക്കി ശുഭകാര്യങ്ങള്‍ ചെയ്യുക.

മകത്തിന് ഗണപതി
മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ മാനിക്കുന്ന, പറയുന്ന കാര്യങ്ങൾ വളച്ചുകെട്ടില്ലാതെ പറയുന്ന മകം നക്ഷത്രത്തിന്റെ ഇഷ്ടദേവത ഗണപതിയാണ്. നക്ഷത്രാധിപന്‍ കേതു. പതിവായി ഗണേശഭജനവും ജന്മനക്ഷത്ര ദിവസം ഗണപതി ഹോമവും ഗുണം ചെയ്യും. രാശ്യാധിപന്‍ ആദിത്യനാണ്. അതിനാല്‍ സൂര്യോപാസനയും ശിവപ്രീതി കര്‍മ്മങ്ങളും നല്ലതാണ്. മകം, മൂലം, അശ്വതി നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനം മുടക്കരുത്. മകവും ഞായറാഴ്ചയും ഒന്നിച്ചു വരുമ്പോള്‍ ശിവന് വഴിപാട് നടത്തണം. കേതുദശയില്‍ ജനിക്കുന്ന ഇവര്‍ക്ക് വ്യാഴം കുജ ദശകള്‍ നന്നല്ല. ശിവപഞ്ചാക്ഷരി, ആദിത്യഹൃദയം തുടങ്ങിയ മന്ത്രങ്ങള്‍ ജപിക്കണം. ഉത്രം, ചിത്തിര, വിശാഖം, ഉത്തൃട്ടാതി, രേവതി നക്ഷത്രങ്ങള്‍ നന്നല്ല. ആ നാളുകളില്‍ ശുഭകാര്യങ്ങള്‍ ഒഴിവാക്കണം.

പൂരത്തിന് ശിവൻ
ആജ്ഞാശക്തി, ആകര്‍ഷണീയത, സൗന്ദര്യം എന്നിവ ഉള്ള പൂരം നക്ഷത്രക്കാർ ശിവനെ ആരാധിക്കണം. അന്നപൂര്‍ണ്ണേശ്വരി, യക്ഷിയമ്മ, മഹാലക്ഷ്മി എന്നിവരെയും ആരാധിക്കുന്നതും ഉത്തമമാണ്. വെള്ളിയാഴ്ചയും പൂരവും ഒന്നിച്ചുവരുന്ന ദിവസങ്ങളിലും പൂരം, പൂരാടം, ഭരണി നക്ഷത്രങ്ങളിലും ക്ഷേത്ര ദര്‍ശനവും വഴിപാടുകളും ഗുണകരമാണ്. പൂരം നാളില്‍ ശിവപൂജയും ലക്ഷ്മീപൂജയും നടത്തുന്നത് അനുകൂല ഫലങ്ങള്‍ നല്‍കും. ശുക്രദശയില്‍ ജനിക്കുന്ന ഇവര്‍ക്ക് ശനിദശയും രാഹുര്‍ദശയും ചന്ദ്രദശയും ഏറെ ക്ലേശം നിറഞ്ഞതായിരിക്കും. ഓം നമഃ ശിവായ ദിവസവും ജപിക്കുന്നതും ശുഭകാര്യങ്ങൾ ശിവസ്മരണയോടെ തുടങ്ങുന്നതും നല്ലതാണ്. അത്തം, ചോതി, അനിഴം, ഉത്തൃട്ടാതി, രേവതി നക്ഷത്രങ്ങള്‍ ഇവര്‍ക്ക് നന്നല്ല.

ഉത്രത്തിന് ധര്‍മ്മശാസ്താവ്
മറ്റുള്ളവരെ അകമഴിഞ്ഞ് സഹായിക്കുന്ന, എല്ലാ പ്രവര്‍ത്തനത്തിലും പൂര്‍ണ്ണത ആഗ്രഹിക്കുന്ന ഉത്രത്തിന് ധര്‍മ്മശാസ്താവാണ് ഇഷ്ടദേവത. ശിവനെയും ആരാധിക്കാം. ഉത്രം ചിങ്ങക്കൂറുകാര്‍ പതിവായി ശാസ്താ, ശിവക്ഷേത്രദര്‍ശനം നടത്തുന്നത് നല്ലതാണ്. ഞായറാഴ്ചയും ഉത്രവും വരുന്ന ദിവസങ്ങളിലെ പ്രാര്‍ത്ഥന കൂടുതല്‍ ഗുണപ്രദമാണ്. ഉത്രം, ഉത്രാടം, കാര്‍ത്തിക നക്ഷത്രങ്ങളിലെ ശിവക്ഷേത്രദര്‍ശനം ഗുണം ചെയ്യും. കന്നിക്കൂറുകാര്‍ക്ക് ശ്രീകൃഷ്ണ ഭജനം നല്ലതാണ്. പതിവായി അയ്യപ്പ ക്ഷേത്ര ദര്‍ശനം നടത്താം. ഓം ഘ്രൂം നമഃ പരായഗോപ്ത്രേ എന്ന മൂലമന്ത്രം ദിവസവും 108 പ്രാവശ്യമെങ്കിലും ജപിക്കണം. വര്‍ഷത്തില്‍ ഒരു തവണ ശബരിമല ദര്‍ശനം നടത്തണം. ആദിത്യഹൃദയജപം ഉടന്‍ ഫലം ലഭിക്കാന്‍ സഹായിക്കും. കന്നിക്കൂറുകാര്‍ക്ക് ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനവും ഭജനയും നടത്തുന്നതാണ് ഉത്തമം. ചിത്തിര, വിശാഖം, തൃക്കേട്ട നക്ഷത്രങ്ങള്‍ അശുഭമാണ്.

അത്തത്തിന് ഗണപതി
കുലീനരും വശീകരണശക്തിയുള്ളവരുമായ അത്തം നക്ഷത്രക്കാര്‍ ഇഷ്ടദേവനായി ഗണപതിയെ ആരാധിക്കുന്നത് ഗുണകരമാണ്. ഗണപതിയുടെ ജന്മക്ഷത്രമാണ് അത്തം. ദുര്‍ഗ്ഗയെയും ഭദ്രകാളിയെയും പൂജിക്കുന്നതും നല്ലതാണ്. രാശ്യാധിപന്‍ ബുധൻ. അതിനാല്‍ ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനവും ഗുണം ചെയ്യും. അത്തം, തിരുവോണം, രോഹിണി നക്ഷത്ര ദിനങ്ങളില്‍ ഗണപതി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി കറുകമാല സമര്‍പ്പിച്ചാല്‍ പെട്ടെന്ന് ഫലം കിട്ടും. നക്ഷത്ര ദേവത സൂര്യനായതിനാല്‍ ശിവപ്രീതി ഉപകരിക്കും. ചന്ദ്രന് ജാതകത്തില്‍ പക്ഷബലമുള്ളവര്‍ പൗര്‍ണ്ണമി ദിവസം ദുര്‍ഗ്ഗാപൂജയും പക്ഷബലം ഇല്ലാത്തവര്‍ അമാവാസിക്ക് ഭദ്രകാളിയെയും പൂജിക്കണം. ഓം ഗം ഗണപതയേ നമഃ മന്ത്രം നിത്യവും 108 തവണ ജപിക്കുക. ആദിത്യഹൃദയം പതിവായി ജപിക്കുന്നത് ക്ലേശം കുറയ്ക്കും. രാഹു, ശനി ദശാകാലങ്ങളില്‍ ഇവര്‍ക്ക് ക്ലേശങ്ങള്‍ വര്‍ദ്ധിക്കും. ചോതി, അനിഴം, മൂലം, കാര്‍ത്തിക, അശ്വതി, ഭരണി എന്നീ നക്ഷത്രക്കാരുമായി ഉള്ള ബന്ധം ശുഭകരമല്ല.

ചിത്തിരയ്ക്ക് ഭദ്രകാളി
മനക്കരുത്ത് കൂടുതലുള്ള, മറ്റുള്ളവരെ പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്ന ചിത്തിര നക്ഷത്രക്കാർക്ക് ഭദ്രകാളിയാണ് ഇഷ്ടദേവത. ഇവർക്ക് ചൊവ്വാഴ്ച ഭദ്രകാളീ, സുബ്രഹ്മണ്യ
ക്ഷേത്രദര്‍ശനം നല്ലതാണ്. ചൊവ്വാ പ്രീതിക്കായുള്ള കര്‍മ്മങ്ങളും ചിത്തിര, അവിട്ടം, മകയിരം ദിവസങ്ങളിലെ ക്ഷേത്ര ദര്‍ശനവും ഗുണകരമാകും. കന്നിക്കൂറുകാര്‍ ശ്രീകൃഷ്ണനെയും തുലാക്കൂറുകാര്‍ മഹാലക്ഷ്മിയെയും പ്രത്യേകമായി ആരാധിക്കണം. ലളിതാസഹസ്രനാമ ജപം ഗുണം ചെയ്യും. ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈ നമഃ പതിവായി ഭജിച്ചാല്‍ ഈ നക്ഷത്രജാതര്‍ക്ക് ജീവിത പ്രയാസങ്ങൾ ഉണ്ടാകില്ല. ചൊവ്വയെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങള്‍ പതിവായി അനുഷ്ഠിക്കണം. ചിത്തിരയും ചൊവ്വാഴ്ചയും ചേരുന്ന ദിവസം കാളീപൂജ നടത്തുന്നതും വ്രതമെടുക്കുന്നതും ഏറെ നല്ലതാണ്. വിശാഖം, തൃക്കേട്ട, പൂരാടം നക്ഷത്രങ്ങള്‍ ശുഭകരമല്ല. വ്യാഴ ബുധ ശുക്ര ദശകളും മോശമാണ്.

ചോതിക്ക് ഹനുമാൻ സ്വാമി
നിസാരകാര്യങ്ങളുടെ പേരില്‍ പിണങ്ങുന്ന പടിപടിയായി ഉന്നതി ലഭിക്കുന്ന ചോതി നക്ഷത്രജാതർക്ക് ഇഷ്ടദേവത വായുപുത്രനായ ഹനുമാനാണ്. സര്‍പ്പാരാധനയും മഹാലക്ഷ്മീഭജനവും ഇവർക്ക് ഗുണകരമാണ്. ചോതിയും വെള്ളിയാഴ്ചയും ഒന്നിച്ചു വരുന്ന ദിവസത്തെ അനുഷ്ഠാന കർമ്മങ്ങള്‍ക്ക് ഫലസിദ്ധി കൂടും. ചോതി, ചതയം, തിരുവാതിര ദിവസങ്ങളിലെ ക്ഷേത്ര ദര്‍ശനവും വഴിപാടുകളും നന്മയേകും. സര്‍പ്പ പ്രീതികരമായ കര്‍മ്മങ്ങള്‍ മുടക്കരുത്. ഓം ഹം ഹനുമതേ നമഃ എന്ന മന്ത്രം ഏറ്റവും ശുദ്ധമായ സാഹചര്യത്തില്‍ ജപിക്കുന്നത് ജീവിത ക്ലേശം ഒഴിവാക്കും. ലക്ഷ്മീ പൂജയോ നാഗപൂജയോ നടത്തുന്നതും ഉത്തമമാണ്. അനിഴം, മൂലം, ഉത്രാടം, കാര്‍ത്തിക, രോഹിണി, മകയിരം നക്ഷത്രങ്ങള്‍ ഇവര്‍ക്ക് നല്ലതല്ല. രാഹുര്‍ദശയില്‍ ജനിക്കുന്ന ഇവര്‍ക്ക് ശനിദശാകാല ദുരിതമുണ്ടാക്കും.

വിശാഖത്തിന് മഹാവിഷ്ണു
സൗമ്യസ്വഭാവം മുന്നിട്ടു നില്‍ക്കുന്ന നേര്‍വഴിക്ക് ചിന്തിക്കുന്ന വിശാഖത്തിന് ഇഷ്ടദേവത മഹാവിഷ്ണു ആണ്. വ്യാഴാഴ്ചകളില്‍ വിഷ്ണു പൂജയും സഹസ്ര നാമജപവും ഗുണം ചെയ്യും. വിശാഖം, പൂരുരുട്ടാതി, പുണര്‍തം ദിവസങ്ങളിലും വ്യാഴാഴ്ചയും വിശാഖവും ഒന്നിക്കുമ്പോഴും ക്ഷേത്രദര്‍ശനം ഒഴിവാക്കരുത്. തുലാക്കൂറിലെ വിശാഖക്കാര്‍ മഹാലക്ഷ്മിയെയും വൃശ്ചികക്കൂറുകാര്‍ സുബ്രഹ്മണ്യൻ, അല്ലെങ്കിൽ ഭദ്രകകാളിയെ പൂജിക്കുന്നത് അനുകുലമാകും. തൃക്കേട്ട, പൂരാടം, തിരുവോണം, മകയിരം എന്നീ നക്ഷത്രങ്ങളില്‍ വിശാഖം നാളുകാര്‍ ശുഭകാര്യങ്ങള്‍ തുടങ്ങരുത്. ഗുരുദശയില്‍ ജനിക്കുന്ന ഇവര്‍ക്ക് ബുധദശയും നല്ലതല്ല. ഓം നമോ നാരായണായ എന്ന മന്ത്രം ദിവസവും 108 പ്രാവശ്യം ജപിക്കുന്നത് ക്ലേശങ്ങള്‍ ഇല്ലാതാക്കും.

അനിഴത്തിന് ഭദ്രകാളി
കായിക ശക്തിയും പ്രായോഗിക ബുദ്ധിയുമുള്ള അനിഴം നക്ഷത്രക്കാർക്ക് ഭദ്രകാളിയാണ് ഇഷ്ടദേവത. ഇവർ പതിവായി കാളീമന്ത്രം ജപിച്ചാൽ എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കും. ശാസ്താഭജനവും ക്ഷേത്രദര്‍ശനവും ഏറെ നല്ലതാണ്. സുബ്രഹ്മണ്യനെ ഭജിക്കുന്നതും ഗുണം ചെയ്യും. ശനിയാഴ്ചയും അനിഴവും ചേർന്നു വരുന്ന ദിവസം ശാസ്താവിന് നീരാജനം തെളിക്കണം. അനിഴം, ഉത്തൃട്ടാതി, പൂയം നക്ഷത്രത്തില്‍ ക്ഷേത്രദര്‍ശനം ഒഴിവാക്കരുത്. ശനിപ്രീതികരമായ കര്‍മ്മങ്ങൾ ചെയ്യണം. ചൊവ്വയെ പ്രീതിപ്പെടുത്തുവാനും ശ്രമിക്കണം. മൂലം, ഉത്രാടം, അവിട്ടം, തിരുവാതിര, പുണര്‍തം, തുടങ്ങിയ നക്ഷത്രങ്ങളില്‍ ശുഭകാര്യങ്ങള്‍ തുടങ്ങരുത്. ശനിദശയില്‍ ജനിക്കുന്ന ഇവര്‍ക്ക് സൂര്യ, കുജ, ‍കേതു ദശകൾ ദോഷകരമാണ്.

തൃക്കേട്ടയ്ക്ക് ശ്രീകൃഷ്ണൻ
ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ചെയ്തു തീര്‍ക്കുന്ന മറ്റുള്ളവരുടെ ക്ലേശങ്ങൾ ലഘൂകരിക്കുന്ന സംസാരശൈലിക്ക് നല്ല മൂര്‍ച്ചയുള്ള തൃക്കേട്ട ജാതർ ശ്രീകൃഷ്ണനെയാണ് പ്രധാനമായും പൂജിക്കേണ്ടത്. തൃക്കേട്ടയും ബുധനാഴ്ചയും ഒത്തുവരുന്ന ദിവസങ്ങളില്‍ ശ്രീകൃഷ്ണക്ഷേത്ര ദര്‍ശനവും വഴിപാടും നടത്തുക. തൃക്കേട്ട, ആയില്യം, രേവതി നാളിലെ അനുഷ്ഠാനങ്ങള്‍ ഗുണകരമാകും. സുബ്രഹ്മണ്യനെയും, ഭദ്രകാളിയെയും ആരാധിച്ച് ചൊവ്വ പ്രീതി നേടുന്നത് നല്ലതാണ്. ബുധ ദശയില്‍ ജനിക്കുന്ന ഇവര്‍ക്ക് ശുക്രദശയും വ്യാഴദശയും ഗുണകരമല്ല. ഓം ക്ലീം കൃഷ്ണായ നമഃ എന്ന മന്ത്രവും വിഷ്ണു സഹസ്രനാമവും മുടങ്ങാതെ ജപിച്ചാൽ ക്ലേശങ്ങള്‍ മാറിക്കിട്ടും. മകയിരം, തിരുവാതിര, പൂരാടം, പുണര്‍തം, തിരുവോണം, ചതയം എന്നീ നക്ഷത്രങ്ങളിൽ ശുഭകാര്യങ്ങൾ വേണ്ട.

മൂലത്തിന് ഗണപതിയും ശിവനും
ഉദാരമനസ്‌കരായ, മറ്റുള്ളവരെ ബഹുമാനിക്കുന്ന പൊതുജനോപകാരപ്രദമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന മൂലത്തിന് ഇഷ്ടദേവന്‍ ഗണപതിയും ശിവനുമാണ്. ദിവസവും ഗണപതി മൂലമന്ത്രവും പഞ്ചാക്ഷരിയും ജപിക്കുന്നതും ഏതൊരു മംഗളകര്‍മ്മവും ഗണേശ , ശിവസ്മരണയോടെ ചെയ്യുന്നതും ക്ലേശങ്ങളില്ലാതാക്കും. മൂലം നക്ഷത്രത്തില്‍ ഗണപതി ഹോമവും നടത്തണം. വ്യാഴാഴ്ചയും മൂലം നക്ഷത്രവും ചേര്‍ന്നുവരുന്ന ദിവസങ്ങളിലും മൂലം, അശ്വതി, മകം നക്ഷത്രത്തിലും ക്ഷേത്രദര്‍ശനം ഒഴിവാക്കരുത്. രാശ്യാധിപനായ വ്യാഴപ്രീതി നേടാന്‍ വിഷ്ണു ക്ഷേത്രദര്‍ശനം ഗുണകരമാകും. ഒപ്പം കേതുവിനെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങളും അനുഷ്ഠിക്കണം. പതിവായി വിഷ്ണു സഹസ്രനാമം ജപിക്കുക. പുണര്‍തം, പൂയം, ആയില്യം, ഉത്രാടം, അവിട്ടം, പൂരുരുട്ടാതി എന്നീ നക്ഷത്രങ്ങളില്‍ ശുഭകാര്യങ്ങള്‍ തുടങ്ങരുത്. വ്യാഴം കുജദശകൾ ഇവര്‍ക്ക് നല്ലതല്ല.

പൂരാടത്തിന് മഹാലക്ഷ്മി
കഷ്ടപ്പാടുകള്‍ സഹിക്കാനുള്ള കഴിവുള്ളതു കൊണ്ട് ഒരിക്കലും നിരാശരാകത്ത, ധാരാളം സ്നേഹിതരുള്ള പൂരാടത്തിന് മഹാലക്ഷ്മിയാണ് ഇഷ്ടദേവത. മഹാലക്ഷ്മി, അന്നപൂര്‍ണ്ണേശ്വരി, മഹാവിഷ്ണു ഭജനം ശുഭഫലങ്ങള്‍ നല്‍കും. വ്യാഴാഴ്ചയും പൂരാടവും ചേര്‍ന്നു വരുന്ന ദിവസം വിഷ്ണുപുജയും വെള്ളിയാഴ്ചയും പൂരാടവും ഒന്നിച്ചു വരുമ്പോഴും ജന്മനക്ഷത്ര ദിവസവും ലക്ഷ്മീപൂജ നടത്തുന്നതും നല്ലതാണ്. പൂരാടം, ഭരണി, പൂരം നക്ഷത്രത്തില്‍ ക്ഷേത്ര ദര്‍ശനം മുടക്കരുത്. ശുക്രപ്രീതികരമായ കര്‍മ്മങ്ങള്‍ പതിവായി അനുഷ്ഠിക്കുന്നത് നന്നായിരിക്കും. വ്യാഴ പ്രീതികരമായ കര്‍മ്മങ്ങളും നടത്തണം. പുണര്‍തം, പൂയം, ആയില്യം, തിരുവോണം ചതയം, ഉത്തൃട്ടാതി എന്നീ നക്ഷത്രങ്ങളും രാഹു ശനി ദശയും ഇവര്‍ക്ക് നല്ലതല്ല.

ഉത്രാടം ശിവനെ പൂജിക്കണം
കുലീനത നിറഞ്ഞ പെരുമാറ്റം കൊണ്ട് ആരെയും ആകര്‍ഷിക്കും. ഇടപാടുകളില്‍ മാന്യത പുലര്‍ത്തുന്ന ഉത്രാടം നക്ഷത്രക്കാർ ശിവനെ പൂജിക്കണം. സൂര്യനെ ആരാധിക്കുന്നതും ഞായറാഴ്ചവ്രതവും ശിവ ക്ഷേത്രദര്‍ശനവും ഗുണം ചെയ്യും. ഉത്രാടം നക്ഷത്രത്തില്‍ ശിവക്ഷേത്രദര്‍ശനവും ശിവഭജനവും ഒഴിവാക്കരുത്. നക്ഷത്രദേവത ആദിത്യനാകയാല്‍ നിത്യവും സൂര്യോദയം കഴിഞ്ഞ് ആദിത്യനെ ഭജിക്കണം. ധനുക്കൂറുകാര്‍ മഹാവിഷ്ണുവിനെയും മകരക്കൂറുകാര്‍ ശാസ്താവിനെയും വിശേഷാല്‍ പുജിക്കണം. ഓം നമഃ ശിവായ എന്ന മന്ത്രമോ ഓം ഗം ഗണപതയേ നമഃ എന്ന മന്ത്രമോ ഏതെങ്കിലും ഒന്ന് പതിവായി ജപിക്കുന്നത് ഉത്തമം. ശിവരാത്രി വ്രതം, ഞായറാഴ്ചവ്രതം എന്നിവ ഗുണകരം. വിഷ്ണുസഹസ്ര നാമം, വിഷ്ണുപൂജ എന്നിവ ഉത്തമം. ഉത്രാടം, കാര്‍ത്തിക, ഉത്രം ദിവസങ്ങളില്‍ ക്ഷേത്ര ദര്‍ശനം ഒഴിവാക്കരുത്. പൂയം, ആയില്യം, അവിട്ടം, പൂരുരുട്ടാതി, രേവതി എന്നീ നാളുകളില്‍ ശുഭകര്‍മ്മങ്ങള്‍ ചെയ്യരുത്. വ്യാഴ ബുധദശകളും ഏറെക്കുറെ രാഹുര്‍ദശയും ഇവര്‍ക്ക് ക്ലേശകരമാകും.

തിരുവോണത്തിന് ദുര്‍ഗ്ഗാ ഭഗവതി
നന്നായി ആലോചിച്ചുമാത്രം തീരുമാനമെടുക്കുന്ന, കുടുംബസ്നേഹികളായ തിരുവോണക്കാരുടെ ഇഷ്ടദേവത ദുര്‍ഗ്ഗാ ഭഗവതിയാണ്. രാശ്യാധിപന്‍ ശനി. അതിനാല്‍ ശാസ്താഭജനം, ശനീശ്വരപൂജ എന്നിവ ജന്മനാളില്‍ നടത്തുന്നതും ഗുണപ്രദമാണ്. പൗര്‍ണ്ണമിയില്‍ ദുര്‍ഗ്ഗാ പൂജയും കറുത്തവാവിന് ഭദ്രകാളീ ആരാധനയും നല്ലതാണ്. തിരുവോണം, രോഹിണി, അത്തം നക്ഷത്രങ്ങളില്‍ ക്ഷേത്ര ദര്‍ശനം ഒഴിവാക്കരുത്. തിങ്കളാഴ്ചയും തിരുവോണവും ചേര്‍ന്നുവരുന്ന ദിവസത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. ശനിയാഴ്ച ശാസ്താഭജനം, ശനീശ്വരപൂജ, അന്നദാനം എന്നിവ നടത്തണം നക്ഷത്രാധിപന്‍ വിഷ്ണു ആയതിനാല്‍ ഓം നമോ നാരായണ എന്ന മന്ത്രം സ്ഥിരമായി ജപിക്കുകയും വിഷ്ണുവിനെ പൂജിക്കുകയും വിഷ്ണുപ്രീതി നേടുകയും വേണം. അശ്വതി, മകം, പൂരം, ഉത്രം, ചതയം, ഉത്തൃട്ടാതി എന്നീ നക്ഷത്രങ്ങള്‍ ഇവര്‍ക്ക് ശുഭകാര്യങ്ങള്‍ക്ക് നല്ലതല്ല.

അവിട്ടത്തിന് സുബ്രഹ്മണ്യൻ, ഭദ്രകാളി
കാര്യപ്രാപ്തിയും സാമര്‍ത്ഥ്യവുമുള്ള അവിട്ടത്തിന്‍റെ നക്ഷത്രാധിപന്‍ ചൊവ്വയാണ്. ജാതകത്തില്‍ ചൊവ്വ ഓജരാശിയിലാണെങ്കില്‍ സുബ്രഹ്മണ്യഭജനവും യുഗ്മരാശിയിലാണെങ്കില്‍ ഭദ്രകാളിയെയും ഭജിക്കുക. അവിട്ടവും ചൊവ്വയും കൂടിവരുന്ന ദിവസം ഇവരെ പ്രീതിപ്പെടുത്തുന്ന കര്‍മ്മം ചെയ്താല്‍ ഏറെ നല്ലത്. അവിട്ടത്തിന്റെ രാശ്യാധിപനായ ശനിയെ പ്രീതിപ്പെടുത്തണം. അവിട്ടം, മകയിരം, ചിത്തിര ദിവസങ്ങളില്‍ ക്ഷേത്ര ദര്‍ശനം മുടക്കരുത്. അവിട്ടവും ചൊവ്വാഴ്ചയും ഒന്നിച്ചു വരുമ്പോള്‍ ഭദ്രകാളി / സുബ്രഹ്മണ്യഭജനം നല്ലതാണ്. ഭരണി, ഉത്രം, പൂരുരുട്ടാതി, രേവതി നക്ഷത്രങ്ങള്‍ ശുഭകാര്യങ്ങള്‍ക്ക് നന്നല്ല. വ്യാഴം, ബുധദശകള്‍ ദോഷകരമായതിനാൽ ഈ സമയത്ത് വിഷ്ണു സഹസ്രനാമം പതിവായി ജപിക്കണം.

ചതയത്തിന് സര്‍പ്പദൈവങ്ങളും ശാസ്താവും
മറ്റുള്ളവരെ അമിതമായി വിശ്വസിക്കാത്ത ചതയത്തിന് ശരിയും തെറ്റും തിരിച്ചറിയാന്‍ പ്രത്യേക കഴിവുണ്ട്. ഇഷ്ടദേവത സര്‍പ്പദൈവങ്ങളും ശാസ്താവുമാണ്. കാര്‍ത്തിക, ഉത്രം, അത്തം, ചിത്തിര, അശ്വതി, ഉത്തൃട്ടാതി നക്ഷത്രങ്ങളില്‍ ശുഭകാര്യങ്ങള്‍ പാടില്ല. ശനി ദശാകാലവും വ്യാഴദശാകാലവും നന്നല്ല. രാഹുവാണ് ഇവരുടെ നക്ഷത്രാധിപന്‍. സര്‍പ്പക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക. കുടുംബത്തില്‍ സര്‍പ്പക്കാവുണ്ടെങ്കില്‍ അവ സംരക്ഷിക്കുക. ജന്മനക്ഷത്രത്തില്‍ രാഹുപൂജ നടത്തുന്നത് നല്ലതാണ്. രാശ്യാധിപനായ ശനിയെയും പ്രീതിപ്പെടുത്തുക. ചതയം, തിരുവാതിര, ചോതി ദിവസങ്ങളില്‍ ക്ഷേത്ര ദര്‍ശനം മുടക്കരുത്. രാശ്യാധിപൻ ശനി. ശനിയാഴ്ചകളില്‍ നീരാജനം തെളിക്കണം.

പൂരുരുട്ടാതിക്ക് മഹാവിഷ്ണു
മന:പ്രയാസങ്ങളും ക്ഷോഭവും ഉള്ളില്‍ ഒതുക്കുന്ന പൂരുരുട്ടാതിയുടെ ഇഷ്ടദേവത മഹാവിഷ്ണുവാണ്. ജന്മനക്ഷത്രം തോറും മഹാവിഷ്ണുപൂജയും വിഷ്ണുസഹസ്രനാമ പാരായണവും ജപിക്കുന്നത് ഋണമുക്തിക്ക് പ്രയോജനപ്പെടും. വ്യാഴത്തെ പ്രീതിപ്പെടുത്താന്‍ ജന്മനക്ഷത്രം തോറും വിഷ്ണുപൂജ വിഷ്ണുസഹസ്രനാമജപം തുടങ്ങിയവ ജപിക്കണം. രാശ്യാധിപനായ ശനിയെ പ്രീതിപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. ഭരണി, രോഹിണി, രേവതി നാളുകളില്‍ ശുഭകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. ബുധ, ശുക്ര ദശാകാലങ്ങളിലും ഇവര്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാകും. പൂരുരുട്ടാതി, പുണര്‍തം, വിശാഖം ദിവസങ്ങളില്‍ ക്ഷേത്രദര്‍ശനം മുടക്കരുത്.

ഉത്തൃട്ടാതിക്ക് ശ്രീകൃഷ്ണനും ശാസ്താവും
മറ്റുള്ളവരുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും അറിയാനും പരിഹരിക്കാനും ശ്രമിക്കുന്ന ഉത്തൃട്ടാതിക്ക് ശ്രീകൃഷ്ണനും ശാസ്താവുമാണ് ഇഷ്ടദേവത ശനിയാണ് നക്ഷത്രനാഥന്‍. ശനിയെ പ്രീതിപ്പെടുത്താന്‍ ശനി വ്രതമെടുക്കുക. ജന്മനക്ഷത്രം തോറും ശനീശ്വരപൂജ ചെയ്യുക. അന്നദാനം നടത്തുക. ശനിയും ഉത്തൃട്ടാതിയും ചേര്‍ന്നു വരുന്ന ദിവസം മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ മുടങ്ങാതെ ചെയ്യണം. രാശ്യാധിപനായ വ്യാഴത്തെ പ്രീതിപ്പെടുത്താന്‍ വിഷ്ണു സഹസ്രനാമം, വിഷ്ണു ക്ഷേത്രദര്‍ശനം എന്നിവ മുടക്കരുത്. ഉത്തൃട്ടാതി, പൂയം, അനിഴം ദിവസങ്ങളില്‍ ക്ഷേത്ര ദര്‍ശനം മുടക്കരുത്. ശനിയും ഉത്തൃട്ടാതിയും ചേര്‍ന്നു വരുന്ന ദിവസവും ജന്മനക്ഷത്രത്തിലും ക്ഷേത്രദര്‍ശനവും അനുഷ്ഠാനവും ഒഴിവാക്കരുത്. ഓം ക്ലീം കൃഷ്ണായ നമഃ എന്ന മന്ത്രമോ ഓം ഘ്രൂം നമഃ പരായഗോപ്‌ത്രേ എന്ന മന്ത്രമോ ജപിക്കുകയും ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്താല്‍ ക്ലേശങ്ങൾ ഇല്ലാതാകും. അശ്വതി, കാര്‍ത്തിക, മകയിരം, ചോതി, വിശാഖം നാളുകളില്‍ ഇവര്‍ ശുഭകാര്യങ്ങള്‍ ചെയ്യുന്നത് ഗുണകരമല്ല.

രേവതിക്ക് ശ്രീകൃഷ്ണനും മഹാവിഷ്ണുവും
ബുദ്ധിയുള്ളവരും ബുദ്ധിപൂര്‍വ്വം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരുമായ രേവതിക്ക് ശ്രീകൃഷ്ണനും മഹാവിഷ്ണുവുമാണ് ഇഷ്ടദേവതകള്‍. മഹാലക്ഷ്മിയെ ആരാധിച്ചാലും ദോഷം കുറയും. പതിവായി വിഷ്ണു സഹസ്രനാമം ജപിക്കുകയും വിഷ്ണുമന്ത്രമോ ലക്ഷ്മീ മന്ത്രമോ ജപിക്കുകയോ ചെയ്യുന്നത് ക്ലേശങ്ങൾ പൂര്‍ണ്ണമായി ഇല്ലാതാക്കും. ബുധനാണ് നക്ഷത്രാധിപന്‍. രാശ്യാധിപന്‍ വ്യാഴവും. വിഷ്ണുഭജനം, ശ്രീകൃഷ്ണഭജനം വിഷ്ണു സഹസ്രനാമ ജപം ഭാഗവതപാരായണം ഇവ അനുഷ്ഠിക്കണം. രേവതി നക്ഷത്രദിവസവും രേവതിയും ബുധനാഴ്ചയും ചേര്‍ന്നു വരുന്ന ദിവസവും അനുഷ്ഠാനങ്ങള്‍ ഗുണകരമാണ്. രേവതി, ആയില്യം, തൃക്കേട്ട ദിവസങ്ങളില്‍ ക്ഷേത്ര ദര്‍ശനം മുടക്കരുത്. ശ്രീകൃഷ്ണ പൂജ നക്ഷത്രാധിപനായ ബുധനെ തൃപ്തിപ്പെടുത്തും.ഭരണി, രോഹിണി, തിരുവാതിര, ചിത്തിര, ചോതി, വിശാഖം നക്ഷത്രങ്ങള്‍ ഇവര്‍ക്ക് ശുഭകാര്യങ്ങള്‍ക്ക് നല്ലതല്ല. ശുക്രചന്ദ്ര രാഹുര്‍ ദശാകാലങ്ങളും ഇവര്‍ക്ക് ക്ലേശകരമായിരിക്കും.

എല്‍. ആര്‍. ഹരികൃഷ്ണന്‍

Story Summary: Which God Should worship based on birth star

error: Content is protected !!