Saturday, 23 Nov 2024
AstroG.in

ഈയാഴ്ച ശനിപ്രദോഷം; വഴിപാട്
നടത്തിയാൽ എല്ലാദോഷങ്ങളും മാറും

ജോതിഷരത്നം വേണുമഹാദേവ്

ശനി ദോഷങ്ങൾ അകറ്റുന്നതിന് ശനി പ്രദോഷ ദിവസം സന്ധ്യയ്ക്ക് ശിവക്ഷേത്ര ദർശനം നടത്തുന്നതും അന്ന് പ്രദോഷം വ്രതം അനുഷ്ഠിക്കുന്നതും ഏറ്റവും നല്ലതാണ്. ശനിഗ്രഹദോഷം അകറ്റാനുള്ള ശക്തി പ്രദോഷവ്രത അനുഷ്ഠാനത്തിനും ശിവ ക്ഷേത്രസന്നിധിയിൽ അന്ന് നടത്തുന്ന ജലധാര, കൂവളാർച്ചന, പിന്‍വിളക്ക് തുടങ്ങിയ വഴിപാടുകൾക്കുമുണ്ട്. ഈ ശനിയാഴ്ച, 2022 നവംബർ 5 ന് വരുന്ന തുലാമാസത്തിലെ ശുക്ലപക്ഷ പ്രദോഷം ശനി പ്രദോഷമാണ്. ഈ ദിവസം വ്രതമെടുത്ത് ശിവപൂജ ചെയ്യുന്നവരുടെ എല്ലാ ശനിദോഷങ്ങളും മാറും.

ഗോചരാൽ ഇപ്പോൾ ശനിദോഷം അനുഭവിക്കുന്നവരും ശനിദശയിലും ശനി അപഹാരത്തിലും കഴിയുന്നവരും ശനി പ്രദോഷം അനുഷ്ഠിച്ച് പ്രാർത്ഥിച്ചാൽ ശനിദോഷം മാത്രമല്ല സർവ്വദു:ഖങ്ങളും അകലും. ഏഴരശനി കണ്ടകശനി, അഷ്ടമശനി തുടങ്ങിയവയുടെ ദോഷങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത് ധനു, മകരം, കുംഭം, മേടം, മിഥുനം, കർക്കടകം, തുലാം എന്നീ രാശിക്കാരാണ്. അതായത് അശ്വതി, ഭരണി, കാർത്തിക (മേടക്കൂറ്) മകയിരം (മിഥുനക്കൂറ്), തിരുവാതിര, പുണർതം, പൂയം, ആയില്യം, ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി (കുംഭക്കൂറ്) എന്നീ നക്ഷത്ര ജാതരാണ്. 2023 ജനുവരി 17 ന് ശനി കുംഭം രാശിയിൽ പകരുമ്പോൾ ഇതിൽ ധനു, മേടം, തുലാം രാശിക്കാർക്ക് ഗോചര ശനിദോഷങ്ങളിൽ നിന്നും മോചനം ലഭിക്കും.

എന്തായാലും ശനിപ്രദോഷ നാളിൽ ഒരുപിടി കറുകയോ അരിയോ ശർക്കരയോ ശിവക്ഷേത്രത്തിൽ സമർപ്പിച്ച് നെയ്യ്‌വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചാൽ ശനിദോഷത്തിന്റെ ഉഗ്രത കുറയുമെന്നാണ് വിശ്വാസവും അനുഭവവും. മുപ്പത്തിമുക്കോടി ദേവകളും ശിവഭഗവാനെ വണങ്ങുന്ന ത്രയോദശി പ്രദോഷവേളയിൽ ശിവക്ഷേത്രത്തിൽ പ്രദോഷപൂജയിൽ പങ്കെടുക്കുന്നവർക്ക് സർവ്വനന്മകളും ഉണ്ടാകും. പ്രദോഷവ്രതം നോറ്റാൽ ലഭിക്കാത്തതായി ഒന്നും തന്നെയില്ല. രണ്ടുപക്ഷത്തിലും ത്രയോദശി തിഥി സസ്യയ്ക്ക് വരുന്ന ദിവസമാണ് പ്രദോഷം. പ്രദോഷത്തിന് തൊട്ടുമുമ്പുള്ള ഒന്നര മണിക്കൂർ, വൈകിട്ട് 4.30 മുതൽ 6 മണിവരെ പ്രദോഷവേള തന്നെയാണ്. ഇങ്ങനെ നിത്യവും പ്രദോഷവേളയുണ്ടെങ്കിലും ത്രയോദശിനാളിൽ വരുന്ന പ്രദോഷം സവിശേഷവും ശിവപ്രീതികരവുമാണ്.

രാവിലെ കുളിച്ച് ശുദ്ധമായി പൂജാമുറിയിൽ വിളക്ക് കത്തിച്ച് കഴിയുന്നത്ര നേരം ഓം നമഃ ശിവായ മന്ത്രം ജപിക്കണം. ശിവപുരാണം, അഷേ്ടാത്തര ശതനാമാവലി, സഹസ്രനാമം എന്നിവ പാരായണം ചെയ്യുന്നതും ഉത്തമം. പകൽ ഉപവാസിക്കണം. അല്ലെങ്കിൽ പാലോ പഴച്ചാറോ മാത്രം കഴിച്ച് വ്രതമെടുക്കാം. വൈകുന്നേരം പ്രദോഷ സമയത്ത് സമീപമുള്ള ശിവക്ഷേത്രത്തിൽ ശിവദർശനം നടത്തി അവിടെ നിന്ന് നല്കുന്ന ഭക്ഷണം കഴിച്ച് വ്രതം അവസാനിപ്പിക്കാം.
മൂലമന്ത്രം
ഓം നമഃ ശിവായ

പ്രാർത്ഥനാ മന്ത്രങ്ങൾ
1
ഓം ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവ മാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
2
വന്ദേ ശംഭുമുമാപതിം
സുരഗുരും വന്ദേ ജഗൽകാരണം
വന്ദേ പന്നഗഭൂഷണം മൃഗധരം
വന്ദേ പശൂനാം പതിം
വന്ദേ സൂര്യ ശശാങ്കവഹ്നിനയനം
വന്ദേ മുകുന്ദ പ്രിയം
വന്ദേ ഭക്തജനാശ്രയം ച വരദം
വന്ദേ ശിവം ശങ്കരം

ജോതിഷരത്നം വേണുമഹാദേവ്

+91 9847475559

Story Summary: Significance and Benefits of
Shani Pradosha Vritham


error: Content is protected !!