Monday, 20 May 2024
AstroG.in

ഈശ്വരനെന്തിന് പൂജാമുറി?

നമ്മുടെ വീടുകളുടെ ഒരു പ്രത്യേകത പൂജാമുറിയാണ്. വിളക്കു കൊളുത്താനും പ്രാർത്ഥിക്കാനും ഒരിടമില്ലാത്ത വീടുകൾ കുറവാണ്. വീട്ടിൽ  പ്രാർത്ഥിക്കുവാൻ ഒരിടം ഒരുക്കുന്ന കാര്യത്തിൽ എല്ലാ ജാതി മതസ്ഥരും നിഷ്കർഷത പുലർത്താറുണ്ട്. 
ഈ പ്രപഞ്ചത്തിലെ  എല്ലാ ജീവജാലങ്ങളിലും നിറഞ്ഞിരിക്കുന്ന ചൈതന്യമാണ് ഈശ്വരൻ എന്നാണ് ഭഗവത് ദർശനത്തിന്റെ അടിസ്ഥാനം. അങ്ങനെ കല്ലിലും തൂണിലും തുരുമ്പിലും നിറഞ്ഞിരിക്കുന്ന ഈശ്വരന് എന്തിനാണ് പ്രത്യേകിച്ച് ഒരു പൂജാമുറി ചിലർ ചോദിക്കാം. എന്നാൽ ഈശ്വരന് സ്വസ്ഥമായിരിക്കാനല്ല പൂജാമുറി;  മനുഷ്യന്റെ ശാന്തിക്കും സമാധാനത്തിനും വേണ്ടിയാണ്. 

പ്രാർത്ഥന, ധ്യാനം, ഭജന, കീർത്തനം, ജപം, പ്രാണായാമം, ഹോമം തുടങ്ങിയ ആചാരങ്ങൾ അനുഷ്ഠിക്കാനുള്ള ഇടമാണത്.  ഇതിലുപരി ഓരോ ഭവനത്തിന്റെയും യഥാർത്ഥ നാഥൻ ഈശ്വരനാണെന്നും ഗൃഹനാഥനല്ലെന്നും ഉള്ള ബോധം ഓരോവ്യക്തിയുടെയും ഉള്ളിൽ ഉണ്ടാക്കുക എന്ന ധർമ്മവും പൂജാമുറി നിറവേറ്റുന്നു. എന്റെവീട് എന്ന ചിന്ത ദൃഢമായാൽ ദു:ഖിക്കാനേ സമയമുണ്ടാകൂ. ഈ ഭൂമി തന്നെ ഈശ്വരന് അവകാശപ്പെട്ടതാണ്. അതിൽ ഒരുവീട്‌നിർമ്മിച്ചത് ഈശ്വരന്റെ കൃപകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. അങ്ങനെ നിർമ്മിക്കപ്പെട്ട ഈ വീടും ഈശ്വരന്റേത് തന്നെയാണ്. ആ വീട്ടിൽ ഒരു വാടകക്കാരൻ മാത്രമാണ് താൻ. ഈ രീതിയിൽ ചിന്തിക്കുന്ന മനുഷ്യന്റെ ജീവിതത്തിൽ  എളിമയും ലാളിത്യവും പുരോഗതിയും ഉണ്ടാകും. നന്മ പകരുന്ന ഈ ചിന്തിയിൽ നിന്നാണ് പൂജാമുറി എന്ന സങ്കല്പം ഉരുത്തിരിഞ്ഞത്.

വീട്ടിലെ ഓരോ മുറിക്കും ഓരോ ഉദ്ദേശങ്ങളുണ്ടാകും. സ്വീകരണമുറി അതിഥികളെ സ്വീകരിക്കാൻ വേണ്ടിയാണ്. ആ മുറിയിലെ സജ്ജീകരണങ്ങളും അതുപോലെയായിരിക്കണം. കിടപ്പുമുറിക്ക് അതിന്റേതായ പ്രത്യേകത വേണം. അടുക്കളയ്ക്ക് അതിനൊത്ത വ്യത്യസ്തത വേണം. സാമ്പത്തിക ഞെരുക്കമില്ലെങ്കിൽ പൂജയ്ക്കു വേണ്ടി ഒരു പ്രത്യേക മുറി ഒരുക്കുന്നത് തന്നെയാണ് നല്ലത്. ആ മുറി എപ്പോഴും വൃത്തിയായും വെടിപ്പായും സൂക്ഷിക്കണം. ശുദ്ധിബോധം നമ്മിൽ പകരുന്ന മുറിയാണത്. കുളിക്കാതെ വീട്ടിലെ മറ്റേത് മുറിയിൽ കയറുന്നതിനും നമുക്ക് മടി തോന്നില്ല. എന്നാൽ പൂജാമുറിയിൽ കുളിക്കാതെ ദേഹ ശുദ്ധിയില്ലാതെ കയറാൻ നമ്മൾ മടിക്കും. ഈ ശുചിത്വ ബോധമാണ് മനുഷ്യനെ പല രോഗങ്ങളിൽനിന്നും തടയുന്നതും ആരോഗ്യകരമായ ജീവിതം നയിക്കാൻ പ്രേരിപ്പിക്കുന്നതും. ഈശ്വരൻ ഈ വീട്ടിൽ താമസിക്കുന്നു  എന്ന ബോധം നമ്മെ സ്വയം നവീകരിക്കാനും മുന്നോട്ടു നയിക്കാനുമുള്ള അദൃശ്യമായ കരുത്ത് പകരും.

error: Content is protected !!