ഈശ്വരശക്തി കാട്ടി അനുഗ്രഹിക്കുന്ന കൺകണ്ട ദൈവങ്ങൾ
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
ഹിന്ദുമത വിശ്വാസത്തിൽ സുപ്രധാനമായ ഒന്നാണ് നാഗാരാധന. കാലാതീതമായി ഭാരതീയരുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ് നാഗാരാധന. പൊതുവേ കേരളത്തിൽ നാഗദേവതകളെ ആരാധിക്കുന്നവരുടെ സംഖ്യ വളരെ കൂടുതലാണ്.
ഭക്തി വിശ്വാസപൂർവം ആരാധിച്ചാൽ നാഗദൈവങ്ങൾ മനുഷ്യരെ ഏതാപത്തിൽ നിന്നും കാത്തു രക്ഷിക്കും എന്ന് പരമ്പരാഗതമായി വിശ്വസിക്കുന്നു. വീടിന്റെ കോലായിലും തൊടിയിലും സ്വപ്നത്തിലുമെല്ലാം പ്രത്യക്ഷപ്പെട്ട് എത്രയെത്ര പേർക്കാണ് നാഗദൈവങ്ങൾ അപായ സൂചന നൽകുന്നത്. കൺകണ്ട ദൈവങ്ങളാണ് നാഗങ്ങളും സൂര്യനും. നമുക്ക് കണ്ണുകൾ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി കാണിച്ചു തരുന്നത് പലപ്പോഴും നാഗങ്ങളാണ്.
കേരളത്തില്‍ മിക്ക കുടുംബങ്ങളിലും കുലദേവതയായി അല്ലെങ്കിൽ പരദേവതയ്ക്കൊപ്പം നാഗങ്ങളെയും ആരാധിച്ചു വരുന്നു. ഏതാണ്ട് എല്ലാ തറവാടുകളിലും സര്‍പ്പക്കാവും വിളക്ക് വയ്ക്കലും പതിവാണ്. ഹൈന്ദവാരാധനയിൽ ഉയർന്ന സ്ഥാനം ഉള്ളതു കൊണ്ടു തന്നെയാണ് നമ്മുടെ മിക്ക ഈശ്വര സങ്കല്പങ്ങളിലും ആഭരണമോ അലങ്കാരമോ ആയി നാഗദേവതകൾക്ക് സ്ഥാനമുള്ളത്. പ്രപഞ്ച പരിപാലകനായ ഭഗവാൻ ശ്രീമഹാവിഷ്ണു പാൽക്കടലിൽ പള്ളി കൊള്ളുന്നത് നാഗരാജാവായ അനന്തനെ ശയ്യയാക്കിയാണ്. അന്തമായ കാലത്തിന്റെ പ്രതീകമാണ് ഭാരതീയ സങ്കല്പങ്ങളിൽ അനന്തൻ. പ്രസിദ്ധമായ ശ്രീപത്മനാഭ ക്ഷേത്രത്തിൽ ഭഗവാൻ യോഗനിദ്രയിൽ ശയിക്കുന്നത് മൂന്ന് ചുറ്റായി കിടക്കുന്ന അനന്തനിലാണ്. ഭൂമിയെ താങ്ങിക്കൊണ്ട് പാതാളത്തിലും ഭഗവാന്റെ തല്പമായി പാലാഴിലും സർപ്പ ശ്രേഷ്ഠനായ ആയിരം ഫണമുള്ള ആദിശേഷൻ വിരാജിക്കുന്നു. പിംഗലൻ എന്നും ശേഷ നാഗത്തിന് പേരുണ്ട്.
ഭഗവാൻ ശ്രീപരമേശ്വരന് കണ്ഠാഭരണമാണ് പാതാള ലോകത്ത് വസിക്കുന്ന അഷ്ടനാഗങ്ങളിൽ ഒന്നായ വാസുകി. ഈ വാസുകിയെ മന്ദര പർവതത്തിൽ കയറായി ചുറ്റിയാണ് പാലാഴി കടഞ്ഞ് അമൃത് നേടിയത്. ഗണപതി ഭഗവാന്റെ അരഞ്ഞാണമാണ് ശംഖപാലൻ എന്ന നാഗം. ഭഗവാൻ ഉദരബന്ധനമായി, പൂണൂൽ ആയി ഈ നാഗത്തെ ധരിക്കുന്നു. ദുര്‍ഗ്ഗാദേവി ആയുധമായും കയറായും നാഗത്തെ അണിയുന്നു. കാളി വളയായി അണിഞ്ഞിരിക്കുന്നു. സൂര്യഭഗവാന്‍ നാഗങ്ങളാകുന്ന കയറുകൊണ്ട് ഏഴു കുതിരകളെ പൂട്ടിയ രഥത്തില്‍ സഞ്ചരിക്കുന്നു. ദക്ഷിണാമൂര്‍ത്തി നാഗത്തെ ഉത്തരീയമായി ധരിച്ചിരിക്കുന്നു. നീലസരസ്വതി നാഗത്തെ മാലകളായി അണിഞ്ഞിരിക്കുന്നു. ശ്രീകൃഷ്ണന്‍ കാളിയ ഫണത്തില്‍ നൃത്തം ചെയ്ത് ആ നാഗത്തിന്റെ ഗർവ് ശമിപ്പിച്ച കഥ പ്രസിദ്ധമാണ്. വരുണന്‍ കുടയായി ചൂടുന്നു. ശ്രീ പാര്‍വതി കിരാത രൂപം പൂണ്ടപ്പോള്‍ നാഗം ശിരസിന് അലങ്കാരമായി. സപ്തമാതൃക്കളിൽ ഒന്നായ മഹേശ്വരി വളകളും കുണ്ഡലങ്ങളുമായി സർപ്പത്തെ ധരിക്കുന്നു. വരാഹി ദേവി ശേഷനാഗത്തിന്റെ മുകളില്‍ ഇരിക്കുന്നു.
ബ്രഹ്മദേവനെ അപമാനിച്ചതിന് പ്രായശ്ചിത്തമായി സുബ്രഹ്മണ്യ ഭഗവാൻ സർപ്പ രൂപിയായി മാറിയ കഥ പ്രസിദ്ധമാണ്. ഒരിക്കൽ കൈലാസത്തിലെത്തിയ ബ്രഹ്മാവ് മുരുകനെ അവഗണിച്ചു. പ്രകോപിതനായ മുരുകൻ ബ്രഹ്മാവിനോട് ചില ചോദ്യങ്ങൾ ചോദിച്ചു. പ്രണവത്തിന്റെ അർത്ഥം എന്താണ് എന്നായിരുന്നു ആ ചോദ്യം. അതിന് ശരിയായ ഉത്തരം നല്‍കാന്‍ കഴിയാത്ത ബ്രഹ്മാവിനെ ഓങ്കാരത്തിന്റെ പൊരുളറിയാത്ത മൂഢാ എന്ന് വിളിച്ച് ആക്ഷേപിച്ചത് പോരാഞ്ഞ് ദേവനെ കാരാഗൃഹത്തിൽ ബന്ധിച്ചു. ശേഷം കുമാരൻ സ്വയം സൃഷ്ടി കര്‍മം തുടങ്ങി. ഇത് അറിഞ്ഞ് പരമശിവന്‍ മകനെ നയത്തിൽ സമീപിച്ച് കാര്യങ്ങൾ ഗ്രഹിച്ചു. മകനിൽ നിന്നും പ്രണവ മന്ത്രത്തിന്റെ അർത്ഥം ചോദിച്ച് മനസിലാക്കിയ ശേഷം കുമാരനെ തന്റെയും ഗുരു എന്ന അർത്ഥത്തിൽ സ്വാമിനാഥ സ്വാമിയായി അനുഗ്രഹിച്ചു. എന്നിട്ട് മകന് തത്ത്വോപദേശം നൽകി. അതോടെ പശ്ചാത്താപ വിവശനായ സുബ്രഹ്മണ്യൻ ബ്രഹ്മാവിനെ മോചിപ്പിച്ചു. താന്‍ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി സര്‍പ്പരൂപിയായി മാറി മറഞ്ഞു. പാര്‍വതി ഇതറിഞ്ഞ് പുത്രവിരഹത്തിൽ തപിച്ച് ഷഷ്ടി വ്രതം അനുഷ്ഠിച്ച് മകനെ വീണ്ടെടുത്തു. സര്‍പ്പരൂപിയായ സുബ്രമണ്യനെ
മഹാവിഷ്ണു തലോടിയപ്പോഴാണ് സര്‍പ്പരൂപം മാറി ഭഗവത് സ്വരൂപം ലഭിച്ചതെന്നാണ് ഐതിഹ്യം.
അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള നാഗങ്ങളെ ആരാധിക്കുന്നത് സർവദോഷ പരിഹാരത്തിനും സർവ ഐശ്വര്യത്തിനും നല്ലതാണ്. മുൻ തലമുറയുടെ ശാപദുരിതങ്ങൾ പോലും മാറുന്നതിനും ഗൃഹത്തിലെ നാഗശാപം മാറുന്നതിനും ജാതക ദോഷങ്ങൾ ശമിക്കുന്നതിനും നാഗാരാധന ഉത്തമാണ്. കരിക്കഭിഷേകം, നൂറുംപാലും നെയ് വിളക്ക്, അരവണ, അപ്പം എന്നിവയാണ് പ്രധാനമായും നാഗപ്രീതിക്ക് നേദിക്കുന്നത്. ഏത് ദേവീദേവന്മാരുടെയും കൂടെയും നാഗദൈവങ്ങൾ ഉണ്ടെന്ന് കരുതുന്നു. മാറാരോഗങ്ങൾക്കും സന്താനക്ലേശം ശാപദുരിതങ്ങൾ എന്നിവയ്ക്കും പരിഹാരം നാഗപൂജയിലൂടെ ലഭിക്കുന്നു.
ആയുരാരോഗ്യ സൗഖ്യം, ജ്ഞാനം, സമ്പത്ത്, സമൃദ്ധി, ആകർഷണശക്തി ഇവയും നാഗങ്ങൾ നൽകും.
ജീവിതത്തിൽ കഷ്ടപ്പാടുകളുണ്ടാകുന്നതു രാഹു – കേതു ദോഷം കൊണ്ടാണെന്നും വിശ്വസിക്കുന്നു.
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
+91 9847575559
Summary: Serpent Goddess and Relationship with Hindu Gods