ഈസ്റ്റർ, പാപമോചിനി ഏകാദശി, ശനിപ്രദോഷം; ഈ ആഴ്ചയിലെ നക്ഷത്രഫലം

( 2024 മാർച്ച് 31 – ഏപ്രിൽ 6 )
ലോകമെങ്ങും സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായി കൊണ്ടാടുന്ന ഈസ്റ്റർ, പാപമോചിനി ഏകാദശി, ശനി പ്രദോഷം എന്നിവയാണ് 2024 മാർച്ച് 31 ന് വൃശ്ചികക്കൂറ് തൃക്കേട്ട നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ സുപ്രധാന വിശേഷങ്ങൾ. ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്പിന്റെ ഓര്‍മ്മദിനമായ ഈസ്റ്റർ ആഘോഷത്തോടെയാണ് വാരം തുടങ്ങുന്നത്. 2024 ഏപ്രിൽ 5 വെള്ളിയാഴ്ചയാണ് മീന മാസത്തിലെ കറുത്തപക്ഷ ഏകാദശിയായ പാപമോചിനി ഏകാദശി. ഹിന്ദു പഞ്ചാംഗ പ്രകാരം 24 ഏകാദശികളിൽ അവസാനം വരുന്ന ഏകാദശിയാണ് ഇത്. ഇതിന് വ്യാഴാഴ്ച ദ്വാദശി നാളിൽ ഒരിക്കലെടുത്ത് വ്രതം തുടങ്ങണം. 5 ന് രാവിലെ 8:07 മുതൽ വൈകിട്ട് 6: 39 വരെയുള്ള ഹരിവാസര സമയത്ത് അന്നപാനാദികൾ ഉപേക്ഷിച്ച് വിഷ്ണു ഭജന നടത്തണം. പാപമോചനത്തിനും കാര്യസിദ്ധിക്കും ഇത് ഉത്തമമാണ്. ഏപ്രിൽ 6 നാണ് മീനത്തിലെ കൃഷ്ണപക്ഷ ശനിപ്രദോഷം. സാധാരണ പ്രദോഷം നോൽക്കുന്നതിൻ്റെ ഇരട്ടിഫലം നൽകുന്നതാണ് കറുത്ത പക്ഷത്തിലെ ശനിപ്രദോഷം. അന്ന് വ്രതം നോറ്റ് സന്ധ്യയ്ക്ക് പ്രദോഷ പൂജയിൽ പങ്കെടുക്കുന്നത് ശനി ദോഷങ്ങളകറ്റുന്നതിനും ശിവപാർവതിമാരുടെ മാത്രമല്ല സകല ദേവതകളുടെയും അനുഗ്രഹം നേടാനും ഉത്തമാണ്. അന്ന് പൂരുരുട്ടാതി നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
സമൂഹത്തിലെ ഉന്നതവ്യക്തികളുമായി സംസാരിക്കാൻ കഴിയും. അവരുടെ സഹായത്താൽ പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കും. ആത്മവിശ്വാസം വീണ്ടെടുക്കാൻ സാധിക്കും. ശരിയായ തീരുമാനങ്ങളെടുക്കാൻ കഴിയും.
പണം വിവേകപൂർവം നിക്ഷേപിക്കും. കുടുംബപരമായ പ്രശ്‌നങ്ങളിൽ, പുറത്തുനിന്നുള്ളവരുടെ ഇടപെടലുകൾ പിരിമുറുക്കത്തിന് കാരണമാകും. ജീവിത പങ്കാളിയിൽ നിന്ന് അകന്നു നിൽക്കേണ്ടിവരും. ബിസിനസ്സിൽ മികച്ച വിജയം കൈവരിക്കും. ഓം നമഃ ശിവായ ജപിക്കണം.
ഇടവക്കൂറ്
(കാർത്തിക 2 , 3, 4, രോഹിണി, മകയിരം 1, 2 )
ആരോഗ്യസംബന്ധമായി ജാഗ്രത പാലിക്കേണ്ടതാണ്. ആരെയും തന്നെ അന്ധമായി വിശ്വസിക്കരുത്; അങ്ങനെ ചെയ്താൽ ചതിയിൽ അകപ്പെടാം. അതുപോലെ എന്ത് കാര്യത്തിനും പരാശ്രയം ഒഴിവാക്കണം. സാമ്പത്തികമായ തിരിച്ചടികൾക്ക് സാധ്യതയുണ്ട്. പ്രണയകാര്യത്തിൽ ആശയക്കുഴപ്പങ്ങളുണ്ടാകും. ജോലിയിൽ ശുഭകരമായ സമയമാണ്. രാഷ്ട്രീയ സാമൂഹിക സേവനരംഗത്ത് നന്നായി ശോഭിക്കും. ഓം ഗം ഗണപതയേ നമഃ ജപിക്കുക.
മിഥുനക്കൂറ്
( മകയിരം 3, 4, തിരുവാതിര, പുണർതം 1 , 2, 3 )
സാമ്പത്തികമായി വളരെ ശ്രദ്ധിക്കേണ്ട സമയമാണ്. പൊതുവേ കാര്യങ്ങൾ അനുകൂലമാകില്ല. അതിനാൽ ദേഷ്യവും രൂക്ഷമായ പ്രതികരണങ്ങളും ഉണ്ടാകും. എന്നാൽ ഒരു മുൻകാല നിക്ഷേപത്തിൽ നിന്നും ഏറെ പണം ലഭിക്കാൻ സാധ്യതയുണ്ട്. സമൂഹത്തിൽ പദവി, ആദരവ് വർദ്ധിക്കും. സഹോദരങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പണം ചെലവഴിക്കപ്പെടാം. കുടുംബത്തിലെ ഉത്തരവാദിത്ത്വം ഏറ്റെടുക്കും. പങ്കാളി നീരസം കാട്ടും. ഓം നമോ നാരായണായ ജപിക്കണം.
കർക്കടകക്കൂറ്
( പുണർതം 4, പൂയം, ആയില്യം )
എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളും അതിജീവിക്കുക മാത്രമല്ല പുരോഗതി നേടാനും കഴിയും. ദാമ്പത്യത്തിൽ നല്ല ചില മാറ്റങ്ങൾ സംഭവിക്കും. പിതാവിന്റെ പെരുമാറ്റം അസ്വസ്ഥമാക്കും. കുടുംബസമാധാനം നിലനിർത്താൻ
പ്രതികരണങ്ങൾ ഒഴിവാക്കും. ബിസിനസ്സോ ജോലിയോ എന്തുമാകട്ടെ നിങ്ങളുടെ പദ്ധതികൾ വിലമതിക്കപ്പെടും. വിനോദയാത്ര പോകും. കഠിനാധ്വാനത്തിലൂടെ മികച്ച ചില നേട്ടങ്ങളുണ്ടാക്കും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. സർപ്പപ്രീതി നേടുന്നതിന് വഴിപാട് നടത്തുന്നത് നല്ലത്.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
ജീവിത പങ്കാളിയും കുടുംബാംഗങ്ങളും പ്രയാസകരമായ സന്ദർഭങ്ങളിൽ നിങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകും. ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. പ്രത്യേകിച്ച് നേത്രരോഗം ശ്രദ്ധിക്കുക. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടും. കുടുംബജീവിതത്തിൽ നിന്ന് നിരവധി പ്രശ്‌നങ്ങൾ ഇല്ലാതാക്കും. ജീവിതപങ്കാളിയുമായി കുറച്ചു നാളായി തുടരുന്ന തർക്കം നാളത്തേക്ക് മാറ്റിവയ്ക്കാതെ സംസാരിച്ചു തീർക്കുന്നത് നന്നായിരിക്കും. പഠനത്തിൽ ശ്രദ്ധിക്കണം. എന്നും ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കുക.
കന്നിക്കൂറ്
( ഉത്രം 2 , 3, 4, അത്തം, ചിത്തിര 1 , 2 )
ഗുണപരമായ ചില മാറ്റങ്ങൾ ജീവിതത്തിലുണ്ടാകും. മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടും.
സാമ്പത്തിക പ്രശ്നങ്ങൾ കാരണം വീട്ടിൽ ഭിന്നതയ്ക്ക് സാധ്യതയുണ്ട്. പ്രിയബന്ധുക്കളോടൊപ്പം കുറച്ച് നേരം ചെലവഴിക്കും. പങ്കാളിയെ പരസ്യമായി തള്ളിപ്പറയുന്നത് ദോഷം ചെയ്യും. ബിസിനസ്സ് മേഖലയിലുള്ള ആളുകൾക്ക്
ധാരാളം സദ് ഫലങ്ങൾ ലഭിക്കും. വിവിധ മേഖലകളിൽ നിന്ന് പണം സമ്പാദിക്കാനുള്ള സാധ്യതകൾ കാണുന്നു.
നിത്യവും 108 തവണ ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.
തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1 , 2, 3 )
റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കണം. ഇത്തരം പദ്ധതികളിൽ പണം നിക്ഷേപിക്കാൻ സമയം
ഏറെ നല്ലതാണ്. എവിടെയും അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. മൂന്നാമതൊരു വ്യക്തി നിങ്ങളുടെ പ്രണയബന്ധത്തിൽ ചില തെറ്റിദ്ധാരണകളുണ്ടാക്കും. ജോലിസ്ഥലത്ത് ചിലരെ സംശയത്തോടെ നോക്കുന്നത് ദോഷം ചെയ്യും. ജോലിയിൽ മുന്നേറുന്നതിന് തടസ്സങ്ങൾ നേരിടും. മാനസികമായ പ്രശ്നങ്ങൾ അനുഭവപ്പെടും.
ദുർഗ്ഗാ അഷ്ടോത്തരജപം പതിവാക്കുന്നത് ഉത്തമമാണ്.
വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട )
അപ്രതീക്ഷിതമായി ചില നേട്ടങ്ങൾ കൈവരിക്കാൻ ഭാഗ്യം കാണുന്നു. വിദേശയാത്രയ്ക്ക് ഭാഗ്യം സിദ്ധിക്കും. വിദ്യാർത്ഥികൾക്ക് സമയം ശുഭകരമായിരിക്കും. ഭൂമി സംബന്ധമായ രേഖകൾ ശരിയാക്കാനാകും. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. യാത്ര ഒഴിവാക്കാൻ കഴിയില്ല. കുടുംബത്തിലെ അന്തരീക്ഷം സന്തോഷം
നിറഞ്ഞതാകും. കുടുംബാംഗങ്ങളുമായി മനസ്സ് തുറന്ന് കാര്യങ്ങൾ സംസാരിക്കും. നല്ല വാർത്തകൾ കേൾക്കും.
വ്യാഴാഴ്ച നരസിംഹമൂർത്തിക്ക് വഴിപാട് നടത്തണം.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
കഠിനാധ്വാനത്തിനനുസരിച്ച് മികച്ച ആനുകൂല്യങ്ങൾ ലഭിക്കും. കൂടാതെ, ജോലി അന്വേഷിക്കുന്നവർക്ക് നല്ല ശമ്പളത്തോടുകൂടിയ ഒരു ഓഫർ ഈ ആഴ്ച ലഭിക്കും. അവസരങ്ങൾ നല്ല രീതിയിൽ പ്രയോജനപ്പെടുത്തണം.
പൂർണ്ണമായും രോഗമുക്തി നേടും. എല്ലാ ജോലികളും യഥാസമയം പൂർത്തിയാക്കും. കുടുംബാംഗങ്ങളുമായി ശാന്തമായി ജീവിക്കുന്നതിന് യോഗമുണ്ട്. ബിസിനസ്സിൽ തെറ്റായ ഉപദേശം കാരണം പ്രശ്നങ്ങൾ നേരിടേണ്ടി വരാം. ഓം ശരവണ ഭവഃ നിത്യവും 108 തവണ ജപിക്കുക.
മകരക്കൂറ്
(ഉത്രാടം 2, 3, 4 തിരുവോണം, അവിട്ടം 1, 2 )
ഗൃഹോപകരണങ്ങൾ തകരാറിലാകുന്നത് കാരണം പണച്ചെലവ് വർദ്ധിക്കും. വീട്ടിൽ മാറ്റങ്ങൾ വരുത്താൻ നിങ്ങൾ ആഗ്രഹിക്കും. എന്നാൽ തീരുമാനമെടുക്കും മുമ്പ് മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കൂടി ആരായണം. ഉദരസംബന്ധമായ രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. ജീവിത പങ്കാളിയുമായുള്ള തർക്കങ്ങളെല്ലാം പരിഹരിക്കാൻ കഴിയും. ഇച്ഛാശക്തി ശക്തമായിരിക്കും. ഔദ്യോഗിക ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. ഓം ഹം ഹനുമതേ നമഃ നിത്യവും ജപിക്കണം.
കുംഭക്കൂറ്
( അവിട്ടം 3, 4 ചതയം, പൂരുരുട്ടാതി 1, 2, 3 )
വരുമാനം വർദ്ധിപ്പിക്കാനും സ്വത്ത് സമ്പാദിക്കാനും വിവിധ വഴികൾ തുറന്നുകിട്ടും. ചിലർക്ക് അശ്രദ്ധ മൂലം പണം നഷ്ടപ്പെടാനും ആരോഗ്യ പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്. സ്വന്തം കഴിവിലധികം വാഗ്ദാനങ്ങൾ
നൽകി കുഴപ്പത്തിലാകും. അപകീർത്തിക്ക് സാധ്യത കാണുന്നു. ലഹരി വസ്തുക്കളും അമിത വേഗത്തിൽ വാഹനമോടിക്കുന്നതും ഒഴിവാക്കണം. പെരുമാറ്റത്തിൽ ഒരു മാറ്റം വേണം. ഓം ഭദ്രകാള്യൈ നമഃ ജപിക്കണം.
മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ചെലവുകൾ വർദ്ധിക്കും. പക്ഷേ കുടുംബത്തിന്റെയോ പങ്കാളിയുടെയോ സഹായത്തോടെ സാമ്പത്തികമായ
പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. കാൽമുട്ട് വേദന, ഉളുക്ക്, സന്ധിവേദന എന്നിവയിൽ നിന്ന് ആശ്വാസം ലഭിക്കും. ബന്ധുക്കളുടെ പെരുമാറ്റം കാരണം അൽപ്പം അസ്വസ്ഥരാകും. ഇത് മാനസികസമ്മർദ്ദം വർദ്ധിപ്പിക്കും.
ബിസിനസ്സ് ഇടപാടുകളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതൽ ജാഗ്രത പാലിക്കണം. ദാമ്പത്യ ജീവിതത്തിൽ മനോഹരമായ ഒരു വഴിത്തിരിവ് സംഭവിക്കും. യാത്രകൾ ഒഴിവാക്കാനാകില്ല. ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കണം.
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
+91 9847575559
Copyright 2024 Neramonline.com. All rights reserved