Sunday, 6 Oct 2024
AstroG.in

ഈ ആഴ്ചത്തെ നക്ഷത്രഫലം

(2022 മേയ് 15 – 21)
2022 മേയ് 15 ന് തുലാക്കൂറിൽ ചോതി നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ ഇടവ രവി സംക്രമം, വിഷ്ണുപദി പുണ്യകാലം, കൂർമ്മാവതാരം, ബുദ്ധപൂർണ്ണിമ, വൈശാഖപൗർണ്ണമി എന്നിവയാണ്. വാരം തുടങ്ങുന്ന മേയ് 15 നാണ് ഇടവ രവി സംക്രമവും കൂർമ്മ ജയന്തിയും വിഷ്ണുപദി പുണ്യകാലവും. അന്നദാനം, വിഷ്ണു സഹസ്രനാമ ജപം, എന്നിവയ്ക്ക് കൂർമ്മ ജയന്തി ദിവസം നല്ലതാണ്.

ഒരു വർഷം നാലു തവണ വിഷ്ണുപദി പുണ്യകാലം വരും. ഒരോ 3 മാസം കൂടുമ്പോഴും – സൂര്യൻ ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം എന്നീ സ്ഥിര രാശികളിൽ വരുമ്പോഴാണ് വിഷ്ണുപദി പുണ്യകാലം സമാഗതമാകുക. മഹാവിഷ്ണു ലോകത്തിന്റെ നിലനിൽപ്പിനും ക്ഷേമത്തിനും അനുഗ്രഹം ചൊരിയുന്ന ദിവസമാണ് ഇതെന്ന് പുരാണങ്ങൾ പറയുന്നു. ഈ ദിവസം വിഷ്ണു പ്രീതികരമായ വഴിപാടുകൾ നടത്തുന്നതും ഫലം, പുഷ്പം, തുളസീദലം തുടങ്ങിയവ സമർപ്പിക്കുന്നതും മന്ത്രങ്ങൾ ജപിക്കുന്നതും ഐശ്വര്യം, പ്രശസ്തി, ധനം, മോക്ഷം എന്നിവ സമ്മാനിക്കും. മേയ് 15 വെളുപ്പിന് 1.30 മണി മുതൽ 9 മണിക്കൂറാണ് വിഷ്ണുപദി പുണ്യകാലം. അതിനാൽ അന്ന് രാവിലെ 10.30 ന് മുൻപ് വിഷ്ണു പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കണം. മേയ് 15 രാവിലെ 5:29 മണിക്ക് ചോതി നക്ഷത്രം മൂന്നാം പാദത്തിലാണ് ഇടവ രവി സംക്രമം. അന്ന് വൈശാഖ ചതുർദ്ദശിയും ചോതി നക്ഷത്രവും ഒന്നിച്ചു വരുന്നു. അതിനാൽ കേരളത്തിൽ പൊതുവേ ഈ ദിവസമാണ് നരസിംഹ ജയന്തിയായി ആചരിക്കുന്നത്. മേയ് 16നാണ് ബുദ്ധപൂർണ്ണിമ എന്ന് പ്രസിദ്ധമായ വൈശാഖപൗർണ്ണമി വരുന്നത്. വിനായക പൗർണ്ണമി എന്നും അറിയപ്പെടുന്ന ഈ ദിവസം ഗണപതി പ്രീതി നേടാനും ദേവീ പ്രീതി കർമ്മങ്ങൾക്കും ഉത്തമമാണ്. ഒരു വിഭാഗം ഹിന്ദുക്കൾ വിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായി കരുതി ആരാധിക്കുന്ന ശ്രീ ബുദ്ധ ജയന്തിയും വൈശാഖ പൗർണ്ണമിയിൽ തന്നെയാണ് വരുന്നത്. നേപ്പാളിലും ലങ്കയിലുമെല്ലാം ബുദ്ധമത വിശ്വാസികൾ വലിയ ആഘോഷത്തോടെയാണ് ഇത് കൊണ്ടാടുന്നത്.2022 മേയ് 21 ന് അവിട്ടം നക്ഷത്രം രണ്ടാം പാദത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
സാമ്പത്തിക പ്രശ്നങ്ങൾ തരണം ചെയ്യാൻ കഴിയും. മികച്ച നിക്ഷേപങ്ങൾ നടത്തും. സ്വന്തം സുഖസൗകര്യം നോക്കാതെ കുടുംബ ക്ഷേമത്തിനായി പ്രവർത്തിക്കും. അഹംഭാവം ഉപേക്ഷിച്ച് ലക്ഷ്യപ്രാപ്തിക്ക് ശ്രമിക്കും. എന്ത് കാര്യത്തിലും പ്രായോഗിക സമീപം സ്വീകരിക്കും. കണ്ണടച്ച് ആരെയും വിശ്വസിക്കില്ല. മനസിലുള്ള കാര്യങ്ങൾ പൂർണ്ണമായും വെളിപ്പെടുത്തുക ശരിയല്ല എന്ന് തിരിച്ചറിയും. മാനസിക സമ്മർദം കുറയും. മത്സര പരീക്ഷകളിൽ ഉന്നതവിജയം കൈവരിക്കും. ഗണപതിക്ക് കറുക, ശിവന് ജലധാര, പിൻ വിളക്ക് സമർപ്പിക്കുക.

ഇടവക്കൂറ്
(കാർത്തിക 2, 3, 4 രോഹിണി, മകയിരം 1, 2 )
ചുമതലകൾ വർദ്ധിക്കും. അവസരങ്ങൾ ഭംഗിയായി പ്രയോജനപ്പെടുത്തും. സാമ്പത്തിക സ്ഥിതി മെച്ചമാകും. സൗഹൃദങ്ങൾ ഗുണം ചെയ്യും. ജീവിത രീതിയിൽ വലിയ മാറ്റമുണ്ടാകും. വിദേശ യാത്രയ്ക്ക് സാധ്യത തെളിയും. ഭൂമി ക്രയവിക്രയം നടക്കും. വ്യാപാരത്തിൽ വിജയം വരിക്കും. ശുഭചിന്തകൾ ഗുണം ചെയ്യും. ആരുമായും തർക്കത്തിനും കലഹത്തിനും പോകരുത്. വേണ്ടപ്പെട്ട ചിലരുടെ പെരുമാറ്റം അസ്വസ്ഥത സൃഷ്ടിക്കും. യാത്ര ഒഴിവാക്കണം. ഭദ്രകാളി പ്രീതിക്ക് കുങ്കുമാർച്ചന നല്ലത്.

മിഥുനക്കൂറ്
(മകയിരം 3, 4 തിരുവാതിര, പുണർതം 1, 2, 3 )
കർമ്മ രംഗത്ത് വലിയ മാറ്റങ്ങൾ സംഭവിക്കും. വിദൂര യാത്രകൾ പ്രയോജനം ചെയ്യും. ഭൂമി വിൽക്കാൻ കഴിയും. സന്താനത്തിന്റെ വിവാഹം തീരുമാനിക്കും. ബിസിനസ്
രംഗത്ത് നേട്ടമുണ്ടാക്കും. വായ്പ, സർക്കാർ സഹായം ഇവ ലഭിക്കും. ഉദര – നാഡീരോഗങ്ങൾ ബുദ്ധിമുട്ടിക്കും. പഴയ കാലത്ത് പറ്റിയ അബദ്ധങ്ങൾക്ക് പിഴയൊടുക്കും. ബന്ധങ്ങൾ വഷളാകാതെ നോക്കണം. ധാരാളം പണം ചെലവഴിക്കുന്നത് നിയന്ത്രിക്കണം. എല്ലാ എതിർപ്പുകളും ധൈര്യപൂർവം ആത്മവിശ്വാസത്തോടെ നേരിടും. മുരുകന് പഞ്ചാമൃതാഭിഷേകം നടത്തി പ്രാർത്ഥിക്കണം.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
സാമ്പത്തിക നേട്ടമുണ്ടാകും. കർമ്മ രംഗത്ത് സമൂല മാറ്റങ്ങൾ പ്രാവർത്തികമാക്കും. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തും. ആത്മവിശ്വാസവും നിശ്ചയദാർഢ്യവും ഗുണം ചെയ്യും. സുപ്രധാന പദവികൾ വഹിക്കാനാകും. എറ്റെടുക്കുന്ന ചുമതലകൾ കൃത്യമായി നിർവഹിക്കും. പ്രയോജനപ്രദമല്ലാത്ത കാര്യങ്ങൾക്ക് സമയം പാഴാക്കരുത്. വില പിടിപ്പുള്ള വസ്തുക്കൾ കൈമോശം വരാതെ സൂക്ഷിക്കണം. ജോലി സ്ഥലത്ത് പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്യും. പുതിയ പദ്ധതികൾ നടപ്പാക്കാൻ പറ്റിയ സമയമല്ല. ദുർഗ്ഗാ പ്രീതി നേടാൻ നിത്യവും ഓം ദുർഗ്ഗായ നമഃ ജപിക്കണം.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
മാനസിക സമ്മർദ്ദങ്ങൾ കുറയും. ഉന്നതവിദ്യാഭ്യാസ രംഗത്തെ തടസങ്ങൾ മാറും. ദാമ്പത്യ പ്രശ്നങ്ങൾ വിട്ടുവീഴ്ചകളിലൂടെ പരിഹരിക്കാൻ കഴിയും. തൊഴിൽ രംഗത്ത് മുന്നേറാനാകും. ആരോഗ്യം മെച്ചപ്പെടും. അശുഭ ചിന്തകൾക്ക് മനസിൽ ഇടം നൽകരുത്. എപ്പോഴും എന്തെങ്കിലും ജോലിയിൽ വ്യാപൃതരാകും. സാമ്പത്തിക
സ്ഥിതി നേരെയാക്കാൻ ചില പദ്ധതികളിടും. പ്രണയം, സൗഹൃദം, മാനസികാടുപ്പം ശക്തമാകും. കുടുംബത്തിൽ സന്തോഷം പകരുന്ന സന്ദേശം ലഭിക്കും. ഇപ്പോൾ വൻ നിക്ഷേപത്തിന് നല്ല സമയമല്ല. ഓം നമോ നാരായണായ ജപിക്കുക. വിഷ്ണുവിന് പാൽപായസം സമർപ്പിക്കുക.

കന്നിക്കൂറ്
(ഉത്രം 2, 3, 4 അത്തം, ചിത്തിര 1, 2 )
കർമ്മ രംഗത്ത് നവീനമായ ആശയങ്ങൾ നടപ്പിലാക്കും. വ്യാപാരം വികസിപ്പിക്കും. ധനക്ലേശവും നഷ്ടവും കുറയും. വിദേശത്ത് മികച്ച അവസരങ്ങൾ ലഭിക്കും. ഭാഗ്യം, ഈശ്വരാധീനം എന്നിവ അനുഭവത്തിൽ വരും. അംഗീകാരവും ആദരവും ലഭിക്കും. ഉന്നതരായ ചില വ്യക്തികളുമായി സൗഹൃദത്തിലാകും. അനുഭവങ്ങളിൽ നിന്നും പുതിയ പാഠങ്ങൾ പഠിക്കും. പണം ശരിയായ രീതിയിൽ നിക്ഷേപിക്കും. മുൻ കാല ബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കും. കർമ്മ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. മത്സരങ്ങളിൽ മികച്ച വിജയം വരിക്കും. സർപ്പങ്ങൾക്ക് നുറുംപാലും ശാസ്താവിന് നീരാജനം എന്നിവ സമർപ്പിക്കണം.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
പുതിയ സൗഹൃദങ്ങൾ ഗുണം ചെയ്യും. ഭൂമി ക്രയവിക്രയം ലാഭകരമാകും. സന്താന ലാഭത്തിന് സാധ്യത. പുതിയ കർമ്മപദ്ധതികൾ ആവിഷ്കരിക്കും. ശുഭ ചിന്തകൾ വർദ്ധിക്കും. സാമ്പത്തിക നിയന്ത്രണങ്ങൾ ഗുണം ചെയ്യും. ആശയക്കുഴപ്പം പരിഹരിക്കും. പുതിയ സാഹചര്യങ്ങൾ ജീവിത പുരോഗതിക്ക് സഹായകമാകും. വിനോദ യാത്ര പുതിയ അറിവുകൾ സമ്മാനിക്കും. വിദേശ യാത്രയ്ക്ക് യോഗം തെളിയും. രോഗദുരിതം കുറയും. ഗണപതി ഭഗവാനെയും ഹനുമാൻ സ്വാമിയെയും പ്രീതിപ്പെടുത്തുക.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടമുണ്ടാകും. ധന സംബന്ധമായ ഇടപാടുകൾ വർദ്ധിക്കും. വിദേശ ഗുണം ലഭിക്കും. രാഷ്ട്രീയ രംഗത്ത് പുതിയ സ്ഥാനമാനങ്ങൾ
ലഭിക്കും. തൊഴിൽരംഗത്ത് ശോഭിക്കും. വായ്പ അടച്ചു തീർക്കും . മികച്ച തൊഴിൽ ലഭിക്കാൻ സാധ്യതയുണ്ട്. മത്സര പരീക്ഷയിൽ നേട്ടമുണ്ടാക്കും. മുടങ്ങിക്കിടന്ന ഗൃഹനിർമ്മാണം വീണ്ടും ആരംഭിക്കും. ആഗ്രഹിക്കുന്ന സ്ഥലം മാറ്റവും ഉദ്യോഗക്കയറ്റവും ലഭിക്കും. മുരുകന് ഭസ്മാഭിഷേകം, സർപ്പങ്ങൾക്ക് നൂറുംപാലും നടത്തുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കും. കുടുംബ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും. സ്വജനങ്ങൾ സഹായിക്കും. ആത്മവിശ്വാസം
വർദ്ധിക്കും. വിവാഹം ഉറപ്പിക്കും. തെറ്റിദ്ധാരണകൾ തിരുത്താൻ സാധിക്കും. കരാർ ഇടപാടുകൾ വഴി ലാഭം പ്രതീക്ഷിക്കാം. പഴയ ബന്ധങ്ങൾ പുനസ്ഥാപിക്കാൻ
കഴിയും. ഉറ്റ സുഹൃത്ത് സാമ്പത്തികമായി സഹായിക്കും. മേലുദ്യോഗസ്ഥൻ നിരന്തരം ശല്യം ചെയ്യും. ഭാഗ്യവും ഈശ്വരാധീനവും ഗുണം ചെയ്യും. മഹാവിഷ്ണുവിന് ഭാഗ്യസൂക്തം, ഭഗവതിക്ക് അർച്ചന എന്നിവ നടത്തണം.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1 ,2 )
വരുമാനം വർദ്ധിക്കും. വ്യാപാരികൾക്ക് നേട്ടം കൊയ്യാൻ അവസരം ലഭിക്കും. കുടുംബസംഗമം നടക്കും. വാക്ക് പാലിക്കാൻ കഴിയും. മാതാപിതാക്കളെ സഹായിക്കും. സന്താനങ്ങളുടെ നേട്ടങ്ങളിൽ സന്തോഷിക്കും. വീട്ടിൽ മംഗളകർമ്മങ്ങൾക്ക് ഒരുക്കം തുടങ്ങും. കഷ്ടപ്പാടുകൾ കുറയും. വിദേശത്ത് മികച്ച ജോലിയിലേക്ക് മാറ്റം കിട്ടും. വീട്ടിൽ അറ്റകുറ്റപ്പണികൾ നടത്തും. ആത്മവിശ്വാസവും കാര്യക്ഷമതയും വർദ്ധിക്കും. വ്യാപാരത്തിൽ പുരോഗതി ഉണ്ടാകും. വാഹനം മാറ്റി വാങ്ങും. ശിവന് ജലധാര, ശാസ്താവിന് നീരാജനം എന്നിവ സമർപ്പിക്കുക.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വ്യവഹാരങ്ങൾ അനുകുലമാകും. വിദേശത്ത് മികച്ച തൊഴിൽ സാദ്ധ്യത തുറന്നു കിട്ടും. മാന്യമായ പെരുമാറ്റവും സൗമ്യമായ സംസാരവും സ്വീകാര്യത വർദ്ധിപ്പിക്കും. പ്രതീക്ഷിച്ച ധനസഹായം ലഭിക്കും. പുതിയ സംരംഭങ്ങൾ പ്രതിസന്ധി പരിഹരിച്ച് വിജയത്തിലേക്ക് നീങ്ങും. കുടംബപരമായ ചുമതലകൾ ഏറ്റെടുക്കും. സുഹൃത്തിന്റെ ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടും. പുതിയ വാഹനം കിട്ടും. മഹാലക്ഷ്മിക്ക് പുഷ്പാഞ്ജലി, ഗണപതിക്ക് മോദകം സമർപ്പിച്ച് പ്രാർത്ഥിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
മാനസിക സമ്മർദം കുറയും. ആഗ്രഹിച്ചതു പോലെ കാര്യങ്ങൾ മുന്നേറും. സൗഹൃദങ്ങൾ ഗുണകരമാകും. ദാമ്പത്യം സന്തോഷകരമാകും. പ്രണയം പൂവണിയും. പുതിയ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തും. അഭിമാനകരമായ പദവികൾ ലഭിക്കും. തെറ്റിദ്ധാരണ പരിഹരിക്കും. ചികിത്സയുടെ ഭാഗമായി കൂടുതൽ പണം ചെലവഴിക്കേണ്ടിവരും. എല്ലാ കാര്യങ്ങളിലും കുടുംബാഗങ്ങളുടെ പിൻതുണ ലഭിക്കും. വെല്ലുവിളിയും എതിരാളികളുടെ ഉപദ്രവങ്ങളും അനായാസം നേരിടും. ശ്രീകൃഷ്ണന് തൃക്കൈ വെണ്ണ, ഹനുമാൻ സ്വാമിക്ക് വെറ്റിലമാല സമർപ്പിക്കുക.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, +91 9847575559

Summary: Predictions: This week for you

error: Content is protected !!