Monday, 25 Nov 2024
AstroG.in

ഈ ചിട്ടകൾ ശീലമാക്കി വിദ്യാവിജയം നേടാം

പുതിയ അധ്യയന വർഷം ആരംഭിച്ചിരിക്കുകയാണ്. ഇപ്പോഴേ  ചിട്ടയോടെ പരിശ്രമിച്ചാൽ  ഉന്നത വിജയം കരസ്ഥമാക്കാൻ കഴിയും. നിത്യേനയുള്ള പരിശ്രമത്തോടൊപ്പം വിദ്യാ വിജയത്തിന് ഈശ്വരാധീനവും പ്രധാനമാണ് . അതിന് മക്കളെയും കൊച്ചു മക്കളെയും പ്രാപ്തരാക്കേണ്ട ചുമതല മുതിർന്നവർക്കാണ്.   പഠിക്കുന്ന കുട്ടികൾ  വിഘ്‌നനിവാരകനായ  ഗണപതി ഭഗവാനെ നിത്യവും പ്രാർത്ഥിച്ചാൽ പഠന സംബന്ധമായ തടസങ്ങൾ നമ്മൾ പോലുമറിയാതെ നീങ്ങിക്കിട്ടും. ഇതിനൊപ്പം  ജ്ഞാന ദേവതയായ സരസ്വതി ദേവിയെയും ഭഗവാൻ  ശിവശങ്കരന്റെ  ജ്ഞാനഭാവമായ ദക്ഷിണാമൂർത്തിയെയും വിദ്യാകാരകനായ ബുധദേവപ്രീതിക്കായി ശ്രീകൃഷ്ണനെയും ആരാധിച്ചാൽ തിളക്കമാർന്ന വിദ്യാവിജയം ലഭിക്കും. ഇങ്ങനെ പ്രാർത്ഥിക്കാൻ കുട്ടികളെ പ്രേരിപ്പിക്കേണ്ടത് മുതിർന്നവരുടെ കർത്തവ്യമാണ്.

ഒരാളുടെ കഴിവുകളും വ്യക്തിത്വവും  രൂപപ്പെടുന്ന ഘട്ടമാണ് വിദ്യാഭ്യാസകാലം.  ഈ  സമയത്ത്  വേണ്ട ശ്രദ്ധയും പരിശീലനവും ഈശ്വരാധീനവും ലഭിച്ചാൽ കുഞ്ഞുങ്ങളുടെ ഭാവി ശോഭനമാവും.  എന്റെ കുഞ്ഞ് പഠിക്കാൻ മോശമാണ് എന്ന് പരിതപിക്കാതെ  പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അതിന് സാഹചര്യം ഒരുക്കാൻ ഈശ്വര പ്രീതി നേടാനും കുട്ടികളെ സഹായിക്കുകയാണ് മാതാപിതാക്കൾ ചെയ്യേണ്ടത്. 

സൂര്യൻ ഉദിക്കുന്നതിന് തൊട്ടു മുൻപുള്ള  സരസ്വതീയാമത്തിൽ  അതായത് ബ്രാഹ്മമുഹൂർത്തത്തിൽ  ശിരസ്സിന്റെ ഇടത്  ഭാഗത്തുള്ള  വിദ്യാഗ്രന്ഥി പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് വിശ്വാസം. ഈ നേരത്ത് പ്രാർത്ഥിച്ച ശേഷം പഠിച്ചു തുടങ്ങുന്നവർ വലിയ വിജയം നേടും.  രാവിലെ കുളികഴിഞ്ഞ്  നിലവിളക്കിനു മുന്നിലിരുന്ന് വേണം പ്രാർത്ഥന. അപ്പോൾ ലഭിക്കുന്ന  പ്രാണോർജം  ബുദ്ധിശക്തിയെ ഉത്തേജിപ്പിക്കുന്നു. ബ്രാഹ്മമുഹൂർത്തത്തിലുള്ള മന്ത്രജപം അതീവ ഫലദായകമാണ്. 

ഓം ഗം ഗണപ തയേ നമഃ:

ഓം സം സരസ്വത്യൈ നമഃ

ഓം ദം ദക്ഷിണാമൂർത്തയേ നമഃ

ഓം നമോ നാരായണായ


എന്നീ മൂലമന്ത്രങ്ങൾ രാവിലെ ഗായത്രീ മന്ത്രജപത്തോടൊപ്പം കഴിയുന്നത്ര തവണ ജപിക്കണം. 

സന്ധ്യയ്ക്കു നിലവിളക്ക് കൊളുത്തി നാമം ജപിക്കുന്നതിനൊപ്പം താഴെ പറയുന്ന മന്ത്രങ്ങൾ ജപിക്കണം. ആദിഗുരുവായ ദക്ഷിണാമൂർത്തിയെ സ്തുതിക്കുന്ന മന്ത്രം  ജപിക്കുന്നത് അഭീഷ്ട ഫലദായകമാണ്. ഭഗവാൻ ശ്രീപരമേശ്വരന്റെ ജ്ഞാനരൂപഭാവമാണ് ദക്ഷിണാമൂര്‍ത്തി. അറിവുകൾ എല്ലാം ഗ്രഹിച്ചിട്ടും പൂർണത നേടിയില്ല എന്നു വ്യസനിച്ച ഋഷിമാർക്കു മുന്നിൽ  ഭഗവാൻ ശിവൻ അവതരിക്കുകയും ചിന്മുദ്രയോടുകൂടി ആൽവൃക്ഷച്ചുവട്ടിലിരുന്ന് മൗനത്തിലൂടെ ശിഷ്യരുടെ സംശയങ്ങളെല്ലാം  ദുരീകരിക്കുകയും ചെയ്തു. ദക്ഷിണാമൂർത്തി സ്തുതി അർഥം മനസ്സിലാക്കി ജപിക്കുന്നത് സർവ കാര്യവിജയത്തിന് സഹായകമാണ്. 

സകല കലാദേവതയായ  വിദ്യാദായിനിയായ കൊല്ലൂർ മൂകാംബികാ ദേവിയെ വിദ്യാർത്ഥികൾ നിത്യവും ഭജിക്കുന്നത് വളരെ നല്ലതാണ്. ബുധനാഴ്ചദിവസം മത്സ്യ മാംസാദികൾ വെടിഞ്ഞ്  ശ്രീകൃഷ്ണക്ഷേത്ര ദർശനം നടത്തുന്നതും പച്ചനിറത്തിലുള്ള വസ്ത്രം ധരിക്കുന്നതും ബുധപ്രീതിക്ക് ഉത്തമമാണ്.  നിത്യേന ഗണപതി വന്ദന ശേഷം ശ്രീകൃഷ്ണഭഗവാനെ വിദ്യാഗോപാല മന്ത്രം ചൊല്ലി പ്രാർത്ഥിക്കുന്നത് ബുധദോഷത്തിന് പരിഹാരമാണ്. ഗുരുവായൂരിൽ  ദർശനം നടത്തി  ഭഗവാന്  പച്ചനിറത്തിലുള്ള പട്ടു സമർപ്പിക്കുന്നത് വിദ്യാലാഭമേകും.

ഗണേശ മന്ത്രം 

വക്രതുണ്ഡ മഹാകായ 

സൂര്യകോടി സമപ്രഭ 

നിര്‍വിഘ്നം കുരുമേ ദേവ

സര്‍വകാര്യേഷു സര്‍വദാ

സരസ്വതീ മന്ത്രം 

സരസ്വതി നമസ്തുഭ്യം 

വരദേ കാമരൂപിണി

വിദ്യാരംഭം കരിഷ്യാമി 

സിദ്ധിര്‍ ഭവതു മേ സദാ 

ദക്ഷിണാമൂർത്തീ സ്തുതി 

ഗുരവേ സർവലോകാനാം 

ഭിഷജേ ഭവരോഗിണാം 

നിധയേ സർവവിദ്യാനാം 

ദക്ഷിണാമൂര്‍ത്തയേ നമഃ 

അർഥം:  

സർവ ലോകത്തിനും ഗുരുവും രോഗങ്ങളെല്ലാം മാറ്റിത്തരുന്ന വൈദ്യനും സർവ വിദ്യകൾക്കും അധിപനും തെക്കോട്ട്‌ ദർശനമായി  ഇരുന്നു ജ്ഞാനം പ്രദാനം ചെയ്യുന്നവനുമായ ഭഗവാനെ ഞാൻ നമിക്കുന്നു. 

ദക്ഷിണാമൂർത്തി ശ്ലോകങ്ങൾ

ഓം നമഃ ശിവായ ശാന്തായ 

ശുദ്ധായ പരമാത്മനേ 

നിർമ്മലായ പ്രസന്നായ 

ദക്ഷിണാമൂർത്തയേ നമഃ 

ഓം നമഃപ്രണവാര്‍ഥായ

ശുദ്ധജ്ഞാനൈക രൂപിണേ 

നിര്‍മലായ പ്രശാന്തായ 

ദക്ഷിണാമൂര്‍ത്തയേ നമഃ 

മൂകാംബികാ സ്തോത്രം

വാണീദേവീ സുനീലവേണി

സുഭഗേ വീണാരവം കൈതൊഴാം 

വാണീവൈഭവ മോഹിനീ 

ത്രിജഗതാം നാഥേ വിരിഞ്ചപ്രിയേ 
വാണീദോഷമശേഷമാശു 

കളവാനെൻനാവിലാത്താദരം   

വാണീടേണമതിന്നു നിന്നടിയിൽ

ഞാൻ വീഴുന്നു മൂകാംബികേ 

വിദ്യാഗോപാല മന്ത്രം

കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ 

സര്‍വജ്ഞ ത്വം പ്രസീദ മേ 

രമാരമണ വിശ്വേശ 

വിദ്യാമാശു പ്രയച്ഛ മേ

ജ്യോത്സ്യൻ വേണു മഹാദേവ്

മൊബൈൽ: +91 9847475559

error: Content is protected !!