Saturday, 23 Nov 2024
AstroG.in

ഈ ഞായറാഴ്ച ശിവപൂജയും വഴിപാടുംചെയ്താൽ സമ്പത്ത്, സന്തതി ആരോഗ്യം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ശിവ ഭഗവാനെ ഉപാസിക്കാൻ ഏറ്റവും ഉത്തമമായ ദിവസങ്ങളിലൊന്നാണ് പ്രദോഷം. ത്രയോദശി തിഥി സന്ധ്യാവേളയിൽ വരുന്ന പ്രദോഷദിവസത്തെ വ്രതവും പ്രാർത്ഥനകളും പെട്ടെന്ന് ഫലം തരും. പാപദോഷ ദുരിതങ്ങൾ അകറ്റി സന്തതി, ധനം, ആയുരാരോഗ്യം തുടങ്ങി എല്ലാ വിധത്തിലുള്ള ഭൗതിക ഐശ്വര്യം ആർജ്ജിക്കാനും ശിവപാർവതിമാരുടെ പ്രത്യേകമായ അനുഗ്രഹം നേടാനും ഈ ദിനം ശ്രേഷ്ഠമാണ്. കർക്കടക മാസത്തിലെ വെളുത്ത പക്ഷപ്രദോഷം
2023 ജൂലൈ 30 ഞായറാഴ്ചയാണ്.

സാധാരണ ജീവിതത്തിലെ പ്രധാനദുരിതങ്ങൾ ശത്രുദോഷം, ദൃഷ്ടിദോഷം, ബാധാദോഷം, രോഗക്ലേശം, ശനിദോഷം തുടങ്ങിയവയാണ്. ഇവ മാറുന്നതിനും ഏറ്റവും ഉത്തമമാണ് പ്രദോഷ വ്രതാചരണം. ആ ദിവസം ഉപവസിച്ച് ശിവപാർവ്വതിമാരെ പ്രാർത്ഥിക്കുകയും സന്ധ്യയ്ക്ക് പ്രദോഷപൂജയിൽ പങ്കെടുക്കുകയും ചെയ്താൽ ശിവകുടുംബത്തിന്റെ മാത്രമല്ല എല്ലാ ദേവതകളുടെയും അനുഗ്രഹം നേടാം. സാധാരണ എല്ലാ മാസത്തിലും രണ്ടു ത്രയോദശി തിഥിയുണ്ട്. വെളുത്ത പക്ഷത്തിലും കറുത്തപക്ഷത്തിലും. ശിവഭക്തർ ഈ രണ്ടു ദിവസവും പ്രദോഷവ്രതം ആചരിക്കും. കറുത്ത പക്ഷത്തിലെ പ്രദോഷത്തിന് കൂടുതൽ പ്രാധാന്യമുണ്ട് എന്നുമാത്രം. അതിൽ തന്നെ കറുത്ത പക്ഷത്തിലെ ശനിയാഴ്ച ദിവസം വരുന്ന പ്രദോഷ വ്രതാനുഷ്ഠാനം ശിവപ്രീതിയാൽ എല്ലാ ദുരിതവും അലച്ചിലുകളും അവസാനിപ്പിക്കും. ശനിയാഴ്ചയും പ്രദോഷവും ചേർന്നു വരുന്ന അപൂർവ്വ പ്രദോഷത്തെ ശനി പ്രദോഷം എന്നാണ് അറിയപ്പെടുന്നത്. ശനി പ്രദോഷ അനുഷ്ഠാന മാഹാത്മ്യം ആചാര്യന്മാർ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. തിങ്കൾ പ്രദോഷത്തിനും ഇതേ വൈശിഷ്ട്യമുണ്ട്.

പ്രദോഷം ആചരിക്കുന്നവർ തലേന്ന് മുതൽ വ്രതചര്യ പാലിക്കണം. രാവിലെ കുളിച്ച് ഭസ്മം തൊട്ട് വൃത്തിയും ശുദ്ധിയുമുള്ള വസ്ത്രം ധരിച്ച് ക്ഷേത്രദർശനം നടത്തണം. സ്വന്തം കഴിവിനൊത്ത വഴിപാടുകൾ നടത്തണം. അസത്യം പറയരുത്, അധർമ്മം പ്രവർത്തിക്കാൻ പാടില്ല. തലേന്ന് ഒരു നേരം മാത്രമേ അരിയാഹാരം കഴിക്കാവൂ. പ്രദോഷനാൾ കഴിയുന്നത്ര ഓം നമഃ ശിവായ ജപിക്കണം. കൂടാതെ പാർവതീ സമേതനായ ശിവനെ സങ്കല്പിച്ച് ഓം ഹ്രീം നമഃ ശിവായ എന്ന ശക്തി പഞ്ചാക്ഷരീ മന്ത്രം ജപിക്കുന്നതും ഉത്തമമാണ്. ഇതിനു പുറമെ ശിവാഷ്ടകം, ശിവ അഷ്ടോത്തരം, ശിവ സഹസ്രനാമം തുടങ്ങിയ ശിവ മന്ത്രങ്ങൾ, ശങ്കര ധ്യാന പ്രകാരം പോലുള്ള സ്തുതികൾ തുടങ്ങിയവയും യഥാശക്തി ജപിക്കണം. പ്രദോഷനാൾ കഴിയുമെങ്കിൽ പൂർണ്ണമായും ഉപവസിക്കണം. ആരോഗ്യ പ്രശ്നങ്ങൾ കാരണം ഉപവസിക്കാൻ കഴിയുന്നില്ലെങ്കിൽ മിതമായി മാത്രം ഭക്ഷണം കഴിക്കുക. ശിവപൂജയ്ക്കുള്ള
സന്ധ്യാസമയമാണ് പ്രദോഷവേളയായി കണക്കാകുന്നത്. ഈ സമയത്ത് ക്ഷേത്രത്തിൽ പോയി ഫലമൂലാദികൾ സമർപ്പിച്ച് ധാര നടത്തി പൂജ കണ്ട് തൊഴുത് പൂജയുടെ തീർത്ഥം കഴിച്ച് വ്രതം അവസാനിപ്പിക്കാം.

ത്രയോദശിയിലെ പ്രദോഷസന്ധ്യയിൽ പാർവ്വതിയെ തൃപ്തിപ്പെടുത്താൻ ശിവൻ താണ്ഡവമാടുന്നു എന്നാണ് വിശ്വാസം. ഈ സമയത്ത് സകല ദേവഗണങ്ങളും ശിവ സന്നിധിയിലെത്തും എന്നാണ് വിശ്വാസം. അപ്പോൾ പാർവതീദേവിയും സുബ്രഹ്മണ്യനും ഗണപതി ഭഗവാനും ശിവ ഭൂതഗണങ്ങളും മാത്രമല്ല മറ്റ് ദേവതകളും മഹർഷിമാരും ദിവ്യത്മാക്കളുമെല്ലാം ഭഗവാന്റെ നൃത്തം കണ്ട് സ്തുതിക്കുന്നു. അത്ര മഹനീയ മുഹൂർത്തമായാണ് പ്രദോഷ സമയം. കാല കാലനാണ് ശിവൻ. അതായത് കാലന്റെ പോലും കാലൻ. മനുഷ്യ ജീവിതത്തിൽ എല്ലാ ദോഷ ദുരിതങ്ങളുടെയും അവസാനം മരണമാണ്. കാലനാണ്, യമധർമ്മനാണ് മരണത്തിന്റെ ദേവൻ. ആ കാലനെ പോലും നശിപ്പിക്കാൻ ശക്തിയുള്ള ദേവനാണ് ശിവൻ. അതുകൊണ്ടു തന്നെ മൃത്യുദോഷങ്ങളുൾപ്പെടെ എല്ലാ ദുരിതങ്ങളും ദുഃഖങ്ങളും അകറ്റുന്ന ദേവനായി ശിവനെ ആരാധിക്കുന്നു. ക്ഷിപ്രകോപിയും അതേപോലെ ക്ഷിപ്രപ്രസാദിയുമായ ശിവൻ ഏറെ പ്രസാദിക്കുന്നത് പ്രദോഷ സന്ധ്യയിലാണ്. അപ്പോൾ ഭക്തർ എന്ത് ചോദിച്ചാലും ദേവദേവൻ കനിഞ്ഞ് അനുഗ്രഹിക്കുമെന്ന് ആചാര്യന്മാർ പറയുന്നു. അതിനാലാണ് ഈ ദിവസത്തെ വ്രതത്തിനും പ്രാർത്ഥനകൾക്കും വഴിപാടിനും പെട്ടെന്ന് ഫലസിദ്ധി ലഭിക്കുന്നത്. അഭിഷേകങ്ങൾ ശിവഭഗവാന് വളരെയേറെ പ്രധാനമാണ്. ജലം, കരിക്ക്, ഭസ്മം, പൂവ്, തേൻ, പാൽ, നെയ് , എണ്ണ എന്നിവയെല്ലാം അഭിഷേകം ചെയ്യാം. കൂവള പ്രദക്ഷിണം, കൂവളദളാർച്ചന എന്നിവ
നടത്തുന്നതിനും പ്രദോഷ ദിവസം വിശിഷ്ടമാണ്.

ശിവസ്തുതി: ശങ്കര ധ്യാന പ്രകാരം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 09447020655

Story Summary: Significance and Benefits of Pradosha Vritham

error: Content is protected !!