ഈ ഞായറാഴ്ച സന്ധ്യയ്ക്ക് കഴിയുന്നത്ര പഞ്ചാക്ഷരി ജപിച്ചാൽ ഇരട്ടി ഫലം
മംഗള ഗൗരി
വരുന്ന ഞായറാഴ്ച സന്ധ്യയ്ക്ക് പഞ്ചാക്ഷരിയും ശങ്കര ധ്യാന പ്രകാരവും ശിവാഷ്ടകവും ജപിച്ചാൽ ദുരിത ദോഷങ്ങളകന്ന് സൗഭാഗ്യങ്ങൾ തേടി വരും. ശിവപ്രീതി നേടാൻ ഏറ്റവും ഉത്തമമായ വൃശ്ചിക മാസത്തിലെ കറുത്ത പക്ഷ പ്രദോഷ ദിനമാണ് 2023 ഡിസംബർ 10 ഞായറാഴ്ച. സന്ധ്യാവേളയിൽ ത്രയോദശി തിഥി വരുന്ന ഈ പുണ്യദിനത്തിൽ ജപിക്കുന്ന ഒരോ ശിവ മന്ത്രത്തിനും ഇരട്ടി ഫലം ലഭിക്കും എന്നാണ് വിശ്വാസം.
ശിവപാർവതീ പ്രീതിയാൽ ആയുരാരോഗ്യ വർദ്ധനവ്, ദാരിദ്ര്യദുഃഖശമനം, സത്കീർത്തി, സന്താന ഭാഗ്യം, ഐശ്വര്യം, പാപമുക്തി എന്നിവയെല്ലാം നൽകുന്നതാണ് പ്രദോഷ വ്രതാചരണം. മഹാദേവൻ ഏറ്റവുമധികം പ്രസന്നനായി ശ്രീ പാർവതിയുടെ മുന്നിൽ ആനന്ദ നടനമാടുന്ന ത്രയോദശി സന്ധ്യയിൽ എല്ലാ ദേവതകളും കൈലാസത്തിൽ സന്നിഹിതരാകും. അതിനാൽ പ്രദോഷ സന്ധ്യയിലെ ഉപാസനകൾക്ക് എല്ലാ ദേവീ ദേവന്മാരുടെയും അനുഗ്രഹാശിസ്സുകൾക്ക് ഉത്തമാണ്.
പ്രദോഷ വ്രതം ആചരിക്കുന്നവർ മത്സ്യമാംസാദികളും
ലഹരി വസ്തുക്കളും ഉപയോഗിക്കരുത്. വെറ്റില മുറുക്കരുത്. സ്ത്രീപുരുഷബന്ധം പാടില്ല. മന:ശുദ്ധി നേടണം. ശിവഭജനമല്ലാതെ മറ്റൊന്നും തന്നെ പാടില്ല. പ്രദോഷ നാളിൽ അതിരാവിലെ എഴുന്നേല്‍ക്കണം. വിധിപ്രകാരം സ്‌നാനം ചെയ്ത് നനച്ച ഭസ്മം തൊടണം. ശുഭവസ്ത്രം ധരിച്ച് ഏകാഗ്രതയോടെ ശിവധ്യാനം നടത്തണം. ശിവ ക്ഷേത്രദര്‍ശനം നടത്തി പകല്‍സമയം ഉപവസിക്കുകയും പഞ്ചാക്ഷരീമന്ത്രം ജപിക്കുകയും വേണം. വൈകുന്നേരം വീണ്ടും കുളിച്ച് നനക്കാത്ത ഭസ്മം ധരിച്ച് വില്വപത്രം കൊണ്ട് ശിവന് അര്‍ച്ചന നടത്തണം. പ്രദോഷ സമയത്ത് കരിക്ക്, അവല്‍, മലര്‍, പഴം, പാല്‍, ശര്‍ക്കര തുടങ്ങിയവ ഭഗവാന് നേദിക്കാം. അസ്തമിച്ച് മൂന്നേമുക്കാല്‍ നാഴിക അതായത് ഒന്നരമണിക്കൂറിന് ശേഷം പാരണ വീട്ടി വ്രതം അവസാനിപ്പിക്കാം. പ്രായം ചെന്നവര്‍ മാത്രമേ പ്രദോഷ വ്രതം നോക്കാവൂ എന്ന ധാരണ തെറ്റാണ്.
വിധിയാം വണ്ണം വ്രതമനുഷ്ഠിക്കുകയും ചെയ്തു പോയ പാപങ്ങള്‍ നശിക്കണമെന്ന് ഏകാഗ്രതയോടെ പ്രാര്‍ത്ഥിക്കുകയും അറിഞ്ഞു കൊണ്ട് ഇനി പാപം ചെയ്യില്ല എന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്യുന്നവരുടെ എല്ലാ പാപവും നശിക്കും. ശത്രുവില്‍ നിന്ന് മോചനം ആഗ്രഹിച്ചാൽ നടക്കും. എന്നാല്‍ ശത്രുനാശത്തിന് പ്രാര്‍ത്ഥിക്കരുത്. ഗൃഹസ്ഥാശ്രമ ജീവിതത്തിലെ ബാധ്യതകൾ തീര്‍ന്നവര്‍ മാത്രമേ മോക്ഷപ്രാപ്തിക്ക് പ്രാര്‍ത്ഥിക്കാവൂ.
ജാതകത്തില്‍ ആദിത്യദശ വരുമ്പോൾ പ്രദോഷ വ്രതം അനുഷ്ഠിച്ചാല്‍ ഉദ്ദിഷ്ടകാര്യം അതിവേഗം സാധിക്കും. ജാതകത്തില്‍ ഇഷ്ടദേവന്‍ ആദിത്യനെങ്കില്‍ പ്രദോഷം നോൽക്കുന്നത് ഏറെ ഐശ്വര്യപ്രദമാണ്. ദീര്‍ഘായുസും സമ്പത്തും ലഭിക്കും. ജീവിതാവസാനം സായൂജ്യവും കരഗതമാകും. ജാതകത്തില്‍ ആദിത്യന്‍ അനിഷ്ടനായി നില്‍ക്കുന്നവര്‍ക്ക് ഈ വ്രതാചരണം വഴി അരിഷ്ടതകള്‍ ഒഴിഞ്ഞു പോകും.
മംഗള ഗൗരി
Story Summary: Significance and Benefits of Pradosha Vritham