Saturday, 23 Nov 2024
AstroG.in

ഈ തിങ്കളാഴ്ച അമോസോമവാരം; ഉമാമഹേശ്വര പ്രീതിക്ക് അപൂർവാവസരം

അശോകൻ ഇറവങ്കര

പിതൃപ്രീതിക്കായി വ്രതമനുഷ്ഠിച്ച് ശ്രദ്ധാദി കർമ്മങ്ങൾ നടത്തുന്നതിന് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ് അമാവാസി വ്രതം. എല്ലാ മാസത്തെയും അമാവാസിവ്രതം പിതൃപ്രീതി നേടാൻ ഉത്തമമാണ്. ഓരോ മാസത്തെയും അമാവാസി ദിവസത്തെ ശ്രാദ്ധകർമ്മങ്ങൾക്ക് ഓരോ ഫലം പറയുന്നു. ഇതനുസരിച്ച് മീനമാസത്തിലെ അമാവാസിയിലെ ശ്രാദ്ധം രോഗനാശത്തിന് വളരെയധികം നല്ലതാണ്.

2024 ഏപ്രിൽ 8 തിങ്കളാഴ്ചയാണ് മീനമാസത്തിലെ അമാവാസി. അമോസോമവാര എന്ന് അറിയപ്പെടുന്ന ഈ അമാവാസി അത്യപൂർവ്വമാണ്. അതുപോലെ തന്നെ ശിവപാർവ്വതിമാരുടെ പ്രീതി നേടാൻ ഈ ദിവസം ഏറ്റവും ഉത്തമവുമാണ്.

തിങ്കളാഴ്ചയും അമാവാസിയും ചേർന്നു വരുന്ന ദിവസമാണ് അമോസോമവാരം. ശങ്കരപാർവതിമാരുടെ അനുഗ്രഹത്തിനായി സ്ത്രീകൾ ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നത് അതീവ ശ്രേഷ്ഠകരമാണ്. സാധാരണ
തിങ്കളാഴ്ചകളിൽ നോൽക്കുന്ന വ്രതത്തിൻ്റെ ഇരട്ടി ഫലദായകമാണ് അമോസോമവാരാചരണം. ഈ ദിവസം വ്രതം നോൽക്കാൻ കഴിയുന്നില്ലെങ്കിൽ ശിവ ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ കഴിപ്പിക്കുകയും ഓം ഹ്രീം നമഃ ശിവായ, ഉമാമഹേശ്വര സ്തോത്രം തുടങ്ങിയവ ജപിക്കുകയും ചെയ്താൽ ആഗ്രഹസാഫല്യം നിശ്ചയം.

പാർവതീ പരമേശ്വരന്മാരെ ഒരുമിച്ചു ഭജിക്കാവുന്ന സ്തോത്രമാണ് ശങ്കരാചാര്യ വിരചിതമായ ഉമാമഹേശ്വര സ്തോത്രം. ഉമാമഹേശ്വര സ്തോത്രം ചൊല്ലി ഭജിച്ചാൽ സർവസൗഭാഗ്യങ്ങളും ദീർഘായുസ്സും മംഗളവും ഉണ്ടാകും എന്നാണ് ഫലശ്രുതി. ഇതിനൊപ്പം ഏത് ശിവപാർവതി മന്ത്രവും സ്തോത്രവും ജപിക്കാം. ശിവാഷ്ടോത്തരം, ശിവസഹസ്രനാമം, ലളിതാ സഹസ്രനാമം ഇവ ഇതിൽ ചിലത് മാത്രമാണ്. ജലധാര, കുവളദളാർച്ച, സ്വയംവര പുഷ്പാഞ്ജലി, ഉമാമഹേശ്വര പൂജ ഇവയാണ് ഈ ദിനം നടത്താവുന്ന വഴിപാടുകളിൽ പ്രധാനം. പിറ്റേന്ന് കുളിച്ച് ശിവക്ഷേത്ര ദർശനം നടത്തി തീർത്ഥം സേവിച്ച് അമോസോമവാര വ്രതാചരണം അവസാനിപ്പിക്കാം. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ഉമാമഹേശ്വര സ്തോത്രം കേൾക്കാം :

Story Summary: Significance Ama Somavara Vritham on April 8, 2024

Copyright 2024 Neramonline.com. All rights reserved

error: Content is protected !!