ഈ ബുധനാഴ്ച ആയില്യപൂജ അതിവേഗം സങ്കടങ്ങൾ അകറ്റും
![](https://i0.wp.com/neramonline.com/wp-content/uploads/2025/02/IMG-20250210-WA0003.jpg?fit=1200%2C675&ssl=1)
മംഗള ഗൗരി
ആയുരാരോഗ്യസൗഖ്യത്തിനും സമ്പദ് സമൃദ്ധിക്കും മന:സമാധാനമുള്ള ജീവിതത്തിനും സന്താനലബ്ധിക്കും സന്താനങ്ങൾ കാരണമുള്ള ദുരിതങ്ങളിൽ നിന്നുള്ള മോചനത്തിനും നാഗാരാധന പോലെ ഫലപ്രദമായ മാർഗ്ഗമില്ല. നാഗദോഷങ്ങൾ കാരണം കഷ്ടപ്പെടുന്നവര്‍ സങ്കടങ്ങളും ദുരിതങ്ങളുമകറ്റാൻ മാസന്തോറും ക്ഷേത്രത്തിൽ ആയില്യപൂജ നടത്തുന്നത് ഉത്തമമാണ്. 2025 ഫെബ്രുവരി 12 ബുധനാഴ്ച ആയില്യമാണ്. ഈ മകര മാസത്തിൽ രണ്ടാമത് വരുന്ന ആയില്യമാണിത്. ഈ മാസത്തെ ആദ്യ ആയില്യം ജനുവരി 15, മകരം 2 ബുധനാഴ്ച ആയിരുന്നു.
അതിവേഗം ഫലം ലഭിക്കും എന്നതാണ് സർപ്പപൂജയുടെ സവിശേഷത. സർപ്പദേവതകൾ തൃപ്തരായാൽ സന്താനഭാഗ്യം, ദാമ്പത്യസൗഖ്യം, ധന, ധാന്യസമൃദ്ധി എന്നിവയെല്ലാം ഉണ്ടാകും. കോപിച്ചാൽ സന്താനനാശം, ധനനഷ്ടം, കുലക്ഷയം, മാറാരോഗങ്ങൾ എന്നിവ സംഭവിക്കും. സർപ്പങ്ങളെ വൈഷ്ണവം, ശൈവം എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. എന്നാൽ പൂജയിലും ആരാധനയിലും കാര്യമായ വ്യത്യാസമില്ല. വെട്ടിക്കോട്, മണ്ണാറശാല, അനന്തൻകാട് , പാമ്പുംമേക്കാട്ട് മന, ആമേടക്ഷേത്രം, നാഗർകോവിൽ ഇവയാണ് പ്രധാന നാഗാരാധനാ കേന്ദ്രങ്ങൾ.
കേരളത്തിൽ മിക്ക ക്ഷേത്രങ്ങളിലും ഉപദേവതയായോ കാവായോ നാഗങ്ങളെ ആരാധിക്കാറുണ്ട്. ആയില്യപൂജ, നൂറുംപാലും, സർപ്പബലി, സർപ്പപൂജ, കളമെഴുത്തും സർപ്പപാട്ടും, നാഗരൂട്ട്, ആശ്ലേഷബലി, എന്നിവയാണ് നാഗർക്കുള്ള പ്രധാന വഴിപാടുകൾ. പാലഭിഷേകം, മഞ്ഞൾപ്പൊടി അഭിഷേകം എന്നിവയും നടത്തുന്നു. സർപ്പദോഷം, രാഹുദേഷം എന്നിവ മാറുന്നതിനും സന്താനഭാഗ്യം, മംഗല്യഭാഗ്യം തുടങ്ങിയവയ്ക്കും ഈ വഴിപാടുകൾ ഉത്തമമാണ്. രാഹുദശാ ദോഷങ്ങൾ ഇല്ലാതാകുന്നതിന് നാഗർക്ക് നൂറും പാലും, നാഗരൂട്ട് തുടങ്ങിയ വഴിപാടുകൾ നടത്തുന്നത് നല്ലതാണ്. നാഗകോപം ഉണ്ടെന്നു തോന്നിയാൽ തുടർച്ചയായി 18 മാസം ആയില്യം നക്ഷത്രനാളിൽ നാഗർപൂജ നടത്തി പൊങ്കാലയിട്ട് അവസാനിപ്പിക്കണം.
ക്ഷേത്രത്തിൽ ആയില്യ പൂജയിൽ പങ്കെടുക്കുന്നതും അന്ന് വ്രതമെടുക്കുന്നതും മിക്ക നാഗദോഷങ്ങളും അകറ്റും. ആയില്യത്തിന് വ്രതം അനുഷ്ഠിക്കുന്നവർ തലേദിവസം മുതൽ മത്സ്യമാംസാദി ഭക്ഷണങ്ങൾ ഒഴിവാക്കണം. ലഘുഭക്ഷണം കഴിച്ച് ഉപവസിക്കണം. പിറ്റേദിവസം ക്ഷേത്രദർശനം നടത്തി തീർത്ഥം സേവിച്ച് വ്രതം പൂർത്തിയാക്കണം. തിരുവാതിര, ചോതി, ചതയം നക്ഷത്രജാതരുടെ നക്ഷത്രാധിപൻ രാഹു ആയതിനാൽ ഇവർ നിത്യവും സർപ്പപ്രീതി വരുത്തുന്നത് നല്ലതാണ്. രോഹിണി, അത്തം, തിരുവോണം, ഭരണി, പൂരം, പൂരാടം, ആയില്യം, തൃക്കേട്ട, രേവതി നക്ഷത്രക്കാർ രാഹുദശയിൽ സർപ്പപ്രീതിക്ക് വേണ്ടത് ചെയ്യണം.
നാഗരാജ മൂലമന്ത്രം
ഓം നമഃ കാമരൂപിണേ മഹാബലായ
നാഗാധിപതയേ നമഃ
നാഗയക്ഷി മൂലമന്ത്രം
ഓം വിനയാ തനയേ വിശ്വനാഗേശ്വരി ക്ലീം
നാഗയക്ഷീം യക്ഷിണീ സ്വാഹാ നമ:
സർപ്പദോഷ നിവാരക മന്ത്രം
ഓം കുരു കുല്ലേ ഹും ഫട് സ്വാഹ
നാഗരാജ ഗായത്രി
ഓം നാഗരാജായ
വിദ്മഹേ
ചക്ഷു: ശ്രവണായ ധീമഹി
തന്നോ സർപ്പ: പ്രചോദയാത്
അനന്ത ഗായത്രി
ഓം സഹസ്ര ശീർഷായ
വിദ്മഹേ
വിഷ്ണു തല്പായ ധീമഹി
തന്നോ ശേഷ: പ്രചോദയാത്
വാസുകി ഗായത്രി
ഓം സർപ്പരാജായ
വിദ്മഹേ
പത്മഹസ്തായ ധീമഹി
തന്നോ വാസുകി പ്രചോദയാത്
ശ്രീ നാഗരാജ അഷ്ടോത്തരം
ആയില്യത്തിന് ശ്രീ നാഗരാജ അഷ്ടോത്തരം ജപിക്കുകയോ കേൾക്കുകയോ ചെയ്യുന്നത് നല്ലതാണ്: പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശ്രീ നാഗരാജ അഷ്ടോത്തരം കേൾക്കാം:
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2024 Neramonline.com. All rights reserved