Sunday, 29 Sep 2024
AstroG.in

ഈ ബുധനാഴ്ച നിർജ്ജല ഏകാദശിനോറ്റാൽ 24 ഏകാദശിയുടെ പുണ്യം

ജ്യോതിഷരത്നം വേണുമഹാദേവ്

ഒരു വർഷത്തെ 24 ഏകാദശികളും നോറ്റ വ്രതപുണ്യം സമ്മാനിക്കുന്നതാണ് ഇടവമാസം വെളുത്ത പക്ഷത്തിൽ വരുന്ന നിർജല ഏകാദശി. ജ്യേഷ്ഠമാസത്തിലെ ഈ ഏകാദശി ജലപാനം പോലും ഉപേക്ഷിച്ച് പൂർണ്ണമായ ഉപവാസത്തോടെ അനുഷ്ഠിച്ചാൽ ദീര്‍ഘായുസ്സും ദുരിതം നിവാരണവും സുഖസമൃദ്ധമായ ഭൗതിക ജീവിതത്തിന് ശേഷം മോക്ഷ പ്രാപ്തിയുമുണ്ടാകും.

ഏകാദശികളിൽ പ്രധാനപ്പെട്ട ഒന്നായ നിർജല ഏകാദശി
ഇത്തവണ 2023 മെയ് 31 ബുധനാഴ്ചയാണ്. ഐശ്വര്യം, അഭിവൃദ്ധി, ആരോഗ്യം, പാപമോചനം എന്നിവ നൽകി അനുഗ്രഹിക്കുന്ന ഈ ഏകാദശി നോറ്റാൽ വർഷത്തിൽ ശേഷിക്കുന്ന 23 ഏകാദശികളും അനുഷ്ഠിച്ച ഫലം കിട്ടും.

വ്രതമെടുക്കുന്നവർ ഇന്ദ്രന്ദ്രിയങ്ങളും മനസ്സും തികച്ചും ഈശ്വരാഭിമുഖമായി നിയന്ത്രിച്ച് നിറുത്തി നാമജപത്തില്‍ മുഴുകുകയും വേണം. ഈ വ്രതാനുഷ്ഠാന ശേഷം ദ്വാദശിയിൽ ബ്രാഹ്‌മ മുഹൂര്‍ത്തത്തില്‍ തന്നെ എഴുന്നേറ്റ് സ്നാനം, വിഷ്ണു പൂജ, ദാനം, സജ്ജനങ്ങള്‍ക്ക് അന്നം എന്നിവ നല്‍കുകയും വേണം.

ഈ ഏകാദശിക്ക് ഭീമസേനി എന്നും പേരുണ്ട്. വ്യാസന്റെ നിര്‍ദ്ദേശപ്രകാരം ഭീമന്‍ ജലപാനം പോലും ഉപേക്ഷിച്ച്
ഈ വ്രതം നോറ്റ് സാഫല്യം നേടിയതിനാലാണ് നിര്‍ജ്ജലാ ഏകാദശി എന്ന പേരുണ്ടായത്. ഭീമസേനൻ ഒഴികെ പാണ്ഡവരെല്ലാം പതിവായി ഏകാദശി വ്രതം നോറ്റിരുന്നു. ഉപവാസമാണല്ലോ ഈ വ്രതത്തിലെ പ്രധാന നിഷ്ഠ. എന്നാൽ ഒട്ടും വിശപ്പു സഹിക്കാൻ കഴിയാത്തതിനാൽ ഭീമസേനന് ഒരിക്കലും ഈ വ്രത്രമെടുക്കാൻ കഴിഞ്ഞില്ല.

ഒരു അവസരത്തിൽ ഏകാദശിവ്രത മാഹാത്മ്യം വേദപാരംഗതനായ പിതാമഹൻ വ്യാസൻ ജ്യേഷ്ഠൻ യുധിഷ്ഠിരന് വിവരിച്ചു കൊടുക്കുന്നത് ഭീമൻ കേട്ടു: മനുഷ്യധർമ്മങ്ങളും വേദധർമ്മങ്ങളും അനുഷ്ഠിക്കാൻ പ്രയാസമാണ്. പക്ഷേ അല്പധനം കൊണ്ടും അല്പക്ലേശം കൊണ്ടും എളുപ്പം അനുഷ്ഠിക്കാവുന്നതും ഫലം ഏറിയതുമാണ് ഏകാദശിവ്രതം. ഭക്ഷണം പൂർണ്ണമായും ഉപേക്ഷിക്കണം എന്നതാണ് ഈ വ്രതത്തിന്റെ പ്രധാന നിഷ്ഠ.

ഇത് കേട്ട് ഭീമസേനൻ വ്യാസനോട് പറഞ്ഞു: എനിക്ക് മാത്രം വ്രതമെടുക്കാൻ സാധിക്കുന്നില്ല. എത്ര വേണോ വിഷ്ണു പൂജ ചെയ്യാം; ദാനവും നടത്താം. ആഹാരം ഉപേക്ഷിക്കുവാൻ കഴിയുന്നില്ല. ഒരിക്കൽ എടുക്കാൻ പോലും ഉദരത്തിലെ വൃകൻ എന്ന അഗ്നി അനുവദിക്കില്ല. എത്ര ഭക്ഷിച്ചാലും അത് പെട്ടെന്ന് ദഹിപ്പിച്ചു കളയുന്നു. അതുകൊണ്ട് ഒരു ഉപവാസം മാത്രം അനുഷ്ഠിക്കാനുളള വഴി പറഞ്ഞു തരണം.

അപ്പോൾ വ്യാസൻ ഭീമന് നൽകിയ ഉപായമാണ് നിർജല ഏകാദശി അനുഷ്ഠാനം. എല്ലാ ജ്യേഷ്ഠമാസത്തിലെയും വെളുത്ത പക്ഷ ഏകാദശി ഉദയം മുതൽ ഉദയം വരെ ആഹാരം വർജ്ജിച്ച് വ്രതം നോറ്റാൽ എല്ലാ ഏകാദശിയും അനുഷ്ഠിച്ച ഫലം ലഭിക്കും. ഇന്ദ്രിയ നിഗ്രഹത്തോടെ, ശ്രദ്ധയോടെ, ദാനധർമ്മാദികൾ നടത്തി വേണം വിഷ്ണുപൂജ ചെയ്യേണ്ടത്. ഇത് ഭഗവാൻ വിഷ്ണു തന്നെ തന്നോട് അരുളിച്ചെയ്തിട്ടുണ്ടെന്നും വ്യാസൻ വെളിപ്പെടുത്തി. അങ്ങനെ പാണ്ഡവരെല്ലാം അനുഷ്ഠിച്ച വ്രതമായതിനാൽ ഇതിന് പാണ്ഡെവ ഏകാദശി എന്നും പേരുണ്ട്.

സ്ത്രീപുരുഷ ഭേദമെന്യേ ആബാലവൃദ്ധം ജനങ്ങൾക്കും അനുഷ്ഠിക്കാവുന്ന വ്രതമാണ് ഏകാദശി. ഇഹലോകത്ത് സുഖവും പരലോകത്ത് മോക്ഷവുമാണ് ഈ വ്രതഫലം. ഏകാഗ്രതയോടെ വ്രതം നോറ്റാലേ പൂര്‍ണ ഫലം ലഭിക്കൂ. ജാതകവശാല്‍ വ്യാഴം ദുസ്ഥിതിയിൽ ഉള്ളവരും ദുരിത ദു:ഖങ്ങൾ നേരിടുന്നവരും ഏകാദശി വ്രതമെടുക്കണം.

ദശമി, ഏകാദശി, ദ്വാദശി തിഥികള്‍ വരുന്ന മൂന്ന് ദിവസമാണ് വ്രതാനുഷ്ഠാനം വേണ്ടത്. ഏകാദശിയുടെ തലേന്ന് ദശമി ദിവസം ഒരിക്കലൂണ്, ഏകാദശി ദിവസം പൂര്‍ണമായ ഉപവാസം ഇതാണ് വ്രതവിധി. ഇതിന് കഴിയാത്തവര്‍ പാൽ, പഴങ്ങൾ കഴിച്ച് വ്രതമെടുക്കണം. പകല്‍ ഉറങ്ങരുത്. ദുഷ്ട ചിന്തകള്‍ക്കൊന്നും മനസിൽ ഇടമുണ്ടാകരുത്. രാവിലെ കുളിച്ച ശേഷം വിഷ്ണു ഭഗവാനെ ധ്യാനിക്കണം. ഭഗവാന്റെ മൂലമന്ത്രമായ ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ എന്നിവയും വിഷ്ണുഗായത്രിയും അഷ്ടോത്തരവും ജപിക്കുകയും പറ്റുമെങ്കില്‍ വിഷ്ണു ക്ഷേത്രത്തില്‍ പോയി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷസൂക്തം തുടങ്ങിയവ കൊണ്ട് അർച്ചന കഴിപ്പിക്കുകയും വേണം. ഇത് സാമ്പത്തിക ശേഷിയുണ്ടെങ്കിൽ ചെയ്താൽ മതി. ഇതിനു പുറമെ എന്നും പ്രാർത്ഥനാവേളയിൽ വിഷ്ണു ഗായത്രി 9 തവണ ജപിച്ചാല്‍ ഐശ്വര്യവും സാമ്പത്തിക സമൃദ്ധിയും കുടുംബ സൗഖ്യവും ഉണ്ടാകും.

ഏകാദശി നാളിൽ തുളസിത്തറ നനയ്ക്കുന്നതും തുളസിക്ക് മൂന്ന് പ്രദക്ഷിണം വയ്ക്കുന്നതും ഭാഗവതം, നാരായണീയം, ഭഗവത് ഗീത തുടങ്ങിയവ പാരായണം ചെയ്യുന്നതും നല്ലതാണ്. സഹസ്രനാമം ചൊല്ലുന്നത് അത്യുത്തമം. ഹരിവാസര സമയമാണ് വിഷ്ണു നാമജപത്തിനു നല്ലത്. മെയ് 31 ബുധനാഴ്ച രാവിലെ
7:33 മുതൽ രാത്രി 7:40 വരെയാണ് ഹരിവാസരം. ദ്വാദശി ദിവസം രാവിലെ മലരും തുളസിയിലയുമിട്ട ജലം സേവിച്ച് പാരണവിടുക.

അഷ്ടാക്ഷരി മന്ത്രം
ഓം നമോ നാരായണായ

ദ്വാദശാക്ഷരി മന്ത്രം
ഓം നമോ ഭഗവതേ വാസുദേവായ

വിഷ്ണുഗായത്രി
ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത്

വിഷ്ണു അഷ്ടോത്തരം

ജ്യോതിഷരത്നം വേണുമഹാദേവ് :
+91 8921709017

Story Summary: Significance and Benefits of Nirjala Ekadeshi

error: Content is protected !!