Friday, 22 Nov 2024
AstroG.in

ഈ മന്ത്രം 48 തവണ ജപിച്ചാൽ ഭയം മാറി ധൈര്യം വരും

ആപത്തിൽ നിന്നും ഭയത്തിൽ നിന്നും മോചനം നേടാൻ ശിവപുത്രനും വായൂ പുത്രനും  ശ്രീരാമദാസനുമായ ശ്രീഹനുമാനെ ഭജിക്കുന്നപോലെ ഫലപ്രദമായ മറ്റൊരു മാർഗ്ഗമില്ല. എല്ലാക്കാര്യങ്ങളിൽ നിന്നും നമ്മെ പിന്നോട്ട് വലിച്ച് കർമ്മതടസവും ദുരിതവും സൃഷ്ടിക്കുന്ന ഭയമെന്ന ദുർവികാരത്തെ അതിജീവിച്ചാൽ മതി ജീവിതം ശോഭനമാകും. ഇതിന് സഹായിക്കുന്ന ഭയവും സംശയവും അകറ്റുന്ന ഒരു ഹനുമദ് മന്ത്രമുണ്ട്:

ഓം ഹം ഹം ഹം ആഞ്ജനേയായ ഹനുമതേ നമ: 

ഈ വിശിഷ്ട ഹനുമദ് മന്ത്രം 48 തവണ വീതം ദിവസവും രാവിലെയും വൈകിട്ടും പൂജാമുറിയിൽ വിളക്ക് കൊളുത്തിയിരുന്നോ ക്ഷേത്രത്തിൽ നിന്നോ  ജപിക്കുക. തികഞ്ഞ ഭക്തിയോടെ മന:ശുദ്ധിയോടെ നിരന്തരം ജപിച്ചാൽ ഭയം മാറും, ധൈര്യം ലഭിക്കും.

ഭഗവാൻ ശ്രീപരമേശ്വരന്റെ അനുഗ്രഹത്താലാണ് ഹനുമാന് കരുത്തും ധൈര്യവും ബലവും ലഭിച്ചത് . ഇക്കാര്യം ഹനുമാന്റെ അവതാര കഥയിൽ പറയുന്നുണ്ട്. ശിവപാർവതിമാർ വനത്തിൽ വാനരരൂപം ധരിച്ച് ഉല്ലസിച്ച  കാലത്ത് പാർവതി ഗർഭം ധരിച്ചു. തനിക്ക് ജനിക്കാൻ പോകുന്ന പുത്രന് വാനരരൂപമാകും എന്ന് ഓർത്തപ്പോൾ പാർവതിക്ക് വിഷമമായി. ദേവിയുടെ സങ്കടം മനസിലാക്കിയ ശ്രീപരമേശ്വരൻ പാർവതിയുടെ ഗർഭത്തെ വായുദേവന് നൽകി. വായുദേവൻ ആ ഗർഭത്തെ സംരക്ഷിച്ചു. 

പിന്നീട് കേസരി എന്ന വാനരവീരന്റെ പത്നി അഞ്ജനയുടെ  ഉദരത്തിൽ നിക്ഷേപിച്ചു. അഞ്ജന പ്രസവിച്ച പുത്രനാണ് ആഞ്ജനേയൻ. ശിവപുത്രനായ ഹനുമാനെ വായുദേവൻ ഉദരത്തിൽ സംരക്ഷിച്ചതുകൊണ്ട് വായുപുത്രനായി. ഹനുമാന്റെ മാതാവ് അഞ്ജനയ്ക്ക് ഒരു പൂർവചരിത്രമുണ്ട്: ദേവഗുരു  ബൃഹസ്പതിയുടെ ആശ്രമത്തിലെ ദാസിയായിരുന്നു  പുഞ്ജികസ്ഥല എന്ന വിദ്യാധരി. ഒരുനാൾ പൂക്കൾ പറിക്കാൻ പോയ അവൾ യുവതീ യുവാക്കളുടെ ശൃംഗാരചേഷ്ടകൾ കണ്ട് കാമമോഹിതയായി. ആശ്രമത്തിലെത്തിയ പുഞ്ജികസ്ഥല കാമപരവശയായി ബൃഹസ്പതിയെ ആലിംഗനം ചെയ്തു. ഇതിൽ  കുപിതനായ ബൃഹസ്പതി അവൾ ഒരു വാനരസ്ത്രിയായി തീരട്ടെ എന്ന് ശപിച്ചു. സങ്കടപ്പെട്ട് പുഞ്ജികസ്ഥല ശാപമോക്ഷത്തിന് യാചിച്ചു. ശിവചൈതന്യത്തിൽ ഒരു പുത്രൻ ജനിക്കുന്നതോടെ നിനക്ക് ശാപമോക്ഷം ലഭിക്കുമെന്ന് ബൃഹസ്പതി വരം നൽകി. 

അങ്ങനെ വാനര സ്ത്രീയായി  അഞ്ജന എന്ന പേരിൽ അവർ വനത്തിൽ കഴിഞ്ഞു. ഇക്കാലത്ത് കേസരി എന്ന വാനരവീരനെ വിവാഹം ചെയ്തു. ഉത്തമനായ പുത്രൻ ജനിക്കുന്നതിന്   അവർ ഇരുവരും വളരെക്കാലം  ശിവപൂജ ചെയ്തു. ഒടുവിൽ ശിവചൈതന്യം നിറഞ്ഞ ഗർഭത്തെ വായുദേവൻ അഞ്ജനയിൽ  എത്തിച്ചു. ഇക്കാര്യം  നാരദമുനിയിൽ നിന്നും വാനരരാജാവായ ബാലി അറിഞ്ഞു. അഞ്ജനയ്ക്ക് മഹാശക്തനായ ഒരു പുത്രൻ ജനിച്ചാൽ തന്റെ വാനരാധിപത്യം നഷ്ടപ്പെടുമോയെന്ന് ബാലി ഭയപ്പെട്ടു. അഞ്ജനയുടെ ഗർഭത്തെ നശിപ്പിക്കാൻ ബാലി പഞ്ചലോഹം ഉരുക്കി ജലരൂപത്തിലാക്കി അവളുടെ ഉദരത്തിലെത്തിച്ചു. എന്നാലത് അഞ്ജനയുടെ ഗർഭത്തെ നശിപ്പിച്ചില്ല. മാത്രമല്ല ആ പഞ്ചലോഹം ഗർഭസ്ഥ ശിശുവായ  ഹനുമാന്റെ കർണ്ണാഭരണങ്ങളായി.

ശിവപുത്രന് ജന്മം നൽകിയതോടെ അഞ്ജന ശാപമോചിതയായി. ഉദയസൂര്യനെപ്പോലെ പഴുത്തു നിൽക്കുന്ന പഴങ്ങൾ ഭക്ഷിച്ചുകൊള്ളാൻ മകനോട് പറഞ്ഞ് അഞ്ജന അന്തർദ്ധാനം ചെയ്തു. ആകാശത്ത് ഉദിച്ചവരുന്ന സൂര്യബിംബം കണ്ട് അത് തനിക്ക്  പഴമാണെന്ന് കരുതി ഹനുമാൻ സൂര്യന് നേരെ ചാടി. മാർഗ്ഗമധ്യത്തിൽ ദേവേന്ദ്രന്റെ  ആനയായ ഐരാവതം നിൽക്കുന്നത് കണ്ട് അതിനെ പിടികൂടാൻ നോക്കി. കുപിതനായ ദേവേന്ദ്രൻ  വാനരബാലന് നേരെ വജ്രായുധം പ്രയോഗിച്ചു. അതേറ്റ് വാനരബാലന്റെ ഹനുവിൽ അതായത്  താടിയിൽ മുറിവേറ്റു. അങ്ങനെ  ഹനുമാൻ എന്ന പേരു വന്നു.

തന്റെ പുത്രനെ ഇന്ദ്രൻ ഉപദ്രവിച്ചത് വായുദേവനെ കോപിഷ്ഠനാക്കി. മാരുതി ഉടൻ ഹനുമാനെയും കൊണ്ട് പാതാളത്തിലേക്ക് പോയി.വായുവിന്റെ അഭാവത്തിൽ ഭൂലോകവാസികൾക്ക്‌ ശ്വാസം മുട്ടി; അവർ മരിക്കുമെന്ന അവസ്ഥയായി. ബ്രഹ്മാദിദേവന്മാർ പാതാളത്തിൽ ചെന്ന്  വായുദേവനെ സാന്ത്വനപ്പെടുത്തി തിരികെ  കൊണ്ടുവന്നു. 

വായുദേവനെ പ്രീതിപ്പെടുത്താൻ ത്രിമൂർത്തികളും ദേവന്മാരും ഹനുമാന് ഓരോരോ വരങ്ങൾ നൽകി അനുഗ്രഹിച്ചു. ബ്രഹ്മമുള്ള കാലത്തോളം ആയുഷ്മാനായി കഴിയാൻ ബ്രഹ്മാവ് അനുഗ്രഹിച്ചു. അങ്ങനെ ഹനുമാൻ ചിരഞ്ജീവിയായി. അത്യന്തം ഭക്തനായി ആയുഷ്‌ക്കാലം കഴിയുന്നതിന് വിഷ്ണുഭഗവാൻ അനുഗ്രഹിച്ചു. വീര്യം, വിക്രമം എന്നിവക്കൊണ്ട് ലോകങ്ങൾ ജയിക്കാൻ ശ്രീപരമേശ്വരൻ പുത്രനെ അനുഗ്രഹിച്ചു.ഏതൊരു ആയുധം കൊണ്ടും ശരീരത്തിൽ മുറിവ് സംഭവിക്കില്ലെന്ന്  ഇന്ദ്രൻ വരം കൊടുത്തു. ഒരിക്കലും അഗ്‌നിദോഷം സംഭവിക്കില്ലെന്ന് അഗ്‌നിദേവനും ഒരിക്കലും മൃത്യു സംഭവിക്കില്ലെന്ന് യമനും ബലം, വേഗം എന്നിവയിൽ തുല്യനായി മറ്റാരും ഉണ്ടാകില്ലെന്ന് ദേവഗണങ്ങളും വരം നൽകി. 

ഇതിനുശേഷം കിരാതവേഷം പൂണ്ട് എത്തിയ മഹാദേവനിൽ നിന്നും ഹനുമാൻ ആയുധവിദ്യകൾ  സ്വന്തമാക്കി. സരസ്വതിയെ പ്രസാദിപ്പിച്ച്  ഹനുമാൻ സംഗീതം അഭ്യസിച്ചു. നാലു വേദങ്ങളും ആറ് ശാസ്ത്രങ്ങളും പഠിക്കുന്നതിന് സൂര്യനെ ഗുരുവായി വരിച്ചു. സൂര്യരഥത്തിന്റെ മുന്നിൽ പുറകോട്ട് സഞ്ചരിച്ച്  സകലവിദ്യകളും 60 നാഴികക്കൊണ്ട് അഭ്യസിച്ചു. പഠനത്തിൽ ഹനുമാൻ സ്വീകരിച്ച ശുഷ്‌കാന്തി ഗുരുദക്ഷിണയായി സൂര്യൻസ്വീകരിച്ചു. പക്ഷേ ഹനുമാൻ സമ്മതിച്ചില്ല.എങ്കിൽ തന്റെ പുത്രനായ സുഗ്രീവൻ കിഷ്‌കിന്ധിയിൽ വസിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മന്ത്രിയായിരിക്കാൻ പറഞ്ഞു. 
ഹനുമാൻ അതിന് സമ്മതിച്ചു. കിഷ്‌കിന്ധിയിൽ ചെന്ന് സുഗ്രീവന്റെ മന്ത്രിയായി. 

സീതയെ നഷ്ടപ്പെട്ട്‌ വനത്തിൽ സഞ്ചരിക്കുമ്പോഴാണ് ശ്രീരാമൻ ഹനുമാനെ കണ്ടുമുട്ടിയത്. രാമലക്ഷ്മണൻമാർ ആരാണെന്ന് അറിഞ്ഞുവരുന്നതിന് സുഗ്രീവൻ ഹനുമാനെ അയച്ചതായിരുന്നു. തുടർന്നുള്ള രാമായണകഥയിലെല്ലാം ഹനുമാന്റെ സാന്നിദ്ധ്യമുണ്ട്.
  

– സരസ്വതി ജെ.കുറുപ്പ്,      + 91 90745 80476

error: Content is protected !!