Friday, 22 Nov 2024
AstroG.in

ഈ മന്ത്രങ്ങൾ ജപിക്കൂ, നഷ്ടഭാഗ്യം തിരിച്ചെത്തും അപ്രതീക്ഷിത സാമ്പത്തിക നേട്ടമുണ്ടാകും

മംഗള ഗൗരി
ശ്രീഹരിവിഷ്ണുവിന്‍റെ ദശാവതാരങ്ങളിൽ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന് എട്ട് എന്ന സംഖ്യ വളരെ പ്രധാനമാണ്. ശ്രാവണ മാസത്തിലെ കറുത്തപക്ഷത്തിൽ എട്ടാമത്തെ തിഥിയിലാണ് ശ്രീകൃഷ്ണ അവതാരം സംഭവിച്ചത്. ഈ പുണ്യ ദിവസത്തെ ശ്രീകൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി എന്നെല്ലാമാണ്
അറിയപ്പെടുന്നത്. ദേവകിയുടെയും വസുദേവരുടയും എട്ടാമത്തെ പുത്രനായി അന്ന് ശ്രീകൃഷ്ണൻ അവതരിച്ച കാരാഗൃഹത്തിന് എട്ടു വാതിലുകൾ ഉണ്ടായിരുന്നത്രേ. അഷ്ട ഭാര്യമാരും 16000 ഗോപികമാരും ഭാര്യമാരായി ഉണ്ടായിരുന്നു. ഇങ്ങനെ വിവിധ കാരണങ്ങളാൽ എട്ട് സുപ്രധാനമായ ശ്രീകൃഷ്ണ ഭഗവാന്റെ അഷ്ട ഗോപാല മന്ത്രങ്ങൾക്കും ദിവ്യത്വം കല്പിക്കുന്നു.

ഈ എട്ടു ഗോപാല മന്ത്രങ്ങളും ജപിക്കുന്നത് നിത്യവും പതിവാക്കിയാൽ നഷ്ടമായ ഭാഗ്യങ്ങൾ തിരികെ എത്തും. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും സന്താനവും ദീർഘായുസും അഭീഷ്ടസിദ്ധിയും ജ്ഞാന വിജ്ഞാനവും വിദ്യാലാഭവും ചതുർവിധ പുരുഷാർത്ഥവും ലഭിക്കും. ഉറച്ച ഭക്തിയോടെയും വിശ്വാസത്തോടെയും ഈ മന്ത്രങ്ങൾ എന്നും ജപിച്ചാൽ ഫലം നിശ്ചയമാണ്. മാത്രമല്ല വളരെ വേഗത്തിൽ ഈ കൃഷ്ണമന്ത്രങ്ങള്‍ക്ക് ഫലസിദ്ധിയും ഉണ്ടാകും. എട്ടു ഗോപാല മന്ത്രങ്ങളും അവയുടെ ജപ ഫലവും :

ആയുർ ഗോപാലം ദീർഘായുസിന്

ദേവകീസുതഗോവിന്ദ
വാസുദേവ ജഗൽപതേ
ദേഹിമേ ശരണം കൃഷ്ണ
ത്വാമഹം ശരണം ഗത:

( ദേവകിയുടെയും വസുദേവരുടെയും പുത്രനും ഈ
ജഗത്തിന്റെ പതിയുമായ അല്ലയോ ഗോവിന്ദാ, കൃഷ്ണ!
ഭഗവാനെ ഞാൻ അവിടുത്തെ ശരണം പ്രാപിക്കുന്നു. എനിക്ക് അഭയം നൽകിയാലും.)

സന്താന ഗോപാലം സന്താനലബ്ധിക്ക്

ദേവകീസുത ഗോവിന്ദ
വാസുദേവ ജഗത്പതേ
ദേഹിമേ തനയം കൃഷ്ണ
ത്വാമഹം ശരണം ഗത:

(ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത് പതിയുമായ അല്ലയോ ഗോവിന്ദാ, കൃഷ്ണ! ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു. എനിക്ക് പുത്രനെ നൽകിയാലും.)

രാജഗോപാലം സമ്പൽസമൃദ്ധിക്ക്, വശ്യത്തിന്

കൃഷ്ണ കൃഷ്ണ മഹായോഗിൻ
ഭക്താ നാമഭയം കര
ഗോവിന്ദ പരമാനന്ദ
സർവ്വം മേ വശമാനായ

(മഹായോഗിയും ഭക്തന്മാർക്ക് അഭയം നൽകുന്നവനും ഗോവിന്ദനും പരമാനന്ദ രൂപിയുമായ അല്ലയോ കൃഷ്ണാ! എല്ലാം എനിക്ക് അധീനമാകട്ടെ.)

ദാശാക്ഷരീ ഗോപാലം അഭീഷ്ടസിദ്ധിക്ക്

ഗോപീജന വല്ലഭായ സ്വാഹ

(ഗോപീ ജനങ്ങളുടെ നാഥനായ ഭവനായിക്കൊണ്ട്
സമർപ്പണം)

വിദ്യാ രാജഗോപാലം വിദ്യാലാഭത്തിന്
കംസനെ നിഗ്രഹിച്ച് കഴിഞ്ഞ ശേഷം സാന്ദീപനി മുനിയുടെ ആശ്രമത്തിൽ വിദ്യാഭ്യാസത്തിനെത്തിയ രാമകൃഷ്ണന്മാർ 4 വേദവും 6 ശാസ്ത്രവും 18 പുരാണവും 64 കലകളും , ധനുർവേദവും, ആയോധന വിദ്യയും വെറും 64 ദിവസം കൊണ്ട് പഠിച്ചു. ഓരോ ശാസ്ത്രങ്ങളും മഹർഷി ഉപദേശിക്കേണ്ട താമസം
മാത്രം അവർ അവർ അത് ഗ്രഹിച്ചു. ഇതുകണ്ട് മുനി അത്ഭുതപ്പെട്ടു. ഗുരുദക്ഷിണയായി സമുദ്രത്തിൽ അന്തർദ്ധാനം ചെയ്ത തൻ്റെ മകനെ തിരികെ നൽകണമെന്ന് കൃഷ്ണനോട് യാചിച്ചു. ഭഗവാൻ
ദിവ്യശക്തിയാൽ ആ മകനെ വീണ്ടെടുത്ത് ഗുരുവിന്
നൽകി . ഇത്തരത്തിൽ എല്ലാ വിദ്യയുടെയും രാജനായി മാറിയപ്പോൾ സിദ്ധിച്ച നാമമാണ് വിദ്യാരാജഗോപാലൻ. പണ്ഡിതന്മാരുടെ ഉപാസനാമൂർത്തിയാണ് ഈ മന്ത്രം . ഗോപാലമന്ത്രങ്ങളിൽ രാജാവാണിത്.

കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
സർവജ്ഞ്ത്വം പ്രസീദമേ
രമാ രമണ വിശ്വേശ
വിദ്യാമാശു പ്രായച്ഛമേ

(പാപനാശിനിയും ലക്ഷ്മീപതിയും ലോകനാഥനും സർവജ്ഞനുമായ അല്ലയോ കൃഷ്ണാ എനിക്ക് അതി വേഗത്തിൽ വിദ്യ നൽകിയാലും.)

ഹയഗ്രീവ ഗോപാലം സർവവിജ്ഞാന ലബ്ധിക്ക്

ഉദ്ഗിരിത് പ്രണവോദ്ഗീത
സർവവാഗീശ്വരേശ്വര
സർവവേദമയ! ചിന്ത്യ!
സർവ്വം ബോധയ ബോധയ

(പ്രണവമാകുന്ന ഉദ്ഗീഥനം ഉരുവിട്ട് കൊണ്ടിരിക്കുന്നവനേ! എല്ലാ അറിവുകളുടെയും അധിപതേ! എല്ലാ വേദങ്ങളോടും കൂടിയവനേ! ധ്യാനിക്കേണ്ടവനേ! എല്ലാം എനിക്ക് മനസ്സിലാക്കി തരിക.)

മഹാബല ഗോപാലം ശക്തി വർദ്ധനവിന്

നമോ വിഷ്ണവേ സുരപതയേ
മഹാബലായ സ്വാഹ

(സുരപതിയും മഹാബല ശാലിയും ദേവ രാജാവുമായ വിഷ്ണുവിന് നമസ്കാരം സമർപ്പണം.)

ദ്വാദശാക്ഷര ഗോപാലം
ദ്വാദശാക്ഷര മന്ത്രം എന്ന പേരിലും പ്രസിദ്ധമായ മന്ത്രമാണ്. ശ്രീകൃഷ്ണ പ്രീതിക്കും വിഷ്ണു പ്രീതിക്കും ഭക്തർ ധാരാളമായി ജപിക്കുന്ന മന്ത്രമാണിത്. ചതുർവിധ പുരുഷാർത്ഥ ലബ്ധിയാണ് ഈ മന്ത്രത്തിന്റെ ജപ ഫലം :

ഓം നമോ ഭഗവതേ വാസുദേവായ

(ഭഗവാൻ ശ്രീ കൃഷ്ണനെ നമസ്കരിക്കുന്നു.)

Story Summary: Significance of Gopala Mantras

error: Content is protected !!