Friday, 22 Nov 2024
AstroG.in

ഈ മന്ത്രങ്ങൾ ജപിച്ചാൽ ആർക്കും ധനികരാകാം

സമ്പത്തിന്റെ ദേവനാണ് കുബേരൻ. വടക്ക് ദിക്കിന്റെ അധിപതിയായും ലോകപാലകനായും പുരാണങ്ങൾ വാഴ്ത്തുന്ന കുബേരനാണ് ധനം തരുകയും നിലനിറുത്തുകയും വർദ്ധിപ്പിക്കുകയും ചെയ്യുന്നതെന്ന് വിശ്വസിക്കുന്നു.

പുലസ്ത്യമഹർഷിയുടെ പുത്രൻ വിശ്രവസ്സിന്റെയും ഭരദ്വാജമഹർഷിയുടെ പുത്രി ദേവവർണ്ണിയുടെയും മകൻ വിശ്രവസ്സിന്റെ മകനായതിനാൽ വൈശ്രവണൻ എന്നും കുബേരൻ അറിയപ്പെടുന്നു. അസുരന്മാർ ഉപേക്ഷിച്ച ലങ്കാനഗരം കുബേരന്ലഭിച്ചത് ബ്രഹ്മാവിന്റെ അനുഗ്രഹം  കാരണമാണ്. പിന്നീട് സഹോദരനായ രാക്ഷസരാജൻ രാവണനുമായുണ്ടായ കലഹത്തെ തുടർന്ന് ലങ്കയും പുഷ്പകവിമാനവും കുബേരന്  നഷ്ടമായി. അതിനു ശേഷം ശ്രീപരമേശ്വരന്റെ അനുഗ്രഹം നേടി കൈലാസത്തിനടുത്ത്  അളകാപുരി എന്ന നഗരം സൃഷ്ടിച്ച് സമ്പത്തിന്റെ ദേവനായി വാഴുന്നു. അതു കൊണ്ടാണ് കുബേരനെ പൂജിക്കുന്നവർ ശിവനെയും പ്രീതിപ്പെടുത്തണം എന്ന് പറയുന്നത്. കുബേരമന്ത്രം ജപിക്കുന്നതിനു മുമ്പ് ഓം നമ:ശിവായ മന്ത്രം 108 പ്രാവശ്യം ജപിക്കണം.  ശിവ പ്രീതി ലഭിക്കാത്തവർക്ക് കുബേരമന്ത്രങ്ങൾ ഫലിക്കില്ല. 

ധനം ലഭിക്കാനും ധനം വര്‍ദ്ധിക്കാനും ദാരിദ്ര്യം മാറുന്നതിനും ഇനി പറയുന്ന വൈശ്രവണ മന്ത്രങ്ങൾ ഗുണകരമാണ്. ജപദിനങ്ങൾ
പൗർണ്ണമി, വെള്ളിയാഴ്ച, തിങ്കളാഴ്ച, നവമി, പഞ്ചമി എന്നീ ദിവസങ്ങൾ കുബേര പ്രാർത്ഥനയ്ക്ക് പ്രാധാന്യമുള്ളതാണ്.  ജപാരംഭത്തിനുംഈ ദിവസങ്ങൾ ഉത്തമമാണ്. വെളുത്ത വസ്ത്രം ധരിച്ച് ജപിക്കുന്നതാണ് നല്ലതാണ്.കുബേരമന്ത്രം ജപിക്കുന്നവർക്ക് ശുദ്ധി അത്യാവശ്യമാണ്.  വൃത്തിയുള്ള വസ്ത്രം ധരിച്ച്  വളരെ ശുദ്ധമായ സ്ഥലത്തിരുന്ന് ജപിക്കണം.കുബേരമന്ത്രം ജപിക്കുന്ന വ്യക്തിയെ ദാരിദ്ര്യം ബാധിക്കില്ല. എത്ര ദാരിദ്രാവസ്ഥയിൽ കഴിയുന്നവർക്കും ധനികരാകാം. മന്ത്രോപദേശം വ്രതനിഷ്ഠ എന്നിവ നിർബന്ധമില്ല. നെയ്‌വിളക്ക് കൊളുത്തി വച്ച് പ്രാർത്ഥിക്കണം.. (സംശയ നിവാരണത്തിന് ലേഖകനെ നേരിട്ട് വിളിക്കാം.) 

കുബേര മന്ത്രം

ഓം യക്ഷായ കുബേരായ നമ: 
(144 വീതം 2 നേരം ചൊല്ലുക.) 

വൈശ്രവണമഹാമന്ത്രം

ഓം യക്ഷായ കുബേരായ
വൈശ്രവണായ
ധനധാന്യാധിപതയേ
ധനധാന്യരത്‌നസമൃദ്ധിം മേ
ദേഹി ദദാപയ സ്വാഹാ

(64 വീതം നിത്യവും ചൊല്ലുക.) 

കുബേരഭാഗ്യമന്ത്രം
ഓം നമോ ഭഗവതേ
വൈശ്രവണായ
ധനാധിപതയേ ശ്രീം
ശിവഭക്തായ ഐശ്വര്യദായകായ 

ധനാർജ്ജവ
സ്വരൂപിണേ
ധനദായ ശ്രീം
വിശ്വമോഹായ മോദായ 

പരമാത്മനേ കുബേരായ നമ: 

(28 വീതം  2 നേരം ചൊല്ലുക.) 

– പുതുമന മഹേശ്വരൻ നമ്പൂതിരി   

+ 91 94-470-20655

( ഈശ്വര ചിന്ത പോലെ  പുണ്യകരമാണ് ഈശ്വര കഥകളും ആരാധനാ രീതികളും ദുരിതമോചനത്തിനുള്ള  മാർഗ്ഗങ്ങളും കഴിയുന്നത്ര ആളുകൾക്ക് പകർന്നു നൽകുന്നത്. വിഷമിക്കുന്നവരുടെ കണ്ണീരൊപ്പുന്നത് പോലെ സൽക്കർമ്മം വേറെയില്ല. അതിന് ഉപകരിക്കുന്ന ഈ ലേഖനം നിങ്ങൾ പ്രിയപ്പെട്ടവർക്കെല്ലാം പങ്കിട്ട്  ഈശ്വരാനുഗ്രഹം നേടുക )   

error: Content is protected !!