Monday, 23 Sep 2024
AstroG.in

ഈ വഴിപാട് നടത്തിയാൽ അതിവേഗം ദുരിതങ്ങളും ദോഷങ്ങളും മാറ്റാം

പുതുമന മഹേശ്വരൻ നമ്പൂതിരി
ശിവന് ഏറ്റവും പ്രിയങ്കരമായ വഴിപാടാണ് ധാര. ഇഷ്ടകാര്യസിദ്ധിക്കും പാപമോചനത്തിനും ഭഗവാന് സമർപ്പിക്കാവുന്ന ഏറ്റവും പ്രധാന വഴിപാടുമാണിത്. ധാരക്കിടാരം എന്ന ഒരു പ്രത്യേക പാത്രത്തിൽ ജലം പൂജിച്ച് ഒഴിച്ച് കർമ്മി ജലത്തിൽ ദർഭ കൊണ്ട് തൊട്ട് മന്ത്രങ്ങൾ ജപിക്കുന്നു. ഈ സമയം മുഴുവനും ഈ പാത്രത്തിന്റെ അടിയിലുള്ള ദ്വാരത്തിലൂടെയും കൂർച്ചത്തിലൂടെയും ശിവലിംഗത്തിൽ ജലം ധാരയായി, ഇടമുറിയാതെ വീഴുന്നു. ഇതാണ് സമ്പ്രദായം. ഇതിന് സമർപ്പിക്കുന്ന ദ്രവ്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത ഫലങ്ങളും കണക്കാക്കുന്നു. പൊതുവേ എല്ലാത്തരം ദുരിതങ്ങളും ദോഷങ്ങളും മാറുന്നതിന് ശിവന് ജലധാര നടത്തുന്നത് നല്ലതാണ്.

ക്ഷേത്രത്തിൽ ധാര അഭിഷേകത്തിന്റെ ഭാഗമായാണ് നടത്തുന്നത്. രാവിലെയാണ് ഇതിന് ഉത്തമ സമയം. ചില പ്രത്യേക സന്ദർഭങ്ങളിൽ വൈകുന്നേരവും ധാര നടത്താറുണ്ട്. പ്രദോഷ ദിവസം സന്ധ്യയ്ക്ക് പ്രദോഷ പൂജയുടെ കൂടെ അഭിഷേകങ്ങൾ നടത്തുന്ന കൂട്ടത്തിലും ധാര നടത്താം. സാധാരണ ദിവസങ്ങളിൽ വൈകുന്നേരം അഭിഷേകം ഇല്ലാത്തത് കൊണ്ട് രാവിലത്തെ അഭിഷേകം കഴിഞ്ഞതിന് ശേഷം രാവിലെ നടത്തുന്ന പൂജകളുടെ ഭാഗമായി ധാര നടത്തുകയാണ് പതിവ്.

വഴിപാടായി ധാര പല തരത്തിൽ നടത്താം. പ്രത്യേക കാര്യസിദ്ധിക്ക് ധാര ഏഴു പ്രാവശ്യമായിട്ടോ പന്ത്രണ്ട് പ്രാവശ്യമായിട്ടോ ചെയ്യാം. ഇങ്ങനെ നടത്തുമ്പോൾ തിങ്കളാഴ്ച ദിവസങ്ങളിലോ മാസത്തിൽ ഒന്നു വീതമോ ചെയ്യാം. മാസത്തിൽ ഒന്നാണെങ്കിൽ ജന്മ നാൾ ദിവസം ചെയ്യുന്നതാണ് ഏറ്റവും നല്ലത്.

വിവാഹ തടസങ്ങൾ മാറുന്നതിന് പനിനീരു കൊണ്ട് അല്ലെങ്കിൽ അഷ്ടഗന്ധം കൊണ്ട് ധാര നടത്തുന്നത് നല്ലതാണ്. 8 ഔഷധക്കൂട്ട് കൊണ്ട് ഉണ്ടാക്കുന്നതാണ് അഷ്ടഗന്ധം. ഇതിന്റെ പൊടി ജലത്തിലിട്ടാണ് അഷ്ടഗന്ധ ധാര നടത്തുന്നത്. ശനിദോഷം മാറ്റാനും ജലധാര ഉത്തമമാണ്. ജീവിതത്തിൽ ദുരിതം, അലച്ചിൽ, കഷ്ടപ്പാടുകൾ എന്നിവയുണ്ടാകുകയാണ് ശനി കാരണം പ്രധാനമായും സംഭവിക്കുന്ന വിഷമതകൾ. ഇത്തരം കാര്യങ്ങൾക്ക് പരിഹാരമാണ് ശിവഭഗവാന് ജലധാര നടത്തുന്നത്.

ശിവൻ അഭിഷേകപ്രിയനായ മൂർത്തിയായതു കൊണ്ട് എത്ര മാത്രം ധാര സാധ്യമാകുമോ അത്രമാത്രം നല്ലത് എന്ന് കരുതാം. ഇഷ്ട കാര്യസിദ്ധിക്കും രോഗദുരിതങ്ങൾ ശമിക്കുന്നതിനും 101 കുടം ധാര ചെയ്യാറുണ്ട്. 101 കുടം നേരിട്ട് വിഗ്രഹത്തിൽ അഭിഷേകം ചെയ്യുകയോ അല്ലെങ്കിൽ 101 കുടം കൊണ്ട് ധാരയോ ചെയ്യുകയോ ആണ് പതിവ്. പ്രധാന ശിവ ക്ഷേത്രങ്ങളിലെല്ലാം തന്നെ 101 കുടം,1001 കുടം ഇപ്രകാരം അഭിഷേകങ്ങളോ ധാരയോ പതിവുണ്ട്. ധാരയാകുമ്പോൾ അതിന് വളരെയേറെ സമയം വേണം അതിനാൽ കൂടുതലും അഭിഷേകമാണ് ചെയ്യാറുള്ളത്. എല്ലാ വിധത്തിലുള്ള ഐശ്വര്യത്തിനായി ചെയ്യുന്ന കാര്യമെന്ന് ക്ഷേത്രങ്ങളിൽ പതിവുള്ള ധാരയെ കണക്കാക്കാം.

പുതുമന മഹേശ്വരൻ നമ്പൂതിരി

Story Summary: Significance and Benefits of Jaladhara


error: Content is protected !!