Friday, 22 Nov 2024
AstroG.in

ഈ വെള്ളി, ശനി, ഞായർ പുണ്യദിനങ്ങൾ; പ്രാർത്ഥിച്ചാൽ സർവ്വ സൗഭാഗ്യം

ജോതിഷരത്നം വേണുമഹാദേവ്
ഈശ്വരോപാസനയിലൂടെ എല്ലാ ദുഃഖദുരിതങ്ങളും പരിഹരിക്കാൻ സഹായിക്കുന്ന ഏറ്റവും പുണ്യകരമായ 3 ദിവസങ്ങൾ ഈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തുടർച്ചയായി വരുന്നു. സ്വർഗ്ഗവാതിൽ ഏകാദശി, മണ്ഡല പൂജ, ഗുരുവായൂർ കളഭാട്ടം, പ്രദോഷവ്രതം എന്നിവയാണ് തുടർച്ചയായ ദിവസങ്ങളിൽ വരുന്നത്. ഡിസംബർ 25 വെള്ളിയാഴ്ചയാണ് സ്വർഗ്ഗവാതിൽ ഏകാദശി. 26 ന് മണ്ഡലപൂജയും ഗുരുവായൂർ കളഭാട്ടവും നടക്കും. ഞായറാഴ്ച 27 നാണ് പ്രദോഷ വ്രതം. ഈ ദിവസങ്ങളിലെ വ്രതവും ക്ഷേത്ര ദർശനവും വഴിപാടുകളുമെല്ലാം അതീവ പുണ്യകരമാണ്.

മഹാവിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ട ദിവസമാണ് ഏകാദശി. അതിൽതന്നെ ഏറ്റവും വിശേഷമാണ് ധനുമാസത്തിലെ സ്വർഗ്ഗവാതിൽ ഏകാദശി. എല്ലാ മാസവും വെളുത്ത പക്ഷത്തിലും കറുത്തപക്ഷത്തിലും ഏകാദശി ഉണ്ടാകും. സൂര്യോദയത്തിൽ ദശമി ബന്ധമുള്ള ഏകാദശി ഭൂരിപക്ഷ ഏകാദശിയാണ്. ദ്വാദശി ബന്ധമുള്ള ഏകാദശി ആനന്ദപക്ഷ ഏകാദശി. ധനുമാസത്തിലെ വെളുത്തപക്ഷ ഏകാദശിയെ വൈകുണ്ഠ ഏകാദശി, മോക്ഷദ ഏകാദശി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു.

ഈ ദിവസം വ്രതമെടുക്കുന്നതും വിഷ്ണു ക്ഷേത്ര ദർശനം നടത്തുന്നതും ആഗ്രഹലബ്ധിക്കും പാപശമനത്തിനും ശ്രേഷ്ഠമാണ്. ദാനധർമ്മാദികൾക്കും സ്വർഗ്ഗവാതിൽ ഏകാദശി നല്ലതാണ്. ഈ ദിവസം ദാനം ചെയ്താൽ കോടി പുണ്യം ലഭിക്കും. ഒരോ വസ്തുക്കൾ ദാനം ചെയ്യുന്നതിനും വ്യത്യസ്ത ഫലമാണ്. ഭക്ഷണവും മധുരവും ദാനം ചെയ്താൽ അഗ്രഹലബ്ധിയുണ്ടാകും. വസ്ത്രദാനം സർവ്വ ഐശ്വര്യലബ്ധിക്ക് ഉപകരിക്കും. എള്ളെണ്ണ പിതൃദോഷശമനമേകും. സ്വർണ്ണദാനം പാപദുരിതമോചനവും, വെള്ളി ദാനം രോഗശാന്തിയും നൽകും. ഏകാദശി വ്രതമെടുത്താൽ മന:ശാന്തി, ഐശ്വര്യം, ആയുരാരോഗ്യം എന്നിവയാണ് ഫലം.

3 ദിവസമാണ് ഏകാദശി വ്രതം. തലേന്നും പിറ്റേന്നും ഒരിക്കലും ഏകാദശി ദിവസം ഉപവാസം അല്ലെങ്കിൽ ഫലമൂലാദി ഭക്ഷണവുമാണ് വ്രത്രനിഷ്ഠ. വിഷ്ണു മന്ത്രങ്ങൾ കഴിയുന്നത്ര ജപിക്കണം – പ്രത്യേകിച്ച് ഏകാദശിയും ദ്വാദശിയും സന്ധിക്കുന്ന ഹരിവാസര സമയത്ത് അഖണ്ഡനാമജപം ഉത്തമമാണ്.
വൃശ്ചികം ഒന്നിന് തുടങ്ങിയ 41 ദിവസത്തെ മണ്ഡല വ്രതസമാപ്തി കുറിക്കുന്ന പുണ്യ ദിനത്തിലാണ് ശബരിമല മണ്ഡലപൂജ. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും കൊണ്ടുവരുന്ന തിരുവിതാംകൂർ മഹാരാജാവിന്റെ നേർച്ചയായ തങ്ക അങ്കി ചാർത്തി ശബരിഗിരീശൻ ഭക്തർക്ക് ദർശനം നൽകുന്ന ദീപാരാധനയാണ് മണ്ഡല പൂജ. ശബരിമലയിൽ മാത്രമല്ല നാടെങ്ങും ക്ഷേത്രങ്ങളിൽ മണ്ഡല കാല സമാപ്തി അതിവിശേഷമാണ്. ഗുരുവായൂരപ്പന്റെ ഇഷ്ട വഴിപാടായ കളഭാഭിഷേകം നടക്കുന്ന പുണ്യ ദിനവുമാണിത്. തന്ത്രിയുടെ കാർമ്മികത്വത്തിൽ കണ്ണന് സമർപ്പിക്കുന്ന കളഭാട്ടം തൊഴുതാൽ സർവ്വ സൗഭാഗ്യവും സിദ്ധിക്കും. കോവിഡ് മഹാമാരി കാരണം ഇത്തവണ ശബരിമലയിലും ഗുരുവായൂരിലും ദർശനത്തിന്റ നിയന്ത്രണം ഉണ്ട് .

ഡിസംബർ 27 ഞായറാഴ്ചയാണ് പ്രദോഷപൂജ. ഭക്തരെ ഗ്രഹദോഷങ്ങളിൽ നിന്നും രക്ഷിക്കുന്നതിന് പ്രദോഷ ദിനത്തിൽ ശിവനെ വണങ്ങുന്നത് ഏറ്റവും നല്ലതാണ്. പ്രദോഷ വ്രതത്തിനും വഴിപാടിനും ശനിഗ്രഹദോഷം അകറ്റാനുള്ള അപാരമായ ശക്തി വിശേഷമുണ്ട്. രാവിലെ കുളിച്ച് ശുദ്ധമായി പൂജാമുറിയിൽ വിളക്ക് കത്തിച്ച് പ്രാർത്ഥിക്കണം.

പകൽ ഉപവാസിക്കുകയോ പാലോ പഴച്ചാറോ മാത്രം കഴിച്ച് വ്രതമെടുക്കുകയോ ചെയ്യാം. വൈകുന്നേരം പരമേശ്വരനെ പ്രാർത്ഥിച്ച് പ്രദോഷസമയത്ത് സമീപമുള്ള ശിവക്ഷേത്രത്തിൽ ശിവദർശനം നടത്തി അവിടെ നിന്ന് നല്കുന്ന ഭക്ഷണം കഴിച്ച് വ്രതം അവസാനിപ്പിക്കാം.

ജോതിഷരത്നം വേണുമഹാദേവ്, +91 984 747 5559

error: Content is protected !!