Sunday, 24 Nov 2024
AstroG.in

ഈ വ്യാഴവും വെള്ളിയും ആയില്യം, പഞ്ചമി; നാഗോപാസനയ്ക്ക് അതിവിശേഷം

മംഗള ഗൗരി

നാഗദേവതകൾക്ക് ഏറെ പ്രാധാന്യമുള്ള ദിനങ്ങളാണ്
എല്ലാ മാസത്തിലെയും ആയില്യം നക്ഷത്രവും കറുത്ത വാവ് കഴിഞ്ഞുള്ള പഞ്ചമി തിഥിയും. ഈ ദിനങ്ങളിൽ
നടത്തുന്ന സർപ്പദോഷ പരിഹാര കർമ്മങ്ങൾക്ക് വേഗം
ഫലസിദ്ധി ലഭിക്കും. ഈ മിഥുന മാസത്തെ ആയില്യം നക്ഷത്രം ജൂൺ 22 വ്യാഴാഴ്ചയും വെളുത്തപക്ഷത്തിലെ പഞ്ചമി തിഥി 23 വെള്ളിയാഴ്ചയുമാണ്.

ജീവിതത്തിൽ നേരിടുന്ന എല്ലാവിധ സങ്കടങ്ങളും
ദോഷദുരിതങ്ങളും പരിഹരിക്കാൻ ആയില്യം നാളിലോ
പഞ്ചമി തിഥിയിലോ ആയില്യ പൂജയും നൂറും പാലും മറ്റും
നാഗസന്നിധികളിൽ നടത്തണം. ആയുരാരോഗ്യത്തിനും
സമ്പദ് സമൃദ്ധിക്കും മന:സമാധാനമുള്ള ജീവിതത്തിനും
സന്താന സൗഭാഗ്യത്തിനും സന്താന ദുരിതമോചനത്തിനും
നാഗാരാധന പോലെ ഫലപ്രദമായ മറ്റൊരു ആരാധനാ സമ്പ്രദായമില്ല.

വർഷന്തോറും ഒരിക്കലെങ്കിലും കുടുംബക്ഷേത്രത്തിലോ നാഗക്ഷേത്രത്തിലോ ആയില്യ പൂജ നടത്തിയാൽ
ജീവിതത്തിൽ പുരോഗതിയും ഉദ്ദിഷ്ടകാര്യസിദ്ധിയും
ലഭിക്കും. നാഗക്ഷേത്രത്തിൽ മൂന്ന് തവണ തുടർച്ചയായി
ആയില്യപൂജ നടത്തിയാൽ സർവാഭീഷ്ടസിദ്ധി ലഭിക്കും.
നാഗത്താന്മാരെ മന‌സിൽ ധ്യാനിച്ച് ഈ മൂന്ന് പൂജകളും അനുഷ്ഠിക്കുമ്പോൾ വിഘ്‌നങ്ങൾ അകന്ന് ഫലസിദ്ധി കൈവരും.

സർപ്പദോഷപരിഹാരമായി നടത്തുന്ന വഴിപാടുകളുടെ സമാപനപൂജ അതാതു മാസത്തെ ആയില്യം നാളിലാണ്. മംഗല്യഭാഗ്യം, അഭീഷ്ടസിദ്ധി, സന്താനലബ്ധി ഐശ്വര്യം എന്നിവയ്ക്ക് പ്രാർത്ഥിക്കാൻ മാസം തോറും ആയില്യ പൂജയ്ക്ക് എല്ലാ നാഗാരാധനാലയങ്ങളിലും ധാരാളം ഭക്തർ എത്തുന്നു.

രോഗശാന്തിക്ക് പ്രത്യേകിച്ച് ത്വക് രോഗശമനത്തിനും
മാനസിക പ്രയാസങ്ങൾ അകലുന്നതിനും വിദ്യാഭ്യാസ
സംബന്ധമായ തടസങ്ങൾ മാറുന്നതിനും മംഗല്യദോഷ
നിവാരണത്തിനും കുടുംബ കലഹം ഒഴിയുന്നതിനും
ഉദ്യോഗ സംബന്ധമായ തടസങ്ങൾ അകറ്റുന്നതിനും സാമ്പത്തിക ക്ലേശം പരിഹരിക്കുന്നതിനും ശത്രുദോഷ ശാന്തിക്കും മാസന്തോറും ആയില്യത്തിന് ക്ഷേത്രങ്ങളിൽ ആയില്യപൂജ നടത്താവുന്നതാണ്. ജാതകത്തിലെ രാഹു ദോഷം മാറുന്നതിനും അത്യുത്തമമാണിത്.

നാഗദൈവങ്ങൾക്ക് പൊതുവേ എല്ലാവരും ചെയ്യുന്ന വഴിപാടാണ് നൂറും പാലും. മഞ്ഞൾപ്പൊടി, അരിപ്പൊടി, പശുവിൻപാൽ, കരിക്കിൻവെള്ളം എന്നിവ ചേർത്ത മിശ്രിതമാണിത്. നൂറുംപാലും സമർപ്പിക്കുന്നതിന് നാഗരൂട്ട് എന്നാണ് പേര്. സർപ്പഊട്ട് എന്നും ആയില്യമൂട്ട് എന്നും പറയും. കളം വരച്ച് നാഗപ്രതിഷ്ഠ കഴുകി തുടച്ച് ശുദ്ധമാക്കി പുണ്യാഹശുദ്ധി നടത്തി എണ്ണ, പാൽ, കരിക്ക് എന്നിവയാൽ പ്രതിഷ്ഠയിൽ അഭിഷേകം ചെയ്ത് കമുകിൻ പൂക്കുല, മഞ്ഞൾപ്പൊടി, മാല എന്നിവ കൊണ്ട് അലങ്കരിച്ച് നൂറുംപാലും തർപ്പിക്കാം. എല്ലാ മാസവും ആയില്യത്തിന് സർപ്പ സന്നിധികളിലെല്ലാം നൂറുംപാലും നേദിക്കാറുണ്ട്.

സർപ്പബലിയാണ് നാഗപ്രീതി നേടുന്നതിനുള്ള മറ്റൊരു
സുപ്രധാന മാർഗ്ഗം. ചെലവേറിയ ദോഷപരിഹാരകർമ്മം
ആയതിനാൽ അപൂർവ്വമായാണ് ഇത് നടത്തുന്നത്. സർപ്പപ്രതിഷ്ഠ കഴിഞ്ഞാൽ അന്നുതന്നെ സർപ്പബലി നടത്തുകയാണ് പതിവ്. നാഗാരാധനാകേന്ദ്രങ്ങളിലും മറ്റും സർപ്പബലി നടത്തുന്നത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തായിരിക്കും. സർപ്പബലിപ്പുര എന്നാണ് ഇതിന് പറയുന്നത്. സർപ്പബലി കഴിഞ്ഞാൽ ഉടൻ തന്നെ സർപ്പബലിപ്പുര അടയ്ക്കും. പിറ്റേദിവസം രാവിലെ മാത്രമേ തുറക്കൂ. ഈ സമയത്താണ് സർപ്പങ്ങൾ വന്ന് ബലി സ്വീകരിക്കുന്നത്. ഭക്തർ അത് കാണാൻ പാടില്ല.
സര്‍പ്പഹിംസ നടത്തുക, സര്‍പ്പസ്ഥാനം നശിപ്പിക്കുക, അശുദ്ധമാക്കുക തുടങ്ങിയ ചെയ്തികള്‍ മൂലം ഉണ്ടായ സര്‍പ്പശാപം പരിഹരിക്കാനും സർപ്പബലി നടത്താറുണ്ട്.

നാഗശാപം മൂലം കഷ്ടപ്പെടുന്നവര്‍ ആയില്യത്തിന് വ്രതമെടുത്ത് നാഗക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തണം. അഭിഷേകത്തിന് പാലും മഞ്ഞള്‍പ്പൊടിയും നല്കുന്നതും, നിവേദിക്കുന്നതിന് പാലും, പഴവും, കരിക്കും തേനും സമർപ്പിക്കുന്നതും നാഗശാപമകറ്റും. കദളിപ്പഴം, ശർക്കര, വെള്ളച്ചോറ്, പാൽ പായസം, തെരളി, അപ്പം, അട എന്നിവയാണ് നാഗക്ഷേത്രങ്ങളിലെ മുഖ്യ നിവേദ്യങ്ങൾ.

തിരുവാതിര, ചോതി, ചതയം നക്ഷത്രജാതരുടെ നക്ഷത്രാധിപൻ രാഹു ആയതിനാൽ ഇവർ പതിവായി സർപ്പപ്രീതി വരുത്തുന്നത് നല്ലതാണ്. രോഹിണി, അത്തം, തിരുവോണം, ഭരണി, പൂരം, പൂരാടം, ആയില്യം, തൃക്കേട്ട, രേവതി നക്ഷത്രക്കാർ രാഹുദശയിൽ സർപ്പപ്രീതിക്ക് വേണ്ടത് ചെയ്യണം. ആയില്യ ദിവസം വ്രതമെടുക്കുന്നത് നാഗശാപം അകറ്റും. വ്രതദിവസം ഉപവാസമോ, ഒരിക്കലൂണോ ആകാം. 12 ആയില്യം നാളില്‍ വ്രതം സ്വീകരിച്ചാല്‍ നാഗശാപം മൂലമുള്ള രോഗദുരിതങ്ങള്‍ക്ക് ശമനമുണ്ടാകും. ആയില്യ ദിവസം പഞ്ചാക്ഷരമന്ത്രം, ഓം നമഃ ശിവായ 108 തവണയും ഇനി പറയുന്ന 8 മന്ത്രങ്ങള്‍ 12 പ്രാവശ്യം വീതവും ജപിക്കണം. എല്ലാ സർപ്പദോഷവും അകലും.

അഷ്ടനാഗ മന്ത്രം
ഓം അനന്തായ നമഃ
ഓം വാസുകയേ നമഃ
ഓം തക്ഷകായ നമഃ
ഓം കാര്‍ക്കോടകായ നമഃ
ഓം ഗുളികായ നമഃ
ഓം പത്മായ നമഃ
ഓം മഹാപത്മായ നമഃ
ഓം ശംഖപാലായ നമഃ

മൂലമന്ത്രങ്ങൾ
1
നാഗരാജാവ്
ഓം നമ: കാമരൂപിണേ മഹാബലായ
നാഗാധിപതയേ നമഃ
2
നാഗയക്ഷി
ഓം വിനയാ തനയേ വിശ്വനാഗേശ്വരി ക്ലീം
നാഗയക്ഷീ യക്ഷിണീ സ്വാഹാ നമഃ

നാഗരാജ ഗായത്രി
ഓം സർപ്പ രാജായ വിദ്മഹെ
പത്മ ഹസ്തായ ധീമഹി
തന്നോ വാസുകി പ്രചോദയാത്


error: Content is protected !!