ഈ ശനിയാഴ്ച ഒരു അപൂർവ്വ പുണ്യദിനം
ഈ മാർച്ച് 7 ശനിയാഴ്ച ഏറെ വിശിഷ്ടമായ ഒരു പുണ്യദിവസമാണ്. പ്രദോഷവും ശനിയാഴ്ചയും ആയില്യവും ഒന്നിച്ചു വരുന്ന ഈ ദിവസം ശിവന്റെയും ശാസ്താവിന്റെയും നാഗദേവതകളുടെയും പ്രീതി നേടാൻ വ്രതമെടുക്കുന്നതിനും അനുഷ്ഠാനങ്ങൾക്കും വഴിപാടുകൾ നടത്തുന്നതിനും ഉത്തമമാണ്.
പ്രദോഷവും ആയില്യവും ഒത്തു ചേർന്നു വരുന്നത് മാത്രമല്ല അന്ന് ശനിയാഴ്ചയും ആകുന്നതാണ് അതിവിശേഷത്തിന് കാരണം. പ്രദോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ശനി പ്രദോഷം. പാപശമനത്തിനും ശനി ദോഷശാന്തിക്കും ആഗ്രഹ സാഫല്യത്തിനും ശനി പ്രദോഷ വ്രതം എടുക്കുന്നത് പോലെ ഉത്തമമായ മറ്റൊരു വ്രതമില്ല. അതു പോലെ രാഹുദോഷശാന്തിക്കും നാഗദോഷ പരിഹാരത്തിനും ആയില്യവ്രതം പോലെ അനുയോജ്യമായ മറ്റൊരു വ്രതമില്ല. ശിവൻ ശങ്കരാഭരണനാണ്. അതിനാൽ പ്രദോഷ ദിനത്തിൽ നാഗപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് വളരെ നല്ലതാണ്.
ശനിദോഷങ്ങളും നാഗദോഷങ്ങളും മറ്റുതരത്തിലുള്ള ദുരിതങ്ങളും അനുഭവിക്കുന്നവർ ഈ അപൂർവദിനത്തിൽ പകൽ പൂർണ്ണ ഉപവാസമോ ഒരിക്കൽ ഊണോ അനുഷ്ഠിച്ച് വ്രതമെടുക്കണം. രാവിലെ നാഗ സന്നിധിയിൽ ദർശനവും സന്ധ്യയ്ക്ക് പ്രദോഷ സമയത്ത് ശിവക്ഷേത്ര ദർശനവും നടത്തണം. ശനിയാഴ്ച ആയതിനാൽശാസ്താവ്, കിരാത മൂർത്തി, ഹനുമാൻ, ഗണപതി എന്നീ മൂർത്തികളുടെ ക്ഷേത്രങ്ങളിൽ കഴിയുന്നിടത്ത് പോയി തൊഴുത് പ്രാർത്ഥിക്കണം. അന്ന് നാഗേന്ദ്രഹാരായ …… എന്നു തുടങ്ങുന്ന ശിവ പഞ്ചാക്ഷരീ സ്തോത്രം ജപിക്കുന്നത് നല്ലതാണ്.
നാഗങ്ങൾക്ക് നൂറും പാലും, ഇളനീർ അഭിഷേകം, ശാസ്താവിന് നീരാജനം, ശിവന് ധാര, മൃത്യുഞ്ജയ പുഷ്പാഞ്ജലി, പ്രദോഷപൂജ എന്നിവ ഈ ശനിയാഴ്ച നടത്തുന്നത് ഏറെ ഗുണകരമാണ്. പ്രദോഷ സ്തോത്രം, ശിവതാണ്ഡവ സ്തോത്രം, നാഗരാജ അഷ്ടോത്തരം, രാഹു നമസ്കാര മന്ത്രം മുതലായവ ജപിക്കുന്നതും ഗുണം ചെയ്യും.
ശിവ പഞ്ചാക്ഷരീ സ്തോത്രം
നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ ന കാരായ നമഃ ശിവായ
മന്ദാകിനീ സലില ചന്ദനചര്‍ച്ചിതായ
നന്ദീശ്വര പ്രഥമനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ മ കാരായ നമഃ ശിവായ
ശിവായ ഗൗരീവദനാരവിന്ദ
സൂര്യായ ദക്ഷാധ്വര നാശനായ
ശ്രീ നീലക്ണ്ഠായ വൃഷധ്വജായ
തസ്മൈ ശി കാരായ നമഃ ശിവായ
വസിഷ്ഠ കുംഭോത്ഭവ ഗൗതമാര്യ-
മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ
ചന്ദ്രാര്‍ക്ക വൈശ്വാനരലോചനായ
തസ്മൈ വ കാരായ നമഃ ശിവായ
യക്ഷസ്വരൂപായ ജഡാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ യ കാരായ നമഃ ശിവായ
–വേണു മഹാദേവ്
+91 9847475559