Saturday, 21 Sep 2024
AstroG.in

ഈ ശനിയും ഞായറും ഇങ്ങനെ പ്രാർത്ഥിച്ചാൽ
ശത്രുദോഷം മാറും, സന്താന സൗഖ്യമുണ്ടാകും

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

സുബ്രഹ്മണ്യ പ്രീതിക്ക് അനുഷ്ഠിക്കുന്ന വ്രതങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമാണ് തുലാം മാസം ശുക്ലപക്ഷത്തിൽ വരുന്ന സ്കന്ദഷഷ്ഠി വ്രതം. കറുത്തവാവ് കഴിഞ്ഞ് വരുന്ന ആറാം തിഥിയിലാണ് സ്കന്ദഷഷ്ഠി ആചരണം. ഇത്തവണ ഒക്ടോബർ 30 ഞായറാഴ്ചയാണ് ഇത്. ശ്രീ പരമേശ്വരന്റെയും ശ്രീ പാര്‍വതീയുടെയും പുത്രനായി അവതരിച്ച സുബ്രഹ്മണ്യന്‍ വരബലത്താൽ അഹങ്കരിച്ച് ലോകത്തെ മുഴുവൻ ദ്രോഹിച്ച ശൂരപത്മാസുരനെ നിഗ്രഹിച്ച ദിവസമായതിനാലാണ് തുലാത്തിലെ ഷഷ്ഠിക്ക് ഇത്ര വലിയ പ്രാധാന്യം വന്നത്. താരകാസുരനെ നിഗ്രഹിച്ച ദിനമായും നാഗരൂപം വെടിഞ്ഞ് പാര്‍വ്വതിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട ദിനമെന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ശത്രുദോഷമുക്തിയും സന്താനലാഭവും സന്താനങ്ങൾക്ക് ശ്രേയസ്സുമാണ് സ്കന്ദഷഷ്ഠി അനുഷ്ഠിച്ചാലുള്ള ഫലം. വ്രതമെടുക്കാൻ കഴിയാത്തവർ സ്കന്ദഷഷ്ഠി ദിവസം സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുകയും യഥാശക്തി വഴിപാടുകൾ നടത്തുകയെങ്കിലും ചെയ്യണം.
അസുരന്മാരെ നിഗ്രഹിക്കാൻ ശ്രീപരമേശ്വരന്റെയും പാര്‍വതീദേവിയുടെയും പുത്രനായി സുബ്രഹ്മണ്യന്‍ അവതരിക്കാൻ ഇടയായ സാഹചര്യം ഇങ്ങനെ:
ദക്ഷ യാഗവേദിയില്‍ വച്ച് സതീദേവി ശരീരം വെടിഞ്ഞ ശേഷം ശിവന്‍ ദക്ഷിണാമൂര്‍ത്തി ഭാവം സ്വീകരിച്ച് കഠിന തപസ്‌ തുടങ്ങി. ഈ നേരത്ത് ശുക്രാചാര്യരുടെ ശിഷ്യയും അസുരേന്ദ്രന്‍ എന്ന അസുരരാജാവിന്റെ പുത്രിയുമായ കുമാരി മായ കശ്യപമുനിയെ പ്രലോഭിപ്പിച്ച് ശൂരപദ്മാസുരന്‍, സിംഹവക്ത്രന്‍, താരകന്‍ എന്നീ മൂന്ന് പുത്രന്‍മാര്‍ക്ക് ജന്മമേകി. ഈ അസുര പുത്രന്മാർ തപസ് ചെയ്ത് ശിവനെ പ്രീതിപ്പെടുത്തി ശിവപുത്രനില്‍ നിന്ന് മാത്രമേ മൃത്യു സംഭവിക്കാവൂ എന്ന വരം നേടി.

പത്‌നി വിയോഗത്തെ തുടർന്ന് തപസിൽ കഴിയുന്നതു കൊണ്ട് ശിവന് പുത്രന്‍ ജനിക്കുക അസാദ്ധ്യമാണ് എന്ന് കരുതി മൂന്ന് അസുരന്‍മാരും അഹങ്കാരം മൂത്ത് മദിച്ചു
നടന്നു. അവർ ദേവലോകം കീഴടക്കി ഭരിച്ചു. എന്നാൽ ഈ സമയത്ത് ഹിമവാന്റെയും മേനയുടെയും പുത്രി പാര്‍വതി ആയി ദേഹത്യാഗം ചെയ്ത സതീ ദേവി അവതരിച്ചു. പിന്നീട് കാമദേവന്റെ ഇടപെടലിൽ പാർവതി ശിവപത്‌നി ആയി. അസുരന്മാരുടെ ദ്രോഹം കാരണം കഷ്ടപ്പെടുന്ന ദേവന്മാരെ രക്ഷിക്കുവാൻ വേണ്ടിയാണ് കാമദേവൻ ശിവന്റെ തപസ് മുടക്കി പാർവ്വതിയുമായി ഒന്നിപ്പിച്ചത്. ദേവന്മാരുടെ ദു:ഖത്തിന് ശമനമുണ്ടാക്കണമെന്ന് പിന്നീട് ബ്രഹ്മാവ് ശ്രീപരമേശ്വരനോട് അഭ്യര്‍ത്ഥിച്ചു. തുടർന്ന് ഭഗവാന്റെ തൃക്കണ്ണില്‍ നിന്നും ഒരു ദിവ്യതേജസ്‌ ആവിര്‍ഭവിച്ചു. വായുദേവനും അഗ്‌നിദേവനും കൂടി ആ ദിവ്യതേജ‌സിനെ ഗംഗയില്‍ എത്തിച്ചു. ഗംഗാദേവി ആ തേജസ്‌ ശരവണ പൊയ്കയില്‍ നിക്ഷേപിച്ചു. അതില്‍ നിന്ന് ഒരു ബാലന്‍ അവതരിച്ചു. ശിവതേജസ് സ്ഖലിച്ച് ഉണ്ടായതു കൊണ്ട് ആ ബാലന് സ്‌കന്ദന്‍ എന്ന പേര് ലഭിച്ചു. മഹത്തായ ജ്ഞാനം സ്വരൂപമാക്കിയതിനാൽ അവൻ സുബ്രഹ്മണ്യനായി. അഗ്നിയുടെ പുത്രനായത് കൊണ്ട് മഹാസേനനും എന്നും കുമാരനായത് കൊണ്ട് കുമാരനുമായി. കുമാരന്റെ പ്രാദേശിക രൂപമാണ് മുരുകൻ. വിഷ്ണുഭഗവാന്റെ അഭ്യര്‍ത്ഥന പ്രകാരം കാര്‍ത്തിക നക്ഷത്രത്തിന്റെ അധിദേവതമാരായ ആറ് കൃത്തികാ ദേവിമാര്‍ സ്‌കന്ദന് മുലയൂട്ടിയപ്പോൾ ഓരോ ദേവിയോടും ഒപ്പം നില്‍ക്കാന്‍ സ്‌കന്ദന് ഓരോ മുഖം ഉണ്ടായി. അങ്ങനെ മുരുകന്‍ ഷൺമുഖനായി. കൃത്തികാ ദേവിമാര്‍ പാലൂട്ടി വളര്‍ത്തിയതിനാൽ കാര്‍ത്തികേയന്‍ എന്ന പേരും ലഭിച്ചു. ശരവണ പൊയ്കയില്‍ ജാതനായത് കൊണ്ട് ശരവണഭവനുമായി. എന്തായാലും സ്‌കന്ദനെ കണ്ട് ബ്രഹ്മാദികള്‍ സന്തുഷ്ടരായി. അവര്‍ മുരുകനെ ദേവന്മാരുടെ സേനാപതിയായി വാഴിച്ചു. ഇന്ദ്രിയങ്ങൾ ആകുന്ന സേനകളുടെ പതിയായിരിക്കുന്നത് കൊണ്ട് ദേവസേനാപതി എന്ന പേരും ലഭിച്ചു. തുടര്‍ന്ന് സ്‌കന്ദന്‍ ഘോരയുദ്ധം ചെയ്ത് താരകാസുരനെയും സിംഹവക്ത്രനെയും വധിച്ചു. അവരുടെ ജ്യേഷ്ഠനായ ശൂരപദ്മാസുരനുമായി സ്‌കന്ദന്‍ അനേക കാലം യുദ്ധം ചെയ്തു. മായാവിയായ ശൂരപദ്മാസുരന്‍ തന്റെ മായ കൊണ്ട് സ്‌കന്ദനെ മറച്ചു. ഇത് കണ്ടു ദേവന്മാരും അമ്മ പാര്‍വ്വതിയുമെല്ലാം വളരെയധികം ദു:ഖിച്ചു. അവര്‍ കഠിന വ്രതനിഷ്ഠയോടെ ഷഷ്ഠിവ്രതം അനുഷ്ഠിച്ചു.
തൽഫലമായി സ്‌കന്ദന്‍ ശൂരപദ്മാസുരന്റെ മായയെ ഇല്ലാതാക്കി തുലാമാസത്തിലെ ഷഷ്ഠിനാളിൽ അവനെ നിഗ്രഹിച്ചു. അങ്ങനെയാണ് സ്കന്ദഷഷ്ഠിവ്രതത്തിന് ഇത്ര വലിയ പ്രാധാന്യം ലഭിച്ചത്. സുബ്രഹ്മണ്യപ്രീതിക്ക് അനുഷ്ഠിക്കാവുന്ന ഏറ്റവും ഉത്തമമായ ഈ വ്രതം നോറ്റാൻ പാർവ്വതി ദേവിയുടെ അനുഗ്രഹവും ലഭിക്കും.

6 ദിവസമായും 3 ദിവസമായും തലേദിവസം മാത്രമായും സ്‌കന്ദഷഷ്ഠി ദിവസം വ്രതം പാലിക്കുന്നവരുണ്ട്. തുടർച്ചയായി 6 ദിവസം സ്കന്ദഷഷ്ഠി നോൽക്കുന്നത് 6 മാസം ഷഷ്ഠി വ്രതം നോൽക്കുന്നതിന് തുല്യമാണ്. വ്രതം എടുക്കുന്നവർ ഈ സമയത്ത് മത്സ്യമാംസാദി ഭക്ഷണം ഉപേക്ഷിക്കണം. ഒരു നേരം മാത്രമേ ആഹാരം കഴിക്കാവൂ. ഒരു ദിവസം മാത്രമായി വ്രതമെടുക്കുന്നവര്‍ പഞ്ചമിക്ക് പൂര്‍ണ്ണ ഉപവാസമെടുക്കണം. ആറു ദിവസം വ്രതമെടുക്കുന്നവര്‍ക്ക് എന്നും ഉച്ചയ്ക്ക് ഊണ് കഴിക്കാം. മറ്റ് നേരങ്ങളില്‍ പഴവര്‍ഗ്ഗങ്ങൾ മാത്രവും കഴിക്കാം. അവരവരുടെ ആരോഗ്യസ്ഥിതിപോലെ ലഘുഭക്ഷണമോ നിരാഹാരമോ ആകാം. ബ്രഹ്മചര്യം അനുഷ്ഠിക്കണം,
പ്രഭാതസ്‌നാനം, ക്ഷേത്രദര്‍ശനം മുതലായവ ചെയ്യുകയും വേണം. മറ്റ് വ്രതങ്ങളിൽ നിന്നും വ്യത്യസ്തമായി ഷഷ്ഠി വ്രതത്തിനുള്ള പ്രത്യേകത അതിന്റെ തലേദിവസമായ പഞ്ചമിയുടെ പ്രാധാന്യമാണ്. വ്രതം നോൽക്കുന്നവർ അന്ന് ഉപവസിക്കണം. ഷഷ്ഠിനാളില്‍ ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന നിവേദ്യച്ചോറ് ഭക്ഷിച്ച് അവർക്ക് വ്രതം മുറിക്കാം.

സന്താനലാഭം, സന്തതികളുടെ ശ്രേയസ്‌, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് സ്കന്ദഷഷ്ഠി വ്രതത്തിന്റെ മുഖ്യ ഫലങ്ങള്‍. സന്തതികളുടെ ശ്രേയ‌സിന് മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ഏറെ ഉത്തമമാണ്. വ്രതമെടുക്കുന്നവർ സുബ്രഹ്മണ്യ മൂല മന്ത്രമായ ഓം വചത്‌ഭുവേ നമഃ കഴിയുന്നത്ര തവണ ജപിക്കണം. സുബ്രഹ്മണ്യകവചം, സുബ്രഹ്മണ്യ ഗായത്രി, സുബ്രഹ്മണ്യ അഷ്ടോത്തരം തുടങ്ങിയവ ജപിക്കുകയോ കേൾക്കുകയോ വേണം. സുബ്രഹ്മണ്യ അഷ്ടോത്തരം
ഇതാ കേൾക്കൂ : https://youtu.be/kP9RF7ygyPU

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559

Story Summary: Significance and Myths of Skanda Shasthi


error: Content is protected !!