ഈ സ്തോത്രം നിത്യവും ചൊല്ലിയാൽ തടസങ്ങൾ അകന്ന് ഐശ്വര്യം
ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി
പഞ്ചഭൂത നിർമ്മിതമാണ് ഈ പ്രപഞ്ചം. ഇവിടെ
എല്ലാം തന്നെ അഞ്ച് മൂലകങ്ങളുടെ ഒരു കളിയാണ് – ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയുടെ. നമ്മൾ കാണുകയും കേൾക്കുകയും മണക്കുകയും രുചിക്കുകയും സ്പർശിക്കുകയും ചെയ്യുന്നതെല്ലാം ഈ പ്രപഞ്ചത്തിൽ അടങ്ങിയിരിക്കുന്നു. നമ്മുടെ ശരീരവും ഈ ഭൂമിയും എണ്ണമറ്റ നക്ഷത്രങ്ങളും ഗ്രഹങ്ങളുമെല്ലാം ഈ പ്രപഞ്ചത്തിന്റെ ഭാഗമായിരിക്കുന്നു. ഇവയെല്ലാം സൃഷ്ടിച്ചിരിക്കുന്നത് അഞ്ചേ അഞ്ച് ഭൂതങ്ങളുടെ സംയോജനത്താൽ ആണ്. ഈ അഞ്ച് മൂലകങ്ങൾ കൊണ്ട് അനന്ത കോടി ചരാചരങ്ങളെ പ്രപഞ്ച രചയിതാവ് സൃഷ്ടിച്ചത് കാണുമ്പോൾ എത്ര അത്ഭുതകരമാണ് ഈ പ്രപഞ്ച ലീലയെന്ന് ഓർത്തു പോകും. ഈ പഞ്ചഭൂതങ്ങളുടെ അധിപൻ ശിവഭഗവാനാണ്. നമുക്ക് എന്തെല്ലാം വേണോ അതെല്ലാം തരുന്നത് പഞ്ചഭൂതാധിപനായ മഹാദേവനാണ്. ആരോഗ്യം, അഴക് , ഐശ്വര്യം, അധികാരം, സർഗ്ഗശേഷി , ക്രിയാശേഷി , ബുദ്ധിശക്തി തുടങ്ങി എന്ത് വേണോ അതെല്ലാം ഭഗവാൻ തരും. അങ്ങനെ പഞ്ചഭൂതങ്ങളെയും നിയന്ത്രിക്കുന്ന ശിവഭഗവാന്റെ ദിവ്യത്വവും അത്ഭുതസിദ്ധികളും പഞ്ചഭൂതങ്ങളുടെ പേരിൽ കീർത്തിക്കുന്നതാണ് ശിവ പഞ്ചാക്ഷര സ്തോത്രം. ശിവസന്നിധിയിൽ ഭഗവാനെ ധ്യാനിച്ച് പുണ്യപ്രദമായ ഈ പഞ്ചാക്ഷര സ്തോത്രം നിത്യവും ഭക്തിയോടെ ചൊല്ലുന്നവരുടെ പാപങ്ങളെല്ലാം നശിക്കും. പാപങ്ങൾ നശിക്കുന്നതോടെ തടസങ്ങൾ എല്ലാം അകന്ന് മന:ശാന്തിയും ഐശ്വര്യവും ലഭിക്കും. ഒടുവിൽ നിത്യമായ പരമാനന്ദം അനുഭവിക്കുകയും ശിവലോകത്തെ പ്രാപിക്കുകയും ചെയ്യും.
നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ ‘ ന‘ കാരായനമഃശിവായ
(നാഗേന്ദ്രനെ ഹാരമായി സ്വീകരിച്ചവനും ത്രിലോചനനും തിരുവുടലിൽ ഭസ്മ പുണ്ഡ്രമണിഞ്ഞവനും മഹേശ്വരനും നിത്യനും ശുദ്ധനും ദിഗംബരനും ‘ ന ‘ കാരൂപിയുമായ ( ഭൂമി ) പരമശിവനു നമസ്കാരം)
മന്ദാകിനീ സലിലചന്ദന ചർച്ചിതായ
നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ ‘ മ ‘കാരായനമഃശിവായ
(ഗംഗാജലം ശിരസ്സിൽ ധരിച്ചവനും ചന്ദനം ലേപനം ചെയ്തവനും നന്ദീശ്വരനാഥനും പ്രമഥാധിപതിയും മഹേശ്വരനും മന്ദാരം തുടങ്ങിയ സുഗന്ധപുഷ്പങ്ങളാൽ പൂജിതനും മകാരരൂപിയുമായ ( ജലം ) പരമേശ്വരനു നമസ്കാരം)
ശിവായ ഗൗരീവദനാരവിന്ദ-
സൂര്യായ ദക്ഷാധ്വര നാശകായ
ശ്രീ നീലകണ്ഠായ വൃഷധ്വജായ
തസ്മൈ ‘ ശി ‘ കാരായനമഃശിവായ
(മംഗളസ്വരൂപനും ഗൗരിയുടെ മുഖാരവിന്ദത്തെ താമരപ്പൂപോലെ ശോഭയാക്കുന്ന സൂര്യനും ദക്ഷന്റെ യാഗത്തെ ധ്വംസിച്ചവനും നീലകണ്ഠനും വൃഷഭം ധ്വജമായിട്ടുള്ളവനും ശികാരരൂപനുമായ ( അഗ്നി )
ശംഭുവിനു നമസ്കാരം)
വസിഷ്ഠ കുംഭോത്ഭവ ഗൗതമാര്യ
മുനീന്ദ്ര ദേവാർച്ചിത ശേഖരായ
ചന്ദ്രാർക്ക വൈശ്വാനര ലോചനായ
തസ്മൈ ‘ വ ‘ കാരായ നമഃശിവായ
(വസിഷ്ഠൻ, അഗസ്ത്യൻ, ഗൗതമൻ, തുടങ്ങിയ മുനി പുംഗവന്മാരാലും ദേവഗണങ്ങളാലും ആരാധിക്കപ്പെടുന്നവനും ചന്ദ്രൻ, സൂര്യൻ, അഗ്നി എന്നിവ മൂന്നു നേത്രങ്ങളായിട്ടുള്ളവനും വകാരരൂപനുമായ ( വായു ) സദാശിവനു നമസ്കാരം )
യക്ഷസ്വരൂപായ ജടാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ ‘ യ ‘ കാരായ നമഃശിവായ.
(യക്ഷരൂപനും ജടാധാരിയും പിനാകമെന്ന വില്ല് കൈയ്യിലേന്തിയവനും, സനാതനനും ദിവ്യനും ദേവാധിദേവനും ദിഗംബരനും (ദിക്കുകളെ ആടയായി ധരിച്ചവനും), യകാരരൂപനും ( ആകാശം )
ആയ ചന്ദ്രശേഖരനു നമസ്കാരം)
ഫലശ്രുതി : പഞ്ചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവസന്നിധൗ
ശിവലോകമവാപ്നോതി ശിവേന സഹമോദതേ!
മന്ത്രോപദേശത്തിനും സംശയ നിവാരണത്തിനും
ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി,
+91 960 500 2047
(നാഗമ്പള്ളി സൂര്യഗായത്രിമഠം, ഹനുമൽജ്യോതിഷാലയം, ഗൗരീശപട്ടം, തിരുവനന്തപുരം)