Friday, 22 Nov 2024
AstroG.in

ഈ 3 ദിവസത്തെ ഉപാസന ലൗകിക സുഖങ്ങളെല്ലാം നൽകും; വിവാഹ തടസം നീക്കും

ജ്യോതിഷരത്നം വേണുമഹാദേവ്
ദുഃഖങ്ങൾ അകറ്റി ആഗ്രഹസാഫല്യം നേടാൻ സഹായിക്കുന്ന അനുഷ്ഠാനമാണ് തൈപ്പൂയ വ്രതാചരണം. ഭഗവാൻ സുബ്രഹ്മണ്യൻ ജനിച്ച നാളായി കരുതപ്പെടുന്ന മകരമാസത്തിലെ പൂയം നക്ഷത്ര ദിവസമാണ് തൈപ്പൂയം. ഈ ദിവസം സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും കാവടിയാട്ടവും മറ്റും പതിവാണ് വളരെ ആഘോഷപൂർവമാണ് ഈ ദിവസം എല്ലാ മുരുക ഭക്തരും കൊണ്ടാടുന്നത്. ഒപ്പം ആഗ്രഹസാഫല്യത്തിന് വ്രതം നോൽക്കാൻ ഏറ്റവും നല്ലതാണ് ഇതോടനുബന്ധിച്ച് വരുന്ന മൂന്ന് ദിവസങ്ങൾ – 2021 ജനുവരി 26, 27, 28.

ഭക്തലക്ഷങ്ങൾക്ക് എല്ലാ ലൗകിക സുഖങ്ങളും നൽകുന്ന ഭഗവാനാണ് ശ്രീമുരുകൻ. സന്താനഭാഗ്യം, സന്താനങ്ങളുടെ അഭിവൃദ്ധി, ശത്രുദോഷമുക്തി, വിവാഹഭാഗ്യം, പ്രണയ സാഫല്യം, മുജ്ജന്മ ദോഷശാന്തി, തുടങ്ങിയവ ലഭിക്കാൻ തൈപ്പൂയാചരണം ഗുണകരമാണ്. സന്താനഭാഗ്യം ആഗ്രഹിക്കുന്ന ദമ്പതിമാർ ഒന്നിച്ച് തൈപ്പൂയ വ്രതമെടുത്താൽ ചൊവ്വാദോഷ പരിഹാരത്തിനും നല്ലതാണ്. അത് കാരണം മംഗല്യഭാഗ്യം ലഭിക്കാത്തവർ മകര മാസത്തിൽ തുടങ്ങി എല്ലാ മാസവും പൂയം നക്ഷത്ര ദിവസം ഒരു വർഷം വ്രതമെടുത്താൽ വിവാഹം നടക്കും.

തൈപ്പൂയ വ്രതമെടുക്കുന്നവർ ജനുവരി 28 വ്യാഴാഴ്ചയ്ക്ക് 3 ദിവസം മുൻപ് വ്രതം തുടങ്ങണം. മത്സ്യ മാംസാദി ഭക്ഷണവും, ലഹരി പദാർത്ഥങ്ങളും വെടിയണം. വ്രതദിനങ്ങളിൽ ഒരുനേരമേ അരിയാഹാരം പാടുള്ളൂ. തൈപ്പൂയ നാളിൽ ആരോഗ്യമുള്ളവർ ഉപവസിക്കുന്നതാണ് നല്ലത്. പറ്റത്തവർ പഴങ്ങളും ഇളനീരും മറ്റും കഴിച്ച് വ്രതമെടുക്കുക. വ്രതമെടുക്കുന്ന മൂന്ന് ദിവസവും രാവിലെ കുളിച്ച് സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തണം. കാര്യ സിദ്ധിക്ക് വേണ്ട മന്ത്രങ്ങൾ ജപിക്കണം. അതിന് മുൻപ് സുബ്രഹ്മണ്യ ധ്യാനവും മൂലമന്ത്രവും കുറഞ്ഞത് 108 തവണ ജപിക്കണം. തൈപ്പൂയത്തിന്റെ പിറ്റേന്ന് സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തി തീർത്ഥം സേവിച്ച് വ്രതം തീർക്കാം.

തൈപ്പൂയത്തിന് കാവടി കെട്ടിയാടുന്നത്‌ അതി വിശേഷമാണ്‌. ഭക്തർ ബ്രഹ്മചര്യത്തോടെ, മത്സ്യമാംസാദികൾ വെടിഞ്ഞ് രണ്ടു നേരവും കുളിച്ചു, തറയിൽ ഉറങ്ങി, ക്ഷൗരം ചെയ്യാതെ വേണം കാവടി വ്രതം നോൽക്കേണ്ടത്. കാവടിയിൽ കൊണ്ടുപോകുന്ന ദ്രവ്യത്തെ അടിസ്ഥാനമാക്കി വിവിധ കാവടികൾ – പാൽക്കാവടി, ഭസ്മക്കാവടി, അന്നക്കാവടി, കളഭക്കാവടി, പീലിക്കാവടി, തൈലക്കാവടി, കർപ്പൂരക്കാവടി, അഗ്നിക്കാവടി എന്നിവ
ക്ഷേത്രങ്ങളിൽ നടത്താറുണ്ട്.

സുബ്രഹ്മണ്യ ധ്യാനം
സ്ഫുരൻമകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-
സ്രജാകലിതകന്ധരം കരയുഗീന ശക്തിം പവിം
ദധാനമഥവാ കടീകലിതവാമഹസ്തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സമരതു പീതവാസോവസം

(തിളങ്ങുന്ന മകുടങ്ങൾ, പത്രകുണ്ഡലങ്ങൾ, എന്നിവയാൽ അലങ്കരിക്കപ്പെട്ട വനും ചമ്പകമാല ചാർത്തിയ കഴുത്തോടുകൂടിയവനും രണ്ടു കൈകളെകൊണ്ട് വേലും വജ്റായുധവും ധരിക്കുന്നവനും അല്ലെങ്കിൽ ഇടതുകൈ അരയിൽ ചേർത്ത് വച്ച് വലതു കൈ കൊണ്ട് വരദ മുദ്ര ധരിച്ചവനും സിന്ദൂരവർണം പോലെ ശോഭിക്കുന്നവനും മഞ്ഞപ്പട്ട് ഉടുത്തവനുമായ സുബ്രഹ്മണ്യനെ ധ്യാനിക്കണം)

സുബ്രഹ്മണ്യ മൂലമന്ത്രം
ഓം വചത്ഭുവേ നമ:

കാര്യസിദ്ധിക്ക് മന്ത്രങ്ങൾ

1 ഓം സ്‌കന്ദായ നമ: (തൊഴില്‍ ലബ്ധി, ഉന്നതി )
2 ഓം സനല്ക്കുമാരായനമ: (ആയൂര്‍ബലം)
3 ഓം നീലകണ്ഠാത്മജായ നമ: (ഭാഗ്യ വർദ്ധന )
4 ഓം കുമാരായ നമ: (കര്‍മ്മവിജയം)
5 ഓം മയൂരവാഹായ നമ: (രോഗശാന്തി)
6 ഓം വിശാഖായ നമ: (വിദ്യഗുണം)

(നിത്യവും രാവിലെയും വൈകിട്ടും കുറഞ്ഞത് 144 തവണ വീതം ജപിക്കുക.)

ജ്യോതിഷരത്നം വേണുമഹാദേവ്, +91 9847475559

error: Content is protected !!