ഈ 4 കൂറുകാർക്ക് പ്രണയക്കുശുമ്പ് കൂടുതൽ
മംഗള ഗൗരി
പ്രണയബന്ധത്തിൽ അസൂയ ഒരു പരിധി വരെ ആസ്വാദ്യകരവും ഹൃദ്യവുമാണ്. എന്നാൽ ആ പരിധി കടന്നാൽ പ്രണയക്കുശുമ്പ് അപകടകരമാകും. പ്രേമത്തിലായാലും ദാമ്പത്യ ബന്ധത്തിലായാലും ഇത് ഒരു പോലെയാണ്. ഇണയെ മറ്റൊരാൾ നോക്കുന്നത് പോലും സഹിക്കാൻ കഴിയാതെ വരുമ്പോഴാണ് പ്രണയത്തിലെ അസൂയയും പൊസസീവ്നസും ഗുരുതരമായി മാറുന്നത്. പ്രേമം, അസൂയ എന്നിവ മനുഷ്യസഹജമായ അടിസ്ഥാന വികാരങ്ങളാണ്. ഇവ ഒരാൾക്കും തന്നെ പൂർണ്ണമായും ഒഴിവാക്കാനാവില്ല; എന്നാൽ നിയന്ത്രിക്കാൻ കഴിയും. സമർത്ഥമായി ഈ വികാരങ്ങൾ കൈകാര്യം ചെയ്യുന്നവർ പ്രണയത്തിൽ മാത്രമല്ല ജീവിതത്തിലും വിജയം വരിക്കും. ഭൂരിപക്ഷം ആളുകളും പ്രണയത്തിലും ദാമ്പത്യത്തിലും അല്പസ്വല്പം തുറന്ന മനസുള്ളവരാണ്. തന്റെ പ്രണയനിക്ക് കുറച്ച് സ്വാതന്ത്ര്യമെല്ലാം നൽകും. അവർ ആരോടെങ്കിലും തുറന്ന് പെരുമാറുമ്പോൾ അസൂയയും കുശുമ്പുമൊന്നും കാട്ടില്ല. എന്നാൽ മറ്റു ചിലർ അങ്ങനെയല്ല. വളരെ ഇടുങ്ങിയ, സ്വന്തം ഇണയെ ഒരു നോട്ടത്തിന് പോലും ആർക്കും വിട്ടു കൊടുക്കാത്തവരായിരിക്കും ഇക്കൂട്ടർ. ഇനി പറയുന്ന 4 ജന്മനക്ഷത്ര കൂറുകളിൽ ജനിച്ചവർ പൊതുവേ പ്രണയത്തിലും ദാമ്പത്യത്തിലും പൊസസീവ് സ്വഭാവവും അസൂയയും കൂടുതൽ പ്രകടമാക്കുന്നവർ ആണ്. കാർത്തിക 2, 3, 4, രോഹിണി, മകയിരം 1,2 എന്നീ നക്ഷത്രങ്ങളിൽ ജനിച്ച ഇടവക്കൂറുകാർ മകം, പൂരം, ഉത്രം ആദ്യപാദം നക്ഷത്രങ്ങളിൽ ജനിച്ച ചിങ്ങക്കൂറുകാർ, ഉത്രം 2, 3, 4 അത്തം, ചിത്തിര 1, 2 പാദങ്ങളിൽ പിറന്ന കന്നിക്കൂറുകാർ, വിശാഖം 4, അനിഴം, തൃക്കേട്ട നക്ഷത്ര ജാതരായ വൃശ്ചികക്കൂറുകാർ എന്നിവർ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ഇത് ഒരോന്നായി പരിശോധിക്കാം:
ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1,2)
പ്രിയതമന്റെ അല്ലെങ്കിൽ പ്രിയതമയുടെ സ്നേഹം തനിക്ക് മാത്രം അവകാശപ്പെട്ടതാണ് എന്ന നിർബന്ധം പുലർത്തുന്ന കാര്യത്തിൽ കുപ്രസിദ്ധരാണ് ഇക്കൂട്ടർ. എല്ലാ ഭൗതിക സുഖങ്ങളും സന്തോഷവും ആർഭാടവും അനുഭവിച്ച് ജീവിക്കാൻ കൊതിക്കുന്ന ഇവരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങുക ബന്ധങ്ങളുടെ കാര്യം വരുമ്പോഴാണ്. ഇണയുടെ ഉടമ താൻ മാത്രമാണ് എന്ന് വിശ്വസിച്ച് തികച്ചും ഏകപക്ഷിയമായി ഇവർ പെരുമാറും. ഒരാളെയും അവരുമായി അടുക്കാൻ സമ്മതിക്കില്ല. ചുരുക്കത്തിൽ ഇവരുടെ പ്രേമത്തിന് പാത്രമാകുന്നവർ ഒന്നുകിൽ ഒരു സ്വാതന്ത്ര്യവും ഇല്ലാതെ ശ്വാസം മുട്ടിപ്പിടയും; അല്ലെങ്കിൽ അവർക്ക് അടിമയായി കഴിയും. എവിടെയും ശ്രദ്ധയും മുന്തിയ പരിഗണനയും ഇടവക്കൂറുകാർ എപ്പോഴും ബന്ധങ്ങളിൽ ആഗ്രഹിക്കും.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
സിംഹത്തിന്റെ സ്വഭാവമാണ് ഈ കൂറുകാർക്ക്. ഗർവും ധാർഷ്ട്യവും പ്രകടമാക്കുന്നവർ. ആരെയും ആകർഷിക്കുന്ന അപാരമായ കാന്തിക ശക്തിയുള്ള ഇക്കൂട്ടരുടെ വലയിൽ വീണു കഴിഞ്ഞാൽ രക്ഷപ്പെടാൻ ആർക്കും കഴിയില്ല. ഇവരെ സംബന്ധിച്ചിടത്തോളം തന്റെ
ഇണയുടെ പ്രേമത്തിനും ശ്രദ്ധയ്ക്കും അവകാശി താൻ മാത്രമാണ്. സാധാരണ ഇവരുടെ ഉടമ മനോഭാവം വൻ പ്രശ്നമാകില്ല. പ്രേയസിയിൽ അല്ലെങ്കിൽ പ്രിയനിൽ പൂർണ്ണമായും സമർപ്പിക്കുന്നവരായിക്കും ഈ കുറുകാർ. അതിനാലാണ് പ്രശ്നങ്ങൾ ഒഴിഞ്ഞു പോകുന്നത്. പക്ഷേ സ്വന്തം പ്രതീക്ഷയ്ക്കൊത്ത് പങ്കാളി വരാതിരുന്നാൽ കാര്യങ്ങൾ സങ്കീർണ്ണവും ഗുരുതരവുമാകും. ഇണയുടെ അത്തരം പെരുമാറ്റം സിംഹരാശിക്കാരുടെ അഹന്തയെ മുറിപ്പെടുത്തുകയും ബന്ധം വഷളാക്കുകയും ചെയ്യും.
കന്നിക്കൂറ്
( ഉത്രം 2, 3, 4 അത്തം, ചിത്തിര 1, 2 )
വളരെ സങ്കീർണ്ണമായ പ്രകൃതക്കാരാണ് ഇക്കൂട്ടർ. ചില സമയത്ത് ഇവർക്ക് തന്നെ അറിയില്ല തനിക്ക് എന്താണ് വേണ്ടതെന്ന്. പ്രണയ പങ്കാളിയിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്ന്. ഈ ആശയക്കുഴപ്പം പ്രണയത്തെ ദോഷകരമായി ബാധിക്കും. തൊടുന്നതും പിടിച്ചതുമായ എല്ലാക്കാര്യത്തിലും അസൂയ പ്രകടമാകും. അവരുമായി ഇടപഴകുന്നവരെയെല്ലാം അസൂയയോടെ കാണും. തന്റെ പങ്കാളി ആരോടെങ്കിലും സംസാരിക്കുന്നതും അവരുമായി സമയം ചെലവഴിക്കുന്നതും ഇവർ സഹിക്കില്ല. ആർക്കെങ്കിലും ശ്രദ്ധയോ പരിചരണമോ നൽകിയാൽ പിന്നെ ഒന്നും പറയേണ്ട കാര്യമില്ല.
വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
ആരെയും വിശ്വസത്തിൽ എടുക്കാത്തവരാണ് ഈ കൂറുകാർ. പ്രണയത്തിലും ഇവർ ഇങ്ങനെ തന്നെയാണ്. പൂർണ്ണമായും ആരെയും വിശ്വസിക്കില്ല. തന്റെ പങ്കാളിയുടെ ജീവിതത്തിലേക്ക് ഏത് രൂപത്തിലായാലും ഏത് ഭാവത്തിലായാലും എവിടെ നിന്നായാലും ആരെങ്കിലും വന്നാൽ ഇവർ വച്ചു പൊറുപ്പിക്കില്ല. ആ വരുന്നവർ എതിർലിംഗത്തിൽപെട്ടവരാണെങ്കിൽ പിന്നെ പറയുകയേ വേണ്ട, അവർ ഒട്ടും സഹിക്കില്ല. പങ്കാളിക്ക് അടുപ്പമുള്ളവരോടുള്ള കണ്ണുകടിക്കാര്യത്തിൽ ഇവരെ കഴിഞ്ഞേ ആരും വരൂ. ഈ കൂറുകാരുടെ കൂടെപ്പിറപ്പാണ് ഇത്തരത്തിലെ ആധിപത്യവാസനയും കുശുമ്പും.
Story Summary: People of these 4 zodiac signs have a feeling of extreme jealousy in love relationships