Friday, 22 Nov 2024
AstroG.in

ഈ 9 നാളുകാർ വ്യാഴപ്രീതി നേടണം ; 16 വ്യാഴാഴ്ച വ്രതം സർവദോഷ ശാന്തി

ഡോ. ശ്രീദേവൻ രാമകൃഷ്ണൻ ,
പ്രീതാ സൂരജ് തുറവൂർ

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ഒരു ജാതകത്തിൽ അനുകൂലമായാൽ എല്ലാ
ഐശ്വര്യങ്ങളും സമൃദ്ധിയും ലഭിക്കും. വ്യാഴം മോശമായാൽ ഇത്രയും മോശ ഫലങ്ങൾ നൽകുന്ന വേറെ ഒരു ഗ്രഹവും ഇല്ല താനും. ഇക്കഴിഞ്ഞ ആഴ്ചയാണ് വ്യാഴം മകരത്തിൽ നിന്നും കുംഭം രാശിയിലേക്ക് മാറിയത്. മേടം, മിഥുനം, ചിങ്ങം, തുലാം, മകരം കൂറുകാർക്ക് ഈ മാറ്റം നല്ലതാണ്. കർക്കടകം, കന്നി, ധനു, മീനം കൂറുകാർക്ക് ഗുണദോഷങ്ങൾ ഇടകലർന്ന് വരും. ഇടവം, വൃശ്ചികം കുംഭക്കൂറുകാർക്ക് ദോഷകരമാണ്. 2021 സെപ്തംബർ 14 വരെയാണ് വ്യാഴം കുംഭം രാശിയിൽ നിൽക്കുന്നത്. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ പഞ്ചഗ്രഹങ്ങളിൽ ഏറ്റവും ശോഭയോടെ കാണാനാവുന്ന വ്യാഴം ഒരു ശുഭഗ്രഹം ആണ്. ജോതിർഗണിതത്തിൽ “ചുക്കു ചേരാത്ത കഷായം ഇല്ല “എന്ന് പറയും പോലെ വ്യാഴത്തിന്റെ അംശം ചേരാത്ത ഒന്നും തന്നെയില്ല. ഒരു ജാതകത്തിൽ വ്യാഴത്തിന് നല്ല ബലമുണ്ടെങ്കിൽ ആ വ്യക്തിക്ക് നല്ല ശാരീരിക ആരോഗ്യവും, രക്തശുദ്ധിയും ഉണ്ടായിരിക്കും. കാര്യക്ഷമതയും കൂടുതലായിരിക്കും. മനുഷ്യ ശരീരത്തിലെ ആന്തരിക അവയവങ്ങളായ പാൻക്രിയാസ്, ലിവർ എന്നീ ഗ്രന്ഥികളെ നിയന്ത്രിക്കുന്നത് വ്യാഴമാണ്. വ്യാഴത്തിന് 12 രാശികളിലെ കാരകത്വം ഉണ്ടെങ്കിലും രണ്ടിനും ഒമ്പതിനുമാണ് കൂടുതൽ പ്രാധാന്യം. ആഴ്ചകളിൽ വ്യാഴാഴ്ചയാണ് വിശേഷം. ഉപഗ്രഹം യമകണ്ടകൻ. ഛായഗ്രഹങ്ങളിൽ ഒരുപരിധി വരെ യമകണ്ടകന് മാത്രമാണ് ശുഭത്വം കല്പിച്ചിട്ടുള്ളത്.

വ്യാഴത്തിന് എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടെന്ന് പറയുന്ന ക്ഷേത്രങ്ങൾ:

ധനു രാശിയും മീനം രാശിയും സ്വക്ഷേത്രം.
കർക്കടകം രാശി ഉച്ഛക്ഷേത്രം.
മകരം രാശി നീചക്ഷേത്രം.

ജനനകാല ഗ്രഹനിലയിൽ വ്യാഴത്തിന് ബലക്കുറവ് ഉണ്ടെങ്കിൽ പലവിധത്തിൽ ശാരീരിക, സാമ്പത്തിക, മാനസിക വൈഷമ്യങ്ങൾ അനുഭവിക്കും. അതിനാലാണ് വ്യാഴം പിഴച്ചാൽ സർവ്വതും പിഴച്ചു എന്നു പറയുന്നത്. ജാതകത്തിലെ വ്യാഴ ബലക്കുറവ് പുഷ്ടിപ്പെടുത്താൻ മഞ്ഞപുഷ്യരാഗമാണ് ഉപയോഗിക്കുന്നത്. രത്‌ന നിർദേശകന്റെ ഉപദേശം സ്വീകരിച്ച് വേണം ഇത് ധരിക്കേണ്ടത്. ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കാനും ചില പ്രധാന കാര്യങ്ങൾ നടക്കുവാനും വ്യാഴത്തിന് ബലം അനിവാര്യമാണ്. വ്യാഴ ബലമില്ലാത്ത ജാതകക്കാർക്ക് ലഘുവായ ചില വ്രതാനുഷ്ഠാനങ്ങളോടെ വ്യാഴപ്പിഴ പരിഹരിക്കാം. ദിവസ വ്രതങ്ങളിൽ പ്രധാനം വ്യാഴാഴ്ച വ്രതമാണ്.

ജാതകത്തിൽ വ്യാഴ ദോഷമുള്ളവരും വ്യാഴദശയിൽ കഴിയുന്നവരും വ്യാഴാഴ്ച വ്രതം എടുത്താൽ ദോഷ കാഠിന്യം കുറയ്ക്കാനാകും. വ്യാഴപ്രീതി ഉണ്ടായാൽ ജീവിതത്തിൽ സൗഭാഗ്യങ്ങൾ തനേ വരും. ലക്ഷം ദോഷങ്ങൾ ഇല്ലാതാക്കാൻ വ്യാഴ ബലം മാത്രം മതി. ജാതകത്തിൽ വ്യാഴം അനുകൂലമായി വരുന്ന സന്ദർഭങ്ങളിൽ മറ്റു ഗ്രഹങ്ങൾ മൂലമുള്ള സർവ്വ ദോഷങ്ങൾക്കും ശാന്തി ലഭിക്കും. വ്യാഴം നീച രാശിയിൽ നിൽക്കുമ്പോൾ ജനിക്കുന്ന ഒരു ജാതകന്റെ ആരോഗ്യം മോശമായിരിക്കും. ഇവർ 16 വ്യാഴാഴ്ച വ്രതം അനുഷ്ഠിച്ച് ധന്വന്തരി ക്ഷേത്രദർശനം നടത്തി ധന്വന്തര പൂജ ചെയ്യുന്നത് ഉത്തമമാണ്. വ്രതത്തിന്റെ ഭാഗമായുള്ള ആരാധനയിൽ നെയ്യ് വിളക്ക് കൊളുത്തുന്നതും മഞ്ഞ പൂക്കൾ കൊണ്ടുള്ള പുഷ്പാഞ്ജലിയും പാൽപ്പായസം, പാൽ, നെയ്യ് ഇവ ഉപയോഗിച്ച് തയ്യാറാക്കുന്ന നിവേദ്യവും സമർപ്പിക്കുന്നതും ഉത്തമമായി കണക്കാക്കുന്നു. വ്യാഴാഴ്ചദിവസം ഉപവസിച്ച് തലേന്ന് ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കാം. അന്ന് വിഷ്ണു സഹസ്രനാമം, ശ്രീമദ് ഭാഗവതം, ഭഗവദ്ഗീത, വിഷ്ണുപുരാണം എന്നീ ഗ്രന്ഥങ്ങൾ വായിക്കുന്നതും ഈശ്വര പ്രീതികരമാണ് . 16 വ്യാഴാഴ്ച എന്നത് മാസത്തിൽ ഒരു വ്യാഴാഴ്ചയായും തുടർച്ചയായ വ്യാഴാഴ്ചകൾ എന്ന കണക്കിലും അനുഷ്ഠിക്കാം. വ്രതം എടുക്കുന്ന വ്യക്തിയുടെ സൗകര്യം പോലെ തെരഞ്ഞെടുക്കുക.

ഏത് വിവാഹമോചനക്കേസ് നോക്കിയാലും ആ ജാതകരിൽ എല്ലാം തന്നെ വ്യാഴത്തിന് ബലക്കുറവ് കാണം. വ്യാഴവുമായി ബന്ധപ്പെട്ട ദോഷകാഠിന്യം അനുഭവിക്കുന്ന ജാതകക്കാർക്ക് ഏറ്റവും എളുപ്പമായ പരിഹാരം മഞ്ഞപുഷ്യരാഗം അഥവാ ഗോൾഡൻ ടോപസ് ധരിക്കുകയാണ്. കൂടാതെ ശ്രീ ബ്യഹസ്പതി യന്ത്രം, സംഖ്യായന്ത്രം, ശ്രീതാര യന്ത്രം എന്നിവ ഉപദേശ പ്രകാരം അവനവന്റെ ആവശ്യങ്ങൾക്കനുസരിച്ച് ധരിക്കുക.

വ്യാഴത്തെ കൊണ്ടുള്ള ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കേണ്ടത് ഇനി പറയുന്നവരാണ്:

ജാതകത്തിൽ വ്യാഴം മകരത്തിലോ, ആറ്, എട്ട്, പന്ത്രണ്ട് ഭാവങ്ങളിലും സ്ഥിതിചെയ്യുന്നവർ;
വ്യാഴത്തിന് ശനി, രാഹു, കേതു എന്നീ ഗ്രഹങ്ങളുടെ യോഗമോ ദൃഷ്ടിയോ ഉള്ളവർ ;
ഇടവം, മിഥുനം, മകരം കുംഭം എന്നീ ലഗ്നങ്ങളിൽ ജനിച്ചവർ ; വ്യാഴദശാ കാലത്തും അശ്വതി, മകം, മൂലം, കാർത്തിക, ഉത്രം, ഉത്രാടം, മകയിരം, ചിത്തിര, അവിട്ടം എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർ; ഗ്രഹചാരവശാൽ വ്യാഴം ജന്മം 3, 4, 6, 8, 10, 12 എന്നീ രാശികളിൽ സഞ്ചരിക്കുന്നവർ

മേൽപ്പറഞ്ഞവർ വ്യാഴപ്രീതി വരുത്തേണ്ടത് അത്യാവശ്യമാണ്. വ്യാഴം ദുർബലമാകുന്ന ജാതകർക്ക് പൊതുവേ ഈശ്വരവിശ്വാസം കുറവായിരിക്കും. വിഷാദാത്മത്വം, ശുഭാപ്തി വിശ്വാസകുറവ്, തീവ്രമായ പെരുമാറ്റങ്ങൾ, ആത്മവിശ്വാസക്കുറവ്, ധൂർത്ത് , കടം വാങ്ങൽ, എല്ലാ രംഗത്തും പരാജയം, ശാരീരികമായ ഊർജ്ജസ്വലത കുറഞ്ഞും, കഫ സംബന്ധമായ രോഗങ്ങൾ, കരൾ രോഗങ്ങൾ, ബുദ്ധി വൈകല്യങ്ങൾ തുടങ്ങിയവയും വ്യാഴം ദുർബലമായ വ്യക്തിയുടെ ലക്ഷണമാണ്.

സൽകർമ്മങ്ങൾ കൊണ്ടും ഈശ്വര പ്രാർത്ഥന കൊണ്ടും ഒരു പരിധിവരെ വ്യാഴദോഷ ദുരിതങ്ങളിൽ നിന്നും രക്ഷപ്പെടാൻ സാധിക്കും. തമിഴ്നാട്ടിൽ കുംഭകോണത്തെ വ്യാഴക്ഷേത്രത്തിൽ ദർശനം നടത്തുന്നതും, മഹാരാഷ്ട്രയിലെ ഷിർദ്ദി സായി ബാബ ക്ഷേത്രത്തിൽ ദർശനം നടത്തി ഹൃദയശുദ്ധിയോടെ യഥാശക്തി വഴിപാടുകൾ സമർപ്പിക്കുന്നതും ഭാരതത്തിലെ അതിപ്രധാനമായ 108 വിഷ്ണു ക്ഷേത്രങ്ങളിൽ കഴിയുന്നിടത്ത് ദർശനം നടത്തുന്നതും വ്യാഴദോഷാധിക്യം കുറയ്ക്കാൻ സഹായിക്കും.

ഡോ. ശ്രീദേവൻ രാമകൃഷ്ണൻ
+91 94460 06470
പ്രീതാ സൂരജ് തുറവൂർ,
9446857460

(ഡോ ആർ.ശ്രീദേവനുമായി ഇപ്പോൾ വീഡിയോ കോൾ വഴി കൺസൾട്ടേഷൻ നടത്താം.
http://www.astrog.in/ എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
Search Astrologers ഓപ്ഷനിൽ Dr. R. Sreedevan എന്ന പേരിൽ ക്ലിക്ക് ചെയ്യുക.)

error: Content is protected !!