Friday, 20 Sep 2024
AstroG.in

ഉദ്ദിഷ്ടകാര്യജയം, മംഗല്യഭാഗ്യം, ദാമ്പത്യസുഖം, വിനായകചതുർത്ഥി അഭിഷ്ടസിദ്ധിക്ക് വിശേഷം

മംഗള ഗൗരി
ഗണപതി ഭഗവാന്റെ തിരുഅവതാര ദിവസമായ വിനായകചതുർത്ഥി ഗണേശോപാസയ്ക്ക് ഏറ്റവും കൂടുതൽ ഫലസിദ്ധി ലഭിക്കുന്ന പുണ്യ ദിവസമാണ്. ചിങ്ങത്തിലെ കറുത്തവാവിനെ തുടർന്ന് വരുന്ന നാലാം ദിവസമായ വിനായകചതുർത്ഥി ഇത്തവണ 2023 ആഗസ്റ്റ് 20, 1199 ചിങ്ങം 4 ഞായറാഴ്ചയാണ്. ഭഗവാന്റെ ജന്മ നക്ഷത്രമായ അത്തവും ചിങ്ങമാസത്തിലെ ശുക്‌ളപക്ഷചതുർത്ഥിയും ഒരേ ദിവസം വരുന്നതിനാൽ ഇത്തവണത്തെ വിനായകചതുർത്ഥി സവിശേഷമാണ്.

വിനായകചതുർത്ഥി ദിവസം ചെയ്യുന്ന ഗണപതി പ്രീതികരമായ എല്ലാ കർമ്മങ്ങൾക്കും അത്ഭുതകരമായ ഫലസിദ്ധി ലഭിക്കും. ഉദ്ദിഷ്ടകാര്യജയം, മംഗല്യഭാഗ്യം, ദാമ്പത്യസുഖം, അഭിവൃദ്ധി, സത്‌സന്താനസൗഭാഗ്യം, രോഗനിവാരണം വിദ്യാഭിവൃദ്ധി തുടങ്ങിയ ഉണ്ടാകും. വ്രതം നോൽക്കാതെയും അല്ലാതെയും വിനായക ചതുർത്ഥി ആചരിക്കാം. വ്രതപൂർവ്വം ആചരിച്ചാൽ എല്ലാക്കാര്യങ്ങളിലുമുള്ള തടസ്സങ്ങൾ അതിവേഗം നീങ്ങുകയും ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുകയും ചെയ്യുമെന്ന് മാത്രം. വ്രതം നോൽക്കുന്നവരും കഴിയാത്തവരും കഴിയുന്നത്ര തവണ ഓം ഗം ഗണപതയേ നമഃ , ഗണേശ ഗായത്രി , ഗണേശ അഷ് ടോത്തരം, ഗണേശ സഹസ്രനാമം തുടങ്ങിയവ ജപിക്കണം.

വ്രതമനുഷ്ഠിക്കുന്നവർ ചതുർത്ഥിയുടെ തലേദിവസം മുതൽ വ്രതമെടുക്കണം. എന്നാൽ വിനായക ചതുർത്ഥിയുടെ മൂന്നു ദിവസം മുൻപ് മുതൽ വ്രതനിഷ്ഠ പാലിക്കുന്ന ആചാരവും നിലവിലുണ്ട്. മത്സ്യമാംസാദി ഒഴിവാക്കണം. ബ്രഹ്മചര്യം പാലിക്കണം, ചതുർത്ഥി ദിവസം ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് കുളിച്ച് ശുദ്ധവസ്ത്രം ധരിച്ച് ഗണപതി പ്രധാന ദേവതയായുള്ള ക്ഷേത്രത്തിലോ ഉപദേവതയായ ക്ഷേത്രത്തിലോ ദർശനം നടത്തി തൊഴുത് പ്രാർത്ഥിച്ച് വഴിപാടുകൾ സമർപ്പിക്കണം. തുടർന്ന് ഗണപതിഹോമത്തിൽ പങ്കുചേരണം. വീട്ടിൽ മടങ്ങിയെത്തി ഗണേശപുരാണമോ കീർത്തനങ്ങളൊ കഴിയുന്നത്ര ജപിക്കണം. വൈകിട്ട് വീണ്ടും കുളിച്ച് ക്ഷേത്രദർശനം നടത്തണം. ഈ ദിവസം ദാനധർമ്മങ്ങൾ ചെയ്യുന്നതും ഉത്തമമാണ്. ചതുർത്ഥിയുടെ പിറ്റേദിവസം രാവിലെ ക്ഷേത്രദർശനം നടത്തി തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം.

വിനായകചതുർത്ഥി ദിവസത്തെ ഗണേശപൂജ ജീവിതത്തിലെ സർവ്വദു:ഖങ്ങളും അകറ്റാൻ ഉപകരിക്കും. ഈ ദിവസം ചെയ്യുന്ന ഗണപതിഹോമത്തിന് ഫലസിദ്ധി വർദ്ധിക്കും. ഗൃഹത്തിലും ക്ഷേത്രത്തിലും ഗണപതി ഹോമം നടത്താം. ഗൃഹത്തിൽവച്ച് ഗണപതിഹോമം നടത്താൻ കഴിയാത്തവർ ഏതെങ്കിലും ക്ഷേത്രത്തിൽ നടക്കുന്ന ഗണപതിഹോമത്തിൽ പങ്കെടുത്താൽ മതി.

വിനായക ചതുർത്ഥിക്ക് വീടുകളിൽ ഗണേശപൂജയും നടത്താം. ഈ പൂജയിൽ ഏറ്റവും പ്രധാനം കറുകയാണ്. ഓം ഗം ഗണപതയേ നമഃ എന്ന ഗണേശ മൂലമന്ത്രം ജപിച്ച് ഗണേശ വിഗ്രഹത്തിൽ പതിക്കത്തക്കവണ്ണം കറുക അർപ്പിക്കണം. പൂജക്ക് മുൻപ് വെറ്റില, അടക്ക, പൂജാപുഷ്പങ്ങൾ കിണ്ടിയിൽ ജലം തുടങ്ങിയ പൂജാസാധനങ്ങൾ തയ്യാറാക്കണം. പൂജക്ക് ഇരുന്നാൽ പൂജ കഴിയാതെ എഴുന്നേൽക്കരുത്. പൂജയിൽ ഗണപതിയുടെ ഇഷ്ടഭോജ്യങ്ങളായ മധുരകൊഴക്കട്ട, അട, ഉണ്ണിയപ്പം മോദകം തുടങ്ങിയ പലഹാരങ്ങളും അവലും മലരും നേദിക്കണം. ഇങ്ങനെ പൂജിച്ച ഗണേശ വിഗ്രഹം വിനായകചതുർത്ഥിയുമായി ബന്ധപ്പെട്ട് നടക്കുന്ന ഗണേശോത്സവ ശേഷം പുഴയിലോ കടലിലോ നിമജ്ജനം ചെയ്യണം.

വിനായകചതുർത്ഥി ദിവസം ചന്ദ്രനെ കാണരുത്. കാരണം ഗണപതിയിൽ നിന്ന് ചന്ദ്രനുണ്ടായ ശാപഫലമായി ഈ ദിവസം ചന്ദ്രനെ കാണുന്നവർക്ക് മാനഹാനിയുണ്ടാകാം. അഥവാ കണ്ടു പോയാൽ 1008 തവണ ഓം നമഃ ശിവായ, ഓം ഗം ഗണപതയേ നമഃ
ജപിച്ച് പ്രാർത്ഥിക്കണം.

Story Summary: Significance and Benefits of worshipping Lord Ganesha on Vinayaka Chathurthi

error: Content is protected !!