ഉദ്യോഗം ലഭിക്കാനും കർമ്മതടസം പെട്ടെന്ന് മാറാനും ചില എളുപ്പ വഴികൾ
ജോതിഷി പ്രഭാ സീന സി.പി
ആഗ്രഹിക്കുന്ന ജോലി ലഭിക്കാതെ വിഷമിക്കുന്നവർ ധാരാളമുണ്ട്. ചെയ്യുന്ന ജോലിയിൽ പുരോഗതി കാണാതെ നിരാശപ്പെട്ടു കഴിയുന്നവരും അനവധി. നല്ല ജോലിയിലിരുന്നിട്ട് മഹാമാരി കാരണം സാഹചര്യങ്ങൾ കീഴ്മേൽ മറിഞ്ഞപ്പോൾ തൊഴിൽ നഷ്ടപ്പെട്ടവരും ഒട്ടേറെയുണ്ട്. ജോലി പോയില്ലെങ്കിലും കിട്ടിക്കൊണ്ടിരുന്ന വരുമാനത്തിൽ കുറവ് വന്നവരാണ് വേറൊരു കൂട്ടർ. കൃത്യമായി ലഭിച്ചു വന്ന ശമ്പളം ഗഡുക്കളായി മാറിയതാണ് ഇനിയൊരു കൂട്ടരുടെ പ്രശ്നം. സ്വയം തൊഴിലെടുത്ത് കഴിയുന്നവരെ അലട്ടുന്ന കാര്യം വരുമാനത്തിൽ വന്ന കുറവാണ്.
ഈ സാഹചര്യം എങ്ങനെ നേരിടാം എന്ന് അറിയാതെ വിഷമിക്കുന്നവരാണ് കൂടുതലും. തീർച്ചയായും എന്തിനെയും നേരിടാനും അതിജീവിക്കാനും വേണ്ട മനോബലം ആർജ്ജിക്കുകയാണ് ആദ്യം വേണ്ടത്. അതിന് പറ്റിയ മാർഗ്ഗം ഈശ്വരോപാസനയും വലിയ പണച്ചെലവില്ലാത്ത ലഘുവായ വഴിപാടുകളിലൂടെ ഈശ്വരാധീനം വർദ്ധിപ്പിക്കുകയുമാണ്. ആദിത്യ സ്തുതി, ശിവന് വെള്ളനിവേദ്യം, സുബ്രഹ്മണ്യന് പഞ്ചാമൃതം, ഗുരുവായൂരപ്പന് അഹസ്സ് ഇവ ജോലി സംബന്ധമായ തടസങ്ങളും പ്രശ്നങ്ങളും നീങ്ങാൻ ഗുണകരമാണ്. കൂടാതെ ജാതകന്റെ ദശാപഹാരനാഥൻ, ചാരവശാലുള്ള കർമ്മ കാരകന്റെ സ്ഥിതി ഇവയും പരിഗണിക്കണം. ഇക്കാര്യം ജ്യോതിഷികൾക്ക് പറഞ്ഞു തരാൻ കഴിയും. അശ്വരൂഢം, സംവാദസൂക്ത യന്ത്രം, ഉച്ഛിഷ്ട ഗണപതിയന്ത്രം എന്നിവ തൊഴിൽ നേടാനും അഭിമുഖ പരീക്ഷകളിൽ വിജയിക്കുന്നതിനും ഗുണകരം. മധുർ ഗണപതിക്ക് പച്ചപ്പവും, വെള്ളിയാഴ്ചക്കാവ് ദേവിക്കും അനുജത്തിക്കും വിളക്കു പുജയും, പഴവങ്ങാടി ഗണപതിക്ക് മോദകവും ഉച്ഛിഷ്ടഗണപതിക്ക് അപ്പം മൂടലും തൊഴിൽ തടസ്സം നീങ്ങാൻ ക്ഷിപ്രഫലപ്രദമായി കണ്ടുവരുന്നു. ജാതകാൽ കർമ്മ സ്ഥാനത്തോ അനുഭവ ഗുണസ്ഥാനത്തോ ഗുളികൻ വന്നാൽ ഗുളിക ദോഷപരിഹാരം ചെയ്തല്ലാതെ ജോലിയിൽ സ്ഥിരത വരില്ല.
നമുക്ക് ചുറ്റും തൊഴിലില്ലാത്തവരുടെ സംഖ്യ അനുദിനം പെരുകുന്നു എന്നാണ് പൊതുസമൂഹത്തിന്റെ വിശ്വാസം. ഭൂരിഭാഗം ആൾക്കാരും കരുതുന്നത് ജോലിയില്ലാത്ത ചുറ്റുപാടാണ് നമുക്ക് ചുറ്റിലുമെന്നാണ്. എന്നാൽ ഇത് നമ്മുടെ തോന്നൽ മാത്രമാണെന്നാണ് എൻ്റെ ഒരു തിരിച്ചറിവ്. തൊഴിൽ അവസരം ഇല്ലാത്ത ഒരു സാഹചര്യം നമുക്ക് ചുറ്റിലുമില്ല. നമ്മൾ ജോലിയിലേക്ക് എത്തിപ്പെടുന്നില്ല എന്നതാണ് വസ്തുത. ധാരാളം സാധ്യതകൾ മുന്നിൽ നീണ്ടു പരന്നു കിടക്കുന്നുണ്ട്. അത് എങ്ങനെ ഉപയോഗിക്കണമെന്ന തിരിച്ചറിവ് ജോലി തേടുന്നവർക്കും പല രക്ഷിതാക്കൾക്കും ഇല്ലാതെ പോകുന്നതാണ് തൊഴിലില്ലായ്മയായി തോന്നുന്നത്.
എന്തിനും ഏതിനും ഗുരുത്വം വേണമെന്ന് പൂർവ്വികർ പഠിപ്പിച്ചിട്ടുണ്ട്. ഗുരുത്വമുണ്ടെങ്കിൽ നമ്മുക്ക് ഭക്തിയും യോഗവും പിന്നാലെ വരും. ഗുരുത്വമുണ്ടായാൽ നമ്മൾ ഏത് കർമ്മമേഖയിലേക്കാണോ സഞ്ചരിക്കേണ്ടത് ആ വഴിക്ക് പ്രപഞ്ചശക്തികൾ നമ്മളെ കൈപിടിച്ച് നടത്തിക്കും അവിടെ നമ്മൾ ശോഭിക്കുകയും ചെയ്യും. നമ്മുടെ കർമ്മമാർഗ്ഗം മനസ്സിലാക്കാൻ ശരിയായ ജോതിഷ ചിന്തനം ഒരു പരിധി വരെ സഹായിക്കും.
ഏതൊരു ജാതകത്തിലെയും ഉപജീവന മാർഗ്ഗം ഏതെന്ന് കണ്ടെത്തുന്നത് പത്താം ഭാവം ഭാവാധിപൻ, ഭാവത്തിൽ ഇരിക്കുന്നവർ, ഭാവാധിപനോട് യോഗമുള്ളവർ, ഭാവത്തിലേക്കും ഭാവാധിപനെയും ദൃഷ്ടി ചെയ്യുന്നവർ, ഭാവത്തിൻ്റെ നവാംശാധിപൻ ഇവരാണ്. പത്താം ഭാവത്തെ നിയന്ത്രിക്കുന്നവർ കൂടാതെ പത്താം ഭാവവും ഭാവാധിപനുമായി ഉണ്ടായിട്ടുള്ള യോഗങ്ങളിൽ പെടുന്ന ഗ്രഹങ്ങളും അവയുടെ ഭാവങ്ങളും കൂടി ഈ ഫലം നിശ്ചയിക്കുന്നു.
പത്താം ഭാവം കർമ്മഭാവം ആണെങ്കിലും അതുമൂലം ഉണ്ടാകുന്ന സാമ്പത്തിക ഗുണങ്ങളും, പ്രശസ്തിയും, ഉന്നത സ്ഥാനലബ്ധിയും കൂടി വിവിധ ഭാവങ്ങളെ കൊണ്ട് ചിന്തിക്കണം. ധനലാഭം രണ്ട്, പതിനൊന്ന് ഭാവങ്ങളെ കൊണ്ടും വിജയം, പ്രശസ്തി, സ്ഥാനലബ്ധി, ഭാഗ്യം എന്നിവ ഒമ്പതാം ഭാവത്തെ കൊണ്ടും ചിന്തിക്കണം. ജാതകത്തിൽ പൊതുവെയുള്ള രാജയോഗങ്ങളും, ധനയോഗങ്ങളും, മഹാപുരുഷ യോഗങ്ങളും അറിഞ്ഞ് ജാതകർ എത്ര ഉയരത്തിൽ എത്തുമെന്ന് നോക്കണം.
ചരരാശിയാണ് പത്താം ഭാവമെങ്കിൽ ഊർജ്ജസ്വലത, വിജയത്തിനു വേണ്ടി കഠിന പ്രയത്നം, സാഹസികമായ ഉദ്യമങ്ങൾ തുടങ്ങിയവ ആവശ്യമുള്ള ജോലികൾ ചെയ്യാൻ കഴിയും. പത്താം ഭാവം സ്ഥിര രാശി ആണെങ്കിൽ കാലദൈർഘ്യം ആവശ്യമുള്ള ജോലികൾ ചെയ്യാൻ കഴിവുള്ളവരാകും. ഉഭയ രാശികളായാൽ അതിന് ബലമുണ്ടെങ്കിൽ രണ്ടു വിധത്തിലുള്ള ജോലികളും ചെയ്യാൻ പ്രാപ്തരാകും.
ജോലി എന്തായിരിക്കുമെന്ന് തീരുമാനിക്കും മുൻപ് ഒരാളുടെ ശാരീരികവും മാനസികവുമായ ശക്തിയെ നിരീക്ഷിക്കണം. ലഗ്നത്തെ കൊണ്ടും ശരീര കാരകനായ സൂര്യനെ കൊണ്ടും മനോകാരകനായ ചന്ദ്രനെ കൊണ്ടും ബുദ്ധി കാരകനായ ബുധനെ കൊണ്ടും ചിന്തിച്ചിട്ട് പൊതുവെയുള്ള സ്ഥിതി അറിയണം. ഇവയ്ക്ക് രാഹു, ശനി ഇവയുമായി ബന്ധമുണ്ടായാൽ ഒരാൾക്ക് വളരെ നിർണ്ണായക ഘട്ടങ്ങളിലും ഉത്തരവാദിത്വവും കഴിവും ആവശ്യമായ സന്ദർഭങ്ങളിലും ശരിയായും വേഗത്തിലും യുക്തമായും തീരുമാനങ്ങളെടുക്കുവാനും പ്രവർത്തിക്കുവാനും കഴിഞ്ഞെന്ന് വരില്ല. പത്താം ഭാവത്തിൽ നിൽക്കുന്ന ഗ്രഹത്തിന് ശുഭ ദൃഷ്ടി ഉണ്ടെങ്കിൽ ആ ജാതന് ആ നോക്കുന്ന ഗ്രഹം സൂചിപ്പിക്കുന്ന കഴിവുകൾ ഉണ്ടായിരിക്കും ഉദാ: സൂര്യനും രാഹുവും പത്തിലിരുന്നു ഗുരു ദ്യഷ്ടി ചെയ്യുന്നെങ്കിൽ ജാതൻ രാഷ്ട്രീയ കാര്യങ്ങളിൽ കഴിവുള്ളവനാകും. സൂര്യനും കുജനും പത്തിൽ ബലവാന്മാരാണെങ്കിൽ വൈദ്യശാസ്ത്രത്തിലും രാഷ്ട്രീയത്തിലും താൽപ്പര്യമുള്ളയാളാകും.
ഒരാൾ ഒരു ജോലിയോടൊപ്പം മറ്റൊരു വ്യത്യസ്ത ജോലി കൂടി ചെയ്തു കൊണ്ടിരിക്കുന്നുണ്ടാവും. ജോലി പെട്ടെന്ന് മാറുന്നതും കാണാറുണ്ട്. അതെല്ലാം അതതു കാലത്തെ ദശാപഹാര നാഥൻമാരുടെ സ്വഭാവങ്ങൾ അനുസരിച്ചായിരിക്കും.
ഫലാനുഭവ കാലം: പത്താം ഭാവാധിപൻ, പത്തിലേക്ക് ദ്യഷ്ടി ചെയ്യുന്ന ഗ്രഹം, പത്തിൽ നിൽക്കുന്ന ഗ്രഹം, പത്താം ഭാവാധിപനെ ദൃഷ്ടി ചെയ്യുന്ന ഗ്രഹം, പത്താം ഭാവാധിപനോട് യോഗം ചെയ്ത ഗ്രഹം ചന്ദ്രരാശിയിൽ നിന്നും പത്താം ഭാവാധിപൻ ഇവരുടെ ദശയിലോ അപഹാരത്തിലോ ഛിദ്ര കാലങ്ങളിലോ പത്താം ഭാവത്തിൻ്റെ അനുഭവങ്ങൾ ഉണ്ടാകും.
പത്താം ഭാവത്തെ സ്വാധീനിക്കുന്ന ഗ്രഹങ്ങളുടെ ദശയും അപഹാരവുമാണെങ്കിൽ കൂടുതൽ ഫലം തരും. ഭാവത്തെ സ്വാധീനിക്കുന്ന ഗ്രഹത്തിൻ്റെ ദശയിൽ ഭാവത്തെ സ്വാധീനിക്കാത്ത ഗ്രഹത്തിൻ്റെ അപഹാര കാലമാണെങ്കിൽ കുറഞ്ഞ ഫലം തരും. സ്വാധീനിക്കാത്ത ഗ്രഹത്തിൻ്റെ ദശയിൽ സ്വാധീനിക്കുന്ന ഗ്രഹത്തിൻ്റെ അപഹാര കാലത്ത് സാമാന്യ ഫലം തരും. ജോലി തടസം നീങ്ങാൻ ജാതകാൽ പത്താം ഭാവാധിപന്റെ ഗ്രഹ ബലം അനുസരിച്ച് പരിഹാരം ചെയ്യണം. കൂടാതെ കർമ്മകാരകന്മാരെയും ബലപ്പിക്കണം.
ജോതിഷി പ്രഭാ സീന സി.പി
+91 9961 442256, 989511 2028
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email : prabhaseenacp@gmail.com)