Friday, 22 Nov 2024
AstroG.in

ഉപ്പ് കടം കൊടുക്കരുതെന്ന് പറയുന്നതിന് കാരണം എന്ത്?

ലക്ഷ്മീദേവിയുടെ കൃപാകടാക്ഷം ലഭിക്കാനും ആഗ്രഹങ്ങൾ സഫലമാക്കാനും ഉപ്പ് വഴിപാട് നടത്തുക നല്ലതാണ്. സമുദ്ര സമുദ്ഭവയാണ് മഹാലക്ഷ്മി. പാലാഴി കടഞ്ഞപ്പോൾ അലകടലിൽ നിന്ന് ഉയർന്നു വന്ന ദേവി മഹാവിഷ്ണുവിനെ വരിച്ചുവെന്നും ഭഗവാനൊപ്പം പാൽക്കടലിലാണ് പള്ളി കൊള്ളുന്നത് എന്നും പുരാണങ്ങൾ പറയുന്നു. അതുകൊണ്ട് കടലിൽ നിന്നെടുക്കുന്ന ഉപ്പിൽ ലക്ഷ്മീദേവി വസിക്കുന്നതായി വിശ്വസിക്കുന്നു. ഉപ്പ് കടം കൊടുക്കരുതെന്ന് പറയുന്നതിനു കാരണം ഇതാണ്.

പ്രാർത്ഥനയ്ക്കായി ഭക്തർ ഉപ്പ് പല വിധത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. ഉപ്പ് കൊണ്ട് വിനായക രൂപം നിർമ്മിച്ച് പ്രാർത്ഥിച്ചാൽ ശത്രുക്കൾ നിലയ്ക്കു നിൽക്കും. കടലിൽ നിന്നുള്ള ഉപ്പ് തലയിൽ വച്ച് പ്രാർത്ഥിച്ചാൽ രോഗ ദുരിതങ്ങൾ അകലും. ഉപ്പും മുളകും ചേർത്ത് പ്രാർത്ഥിച്ച് വെള്ളിയാഴ്ച അടുക്കള വാതിലിനു പുറത്തിടുന്നത് ദൃഷ്ടിദോഷമകലാൻ നല്ലതാണ്.

സൗന്ദര്യലഹരിയിൽ 33-ാമത് ശ്ലോകം സൗഭാഗ്യമന്ത്രമാണ്. നാൽപ്പത്തിയെട്ട് ദിവസം അതിരാവിലെ അഞ്ചര മണി മുതൽ ഇരു കൈകളിലും ഉപ്പെടുത്ത് ജപത്തോടെ പ്രാർത്ഥിച്ച് ഒഴുകുന്ന വെള്ളത്തിൽ ഇട്ടാൽ അനുകൂല ഫലസിദ്ധിയുണ്ടാകും. ധന സമ്പത്ത് പെരുകും. ശത്രുഭയമില്ലാതാക്കാനും ഭാര്യാ ഭർത്തൃ ബന്ധം ദൃഢമാകാനും കുടുംബാംഗങ്ങൾ തമ്മിലെ ബന്ധങ്ങൾ ദൃഢമാകാനും തൊഴിൽ രംഗത്ത് ശോഭിക്കാനും ഇത്തരത്തിലെ ഉപ്പ് വഴിപാട് പ്രാർത്ഥന നല്ലതാണ്. 33-ാമത് ശ്ലോകം ഇതാണ്:

സ്മരം യോനിം ലക്ഷ്‌മീം
ത്രിതയമിദമാദൌ തവ മനോ
നിധായൈകേ നിത്യേ !
നിരവധി മഹാഭോഗരസികാ:
ഭജന്തിത്വാം ചിന്താമണി
ഗുണനിബന്ധാക്ഷ വലയാ:
ശിവാഗൌ ജൂഹ്വന്തസ്സുരഭി
ഘൃത ധാരാഹുതി ശതൈ:

ജപത്തിനും ഉപ്പിനും തമ്മിൽ അടുത്ത ബന്ധമുണ്ട്. ലക്ഷ്യങ്ങൾ എന്തായാലും ഉപ്പ് കൊണ്ടുള്ള പ്രാർത്ഥനയാൽ നിറവേറുമെന്നും എല്ലാ പ്രശ്നങ്ങളും അകലുമെന്നും ലവണശാസ്ത്രത്തിൽ പറയുന്നുണ്ട്. നിശ്ചിത രീതികളിൽ ഇരുന്നു വേണം മന്ത്രജപവും പ്രാർത്ഥനയും നടത്തേണ്ടതെന്നാണ് ആഗമ ശാസ്ത്ര വിധി. വെറും തറയലിരുന്ന് ചെയ്താൽ ജപ ഫലങ്ങൾ ഭൂമിയിലേക്ക് പോകുമെന്ന് വിശ്വസിക്കപ്പെടുന്നു. അറിവും ആത്മീയതയും കലർന്ന ഉപ്പു വഴിപാട് മുറയനുസരിച്ച് നടത്തിയാൽ ലക്ഷ്യം നേടാം.

Story Summary: Significance of salt offerings to Goddess Lakshmi Devi

error: Content is protected !!