Friday, 22 Nov 2024
AstroG.in

എങ്ങനെയാണ്, എന്തിനാണ് ഗണപതിക്ക് ഏത്തം ഇടുന്നത് ?

ഗണപതി ഭഗവാന് മാത്രമുള്ള ഒരു സമർപ്പണമാണ് എത്തമിടൽ. മറ്റൊരു ഈശ്വര സന്നിധിയിലും പതിവില്ലാത്ത ഈ ആചാരം ഗണപതി സന്നിധിയിൽ വളരെയധികം പ്രധാനവുമാണ്. ഗണപതി ഭഗവാനെ സന്തോഷിപ്പിച്ച് വിഘ്നങ്ങള്‍ നീക്കാനുള്ള ഉത്തമ മാർഗ്ഗമായ ഏത്തമിടൽ ഗണപതി ക്ഷേത്രത്തിൽ തൊഴുതുമടങ്ങുന്നവരിൽ ഭൂരിഭാഗവും ചെയ്യാറില്ല. എത്തമിടുന്നവർ തന്നെ ശരിയായ വിധി പ്രകാരമല്ല അത് ചെയ്യുന്നത്. ഗണപതിക്കു മുന്നിൽ ഭക്തർ ഏത്തമിടുന്നതിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്. ഒരിക്കൽ ശിവകുടുംബം വൈകുണ്ഠത്തിൽ എത്തി. എല്ലാവരും സംസാരത്തിൽ മുഴുകിയിരുന്നപ്പോൾ ഗണേശൻ അവിടെ ചുറ്റിത്തിരിഞ്ഞു. ഇതിനിടയിൽ വിഷ്ണു ഭഗവാന്റെ ചക്രായുധം ഗണപതിയുടെ കണ്ണിൽപ്പെട്ടു. എന്ത് കിട്ടിയാലും എടുത്ത് കഴിക്കുന്ന ഗണപതി സുദർശനചക്രവും എടുത്ത് വായിലിട്ട് വിഴുങ്ങാൻ നോക്കി. അതിനു പറ്റാതെ വന്നപ്പോൾ വാപൂട്ടി നിൽക്കുന്ന ഉണ്ണി മറ്റുള്ളവരുടെ ശ്രദ്ധയിൽ പെട്ടു. എന്തോ കുസൃതി ഒപ്പിച്ചു എന്ന് മനസിലാക്കിയ വിഷ്ണു ഭഗവാൻ വായിലുള്ളത് പുറത്തു ചാടിക്കാൻ ഒരു സൂത്രം പ്രയോഗിച്ചു. ഉണ്ണിഗണപതിയുടെ മുന്നിൽ നിന്ന് ഏത്തമിടുക. വിഷ്ണു ഇത് ആവർത്തിക്കുന്നത് കണ്ടപ്പോള്‍ ഗണേശൻ പൊട്ടിച്ചിരിച്ചു പോയി. ആ ചിരിയോടൊപ്പം ചക്രായുധവും പുറത്തു വീണു. അന്നു മുതൽ ഗണേശനെ പ്രീതിപ്പെടുത്തി കാര്യം സാധിക്കാനുള്ള ഒരു മാർഗ്ഗമായി എത്തമിടൽ മാറി.

ഗണേശപുരാണത്തിൽ ഏത്തമിടലിന്റെ വിധി ഒരു ശ്ലോകരൂപത്തിൽ വർണ്ണിക്കുന്നുണ്ട്. അത് ഇങ്ങനെ:

വലം കയ്യാൽ വാമശ്രവണവുമിടം കൈ വിരലിനാൽ
വലം കാതും തൊട്ടക്കഴലിണപിണച്ചുള്ള നിലയിൽ
നിലം കൈമുട്ടാലേ പല കുറി തൊടുന്നേ നടിയ നി-
ന്നലം കാരുണ്യാബ്ധേ കളക മമ വിഘ്നം ഗണപതേ!

ഇടതു കാലിൻ മേൽ ഊന്നിനിന്ന് വലത് കാൽ ഇടതു കാലിന് മുൻപിൽ കൂടി ഇടത്തോട്ട് പിണച്ചു കൊണ്ടു പോയി പെരുവിരൽ മാത്രം നിലത്തു തൊടുവിച്ച് നിൽക്കണം. ഇടതു കൈയുടെ നടുവിരലും ചുണ്ടാണി വിരലും കൂടി വലത്തെ ചെവിയും വലത്തേ കൈ മുൻ വശത്തു കൂടി ഇടത്തോട്ട് കൊണ്ടുപോയി മുൻപ് പറഞ്ഞ രണ്ടു വിരലുകൾ കൊണ്ട് ഇടത്തേ ചെവിയും പിടിക്കണം. എന്നിട്ട് ഗണപതിയെ ഞാൻ വന്ദിക്കുന്നു എന്ന് മനസിൽ പറഞ്ഞു കൊണ്ട് പല തവണ കുമ്പിടുകയും നിവരുകയും ചെയ്യണം. ഇതാണ് ഏത്തമിടേണ്ട സമ്പ്രദായം.

വിഘ്നങ്ങളൊഴിയാൻ നടത്തുന്ന ഗണേശ പൂജ, പ്രാർത്ഥന, മന്ത്രജപം, വഴിപാടുകൾ, വ്രതം എന്നിവ പോലെ സുപ്രധനമായ ഒരു ആചാരമാണ് ഏത്തമിടൽ. പലർക്കും ഇക്കാര്യം അറിയില്ല. മേൽ വിവരിച്ച ഏത്തമിടലിന്റെ വിധി സംബന്ധിച്ച ശ്ലോകത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്. വെറുതെ ആരെങ്കിലും കാണിക്കുന്നത് അനുകരിക്കുകയല്ല, ഏത്തമിടുന്ന കാര്യത്തിൽ താൽപര്യമുള്ള ഭക്തർ ചെയ്യേണ്ടത്. കൈപിണച്ച് രണ്ടു ചെവിയിലും തൊട്ട് ദേഹമിട്ടൊന്നു കുലുക്കിയാൽ ഏത്തം ശരിയാകില്ല. ഓം ഗം ഗണപതയേ നമ: ചൊല്ലിക്കൊണ്ടാണ് ഭഗവാനെ വന്ദിക്കേണ്ടത്; ഏത്തമിടേണ്ടത്. എത്ര തവണ ഇത് ചെയ്യണം എന്നത് ഭക്തരുടെ താല്പര്യത്തെ മാത്രം ആശ്രയിച്ചാണുള്ളത്. സാധാരണ പലരും 3, 5, 7, 12 , 21 ഇങ്ങനെ പലവിധത്തിൽ ചെയ്യാറുണ്ട്.

എത്തമിടലിനെ പ്രായച്ഛിത്തമായി കണക്കാക്കാം. അറിഞ്ഞോ അറിയാതെയോ നിത്യജീവിതത്തിൽ വന്നു പോകുന്ന തെറ്റു കുറ്റങ്ങൾക്ക് ഏറ്റവും എളുപ്പം പ്രസാദിക്കുന്ന ഗണപതി ഭഗവാനോട് മാപ്പുപറയുക ആണ് ഇതിലൂടെ നമ്മൾ ചെയ്യുന്നത്. ഇത്തരത്തിൽ ഏത്തമിടുന്ന ഭക്തർ നേരിടുന്ന വിഘ്നങ്ങൾ ഒഴിഞ്ഞു പോകുന്നത് മിക്കവരുടെയും അനുഭവമാണ്.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

  • 91 9847575559

Story Summary: Why do people perform squats in front of Lord Ganapathy

error: Content is protected !!