Sunday, 22 Sep 2024
AstroG.in

എന്തുകൊണ്ട് ഇത്തവണ വിഷുക്കണി മേടം രണ്ടിന് ?

അനിൽ വെളിച്ചപ്പാടൻ
സൂര്യോദയത്തിനുമുമ്പാണ് വിഷുക്കണി കാണേണ്ടത്. അപ്പോള്‍ മേടം ഒന്നാംതീയതി ഉദത്തിന് മുൻപ് സൂര്യന്‍, മീനം രാശിയില്‍ നിന്നും മേടം രാശിയിലേക്ക് മാറിയിട്ടില്ലെങ്കിലോ? എങ്കില്‍ അതിനെ മീനക്കണി എന്നല്ലേ വിളിക്കേണ്ടത്? അതുകൊണ്ടാണ് സൂര്യോദയം കഴിഞ്ഞു വരുന്ന മേടവിഷു, തൊട്ടടുത്ത ദിവസം ആചരിക്കുന്നത്.

മലയാളം ഒന്നാംതീയതി സൂര്യസംക്രമം (അതായത് സൂര്യന്‍ അടുത്ത രാശിയിലേക്ക് മാറുന്നത്) നടക്കുന്നത് സൂര്യോദയത്തിന് ശേഷമാണെങ്കില്‍, ആ ദിവസത്തെ ദിനമാനം (ഉദയം മുതല്‍ അസ്തമയം വരെയുള്ള സമയം) എടുത്ത്, അതിനെ അഞ്ചായി ഭാഗിച്ചാല്‍ ആദ്യത്തെ മൂന്ന് ഭാഗയില്‍ സംക്രമം വന്നാല്‍ മലയാളം ഒന്നാംതീയതി അന്നുതന്നെയും, മൂന്ന് ഭാഗയ്ക്ക് ശേഷമാണ് അന്നത്തെ സൂര്യസംക്രമം നടന്നതെങ്കില്‍ മലയാളം ഒന്നാംതീയതി ആചരിക്കുന്നത് അടുത്ത ദിവസവും ആയിരിക്കും. ഈ പറഞ്ഞത് മലയാള മാസം ഒന്നാം തീയതി എങ്ങനെ ഗണിക്കണം എന്നതിനെക്കുറിച്ചാണ്. മേടവിഷുവിനെ കുറിച്ചല്ല. അതിനെപ്പറ്റി താഴെ എഴുതുന്നുണ്ട് , വായിക്കാം.

2022 ലെ (കൊല്ലവര്‍ഷം1197) വിഷു ആചരിക്കേണ്ടത് മേടം 02, 2022 ഏപ്രില്‍ 15 ന് ആയിരിക്കണം. കാരണം ഈ മേടമാസത്തിലെ സൂര്യസംക്രമം നടക്കുന്നത് മേടം ഒന്നാം തീയതി രാവിലെ 08.41.18 സെക്കന്റിനാകുന്നു. ഈ സൂര്യസംക്രമം സൂര്യോദയശേഷം വരുന്നതിനാല്‍ വിഷുവും വിഷുക്കണി കാണുന്നതും സ്വാഭാവികമായും മേടം രണ്ടിനായിരിക്കും.

സൂര്യന്‍ രാശിമാറുന്നത് ഒരേ സമയക്രമം പാലിച്ചല്ല. കാരണം സൂര്യനും ഭൂമിയും അടുത്തു വരുമ്പോള്‍ ഭൂമിയുടെ സഞ്ചാരവേഗം കൂടുകയും സൂര്യനുമായി ഭൂമി അകന്നു പോകുമ്പോള്‍ ഭൂമിയുടെ വേഗം കുറയുകയും ചെയ്യും. ഭൂമിയുടെ സഞ്ചാരം വൃത്താകൃതിയിലല്ല; ദീര്‍ഘവൃത്താകൃതിയിലാണ് എന്നും ഓര്‍ക്കണം. കുറച്ചു കൂടി ലളിതമായി പറഞ്ഞാല്‍ ഒരു രാശി കടക്കാന്‍ സൂര്യന്‍ എടുക്കുന്ന സമയം കൃത്യമല്ല. ആദ്യാവസാന ഭാഗകളില്‍ വേഗം കൂടിയും കുറഞ്ഞുമിരിക്കാം. തുല്യ വിസ്തീര്‍ണ്ണത്തിന് തുല്യസമയം (Equal Area in Equal Time) എന്ന തത്വമാണ് എല്ലാ ഗ്രഹങ്ങളുടെയും സഞ്ചാരനിയമം.

മുമ്പും ചില വര്‍ഷങ്ങളില്‍ ഇങ്ങനെ വിഷു, തൊട്ടടുത്ത ദിവസം ആചരിച്ചിട്ടുണ്ട്. വരുന്ന ചില വര്‍ഷങ്ങളിലും മേടവിഷു, മേടം രണ്ടിനായിരിക്കും.

2003 ലെ വിഷു ആചരിച്ചത് മേടം രണ്ടിനായിരുന്നു (ഏപ്രില്‍ 15)
2006 ലെ വിഷു ആചരിച്ചത് മേടം രണ്ടിനായിരുന്നു (ഏപ്രില്‍ 15)
2007 ലെ വിഷു ആചരിച്ചത് മേടം രണ്ടിനായിരുന്നു (ഏപ്രില്‍ 15)
2010 ലെ വിഷു ആചരിച്ചത് മേടം രണ്ടിനായിരുന്നു (ഏപ്രില്‍ 15)
2011 ലെ വിഷു ആചരിച്ചത് മേടം രണ്ടിനായിരുന്നു (ഏപ്രില്‍ 15)
2014 ലെ വിഷു ആചരിച്ചത് മേടം രണ്ടിനായിരുന്നു (ഏപ്രില്‍ 15)
2018 ലെ വിഷു ആചരിക്കുന്നത് മേടം രണ്ടിനാണ് (ഏപ്രില്‍ 15)
2026 ലെ വിഷു ആചരിക്കുന്നത് മേടം രണ്ടിനാണ് (ഏപ്രില്‍ 15)

ഇങ്ങനെ കണക്കിലെ ഒരു തര്‍ക്കം വടക്കന്‍ കേരളവും തെക്കന്‍ കേരളവും തമ്മിലുണ്ട്. ദിനരാത്രങ്ങള്‍ തുല്യമായി വരുന്ന മാര്‍ച്ച് 21 (ഇപ്പോള്‍ മാര്‍ച്ച് 20), സെപ്റ്റംബര്‍ 22 എന്നീ ദിവസങ്ങളെക്കുറിച്ചും തര്‍ക്കം ഉള്ള ഇക്കാലത്ത് കലണ്ടറിലെ തര്‍ക്കം ശക്തമായി തുടരുകയും ചെയ്യുന്നു.

പയ്യന്നൂരില്‍ നിന്നുമുള്ള ‘ഉത്തര മലയാളപഞ്ചാംഗം’, കണ്ണൂരില്‍ നിന്നുമിറങ്ങുന്ന ‘കൃഷ്ണന്‍ കലണ്ടര്‍’ എന്നിവ മേടവിഷു പൊതുവെ മേടം ഒന്നിന് ആചരിക്കുന്ന രീതിയിലാണ് എഴുതിവരുന്നത്. ഈ വർഷവും അവർ അപ്രകാരം തന്നെ ആയിരിക്കും എഴുതിയിട്ടുള്ളതെന്ന് കരുതുന്നു. എന്നാൽ ജ്യോതിഷഗണന പ്രകാരം ഇതിന് മാറ്റമുണ്ട്. സൂര്യോദയത്തില്‍ സെക്കന്റുകളുടെ വ്യത്യാസം തിരുവനന്തപുരവും കാസര്‍ഗോഡും തമ്മില്‍ ഉണ്ടാകുക സ്വാഭാവികമാണ്. എന്നാല്‍ ഒരു മലയാളമാസത്തിന്‍റെ ആദ്യം ഇപ്രകാരം സംഭവിക്കുകയും ഉദയത്തിന്റെ ശേഷം (അതും സെക്കന്റുകളുടെ വ്യത്യാസം മാത്രം) സൂര്യസംക്രമം വരികയും ആ സംക്രമം നടന്നത് അന്നത്തെ ദിനമാനത്തെ അഞ്ചായി ഭാഗിച്ചതിന്റെ ആദ്യ മൂന്നില്‍ ആയി വരുന്നതില്‍ തിരുവിതാംകൂറും മലബാറും തമ്മില്‍ സെക്കന്റുകളുടെ വ്യത്യാസം സംഭവിച്ചാല്‍ തിരുവിതാംകൂറിലും മലബാറിലും ഒന്നാം തീയതിയില്‍ പോലും മാറ്റമുണ്ടാകാം. മുമ്പും ഇതുപോലുള്ള തര്‍ക്കങ്ങള്‍ ജ്യോതിഷപണ്ഡിതര്‍ തമ്മില്‍ ഉണ്ടായിട്ടുണ്ട്.

മുമ്പൊരിക്കല്‍ തൃശൂര്‍ പൂരദിവസത്തെച്ചൊല്ലിയും തര്‍ക്കമുണ്ടായി. ജ്യോതിഷത്തിൽ, വിവാഹപ്പൊരുത്ത ചിന്തയിൽ, ചൊവ്വാദോഷചിന്തയിൽ, ഇതുപോലുള്ള മലയാളം ഒന്ന്, മേടവിഷു എന്നിവയുമായി ബന്ധപ്പെട്ട് ആവശ്യമായി വരുന്ന പ്രധാന കാര്യങ്ങള്‍ ഇവയെപ്പറ്റി ജ്യോതിഷ പണ്ഡിതർ ഒന്നിച്ചിരുന്ന് ഒരു ഏകീകരണം നടപ്പാക്കേണ്ടത് വളരെ അത്യാവശ്യമാണ്.

നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ഇത് ഷെയര്‍ ചെയ്യാൻ മറക്കല്ലേ. അവർക്കും ഉപകാരപ്രദമാകാൻ സഹായിക്കൂ.

അനിൽ വെളിച്ചപ്പാടൻ
ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം

91 9497 134 134
https://uthara.in/
Story Summary: Why Vishu and Vishukani is celebrated on the second day of Medam ( Aries) this Malayalam year 1197

error: Content is protected !!