എന്നും രാമായണം വായിച്ചാൽ എന്തെങ്കിലും ദോഷമുണ്ടോ ?
സന്ധ്യയ്ക്ക് രാമായണം വായിക്കരുത്, കർക്കടക മാസത്തിലല്ലാതെ രാമായണം പാരായണം ചെയ്യാൻ പാടില്ല – ഇങ്ങനെയുള്ള തെറ്റിദ്ധാരണകൾ പലർക്കുമുണ്ട്. എന്നാൽ മറ്റേതൊരു പുണ്യഗ്രന്ഥവും പോലെ നിത്യവും രാമയണം വായിക്കുന്നതിൽ ഒരു തെറ്റുമില്ലെന്ന് ആചാര്യന്മാർ വെളിപ്പെടുത്തിയിട്ടുണ്ട്.
365 ദിവസവും രാമായണം പാരായണം ചെയ്യാം. നിത്യേന ജപത്തിന് ശേഷം കുറച്ചു വീതം പാരായണം ചെയ്യുന്നതിലും ഒരു തെറ്റുമില്ല. എന്നാൽ നിശ്ചിത കാലത്തിനുള്ളിൽ രാമായണ പാരായണം നടത്തുന്നതിന് വിശേഷപ്പെട്ട ചില സമയങ്ങളുമുണ്ട്. അതിൽ ഒന്നാണ് കർക്കടക മാസം. രാമായണ പാരായണത്തിന് ഉത്തമമായ മറ്റൊരു സമയം ചൈത്രമാസമായ മീനത്തിലോ മേടത്തിലോ (മാർച്ച്, ഏപ്രിൽ) വരുന്ന രാമനവമിയോട് അനുബന്ധിച്ചാണ്.
ആ വെളുത്തപക്ഷ നവമിയിലാണ് ശ്രീരാമൻ ജനിച്ചത്.
അന്ന് ഒരു ദിവസം കൊണ്ടും അതോടനുബന്ധമായി
3 ദിവസമായോ 5 ദിവസമായോ 7 ദിവസമായോ പാരായണം ചെയ്തു തീർക്കാം. രാമായണ പാരായണത്തിന്റെ പൊതുവായ ചിട്ടകൾ പാലിക്കണം. ഒരു ദിവസം കൊണ്ട് പൂർത്തിയാക്കാൻ രാവിലെ തുടങ്ങി സൂര്യാസ്തമയത്തിന് ശേഷം തീരത്തക്ക വണ്ണം പാരായണം ചെയ്യാം. എത്ര താമസിച്ചാലും കുഴപ്പമില്ല. പൂർത്തിയാക്കുന്നതു വരെ കെടാവിളക്ക് സൂക്ഷിക്കണം. പാരായണഫലം ലഭിക്കാൻ ശുദ്ധിയും ഭക്തിയും തികഞ്ഞ സമർപ്പണ മനോഭാവവും
അത്യാവശ്യമാണ്. ഏകാഗ്രതയും ഭക്തിയുമില്ലാതെ വായിച്ചതു കൊണ്ട് ഒരു പ്രയോജനവും ലഭിക്കില്ല.
രാമഭക്തനായ ആഞ്ജനേയ സ്വാമി രാമ നാമം ജപിക്കുന്ന സമയമാണ് ത്രിസന്ധ്യയെന്നും ഈ സമയത്ത് മറ്റുള്ളവർ രാമായണം പാരായണം ചെയ്യുന്നതും രാമ – ഹനുമത് ജപങ്ങൾ നടത്തുന്നതും ദോഷകരമാണെന്ന് ഒരു വിശ്വാസമുണ്ട്. ആലോചിച്ചു നോക്കിയാൽ യാതൊരു അടിസ്ഥാനവുമില്ലാത്ത സംഗതിയാണിതെന്ന് മനസിലാകും. ഹനുമാന്റെ
രാമഭജനം തടസ്സപ്പെടുമെന്നും അതിനാൽ ഹനുമാൻ കോപിക്കുമെന്നുമാണ് വാദം. എന്നാൽ ഹനുമാൻ സദാ രാമനാമം ജപിച്ചു കൊണ്ടിരിക്കുകയാണ്. നമ്മുടെ പ്രാർത്ഥന കൊണ്ട് ഹനുമാന്റെ പ്രാർത്ഥനയ്ക്ക് തടസ്സം നേരിടുമെങ്കിൽ ഒരിക്കലും ഹനുമാന് രാമഭജനം സാധിക്കില്ല. അതിനാൽ
രാവിലെയോ വൈകിട്ടോ രാത്രിയിലോ എപ്പോൾ വേണമെങ്കിലും രാമായണം പാരായണം ചെയ്യാം.
എന്നാൽ സന്ധ്യയ്ക്ക് രാമായണം വായിക്കാത്തതിന് മറ്റൊരു കാരണം പറയുന്നത് യുക്തിപരമാണ്. എവിടെ രാമായണ പാരായണം നടന്നാലും അവിടെയെല്ലാം ഹനുമാൻ ഓടിയെത്തി കേൾക്കാനിരിക്കുമെന്നാണ് വിശ്വാസം. ഈ സമയത്താണ് ആഞ്ജനേയൻ സന്ധ്യാവന്ദനം നടത്തുന്നത്. അതിനാൽ ത്രിസന്ധ്യാ സമയത്ത് രാമായണം വായിച്ചാൽ ഹനുമാൻ സ്വാമിയുടെ സന്ധ്യാവന്ദനം മുടങ്ങും എന്ന വാദത്തിന് സാംഗത്യമുണ്ട്. എല്ലാ സന്ധ്യയിലും ഹനുമാനെ സന്ധ്യാവന്ദനം നടത്താൻ അനുവദിക്കുന്നതിന് വേണ്ടിയാണ് സന്ധ്യയ്ക്കുള്ള രാമായണ പാരായണം നിർത്തി വയ്ക്കുകയും അത് കഴിഞ്ഞ് രാമായണ പാരായണം തുടരുകയും ചെയ്യുന്നു എന്ന വീക്ഷണം കഴമ്പുള്ളതാണ്.
ചൈത്രമാസത്തിൽ രാമനവമി കഴിഞ്ഞു വരുന്ന
പൗർണമിയിലാണ് ഹനുമാൻ സ്വാമിയുടെ ജനനം.
ഈ സമയത്തും രാമായണ പാരായണം ഉത്തമമാണ്.
പുണര്‍തം നക്ഷത്രത്തിൽ അഞ്ചു ഗ്രഹങ്ങൾ ഉച്ചത്തിൽ നിൽക്കുമ്പോൾ കർക്കടക ലഗ്നത്തിൽ ചന്ദ്രനോടൊപ്പം ഗുരുവും നിൽക്കുമ്പോൾ നവമി തിഥിയിലാണ് ശ്രീരാമൻ ജനിച്ചത്. അടുത്ത ദിവസം പൂയം നാളിൽ ദശമി തിഥിയിൽ ശ്രീ ഭരതൻ പിറന്നു.
മൂന്നാം നാൾ ആയില്യത്തിൽ ഏകാദശി തിഥിയിൽ ലക്ഷ്മണനും ശത്രുഘ്നനും ജനിക്കുന്നു. നവമിയുടെ
ആറാം നാളിലാണ് ഭക്തോത്തമനായ ആഞ്ജനേയ സ്വാമിയുടെ ജനനം. അതിനാൽ ഈ ദിനങ്ങളെല്ലാം രാമകഥ പാരായണം ചെയ്യുവാൻ ഏറെ ഉത്തമമാണ്.
വേണു മഹാദേവ്
+91 9847475559