Sunday, 24 Nov 2024
AstroG.in

എല്ലാം അടക്കിവാഴും ശംഭോ…
അമരപ്രഭോ ഗോവിന്ദ… ഗോപാല

ജ്യോതിഷരത്നം വേണു മഹാദേവ്
ശിവരാത്രിയോടനുബന്ധിച്ച് കന്യാകുമാരി ജില്ലയിലെ 12 ശിവ ക്ഷേത്രങ്ങളിൽ ഒരു പകലും രാത്രിയും കൊണ്ട് ദർശനം നടത്തുന്ന ചടങ്ങാണ് ശിവാലയ ഓട്ടം. മഹാഭാരത കഥയുമായി ബന്ധപ്പെട്ട ശിവാലയ ഓട്ടത്തിന്റെ ഐതിഹ്യം ഇങ്ങനെ:

ശ്രീ പരമേശ്വരനെ മാത്രം തന്റെ ഈശ്വരനായി കാണുന്ന, സദാ ശിവനാമം ജപിച്ചിരിക്കുന്ന മറ്റ് മൂർത്തികളുടെ പേര് കേള്‍ക്കുമ്പോള്‍ കോപിക്കുന്ന ഗൗതമ മഹര്‍ഷി ഒരു നാള്‍ തപസ് അനുഷ്ഠിച്ച് ശിവനെ പ്രീതിപ്പെടുത്തി 2 വരം നേടി. ശിവപൂജയ്ക്ക് പൂവും ഫലവും ശേഖരിക്കുമ്പോള്‍ പുഴുക്കുത്ത് ഏല്‍ക്കാതെയും, പോറൽ ഏൽക്കാതെയും ഉള്ളത് കണ്ടെത്താൻ തന്റെ വിരലുകളില്‍ കണ്ണുകള്‍ വേണമെന്നും, ഏതു വൃക്ഷത്തിലും കയറുമ്പോള്‍ വഴുതി വീഴാതിരിക്കാന്‍ വ്യാഘ്രത്തിന് ഉള്ളതു പോലെ കൈയ്യും കാലും തന്ന് അനുഗ്രഹിക്കണമെന്നും ആവശ്യപ്പെട്ടു. അപ്രകാരം നീലകണ്ഠന്‍ വരം നല്‍കി. വരം ലഭിച്ചയുടന്‍ ഗൗതമ മഹര്‍ഷി വ്യാഘ്രപാദന്‍ എന്ന പുരുഷ മൃഗമായി മാറി, വനത്തിനുള്ളില്‍ ശിവനാമജപവുമായി കഴിഞ്ഞു.

കുരുക്ഷേത്ര യുദ്ധത്തില്‍ കൗരവപടയെ നിശ്ശേഷം കാലാപുരിക്ക് അയച്ച പാണ്ഡവരോട് പാപപരിഹാരം ചെയ്യാന്‍ വ്യാസമഹര്‍ഷി നിർദ്ദേശിച്ചു. അതിന് വേണ്ടി അശ്വമേധയാഗം നടത്താനും ആചാര്യനായി വ്യാഘ്രപാദ മഹര്‍ഷിയെ ക്ഷണിക്കാനും ഭഗവാന്‍ ശ്രീകൃഷ്ണന്‍ അരുളിച്ചെയ്തു.

ഭഗവാന്‍ ശ്രീ പരമേശ്വരനെ മാത്രം ആരാധിക്കുകകയും വിഷ്ണുദേവനെ വെറുക്കുകയും ചെയ്ത വ്യാഘ്രപാദരെ ശിവനും വിഷ്ണുവും ഒന്നാണെന്ന് ബോധ്യപ്പെടുത്താനും, യുദ്ധാനന്തരം ഭീമന്റെ അഹന്ത കുറയ്ക്കുവാനും ഭഗവാന്‍ കണ്ട ഉപായമായിരുന്നു ഇത്. ശ്രീകൃഷ്ണൻ ഭീമനോട് പറഞ്ഞു: അശ്വമേധയാഗം നടത്തുന്നതിന് വ്യാഘ്രപാദ മൃഗത്തിന്റെ പാൽ കൊണ്ടു വരണം.

ദൗത്യം നിറവേറ്റാന്‍ പുറപ്പെട്ട ഭീമന് 12 രുദ്രാക്ഷം നല്‍കിയ ശേഷം ശ്രീകൃഷ്ണന്‍ പറഞ്ഞു: യാത്രക്കിടയില്‍ ആപത് ഘട്ടങ്ങൾ വന്നാൽ ഇതില്‍ ഓരോ രുദ്രാക്ഷം ഭൂമിയില്‍ നിക്ഷേപിച്ച് രക്ഷപ്പെടണം. ഭഗവാന്റെ ആജ്ഞ ശിരസാ വഹിച്ച് വ്യാഘ്രപാദ പുരുഷ മൃഗത്തെ തേടി ഭീമന്‍ തിരിച്ചു. ഘോരവനത്തിൽ പൂക്കള്‍ ശേഖരിക്കുന്ന വ്യാഘ്രപാദ പുരുഷ മൃഗത്തെ കണ്ടപ്പോള്‍ ഭീമന്‍ ഗോവിന്ദ ഗോപാല എന്ന് ഉരുവിട്ട് പാല്‍ കറക്കാന്‍ ശ്രമിച്ചതും ഭീമനുമേല്‍ പുരുഷമൃഗം ചാടിവീണു. പ്രാണരക്ഷാർത്ഥം ഓടിയ ഭീമന്‍ പിടിവീഴും എന്ന ഘട്ടം വന്നപ്പോള്‍ ശ്രീകൃഷ്ണന്‍ നല്‍കിയ രുദ്രാക്ഷങ്ങളില്‍ ഒന്ന് ഭൂമിയില്‍ നിക്ഷേപിച്ചു. ഉടൻ ആ രുദ്രാക്ഷം ഒരു ശിവ ലിംഗമായി മാറി. ശിവലിംഗം കണ്ടതും വ്യാഘ്രപാദ പുരുഷമൃഗം ശിവ നാമം ജപിച്ച് പൂജ ചെയ്തു.

വീണ്ടും ഗോവിന്ദാ.. ഗോപാലാ… നാമം ജപിച്ച് ഭീമന്‍ പാല്‍ കറക്കാൻ വ്യാഘ്രപാദപുരുഷ മൃഗത്തിന് സമീപം ചെന്നപ്പോള്‍ വീണ്ടും അത് ഭീമനെ ആക്രമിക്കാൻ ഒരുങ്ങി. പ്രാണരക്ഷാര്‍ത്ഥം പാഞ്ഞ ഭീമൻ ഓട്ടത്തിന് ഇടയിൽ രണ്ടാമത്തെ രുദ്രാക്ഷവും ഭൂമിയിലിട്ടു. ആ രുദ്രാക്ഷവും മഹാശിവലിംഗമായി മാറി. പുരുഷമൃഗം ആ ശിവലിംഗത്തിലും പൂജ ചെയ്യുകയും ചെയ്തു. ഇപ്രകാരം പന്ത്രണ്ടാമത്തെ പ്രാവശ്യവും ഭീമന്‍ പാല്‍ കറക്കാന്‍ ശ്രമിച്ചപ്പോള്‍ കൂടുതല്‍ ക്രോധത്തോടെ പുരുഷമൃഗം ഭീമന് മേല്‍ ചാടി വീഴുകയും ഏറ്റുമുട്ടലില്‍ അവസാനം ഭീമന്‍ കരുതിയിരുന്ന പന്ത്രണ്ടാമത്തെ രുദ്രാക്ഷവും ഭൂമിയില്‍ നിക്ഷേപിച്ചു. ആ രുദ്രാക്ഷവും മഹാശിവലിംഗമായി മാറുകയും പുരുഷമൃഗം അതില്‍ പൂജ ചെയ്യുകയും ചെയ്തു.

ഉടന്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഇരുവര്‍ക്കുമിടയില്‍ പ്രത്യക്ഷപ്പെടുകയും വ്യാഘ്രപാദ പുരുഷമൃഗത്തിന് ശ്രീ പരമശിവന്റെ രൂപത്തിലും ഭീമന് ശ്രീ മഹാവിഷ്ണുവിന്റെ രൂപത്തിലും ഒരേ സമയം ദര്‍ശനം നല്‍കി. ശിവനും വിഷ്ണുവും ഒന്നാണെന്ന് വ്യാഘ്രപാദര്‍ക്ക് അപ്പോൾ മനസ്സിലായി; സ്വന്തം കരുത്തിലുള്ള ഭീമന്റെ അഹന്തയും ശമിച്ചു.

തുടർന്ന് അശ്വമേധയാഗത്തിന്റെ ആചാര്യ പദം വഹിക്കാനും പാണ്ഡവരെ അനുഗ്രഹിക്കുവാനും ഭഗവാന്‍ ക്ഷണിച്ചു : വ്യാഘ്രപാദർ സന്തോഷത്തോടെ ഭീമനൊപ്പം യാത്രയായി. ഭീമന്‍ ഗോവിന്ദാ… ഗോപാലാ… എന്ന നാമജപവുമായി ഓടിയ ഓട്ടത്തിന്റെ സ്മരണ പുതുക്കുന്നതാണ് ശിവാരാത്ര നാളിലെ പ്രസിദ്ധമായ മഹാശിവാലയ ഓട്ടം. രുദ്രാക്ഷങ്ങൾ വീണ് സ്ഥാപിതം ആയതാണ് മഹാ ശിവാലയത്തിലെ 12 ശിവാലയങ്ങള്‍. ഈ ശിവാലയങ്ങള്‍ തമിഴ്‌നാട്ടില്‍ ഉള്‍പ്പെട്ടതാണെങ്കിലും കേരളത്തോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്.

ഓരോ ശിവാലയത്തിലും മഹാദേവന്‍ വ്യത്യസ്തമായ മൂര്‍ത്തി ഭാവത്തില്‍ ദര്‍ശനം നല്‍കുന്നു. ഒന്നാമത്തെ രുദ്രാക്ഷം വീണ മുഞ്ചിറ തിരുമലയില്‍ ശൂലപാണിയായും, രണ്ടാമത്തേതായ തിക്കുറിശ്ശിയില്‍ ശ്രീ മഹാദേവനായും, മൂന്നാമത്തെ തൃപ്പരപ്പില്‍ ജഡാധാരനായും, നാലാം ശിവാലയമായ തിരുനന്ദിക്കരയില്‍ നന്ദികേശ്വരനായും അഞ്ചാമത്തെ ശിവാലയമായ പൊന്മനയില്‍ തിമ്പിലേശ്വരനായും, ആറാമത്തെ പന്നിപ്പാകത്തില്‍ കിരാതമൂര്‍ത്തിയായും, ഏഴാമത്തെ ശിവാലയമായ കല്‍കുളത്ത് നീലകണ്ഠനായും, എട്ടാമത്തെ മേലാങ്കോട്ട് കാലകാലനായും ഒമ്പതാമത്തെ തിരുവിടയ്ക്കോട്ട് ജഡയപ്പനായും പത്താമത്തെ തിരുവിതാംങ്കോട്ടില്‍ ഹരിയും ഹരനുമായും, അടുത്ത ശിവാലയമായ തൃപ്പന്നിയോട്ടില്‍ ഭക്തവത്സലനായും, പന്ത്രണ്ടാം ശിവാലയമായ തിരുനട്ടാലത്തില്‍ അര്‍ദ്ധനാരീശ്വരനായും ദര്‍ശനം നല്‍കി അനുഗ്രഹിക്കുന്നു.

ശിവാലയ ഓട്ടത്തിലെ ശിവഭക്തര്‍ കുംഭമാസത്തിലെ ശിവരാത്രിയുടെ മൂന്നു ദിവസം മുമ്പായി വ്രതമെടുത്ത് ഗണപതി ക്ഷേത്രത്തില്‍ നാളികേരമുടച്ച് വിഘ്‌നങ്ങള്‍ നീങ്ങാന്‍ പ്രാര്‍ത്ഥിച്ച് രുദ്രാക്ഷമാലയണിഞ്ഞു ശിവനാമജപവും, ഗോവിന്ദ നാമജപവുമായി കഴിയും.

ശിവരാത്രിയുടെ തലേദിവസം ആദ്യത്തെ ശിവാലയമായ മുഞ്ചിറതിരുമല ക്ഷേത്രത്തില്‍ വൈകുന്നേരം ശിവാലയ ഓട്ടത്തിനായി വരുന്ന ഭക്തര്‍ കാവിമുണ്ടുടുത്ത് കൈയില്‍ വിശറിയും, പനിനീരും, ഭസ്മസഞ്ചിയുമായി നഗ്നപാദരായി ദര്‍ശനം നടത്തി ദീപാരാധന തൊഴുത് മനസ്സും ശരീരവും ഭഗവാനില്‍ അര്‍പ്പിച്ച് പന്ത്രണ്ട് ശിവാലയങ്ങളുടെ പേരുകള്‍ ക്രമപ്രകാരം ഈണത്തില്‍ തിരുമല, തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്‍മന, പന്നിപ്പാകം, കല്‍ക്കുളം, മേലാങ്കോട്, തിരുവിടക്കോട്, തിരുവിതാംങ്കോട്, തൃപ്പന്നിയോട്, തിരുനട്ടാലം… അടക്കിവാഴും ശംഭോ ചൊല്ലും. എന്നിട്ട് അമരപ്രഭോ ഗോവിന്ദ… ഗോപാല എന്ന് ഉച്ചത്തില്‍ ജപിച്ച് പനിനീര്‍ വീശറിയില്‍ തളിച്ച് ഭഗവാന് നേരെ വീശി തൊഴുതിറങ്ങി ശിവാലയ ഓട്ടം ആരംഭിക്കും. ഇപ്രകാരം 12 ശിവാലയങ്ങളിലും ദര്‍ശനം നടത്തി അവിടെ നിന്നും ലഭിക്കുന്ന പ്രസാദമായ ഭസ്മം, ചന്ദനം, കൂവളത്തില ഇവ സൂക്ഷിക്കുകയും ഒരു വര്‍ഷം നെറ്റിയില്‍ ധരിക്കുകയും ചെയ്യുന്നു.

നൂറ് കിലോമീറ്റര്‍ ചുറ്റളവിലുള്ള ഈ ശിവാലയങ്ങളില്‍ രാത്രിയും പകലുമായി വരുന്ന എല്ലാ ഭക്തരെയും സ്വീകരിക്കാന്‍ സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ ഓരോ ക്ഷേത്ര സംരക്ഷണ ഭരണ സമിതികളും മുന്‍നിരയിൽ ഉണ്ടാകും. ക്ഷേത്രത്തിലും പാതയോരങ്ങളിലും അന്നദാനം, പഴം സംഭാരം, നാരങ്ങാവെള്ളം, ചുക്ക് കാപ്പി തുടങ്ങിയവ ഭക്തര്‍ക്ക് നല്‍കുകയും, രാത്രകാലങ്ങളില്‍ വഴി വിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നു. ചിലർ സൈക്കിള്‍, ടൂവീലര്‍, തുടങ്ങിയ വാഹനങ്ങളിലാണ് ശിവാലയ ഓട്ടം നടത്തുന്നത്. ഓരോ ശിവാലയത്തിലും ഭക്തര്‍ ക്ഷേത്രകുളക്കടവില്‍ സ്‌നാനം ചെയ്യാനായി ഇറങ്ങുമ്പോള്‍ കല്‍പ്പടവുകളില്‍ വഴുക്കലുള്ളതിനാല്‍ തെന്നി വീഴാതെയും ജലാശയത്തിന് വലിയ താഴ്ച ഉള്ളതിനാല്‍ അപകടം വരാതെയും സൂക്ഷിക്കണം.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559

Story Summary: Shivalaya Ottam: The ritual marathon of the devotees to 12 Shiva temples in Kanyakumari district

error: Content is protected !!