എല്ലാത്തിനും പരിഹാരമായി 16 ഹോമങ്ങൾ
1 ഗണപതിഹോമം
വിഘ്നങ്ങളും ദുരിതങ്ങളും അകറ്റാനും ഐശ്വര്യ സിദ്ധിക്കും നടത്തുന്ന അതിശക്തമായ കർമ്മമാണ് ഗണപതിഹോമം. ചുരുങ്ങിയ ചെലവും വലിയ ഫലസിദ്ധിയുമാണ് ഈ ഹോമത്തിന്റെ പ്രത്യേകത. തടസം അകറ്റുന്നതിനും സമ്പൽ സമൃദ്ധിക്കും എത് സംരംഭവും തുടങ്ങുന്നതിന് മുന്നോടിയായും നടത്തുന്ന ഈ ഹോമം 1, 8,108, 336,1008 നാളികേരങ്ങൾ ഉപയോഗിച്ച് ചെയ്യാറുണ്ട്. പ്രത്യേക ഫലസിദ്ധിക്ക് പ്രത്യേക മന്ത്രങ്ങളും ദ്രവ്യങ്ങളും ഉപയോഗിച്ച് ഗണപതിഹോമം നടത്താറുണ്ട്. ആകർഷണം, ഭൂമിലാഭം, സന്താനലാഭം, മംഗല്യഭാഗ്യം, പിതൃപ്രീതി എന്നിവയെല്ലാം ഇതിൽപ്പെടും.
2 മഹാസുദർശന ഹോമം
ശത്രുദോഷ ദുരിതം നീങ്ങുന്നതിനും ആഭിചാരദോഷം മാറുന്നതിനും ഏറ്റവും ഫലപ്രദമാണ് മഹാസുദർശന ഹോമം. പ്രശ്നത്തിലും ജാതകത്തിലും ബുധനോ വ്യാഴത്തിനോ ശത്രുദോഷം കണ്ടാലാണ് ഇത് നടത്തുന്നത്. ചക്ര ഹോമം എന്നും ഇതിനെ പറയും. കടലാടി, എള്ള്, കടുക്, അക്ഷതം, പഞ്ചഗവ്യം, നെയ്, പാൽപായസം എന്നീ സപ്ത ദ്രവ്യങ്ങളാണ് സാധാരണ ഹോമിക്കുന്നത്. രാവിലെയൊ വൈകിട്ടോ ചെയ്യാം. മഹാസുദർശന മുർത്തിയെ ആവാഹിച്ച് ഹോമങ്ങളും പുജകളും നടത്തുന്നതിലൂടെ ശത്രുദോഷം നിശേഷം മാറ്റാവുന്നതാണ് .പിതൃദോഷ ശാന്തി, വ്യാഴദോഷങ്ങൾ, ബുധദോഷങ്ങൾ എന്നിവയ്ക്കും പരിഹാരമാണിത്. ഐശ്വര്യത്തിനും നല്ലതാണ്.
3 മൃത്യുഞ്ജയ ഹോമം
ദശാസന്ധികളിലുണ്ടാകുന്ന ആയുർദോഷ പരിഹാരത്തിനും രോഗശാന്തിക്കും ആരോഗ്യലബ്ധിക്കുമാണ് മൃത്യുഞ്ജയഹോമം നടത്തുന്നത്. ക്ഷേത്രങ്ങളിലും ഭവനങ്ങളിലും ഗണപതിഹോമം കഴിഞ്ഞ് ചിറ്റമൃത് വള്ളി, പേരലിൻമൊട്ട്, എള്ള്, മുമ്മൂന്നു കുട്ടിക്കെട്ടിയ കറുക – 144 വീതം, പശുവിൻപാൽ, പശുവിൻ നെയ്, പാൽപായസം തുടങ്ങിയ സപ്തദ്രവ്യങ്ങൾ 144 പ്രാവശ്യം വീതം മൃത്യുഞ്ജയ മന്ത്രം ചൊല്ലി ഹോമിക്കുകയാണ് ആചാരം. ആരോഗ്യവർദ്ധനയ്ക്കും മൃത്യുഞ്ജയഹോമം നല്ലതാണ്. ദുരിതാധിക്യത്തിൽ ഹോമസംഖ്യ കുട്ടുകയുമാകാം. 7 കുട്ടം ദ്രവ്യങ്ങളും 1008 വീതം ഹോമിക്കുന്നതിനെയാണ് മഹാമൃത്യുഞ്ജയ ഹോമം എന്ന് പറയുന്നത്. ശത്രു ജയത്തിനും ശനിദോഷശാന്തിക്കും മൃത്യുഞ്ജയഹോമം നല്ലതാണ്.
4 ശൂലിനീ ഹോമം
സർപ്പഭയം, ഭൂതബാധ, പ്രേതോപദ്രവം,
ദൃഷ്ടിദോഷം, ശത്രുദോഷം, ഗ്രഹപ്പിഴകൾ, മറ്റ് ശക്തമായ ദോഷങ്ങൾ തുടങ്ങിയവയ്ക്ക് ശൂലിനീ ഹോമം പരിഹാരമാണ്. സംഖ്യകൾ ദോഷങ്ങളുടെ കാഠിന്യത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ചാണ് ദേവീ പ്രീതികരമായ ഈ ഹോമത്തിൽ ചെയ്യുന്നത്. പൂജിക്കുന്നതിന് ശൂലിനിയന്ത്രം വരയ്ക്കണം. ചുവന്ന പുക്കൾ, ചുവന്ന പട്ട്, ചുവന്ന മാലകൾ എന്നിവയാണ് ഉപയോഗിക്കേണ്ടത് .
5 നൃസിംഹഹോമം
ഭയം, ഉന്മാദം എന്നിവയിൽ നിന്ന് മോചനവും ശത്രു ദോഷശാന്തിയും ആഭിചാരദോഷ ശാന്തിയും സമ്മാനിക്കുന്നതാണ് നൃസിംഹഹോമം.
ഉഗ്രമുർത്തിയായ നരസിംഹ മുർത്തിയെ അഗ്നിയിൽ ആവാഹിച്ച് പൂജിച്ചു ചെയ്യുന്ന നൃസിംഹഹോമത്തിൽ 26 ശക്തി സംഖ്യ ഹോമിക്കാം . ഉഗ്രശക്തിയുള്ള ഹോമം ആയതിനാൽ അത്യാവശ്യ ഘട്ടങ്ങളിലെ ചെയ്യാവൂ. ചുവന്ന പൂക്കൾ ഉത്തമം. നൃസിംഹഹോമം രോഗ ഭയവും ശത്രുദോഷവും ഗ്രഹപീഡയും ആഭിചാരദോഷവും ഇല്ലാതാക്കാൻ ഉത്തമമാണ്.
6 പ്രത്യുംഗിരാ ഹോമം
ആഭിചാരദോഷം കൊണ്ട് വലയുന്നവർക്കും ബാധാ ദോഷങ്ങളാൽ കഷ്ടപ്പെടുന്നവർക്കും ശത്രുദോഷം അനുഭവിക്കുന്നവർക്കും വേണ്ടി അത്യാവശ്യ ഘട്ടങ്ങളിൽ പ്രത്യുംഗിരാദേവീ സങ്കൽപത്തിൽ നടത്തുന്ന ഹോമമാണിത്. ഹിരണ്യ കശിപുവിനെ നിഗ്രഹിച്ച ശേഷവും കോപമടങ്ങാത്ത നരസിംഹാവതാരത്തെ ശാന്തമാക്കിയ രൗദ്ര തേജസാണ് പ്രത്യുംഗിരാദേവി. സുദർശനഹോമം, നരസിംഹ ഹോമം, ആഘോര ഹോമം , ശൂലിനി ഹോമം തുടങ്ങിയ ഹോമങ്ങളാൽ ദോഷ പരിഹാരം സാധിക്കാത്ത ഘട്ടത്തിലെ ഈ ഹോമം നടത്താറുള്ളു. നല്ല ഉപാസനയുള്ളവരെ ഈ ഹോമം ചെയ്യാവൂ. ദൃഷ്ടി ദോഷം, ശാപം, നേർച്ചകൾ ഇവയെല്ലാം മാറ്റുന്നതിന് പ്രത്യുംഗിരാ ഹോമമാണ് ഉത്തമം.
7 അഘോരഹോമം
ശിവനെ അഘോരമൂർത്തിയായി ഉപാസിക്കുന്നതാണ് അഘോരഹോമം. ശത്രുദോഷം, ദുരിതം, രോഗപീഡ, ഭയം ഇവ വളരെ കഠിനമാണങ്കിൽ ശിവസങ്കല്പത്തിലുള്ള അഞ്ച് മുഖങ്ങളിൽ തെക്കോട്ടു തിരിഞ്ഞിരിക്കുന്ന മുഖമാണ് അഘോരം. അതിശക്തമായ ഒരു ഹോമമാണിത്. അഘോര മുർത്തിക്ക് ഹോമാകുണ്ഡത്തിന്റെ തെക്കെ ഭാഗത്ത് പത്മത്തിൽ പുജയും ഹോമാകുണ്ഡത്തിൽ സമത്തുക്കളുടെ ഹോമവും നടത്തുന്നു. രാവിലെയൊ വൈകിട്ടോ ഈ ഹോമം ചെയ്യാറുണ്ട്. വളരെ ശക്തമായ ഹോമമായതിനാൽ പ്രശ്നവിധിയിലുടെയൊ, നിമിത്തങ്ങളിലൂടെയൊ അത്യാവശ്യമാണങ്കിലെ ഈ ഹോമം നടത്താവു.
8 ആയുസുക്ത ഹോമം
ഹോമാഗ്നിയിൽ ശിവനെ അവാഹിച്ച് പുജിച്ചു നടത്തുന്ന ഈ ഹോമം ആയുർബലത്തിന് വിശേഷമാണ്. ദശാസന്ധി ദോഷകാലത്തും കണ്ടകശ്ശനി പോലുള്ള ദുരിതകാലങ്ങളിലും ആയുസുക്ത ഹോമം നടത്തുന്നത് നല്ലതാണ്. ഏഴ് പ്രാവശ്യമോ 12 പ്രാവശ്യമോ നടത്താം.
9 കറുക ഹോമം
ആയുസുക്ത മന്ത്രം കൊണ്ടും ത്ര്യംബക മന്ത്രം കൊണ്ടുമുള്ള കറുക ഹോമം പ്രസിദ്ധമാണ്. ആയുർ ദോഷത്തിനും രോഗ ദുരിത നിവാരണത്തിനും ചെലവ് കുറച്ച് ചെയ്യാവുന്ന കർമ്മമാണിത്. കറുകയും നെയ്യുമാണിതിന് ഹോമിക്കുന്നതെങ്കിലും ചിലയിടങ്ങളിൽ ഹവിസ്സും ഹോമിക്കാറുണ്ട്. കുട്ടികളുടെ ബാലാരിഷ്ടത മാറാനും ഇത് ഉത്തമമാണ് .
10 മൃതസഞ്ജീവനി ഹോമം
ആയുർദോഷം ശക്തമായുണ്ടങ്കിൽ ദോഷദുരിതം നീക്കുന്നതിന് നടത്തുന്ന അത്യപൂർവ്വ ഹോമമാണിത്. ചിലയിടങ്ങളിൽ ബ്രാഹ്മമുഹൂർത്തത്തിലും മറ്റു ചില സ്ഥലങ്ങളിൽ രാത്രിയിലും നടത്താറുണ്ട്. ചില ആചാരങ്ങളിൽ പിറ്റേദിവസം അസ്തമയം വരെയും ഹോമം തുടരുന്നു. അത്യപൂർവ്വവും അതീവ ശക്തിയുള്ളതുമായ ഈ ഹോമം ഉത്തമനായ കർമ്മിയെ കൊണ്ടേ ചെയ്യിക്കാൻ പാടുള്ളൂ.
11 തില ഹോമം
ആത്മാവ് മരണത്തോടെ നശിക്കുന്നില്ല; മോക്ഷ പ്രാപ്തിയിൽ മാത്രമേ ആത്മാവിന് സായൂജ്യം ലഭിക്കൂ. സായൂജ്യമടഞ്ഞില്ലെങ്കിൽ ആത്മാവിന് പൈശാചികത്വം സംഭവിക്കും. മരണാനന്തര കർമ്മങ്ങൾ വിധി പ്രകാരം നിർവഹിക്കാത്തതിനാലാണ് പിതൃക്കൾ നിരാശ്രയരായി അലഞ്ഞ് കുടുംബാംഗങ്ങളെ പീഡിപ്പിച്ച് അനർത്ഥം സൃഷ്ടിക്കുന്നത്. ഇതിന് പരിഹാരമായി ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട കർമ്മമാണ് തിലഹോമം. എള്ള് മുഖ്യ ദ്രവ്യമായ ഈ ഹോമാനന്തരം പരേതാത്മാക്കളെ ആവാഹിച്ച പിതൃ പ്രതിമയിൽ സമ്പാതം സ്പർശിക്കണം.
12 ഗായത്രി ഹോമം
മൗഢ്യം ബാധിച്ച മനസ്സിനെ ഉണർത്തുവാനും
പാപശാന്തിക്കും ദുരിത ശാന്തിക്കും നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഹോമമാണ് ഗായത്രിഹോമം . സുകൃത ഹോമമെന്നും പറയാറുണ്ട്. ഗായത്രിദേവി , സൂര്യൻ , വിഷ്ണു എന്നീ മൂർത്തി സങ്കല്പത്തിലും ഇത് നടത്താറുണ്ട് പല കർമ്മം ചെയ്തിട്ടും ദുരിതവും മന:ശക്തി ഇല്ലായ്മയും പിന്തുടരുന്നുവെങ്കിൽ ഗായത്രി ഹോമത്തിലൂടെ പൂർണ്ണമായ ശാന്തി ലഭിക്കും. ഗായത്രി ഹോമം ചെയ്താൽ ഗ്രഹദോഷങ്ങളൊന്നും ബാധിക്കില്ല എന്നും വിശ്വസിക്കുന്നു.
13 സ്വയംവര പാർവ്വതി ഹോമം
വിവാഹ തടസ്സം നീങ്ങുന്നതിന് ഉത്തമമാണ്
ഹോമാഗ്നിയിൽ പാർവ്വതിയെ ആവാഹിച്ച് പൂജിച്ച് നടത്തുന്ന സ്വയംവര പാർവ്വതി ഹോമം. ഹോമത്തിനുള്ള വിറക് അശോകം, അരയാൽ, പ്ലാവ് എന്നിവയാണ്. ഹോമശേഷം കന്യകമാർക്ക് അന്നദാനം വസ്ത്രദാനം എന്നിവ നല്ലത്. തിങ്കൾ , വെള്ളി, പൗർണ്ണമി ഈ ഹോമത്തിന് ഉത്തമം. മംഗല്യം, സമസ്ത ഐശ്വര്യം, ആകർഷണം ഇവയെല്ലാം സ്വയംവര പാർവ്വതി ഹോമഫലങ്ങളാണ്.
14 തൃഷ്ടുപ്പ് ഹോമം
ദൃഷ്ടിദോഷ ശാന്തിക്കും ശത്രു ദോഷം നീങ്ങുന്നതിനും ചെയ്യുന്ന ഹോമമാണ്തൃഷ്ടുപ്പ് ഹോമം. രാത്രിയാണ് ഉത്തമമെങ്കിലും രണ്ടു നേരവും ചെയ്യാം. ശത്രുക്കൾ നമുക്കു നേരേ ചെയ്യുന്ന കർമ്മങ്ങൾ അവർക്ക് തന്നെ തിരിച്ചടിക്കുന്നതാണ് ഈ കർമ്മതിന്റെ പ്രത്യേകത. പല കർമ്മം ചെയ്തിട്ടും ദുരിത ശാന്തിയില്ലെങ്കിൽ ഈ കർമ്മം നടത്തുന്നത് ഫലം. മന്ത്രത്തിന്റെ ശക്തി മൂലം ചെറിയ സംഖ്യകളാണ് ഹോമിക്കുന്നത്. .
15 അശ്വാരൂഡ ഹോമം
ദാമ്പത്യ ഭദ്രതയ്ക്കും സകലജനവശ്യത്തിനും വിശ്വവശ്യ സ്വരൂപിണിയായ പാർവ്വതി ദേവിയെ സങ്കല്പിച്ച് ആവാഹിച്ച് പൂജ ചെയ്ത് നടത്തുന്ന ഹോമമാണിത് . രണ്ടു നേരവും ചെയ്യാറുണ്ട് വിവാഹാനന്തരം ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുന്ന കലഹം നീങ്ങുന്നതിനും പരസ്പര വശ്യതയ്ക്കും ഈ കർമ്മം ഉത്തമം . ധന സമൃദ്ധിയാണ് അശ്വാരൂഡ ഹോമത്തിന്റെ മറ്റൊരു പ്രധാന ഫലം.
16 നവഗ്രഹ ഹോമം
വൈദിക വിധി പ്രകാരമുള്ള ഹോമമാണിത്. ഹോമാഗ്നിയിൽ സൂര്യൻ, ചന്ദ്രൻ, കുജൻ, ബുധൻ, ഗുരു, ശുക്രൻ, മന്ദൻ, രാഹു, കേതു ഗ്രഹങ്ങളുടെ മന്ത്രം കൊണ്ട് ഹോമിക്കണം. ഹോമകുണ്ഡത്തിന്റെ കിഴക്കുവശത്ത് നവഗ്രഹ പത്മം തയ്യാറാക്കി പൂജിക്കണം. നവഗ്രഹ പ്രീതിക്കും ഒരേ ദശാപഹാരങ്ങളിലെ ദോഷ ദുരിതം നീങ്ങുന്നതിനും ജാതകത്തിലെ ഗ്രഹങ്ങളുടെ ദുസ്ഥിതി, ബലക്കുറവ്, നീചാവസ്ഥ, മറ്റ് തരത്തിലെ ദോഷങ്ങൾ എന്നിവ പരിഹരിക്കുന്നതിനും നവഗ്രഹ ഹോമം ഉത്തമമാണ് .
-ഗോപകുമാരൻ പോറ്റി,
തിരുവനന്തപുരം
അനന്തൻകാട് നാഗരാജ ക്ഷേത്രംമേൽശാന്തി, മൊബൈൽ: + 91 6282434247