Friday, 22 Nov 2024
AstroG.in

എല്ലാവരും വിഷുവിന് ശ്രീകൃഷ്ണനെ ആരാധിക്കുന്നത് എന്തുകൊണ്ട് ?

മംഗളഗൗരി
പ്രപഞ്ചത്തിൽ ഏറ്റവുമധികം ശുഭോർജ്ജം നിറയുന്ന ദിനമാണ് വിഷു ജ്യോതിഷ വർഷം ആരംഭിക്കുന്നത് മേടസംക്രമത്തോടെയാണ്. എല്ലാ ജീവജാലങ്ങളുടെയും ചൈതന്യത്തിൻ്റെ ഉറവിടം സൂര്യനാണ്. ഈ ആദിത്യൻ ഉച്ചരാശിയിലേക്ക് പ്രവേശിക്കുന്ന മുഹൂർത്തമാണ് മേടസംക്രമം. പകലും രാവും സമമായി വരുന്ന ദിവസം. സൂര്യൻ അതിന്റെ ശുഭോർജ്ജം ഏറ്റവും അധികം ഭൂമിയിലേക്ക് പ്രസരിപ്പിക്കുന്ന സുദിനം. അതിനാലാണ് മേടവിഷുനാളിലെ പ്രാർത്ഥകൾക്കും എല്ലാവിധത്തിലെ ശുഭാരംഭങ്ങൾക്കാം അതിവേഗം സദ്ഫലങ്ങൾ ലഭിക്കും എന്ന വിശ്വാസം ശക്തമായത്. വിശ്വാസം മാത്രമല്ല അനുഭവം തന്നെയാണ്. മാത്രമല്ല എല്ലാ ബാധകളെയും നെഗറ്റീവ് ഊർജ്ജത്തെയും നമ്മുടെ ചുറ്റും നിന്ന് അകറ്റി നിർത്താനും എങ്ങും ശുഭോർജ്ജം നിറയുന്ന ഈ നല്ല ദിവസത്തെ പ്രാർത്ഥന സഹായിക്കും. ശ്രീകൃഷ്ണനെ ഭഗവാനെയാണ് സാധാരണ എല്ലാവരും വിഷുവിന് ആരാധിക്കുന്നത്. അത് എന്തു കൊണ്ടാണെന്ന് ചിന്തിക്കുമ്പോൾ ശ്രീകൃഷ്ണ സങ്കല്പത്തിൻ്റെ മാഹാത്മ്യം മനസ്സിലാകും. മധുരം മധുരം മധുരാകൃതേ.. എന്ന കൃഷ്ണ കീർത്തനം ശ്രദ്ധിച്ചിട്ടുണ്ടോ? ഈ പ്രപഞ്ചത്തിൽ എന്തും തന്നെ അല്പം മാറ്റിനിർത്തിയേ ഉപയോഗിക്കാൻ കഴിയൂ. പഴം കഴിക്കുമ്പോൾ തൊലി, നിലാവാസ്വദിക്കുമ്പോൾ ചന്ദ്രനിലെ കളങ്കം എന്നിവ മാറ്റി നിർത്തേണ്ടിവരും. ഈ പ്രകൃതി രീതിക്കപ്പുറം അഖിലം മധുരമായ ഒരേയൊരു സങ്കൽപ്പം ശ്രീകൃഷ്ണനാണ്. അതാണ് ശ്രീകൃഷ്ണനെ വിഷുവിന് സ്വീകരിക്കാൻ ഒരു പ്രധാന കാരണം. മറ്റൊന്ന് ശൈശവം എല്ലാവർക്കും പ്രിയങ്കരമായ ഒന്നാണ്. നമ്മുടെ കൈശോര ഭാവദേവൻ അതായത് ശൈശവ ഭാവം നിറഞ്ഞുനിൽക്കുന്ന ഈശ്വരഭാവം–കണ്ണൻ–ഉണ്ണിക്കണ്ണൻ – കൃഷ്ണനാണ്. തീർച്ചയായും വിഷുവിൽ കൃഷ്ണനെ സ്വീകാര്യനാക്കിയതിൻ്റെ മറ്റൊരു കാരണം ഇതാകാം. വേറെയൊന്ന് കൃഷ്ണൻ സദാ ആനന്ദത്തിന്റെ പ്രതീകമാണ്. മനുഷ്യന് മാത്രമല്ല പ്രകൃതിക്കാകെ ഈ സത്യം സ്വീകാര്യമാണ്. ശ്രീകൃഷ്ണനെ വിഷുദേവനായി ഒരുക്കാൻ ഇതും കാരണമായി. മറ്റൊന്ന് കൃഷ്ണസ്മരണ തന്നെ മധുരമാണ്. ഈ മാധുര്യമാണ് മനുഷ്യൻ സദാ ആഗ്രഹിക്കുന്നത്. സർവൈശ്വര്യ സമൃദ്ധിയുടെ ഈ വിഷു
വേള ശ്രീകൃഷ്ണ സ്തുതിയും ധ്യാനവും അഷ്ടോത്തര ശതനാമാവലിയും കേട്ട് നമുക്ക് ധന്യമാക്കാം.

ആലാപനം : മണക്കാട് ഗോപൻ

Copyright 2024 Neramonline.com. All rights reserved

error: Content is protected !!