Friday, 22 Nov 2024
AstroG.in

എല്ലാവർക്കും ഐശ്വര്യം നൽകുന്ന തിരുപ്പതിദേവന്റെ നിവേദ്യം പൊട്ടിയ മൺപാത്രത്തിൽ

മംഗളഗൗരി
ആന്ധ്രാപ്രദേശിലെ സ്വാമി പുഷ്കരണി തീർത്ഥത്തിന്റെ പടിഞ്ഞാറേ തീരത്തുള്ള തിരുമലയിലെ 7 മലകളിൽ ഒന്നായ ശേഷാദ്രിയിലാണ് വിശ്വപ്രസിദ്ധമായ തിരുപ്പതി ശ്രീ വെങ്കടേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തിരുപ്പതി നഗരത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ വെങ്കടാദ്രിമലയുടെ നെറുകയിലാണ് ശ്രീ വെങ്കടേശ്വരൻ കുടികൊള്ളുന്നത്. നീലാദ്രി, ഗരുഡാദ്രി, അഞ്ജനാദ്രി, വൃഷഭാദ്രി, നാരായണാദ്രി, ശേഷാദ്രി എന്നിവയാണ് മറ്റ് മലകൾ. വെങ്കിടേശ്വരനാണ് പ്രധാന മൂർത്തി. ബാലാജി, ശ്രീനിവാസൻ , പെരുമാൾ എന്നീ പേരുകളിലും അറിയപ്പെടുന്ന വെങ്കിടേശ്വരൻ ഇവിടെ ലക്ഷ്മി ദേവി, ഭൂമിദേവി സമേതം വാണരുളുന്നു.

എന്നും ലക്ഷം പേർ ദർശനത്തിന്
ദിവസേന ഒരു ലക്ഷത്തോളം ഭക്തർ വരെ ദർശനത്തിന് എത്തുന്ന വെങ്കടേശ്വര ക്ഷേത്രത്തെ 108 വൈഷ്ണവ തിരുപ്പതികളിൽ ഒന്നായി കണക്കാക്കുന്നു. എ ഡി 300 ലാണ് ക്ഷേത്രം നിർമ്മിച്ചത്. കലിയുഗത്തിൽ മോക്ഷം നേടാനുള്ള ഏക മാർഗ്ഗം വെങ്കിടേശ്വരന്റെ പ്രീതി നേടുകയാണെന്ന് വിശ്വസിക്കുന്നു. പതിവായി തിരുപ്പതി ഭഗവാനെ കണ്ടു തൊഴുന്നവരെ എല്ലാ ഐശ്വര്യങ്ങളും ഭാഗ്യവും നൽകി വെങ്കിടേശ്വരൻ അനുഗ്രഹിക്കും എന്ന് വിശ്വാസം. ലക്ഷ്മിഭഗവതിക്ക് വെങ്കിടേശ്വരന് തുല്യമായ പ്രാധാന്യമുണ്ട്. ഇവിടെ ഭൂമിദേവിയെ പത്മാവതി എന്നാണ്
അറിയപ്പെടുന്നത്.

രംഗദാസന്റെ ഭക്തി
വിഷ്ണുഭക്തനായ രംഗദാസൻ എന്നൊരാൾ സ്വാമി പുഷ്കരണി നദിയിൽ കുളിച്ചു കയറിയപ്പോൾ തീരത്തെ ഒരു പുളിമരത്തണലിൽ കാറ്റും മഴയും വെയിലുമേറ്റ് കിടക്കുന്ന ഒരു വിഷ്ണുവിഗ്രഹം കണ്ടു. ഗരുഡന്റെ ചിറകുകൾ മാത്രമായിരുന്നു ആ വിഗ്രഹത്തിന് തണൽ. ഈ കാഴ്ച കണ്ട് വിസ്മയ ഭരിതനായ രംഗദാസൻ ഉടൻ ആ സ്ഥലത്ത് തന്റെ കഴിവിനൊത്ത രീതിയിൽ ഒരു ആരാധനാലയം നിർമ്മിച്ച് വിഗ്രഹം സംരക്ഷിച്ചു. പിറ്റേന്ന് മുതൽ നിത്യേന പൂക്കൾ കൊണ്ടു വന്ന് ആരാധന തുടങ്ങി. കുറച്ചു കാലം കഴിഞ്ഞപ്പോൾ അപ്സരസിൽ മയങ്ങി രംഗദാസൻ പുഷ്പാർച്ചന മുടക്കി. ഈ സമയത്ത് വിഷ്ണു ഭഗവാൻ പ്രത്യക്ഷനായി അയാളെ മായാ മുക്തനാക്കിയ ശേഷം ഒരു വരവും നൽകി : അടുത്ത ജന്മത്തിൽ സകല സൗഭാഗ്യങ്ങളോടും കൂടി രംഗദാസൻ ഒരു രാജാവായി പുനർജനിച്ച് ഒരു മഹാക്ഷേത്രം നിർമ്മിക്കും. അതു വഴി കീർത്തി ശ്രീമാനാകും. അങ്ങനെ ജനിച്ച രംഗദാസാണ് തൊണ്ടമാൻ . സുവിരാജാവിന്റെയും നന്ദിനി രാജ്ഞിയുടെയും മകൻ. യുവരാജവായി മാറിയപ്പോൾ ഒരിക്കൽ തൊണ്ടമാൻ തിരുമലയിൽ നായാട്ടിന് പോയി. വനത്തിൽ ഒരു പുളിമരത്തണലിൽ വച്ച് അദ്ദേഹത്തിന് വിഷ്ണു ദർശനം ലഭിച്ചു. അതോടെ ഭക്തിപരവശനായി കൊട്ടാരത്തിലേക്ക് മടങ്ങി. തികഞ്ഞ വിഷ്ണു ഭക്തനായി മാറിയ തൊണ്ടമാൻ അച്ഛനിൽ നിന്നും രാജ്യഭാരമേറ്റ ശേഷം പണിതതാണ് തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം.

ലാളിത്യത്തിന്റെ നിറകുടം
ഭക്തകോടികൾക്ക് ധനസമൃദ്ധിയും എല്ലാ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കുന്ന സമ്പത്തിന്റെ ദേവൻ എന്ന് കീർത്തി നേടിയ തിരുപ്പതിദേവൻ പക്ഷേ ലാളിത്യത്തിന്റെ നിറകുടമാണ്. ലോകത്ത് ഏറ്റവും കൂടുതൽ സമ്പത്തുള്ള ശ്രീ വെങ്കടേശ്വരന്റെ നിവേദ്യം സ്വർണ്ണത്തളികയിലും വെള്ളിപ്പാത്രത്തിലോ ഒന്നുമല്ല ഉടച്ച ഒരു മൺചട്ടിയുടെ ഒരു കഷണത്തിൽ ഇത്തിരിയോളം തൈരൊഴിച്ച കഞ്ഞി മാത്രമാണ്. ഇതിന് പിന്നിൽ തൊണ്ടമാനുമായി ബന്ധപ്പെട്ട ഐതിഹ്യമുണ്ട്. മഹാഭക്തനായ തൊണ്ടമാൻ എന്തെല്ലാം തിരക്കുണ്ടെങ്കിലും എന്നും തിരുപ്പതിദേവന്റെ സുപ്രഭാത സേവയും രാത്രി ശയനസേവയും തൊഴുതു വന്നിരുന്നു. രാത്രി അദ്ദേഹത്തിന്റെ വകയായിരുന്നു സുവർണ്ണ പുഷ്പാർച്ചന. ഇങ്ങനെയിരിക്കുന്ന കാലത്ത് ഒരുദിവസം രാത്രി അർച്ചന ചെയ്ത പൂക്കൾ ഗർഭഗൃഹത്തിന് പുറത്ത് കിടക്കുന്നതും അവിടെ മണ്ണുകൊണ്ടുള്ള പുഷ്പങ്ങൾ ഇരിക്കുന്നതായും കണ്ടു. ആശ്ചര്യചകിതനായ രാജാവ് ഇതിന്റെ രഹസ്യം കണ്ടുപിടിക്കാൻ പുറപ്പെട്ടു. രാജാവും പരിവാരങ്ങളും എത്തിച്ചേർന്നത് മൺപാത്രങ്ങൾ നിർമ്മിക്കുന്ന ഒരു കുശവന്റെ കുടിലിലാണ്. രാജാവിനെ കണ്ട് കുശവൻ ഭയപ്പെട്ടു. അവിടെ ഒരു മൂലയിൽ ഇരിക്കുന്ന വെങ്കടേശ്വരപ്പെരുമാളുടെ പ്രതിമയും ആ പ്രതിമയുടെ ചുറ്റും കിടക്കുന്ന മൺപൂക്കളെയും കാണിച്ചു ഇതെന്താണെന്നു ചോദിച്ചു.

മൺചട്ടിയിൽ നിവേദ്യം
താൻ നിത്യം ആരാധിക്കുന്ന മൂർത്തിയാണെന്നും താൻ ദിവസവും മൺപൂക്കളാണ് ഭഗവാന് സമർപ്പിക്കുന്നത് എന്നും ഭയവിഹ്വലനായി കുശവൻ അറിയിച്ചു. ഈ സമയം ഭഗവൻ അവിടെ പ്രത്യക്ഷനായി : “ഹേ രാജൻ, അർച്ചിക്കുന്ന പദാർത്ഥത്തിലല്ല മറിച്ച് ഭക്തിയിലാണ് താൻ പ്രസാദിക്കുന്നത് എന്ന് അരുളിച്ചെയ്തു. ഈ കുശവൻ സമർപ്പിക്കുന്ന മൺപുഷ്പങ്ങളിലാണ് ഭക്തി കൂടുതൽ ഉള്ളത് എന്നും അതുകൊണ്ടാണ് അത് താൻ സ്വീകരിച്ചത് എന്നും രാജാവിനോട് പറയുകയും ചെയ്തു. ഇതെല്ലം കണ്ടു സ്തബ്ധനായിപ്പോയ ആ കുശവനോടായി ഭഗവാൻ തനിക്കു വിശക്കുന്നു എന്നും എന്തെങ്കിലും തരണം എന്നും പറഞ്ഞു. കുശവൻ കുചേലന്റെ അവസ്ഥയിലായി. ഇതുകണ്ട് ഭഗവൻ തന്നെ അവിടെ ഒരു കലത്തിൽ ഇരിക്കുന്ന കഞ്ഞി പൊട്ടിയ ഒരു കലത്തിന്റെ കഷണത്തിൽ നിറച്ച് കോരിക്കുടിക്കുകയും രാജാവിനോടായി ഇനി തിരുമലയിൽ തനിക്ക് നിവേദ്യം സ്വർണപാത്രത്തിൽ വേണ്ട എന്ന് കല്പിച്ചു. പകരം പൊട്ടിയ മൺപാത്രത്തിൽ കഞ്ഞി മാത്രം മതി എന്നും വേറെ ഒരു നിവേദ്യവും ഗർഭഗൃഹത്തിൽ പ്രവേശിപ്പിക്കരുത് എന്നും കല്പിച്ചു. ഇതേ ആചാരമാണ് ഇന്നും തുടരുന്നത്‌. ബാഹ്യ ആഡംബരത്തിനോ ജ്ഞാനത്തിനോ ഈശ്വരനെ പ്രസാദിപ്പിക്കാനാകില്ല; ഭഗവാൻ കണക്കിലെടുക്കുക ഭക്തി മാത്രമായിരിക്കും.

Story Summary: An interesting myth behind Thirupati Balaji’s Nivedyam offering in a particular vessel


error: Content is protected !!