Sunday, 29 Sep 2024
AstroG.in

എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിച്ച് ജീവിത വിജയമേകും സഫലഏകാദശി

സുരേഷ് ശ്രീരംഗം

ജീവിത വിജയവും സന്തോഷവും ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും ആചരിക്കേണ്ട സഫല ഏകാദശി 2024 ജനുവരി 7 ഞായറാഴ്ചയാണ്. നിഷ്ഠയോടെ ഈ ദിവസം വ്രതമെടുത്താൽ എല്ലാ പാപവും കഴുകിക്കളഞ്ഞ് ഈശ്വരാനുഗ്രഹമുള്ള നല്ലൊരു ജീവിതം ഏതൊരാൾക്കും സ്വന്തമാകും.

എല്ലാ ആഗ്രഹങ്ങളുടെയും പൂർത്തീകരണമാണ് സഫല ഏകാദശിയുടെ ഫലശ്രുതി. അതിനാൽ തികഞ്ഞ ഭക്തിയോടെ ഉത്സാഹത്തോടെ ഊർജ്ജസ്വലതയോടെ സഫല ഏകാദശി നോറ്റാൽ അളവറ്റ ഐശ്വര്യവും ഭാഗ്യവും ലഭിക്കും.

വിഷ്ണു ക്ഷേത്രങ്ങളിലും ശ്രീകൃഷ്ണൻ, ശ്രീരാമൻ തുടങ്ങിയ വിഷ്ണുവിന്റെ അവതാരമൂർത്തികളുടെ സന്നിധികളിലും സഫല ഏകാദശി ആചരണം വളരെ ഭക്തിനിർഭരമായാണ് നടക്കുന്നത്.

പൗഷമാസത്തിൽ കറുത്തപക്ഷത്തിലെ പതിനൊന്നാം തിഥിയാണ് സഫല ഏകാദശി. ഏറെ പ്രശസ്തവും, വിഷ്ണുപ്രീതിക്ക് ഏറ്റവും ഉത്തമവുമായ വ്രതമാണിത്. ധനുവിലെ കൃഷ്ണപക്ഷത്തിലെ ഉല്പത്തി ഏകാദശി, വെളുത്തപക്ഷത്തിലെ സ്വര്‍ഗ്ഗവാതില്‍ ഏകാദശി, വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയായ ഉത്ഥാന ഏകാദശി അഥവാ ഗുരുവായൂര്‍ ഏകാദശി എന്നിവ കേരളത്തിൽ വളരെ വിശേഷമായാണ് ആചരിക്കുന്നത്.

ഏകാദശി ദിവസം പൂര്‍ണ്ണമായും ഉപവസിക്കണം. പകലുറക്കം പാടില്ല. മത്സ്യമാംസാദികൾ ത്യജിക്കണം. ബ്രഹ്മചര്യനിഷ്ഠ പാലിക്കുക. ദശമി, ദ്വാദശി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഊണ് കഴിക്കാം. മറ്റ് നേരങ്ങളില്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാം. തികഞ്ഞ ചിട്ടയോടെ വ്രതം പാലിക്കുകയും, വിഷ്ണുഭഗവാന്റെ മൂലമന്ത്രം ചിട്ടയോടെ ജപിക്കുകയും വേണം. ഏകാദശിയുടെ അന്ത്യ പാദവും ദ്വാദശിയുടെ ആദ്യ പാദവും വരുന്ന 30 നാഴിക, ഹരിവാസരസമയത്ത് പൂർണ്ണ ഉപവാസവും വിഷ്ണു ഭജനവും കർശനമായ വ്രത നിഷ്ഠയാണ്.

ജനുവരി 7 വൈകിട്ട് 6:41 മുതൽ പിറ്റേന്ന് രാവിലെ 6:30 വരെയാണ് ഹരിവാസരം. ജനുവരി 8 ന് ദ്വാദശിയിൽ രാവിലെ 9:21 ന് മുൻപ് തുളസിതീർത്ഥമോ അന്നമോ കഴിച്ച് വ്രതം അവസാനിപ്പിക്കാം. വിഷ്ണുപ്രീതിയിലൂടെ എല്ലാവിധ ദുരിതങ്ങള്‍ക്കും പരിഹാരം ഉണ്ടാകും. ഭൗതിക ജീവിതത്തില്‍ അളവറ്റ ഐശ്വര്യവും, അന്ത്യത്തില്‍ മോക്ഷവുമാണ് ഏകാദശി വ്രത ഫലം. വ്രതദിനങ്ങളില്‍ തികഞ്ഞ ഏകാഗ്രതയോടെ വിഷ്ണുമന്ത്ര നിരതരായി കഴിയണം. എല്ലാമാസത്തിലെയും 2 പക്ഷത്തിലെയും ഏകാദശി വ്രതമെടുക്കാൻ കഴിയുന്നത് മഹാപുണ്യമാണ്.

മൂലമന്ത്രം
ഓം നമോ നാരായണായ
ദ്വാദശാക്ഷര മന്ത്രം
ഓം നമോ ഭഗവതേ വാസുദേവായ

സുരേഷ് ശ്രീരംഗം, +91 94464 01074

Story Summary: Significance and Benifits of Saphala Ekadashi on 2024 January 7

error: Content is protected !!