Saturday, 23 Nov 2024
AstroG.in

എല്ലാ വ്രതങ്ങളിലും ശ്രേഷ്ഠം ഏകാദശിയായത് ഇങ്ങനെ

മംഗള ഗൗരി

വിഷ്ണുവിൽ നിന്നും ഉത്ഭവിച്ച ദേവിയാണ് ഏകാദശി. പുരാണങ്ങളിൽ ഏകാദശി ദേവിയുടെ അവതാരം സംബന്ധിച്ച് ഒരു ഐതിഹ്യമുണ്ട്. കൃതയുഗത്തിലെ മുരനെന്ന മഹാക്രൂരനായ അസുരനുമായി ബന്ധപ്പെട്ട കഥയാണിത്.

ബ്രഹ്മാവ് സൃഷ്ടിച്ച അസുരനായ താലജംഘന്റെ മകനാണ് മുരൻ. ചന്ദ്രാവതിപുരിയിലായിരുന്നു അവരുടെ താമസം. വരപ്രാപ്തിയിലൂടെ വില്ലാളിയായി മാറിയ മുരാസുരൻ ഇന്ദ്രലോകം ആക്രമിച്ച് കീഴടക്കി ദേവകളെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കി. എങ്ങും ഒരു അഭയം കിട്ടാതെ വന്ന ദേവേന്ദ്രനും കൂട്ടരും ശിവനെ ശരണം പ്രാപിച്ചു. ശ്രീപരമേശ്വരനാകട്ടെ അവരെ ജഗദീശനായ ജനാര്‍ദ്ദനന്റെ അടുത്തേക്കയച്ചു. അവർ ശ്രീഹരിയോട് മുരാസരന്റെ ക്രൂരതകള്‍ വിവരിച്ചു. ഭഗവാന്‍ മുരാസുരനെക്കുറിച്ചും അവന് ലഭിച്ചിട്ടുള്ള വരസിദ്ധികളെക്കുറിച്ചും ശ്രീപരമേശ്വരനില്‍ നിന്ന് മനസിലാക്കി. ദേവന്മരോട് അലിവ് തോന്നിയ മഹാവിഷ്ണു ദേവന്മാരുമൊത്ത് മുരാസുരനെ കൊല്ലാന്‍ പുറപ്പെട്ടു. അപ്പോൾ ചന്ദ്രവതി പുരിയിലുണ്ടായിരുന്ന മുരാസുരനുമായി ഭഗവാന്‍ ശ്രീഹരി ഏറ്റുമുട്ടി.

അത്ഭുതം എന്ന് തന്നെ പറയണം ഭഗവാന്റെ ചക്രായുധം പോലും മുരാസുരന്‍ നിഷ്പ്രയാസം മുറിച്ചു കളഞ്ഞു. തുടര്‍ന്ന് ഭഗവാനെ യുദ്ധത്തില്‍ മുരാസുരന്‍ തോല്‍പ്പിച്ചു. അപ്പോൾ വിഷ്ണു ഒരു ഗുഹയിലേക്ക് പിൻവാങ്ങി ഒളിച്ചിരുന്നു. ആ ഇരുപ്പില്‍ ഭഗവാന്‍ യോഗനിദ്രയിലാണ്ടു. ഗുഹയിലെത്തിയ മുരന്‍ അട്ടഹസിച്ചു: അസുരന്മാരെ നശിപ്പിക്കുന്ന വിഷ്ണുവിനെ ഞാന്‍ കണ്ടെത്തി, അസുരന്മാരെ നശിപ്പിക്കുന്ന വിഷ്ണുവിനെ ഞാന്‍ കൊണ്ടുപോകും എന്നെല്ലാം അലറിക്കൊണ്ട് പാഞ്ഞടുത്തു.

ഈ സമയം വിഷ്ണുവിന്റെ ശരീരത്തില്‍ നിന്ന് അതീവ സുന്ദരിയും തേജസിയുമായ ഒരു കന്യക അവതരിച്ചു. ഈ ശക്തി മുരാസുരനുമായി ഏറ്റുമുട്ടി. ഒടുവിൽ ദേവി മുരനെ വധിച്ച ശേഷം മറഞ്ഞു. നിദ്ര വിട്ട് എഴുന്നേറ്റ വിഷ്ണു ഭഗവാൻ മുരാസുരന്‍ മരിച്ചു കിടക്കുന്നതു കണ്ട് ആശ്ചര്യപ്പെട്ടു. ആരാണ് ഈ മുരനെ വധിച്ചത് എന്ന് ഭഗവാൻ ചിന്തിക്കുമ്പോൾ ഒരു അശരീരി കേട്ടു:

“ദേവന്മാരുടെ ശത്രുവായ മുരാസുരനെ വധിച്ചത് ഞാനാണ്. നിദ്രയിലായിരുന്നു ഭഗവാനെ നിഗ്രഹിക്കാൻ മുരന്‍ പാഞ്ഞു വരുന്നതു കണ്ട് ഞാനാണ് ആ ദുഷ്ടനെ സംഹരിച്ചത്.”

ഒരു ചന്ദ്രമാസത്തിലെ പതിനൊന്നാമത്തെ തിഥിയിലാണ് ഈ അവതാരം സംഭവിച്ചത്. അതിനാൽ ഭഗവാന്റെ ശരീരത്തില്‍ നിന്ന് പിറവി കൊണ്ട ആ ശക്തിയുടെ പേര് ഏകാദശിയെന്നായി. ഭഗവാന് മുന്നിൽ പ്രത്യക്ഷയായ ഏകാദശിയോട് ഇഷ്ടം വരം ചോദിച്ചു കൊള്ളാന്‍ വിഷ്ണു പറഞ്ഞു. ഈ ദിവസം എന്റെ ദിവസമാണ്. അതിനാൽ എന്റെ പേരിൽ ഒരു വ്രതം ഉണ്ടാവണം. അത് എല്ലാ വ്രതങ്ങളിലും ശ്രേഷ്ഠമാകണം. അത് അനുഷ്ഠിക്കാത്തവർക്ക് കടുത്ത ദുരിതങ്ങൾ നൽകണം. അനുഷ്ഠിക്കുന്നവർക്ക് എല്ലാ ശ്രേയസും നൽകി അനുഗ്രഹിക്കണം. ഈ ദിവസം ഉപവസിച്ച് വ്രതം നോൽക്കുന്നവർക്ക് പുണ്യവും ഒടുവിൽ വിഷ്ണുപദ സായൂജ്യവും നൽകണം. ഉറക്കമൊഴിഞ്ഞ് ഉപവാസമെടുത്ത് വിഷ്ണുവിനെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് പാപശാന്തിയും പുണ്യവും ലഭിക്കണം. അവരുടെ വ്രതം കുടുംബത്തിലുള്ളവര്‍ക്ക് വിഷ്ണു ലോകത്തിലെത്താനും അവസരം നല്‍കണം. ഏകാദശിയുടെ ആഗ്രഹത്തില്‍ സന്തുഷ്ടനായ ഭഗവാന്‍ വരം നല്‍കി അനുഗ്രഹിച്ചു. വിഷ്ണുവിൽ നിന്നും ഉത്ഭവിച്ച ദേവി മുരനെ വധിച്ചത് കൊണ്ടാണ് വിഷ്ണുവിന് മുരാരി എന്ന പേര് ഉണ്ടായത്.

ഏകാദശികളില്‍ ഏറ്റവും പ്രധാനം ധനുമാസത്തിലെ സ്വര്‍ഗ്ഗവാതില്‍ ഏകാദശിയാണ്. ഈ ദിവസം വ്രതമെടുക്കുന്നതിനപ്പുറം മറ്റൊരു വ്രതവുമില്ലായെന്ന് തീര്‍ത്തു പറയാം. മനുഷ്യർക്ക് പാപനാശനത്തിന് വേണ്ടി ഈശ്വരന്‍ സൃഷ്ടിച്ചതാണ് ഈ ദിവസം. ഏകാദശിവ്രതം ദശമി നാളിൽ ഒരിക്കൽ അനുഷ്ഠിച്ച് തുടങ്ങണം. ഏകാദശിനാൾ പൂർണ്ണ ഉപവാസം ഉത്തമം. അതിന് പറ്റുന്നില്ലെങ്കിൽ ഒരിക്കലെടുക്കുക. ഏകാദശിയുടെ അവസാന 15 നാഴികയും (ആറു മണിക്കൂർ) ദ്വാദശിയുടെ ആദ്യ 15 നാഴികയും ചേരുന്ന സമയമാണ് ഹരിവാസര സമയം. ഏകാദശി വ്രതത്തിൽ പ്രധാനപ്പെട്ട സമയമാണ് 12 മണിക്കൂർ വരുന്ന ഹരിവാസരം. ഈ സമയത്ത മഹാവിഷ്ണുവിനെ ഭജിക്കുന്നത് ഏറ്റവും പുണ്യദായകം ആണെന്നു പുരാണങ്ങളിൽ ഏകാദശി മാഹാത്മ്യത്തിൽ പറയുന്നു. എല്ലാമാസവും രണ്ട് ഏകാദശിയുള്ളതിൽ വെളുത്തപക്ഷ ഏകാദശി ക്കാണ് പ്രാധാന്യം കൂടുതൽ. ഏകാദശിവ്രതം തീർന്നാലും ഹരിവാസര പുണ്യസമയം തുടരും. മഹാവിഷ്ണുവിന്റെ ദിവസമാണ് അന്ന്. ഹരി എന്നാൽ മഹാവിഷ്ണു എന്നും വാസരം എന്നാൽ ദിവസം എന്നുമാണ് അർത്ഥം. ഹരിവാസരം എന്ന വാക്കിന്റെ അർഥം ഹരിയുടെ ദിവസമെന്നാണ്. നാളെയാണ് ഏകാദശി എങ്കിലും ഹരിവാസരത്തിന്റെ പകുതി മറ്റന്നാൾ ആയതിനാൽ വ്രതം മറ്റന്നാളായി കണക്കാക്കുന്നു.

  • മംഗള ഗൗരി
    Story Summary: Myth and Significance of Ekadeshi Vritham

error: Content is protected !!