Sunday, 24 Nov 2024
AstroG.in

എല്ലാ സങ്കടങ്ങൾക്കും അറുതി വരുത്തും
കുംഭത്തിലെ ഗണേശ സങ്കടചതുർത്ഥി

ജ്യോതിഷരത്നം വേണു മഹാദേവ്
ഗണപതി പൂജയിലൂടെ ദുരിതനിവൃത്തി വരുത്താൻ ഉത്തമമായ ഒരു ദിവസമാണ് കുംഭത്തിലെ കൃഷ്ണപക്ഷ ചതുർത്ഥിയിൽ വരുന്ന ഗണേശ സങ്കടചതുർത്ഥി. 2023 മാർച്ച് 11 നാണ് ഇത്തവണ കുംഭമാസത്തിലെ ഗണേശ സങ്കടചതുർത്ഥി. ശ്രേഷ്ഠമായ ഈ ദിവസം നടത്തുന്ന പ്രാർത്ഥനകൾ എല്ലാ സങ്കടങ്ങൾക്കും അറുതി വരുത്തും. അതിനാലാണ് ഈ ദിവസത്തെ സങ്കടചതുർത്ഥി ദിനമെന്ന് വിളിക്കുന്നത്.

ഭക്തരുടെ സങ്കടങ്ങൾ അകറ്റാൻ മഹാഗണപതിക്ക് സാധ്യമായത് സാക്ഷാൽ പരമശിവന്റെ അനുഗ്രഹമാണ്. ആ ഐതിഹ്യം ഇങ്ങനെ: കൈലാസത്തിൽ നിന്നും ശ്രീ പരമശിവൻ ഒരു നാൾ ഒരു യാത്ര തിരിച്ചു. നന്ദിയും ഭൂതഗണങ്ങളും ഭഗവാനെ പിൻതുടർന്നു. ഈ സമയത്ത് തികച്ചും ഒറ്റയ്ക്കായത് ദേവിയെ വല്ലാതെ വിഷമിപ്പിച്ചു. കൂട്ടിന് ആരുമില്ലാത്തതിന്റെ ദു:ഖം ബോധ്യപ്പെട്ട ദേവി ഒരു ദ്വാരപാലകനെ സൃഷ്ടിച്ചിട്ടു പറഞ്ഞു: ഉണ്ണീ നീ എനിക്ക് ദ്വാരപാലകൻ മാത്രമല്ല മകനുമാണ്. എല്ലാ കാര്യത്തിനും നീ എനിക്ക് സഹായിയായി ഉണ്ടാകണം. അതിനുശേഷം നീരാട്ടിന് ഒരുങ്ങിയ ദേവി ഉണ്ണിയോട് പറഞ്ഞു: ഞാൻ നീരാട്ടിന് പോകുന്നു. ഈ സമയത്ത് ആരു വന്നാലും അകത്തേക്ക് വിടരുത്.

ഇതിനിടയിൽ ശ്രീ പരമേശ്വരൻ കൈലാസത്തിലെത്തി. അന്തപ്പുരത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങിയ ഭഗവാനെ ഉണ്ണി തടഞ്ഞു. പാർവതിയിൽ തനിക്കുള്ള അധികാരം പറഞ്ഞ് ബോദ്ധ്യപ്പെടുത്താൻ മഹാദേവൻ ശ്രമിച്ചെങ്കിലും ഉണ്ണി കടത്തി വിട്ടില്ല. ശിവന് കോപമടക്കാൻ കഴിഞ്ഞില്ല. അവർ തമ്മിൽ ഘോരയുദ്ധമായി. ദേവിയുടെ ശക്തിയിൽ നിന്ന് ഉത്ഭവിച്ച ഗണപതിയെ കീഴ്‌പ്പെടുത്താൻ ഭഗവാൻ നന്നേ വിഷമിച്ചു. പോരാട്ടത്തിന് ഒടുവിൽ ഗണപതിയുടെ ശിരസ് ഛേദിക്കപ്പെട്ടു.

ഇതു കണ്ടു വന്ന പാർവതി ദു:ഖിതയായി. ആ ദു:ഖം സംഹാര രൂപം പൂണ്ട് കോപമായി മാറി. തന്റെ ശക്തികളെ സൃഷ്ടിച്ച് മൂന്നു ലോകവും സംഹരിക്കാൻ ദേവി കല്പിച്ചു. ദേവിയുടെ കോപത്തിന്റെ സംഹാരാത്മകത തിരിച്ചറിഞ്ഞ ദേവകൾ മഹാവിഷ്ണുവിന്റെ മുന്നിലെത്തി നമസ്‌കരിച്ച് പോംവഴി ആരാഞ്ഞു. പുത്രനെ ജീവനോടെ തിരിച്ചു നൽകിയാൽ മാത്രമേ ദേവിയുടെ കോപം ശമിക്കൂ എന്ന് മനസിലാക്കിയ മഹാവിഷ്ണു ഒരു കുട്ടിയാനയുടെ ശിരസ് കൊണ്ടു വന്ന് അറുത്തു മാറ്റിയ കഴുത്തിനോട് ചേർത്തുവച്ച് ശിവ തേജസിൽ നിന്ന് ഉണ്ണിക്ക് ജീവൻ നൽകി.

പ്രിയപുത്രനായി മാറിയ ഗജാനനെ പരമശിവൻ മനസു നിറഞ്ഞ് അനുഗ്രഹിച്ച് തന്റെ ഗണാധിപനാക്കി. ദേവിയുടെ സങ്കടം തീർത്ത ശേഷം ഇനി വിഘ്‌നങ്ങൾ അകറ്റുന്ന കാര്യത്തിൽ ആരെക്കാളും നീ ശ്രേഷ്ഠൻ ആയിരിക്കും എന്ന് അനുഗ്രഹിച്ചു . സങ്കടങ്ങളും ദോഷങ്ങളും അകറ്റാൻ ദേവകളടക്കം സകലരും നിന്നെ വണങ്ങും. നിന്റെ പ്രീതി നേടാൻ ആഗ്രഹിക്കുന്നവർ ചതുർത്ഥി ദിവസം വ്രതം നോറ്റ് നിന്നെ ഭജിക്കണം എന്നും കല്പിച്ചു. അന്നു മുതൽ ഒരോ ചതുർത്ഥിയിലും ഗണപതി പൂജയ്ക്ക് സമയം കണ്ടെത്താൻ മനുഷ്യരെപ്പോലെ ദേവകളും മത്സരിച്ചു. എല്ലാ ചതുർത്ഥി തിഥികളും ശ്രേഷ്ഠമായെന്ന് മാത്രമല്ല ഗണേശന്റെ അവതാര ദിവസമായ ചിങ്ങമാസത്തിൽ അത്തം നക്ഷത്രം വരുന്ന വെളുത്തപക്ഷ ചതുർത്ഥി ദിവ്യവുമായി.

പലവിധ കഷ്ടതകളും നേരിട്ട പാണ്ഡവൻമാർ അതിൽ നിന്ന് മോക്ഷം നേടിയത് ശ്രീകൃഷ്ണന്റെ ഉപദേശം സ്വീകരിച്ച് കുംഭത്തിലെ കൃഷ്ണപക്ഷ ചതുർത്ഥിയിലെ
സങ്കടഹര ചതുർത്ഥി വ്രതമെടുത്തിട്ടാണ് എന്ന് സ്‌കന്ദപുരാണത്തിൽ പറയുന്നുണ്ട്. സങ്കടങ്ങൾ ഒഴിയുവാൻ ഈ ദിവസം വ്രതെടുത്ത് ക്ഷേത്രത്തിൽ എത്തി വിനായകനെ തൊഴുത് വണങ്ങി ഭക്തിയോടെ വിശേഷപ്പെട്ട ഗണേശനാമ ദ്വാദശ സ്തോത്രവും ഗണേശ ഗായത്രിയും ജപിക്കണം. പ്രഥമം വക്രതുണ്ഡം എന്നു തുടങ്ങുന്ന ഗണേശ സ്‌തോത്രം ജപിക്കുകയാണ് ഏറ്റവും ഉത്തമം. സങ്കടചതുർത്ഥി ദിവസം മുതൽ മുടങ്ങാതെ ജപിച്ചാൽ ആറു മാസത്തിനുള്ളിൽ ഫല സിദ്ധി ഉണ്ടാകും. ശ്രദ്ധയും വിശ്വാസവുമാണ് പ്രധാന ഘടകം. ഗണപതി ക്ഷേത്രത്തിൽ പുലർച്ചെ കുളിച്ചു തൊഴുത് വേണം ജപം തുടങ്ങാൻ. അരിയാഹാരം ഉപേക്ഷിച്ച് വ്രതമെടുക്കണം. രാജ്യവും സമ്പത്തും നഷ്ടപ്പെട്ട നളദമയന്തിമാർക്ക് സകലതും തിരികെ ലഭിക്കാൻ കാരണമായത് ഈ വ്രതം നോറ്റത് കൊണ്ടാണെന്നും സ്‌കന്ദപുരാണം പറയുന്നുണ്ട്.

പൊതുവേ എല്ലാ മാസവും കൃഷ്ണ പക്ഷത്തിൽ വരുന്ന ചതുർത്ഥിയെ സങ്കഷ്ടി ചതുർത്ഥി എന്നും വെളുത്ത പക്ഷത്തിൽ വരുന്നതിനെ വിനായക ചതുർത്ഥി എന്നും പറയാറുണ്ട്. ചിങ്ങമാസത്തിലെ വെളുത്ത പക്ഷ ചതുർത്ഥിയാണ് ഗണപതി ഭഗവാന്റെ അവതാരദിനമായ ഗണേശ ചതുർത്ഥിയായി കൊണ്ടാടുന്നത്. പാർവതിയുടെ പുത്രനും ഭക്തരിൽ വസിക്കുന്ന ദേവനുമായ വിനായകനെ ആയുസ്, ആഗ്രഹം, ധനം എന്നിവ ലഭിക്കാൻ നിത്യവും ധ്യാനിക്കണം എന്നാണ് സങ്കടനാശന ഗണേശ ദ്വാദശനാമ സ്‌തോത്രത്തിന്റെ പ്രാരംഭത്തിൽ പറയുന്നത്.

ശ്രീഗണേശ ദ്വാദശനാമ സ്‌തോത്രം

പ്രണമ്യ ശിരസാ ദേവം
ഗൗരീപുത്രം വിനായകം
ഭക്താവാസം സ്മരേന്നിത്യം ആയു:
കാമാർത്ഥ സിദ്ധയേ

പ്രഥമം വക്രതുണ്ഡം ച ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം ഗജവക്ത്രം ചതുർത്ഥകം
ലംബോധരം പഞ്ചമം ച ഷഷ്ഠം വികടമേവ ച
സപ്തമം വിഘ്‌നരാജം ച ധൂമ്രവർണ്ണം തഥാഷ്ടമം
നവമം ഫാലചന്ദ്രം ച ദശമം തു വിനായകം
ഏകാദശം ഗണപതീം ദ്വാദശം തു ഗജാനനം

(വക്രതുണ്ഡൻ, ഏകദന്തൻ, കൃഷ്ണപിംഗാക്ഷൻ, ഗജവക്ത്രൻ, ലംബോധരൻ, വികടൻ, വിഘ്‌നരാജൻ, ധൂമ്രവർണ്ണൻ, ഫാലചന്ദ്രൻ, വിനായകൻ, ഗണപതി, ഗജാനൻ എന്നീ 12 നാമങ്ങൾ മൂന്ന് സന്ധ്യകളിലും ജപിക്കുന്ന മനുഷ്യന് വിഘ്നഭയമുണ്ടാകില്ല. എല്ലാ സിദ്ധികളും കൈവരും. വിദ്യാർത്ഥിക്ക് വിദ്യ, ധനാർത്ഥിക്ക് ധനം, പുത്രാർത്ഥിക്ക് പുത്രൻ, മോക്ഷാർത്ഥിക്ക് മോക്ഷവും ലഭിക്കും. ആറുമാസം ജപിച്ചാൽ ഫലവും ഒരു വർഷം കൊണ്ട് സിദ്ധിയും ലഭിക്കും. ഈ സ്തോത്രം എഴുതി എട്ട് പൂജാരിമാർക്ക് സമർപ്പിച്ചാൽ എല്ലാ വിദ്യയും ലഭിക്കും)

ശ്രീഗണേശ ഗായത്രി

1
ഏകദന്തായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്

2
തത്പുരുഷായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്

3
ലംബോദരായ വിദ്മഹേ
മഹോദരായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്

4
മഹോത്കടായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്

5
തത്കരാടായ വിദ്മഹേ
ഹസ്തിമുഖായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്

ഗണേശ അഷ്ടോത്തരം
https://youtu.be/4JhpkMtUXuQ
ജ്യോതിഷരത്നം വേണു മഹാദേവ്
+91 8921709017

Story Summary: Significance of Sankashi Chaturthi on fourth day of Krishna Paksha falls in Kumbha Masam

Copyright 2023 Neramonline.com. All rights reserved

Attachments area
Preview YouTube video എന്നും കേട്ട് ജപിക്കൂ, എല്ലാ ആഗ്രഹവും നടക്കും | Sri Ganesha Ashtottaram | ശ്രീ വിഘ്നേശ്വര അഷ്ടോത്തരം

error: Content is protected !!